Quantcast

'സമരത്തിന് പിന്നില്‍ ചൈനയും പാകിസ്താനും'; കര്‍ഷകരെ അധിക്ഷേപിച്ച് കേന്ദ്രമന്ത്രി

കേന്ദ്രമന്ത്രി റാവുസാഹേബ് ദാന്‍വെയാണ് കര്‍ഷക സമരത്തെ അധിക്ഷേപിച്ചത്

MediaOne Logo

  • Published:

    10 Dec 2020 2:11 AM GMT

സമരത്തിന് പിന്നില്‍ ചൈനയും പാകിസ്താനും; കര്‍ഷകരെ അധിക്ഷേപിച്ച് കേന്ദ്രമന്ത്രി
X

മൂന്ന് പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കര്‍ഷകരെ അധിക്ഷേപിച്ച് കേന്ദ്രമന്ത്രി റാവുസാഹേബ് ദാന്‍വെ കര്‍ഷക സമരത്തിന് പിന്നില്‍ ചൈനയും പാകിസ്താനുമാണെന്നാണ് കേന്ദ്രമന്ത്രിയുടെ ആരോപണം.

"ഇപ്പോള്‍ നടക്കുന്നത് കര്‍ഷകരുടെ സമരമല്ല. ചൈനയുടെയും പാകിസ്താന്‍റെയും കൈകള്‍ ഇതിന് പിന്നിലുണ്ട്. നേരത്തെ പൌരത്വ ഭേദഗതി നിയമത്തിന്‍റെ പേരില്‍ മുസ്‍ലിംകളെ തെറ്റിദ്ധരിപ്പിക്കാന്‍ നീക്കം നടന്നു. മുസ്‍ലിംകള്‍ ആറ് മാസത്തിനുള്ളില്‍ രാജ്യം വിടേണ്ടിവരും എന്നാണ് പറഞ്ഞത്. എന്നിട്ട് എന്തായി? ഒരാള്‍ക്കെങ്കിലും രാജ്യത്ത് നിന്ന് പോകേണ്ടിവന്നോ? അടുത്തത് കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാനാണ് നീക്കം. പുതിയ നിയമങ്ങള്‍ കാരണം അവര്‍ക്ക് നഷ്ടമുണ്ടാകുമെന്നാണ് ആരോപണം. ഇതെല്ലാം മറ്റ് രാജ്യങ്ങളുടെ ഗൂഢാലോചനയാണ്"- മന്ത്രി പറഞ്ഞു.

മഹാരാഷ്ട്രയിലെ ജല്‍ന ജില്ലയില്‍ ആരോഗ്യ കേന്ദ്രത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി ദാന്‍വെ. അയല്‍രാജ്യങ്ങളാണ് കര്‍ഷക സമരത്തിന് പിന്നിലെന്ന ആരോപണത്തിന്‍റെ അടിസ്ഥാനം എന്തെന്ന് മന്ത്രി വിശദീകരിച്ചില്ല.

കേന്ദ്രം 24 രൂപ നല്‍കിയാണ് കര്‍ഷകരില്‍ നിന്ന് ഒരു കിലോ ഗോതമ്പ് വാങ്ങുന്നത്. 34 രൂപ നല്‍കിയാണ് ഒരു കിലോ അരി വാങ്ങുന്നത്. എന്നിട്ട് രണ്ടും മൂന്നും രൂപയ്ക്കാണ് ജനങ്ങള്‍ക്ക് നല്‍കുന്നത്. 1.75 ലക്ഷം കോടിയാണ് സബ്സിഡിക്കായി ചെലവഴിക്കുന്നത്. കര്‍ഷകരുടെ ക്ഷേമത്തിനായാണ് കേന്ദ്രം പണം ചെലവഴിക്കുന്നതെന്നും മന്ത്രി അവകാശപ്പെട്ടു.

അതേസമയം കര്‍ഷകര്‍ സമരം കടുപ്പിച്ചിരിക്കുകയാണ്. ബിജെപി ജനപ്രതിനിധികളെയും റിലയന്‍സിനെയും ബഹിഷ്കരിക്കുമെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. ദേശീയപാതകളിലെ ടോള്‍ പിരിവ് തടയും. ഡല്‍ഹിയിലേക്കുള്ള ദേശീയപാതകള്‍ ഉപരോധിക്കാനും കര്‍ഷകര്‍ തീരുമാനിച്ചു.

TAGS :

Next Story