Quantcast

രാജ്യത്ത് എല്ലാവര്‍ക്കും വാക്സിന്‍ നല്‍കുമെന്ന് പറഞ്ഞിട്ടില്ല: ആരോഗ്യ സെക്രട്ടറി

രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വാക്‌സിന്‍ ലഭ്യമാക്കാന്‍ എത്ര സമയമെടുക്കുമെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

MediaOne Logo

  • Published:

    1 Dec 2020 3:54 PM GMT

രാജ്യത്ത് എല്ലാവര്‍ക്കും വാക്സിന്‍ നല്‍കുമെന്ന് പറഞ്ഞിട്ടില്ല: ആരോഗ്യ സെക്രട്ടറി
X

രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വാക്‌സിന്‍ ലഭ്യമാക്കാന്‍ എത്ര സമയമെടുക്കുമെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും പ്രായമായവര്‍ക്കും മറ്റ് അസുഖങ്ങളുള്ളവര്‍ക്കുമാണ് ആദ്യ ഘട്ടത്തില്‍ വാക്സിന്‍ നല്‍കുക എന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനകം കോവിഡ് ഭേദമായവര്‍ക്ക് വാക്സിന്‍ നല്‍കണോ എന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് രാജേഷ് ഭൂഷണ്‍ പറഞ്ഞു.

വാക്‌സിനേഷന്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ വാക്‌സിന്റെ കാര്യക്ഷമതയെ ആശ്രയിച്ചിരിക്കുമെന്ന് ഐസിഎംആര്‍ മേധാവി ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ ചങ്ങല മുറിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. കുറേ പേര്‍ക്ക് വാക്സിന്‍ നല്‍കി വൈറസ് വ്യാപനത്തിന്റെ ചങ്ങല മുറിക്കാന്‍ കഴിഞ്ഞാല്‍ എല്ലാവര്‍ക്കും വാക്സിന്‍ നല്‍കേണ്ടിവരില്ലെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് വാക്‌സിന്‍ പരീക്ഷണങ്ങള്‍ പ്രതിദിനം നിരീക്ഷിക്കുന്നുണ്ടെന്ന് രാജേഷ് ഭൂഷണ്‍ പറഞ്ഞു. സര്‍ക്കാരുമായോ വാക്‌സിന്‍ നിര്‍മാതാവുമായോ ബന്ധമില്ലാത്ത നൈതിക കമ്മിറ്റിയാണ് പരീക്ഷണത്തിനിടയിലെ പ്രതികൂല സംഭവങ്ങള്‍ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story