Quantcast

ബി.ജെ.പിയിൽ ചേർന്ന നേതാവിനെ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയാക്കി; താഴെത്തട്ടിൽ കോൺഗ്രസ് തകർന്നെന്ന് ആക്ഷേപം

കഴിഞ്ഞ മാർച്ചിൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ അംഗത്വം സ്വീകരിച്ച ഹർഷിത് സിങ്‌ഹായിയാണ് മധ്യപ്രദേശിലെ യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ ജനറൽ സെക്രയായി തെരഞ്ഞെടുക്കപ്പെട്ടത്.

MediaOne Logo

  • Published:

    22 Dec 2020 2:30 PM GMT

ബി.ജെ.പിയിൽ ചേർന്ന നേതാവിനെ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയാക്കി; താഴെത്തട്ടിൽ കോൺഗ്രസ് തകർന്നെന്ന് ആക്ഷേപം
X

കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന നേതാവ് മധ്യപ്രദേശിൽ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ മാർച്ചിൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ അംഗത്വം സ്വീകരിച്ച മുൻ കോൺഗ്രസ്സ് നേതാവ് ഹർഷിത് സിങ്‌ഹായിയാണ് മധ്യപ്രദേശിലെ യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ ജനറൽ സെക്രയായി തെരഞ്ഞെടുക്കപ്പെട്ടത്. വിജയത്തിൽ അഭിനന്ദനമറിയിച്ച് ഹർഷിതിന് മെസ്സേജുകൾ വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. ജ്യോതിരാദിത്യ സിന്ധ്യക്ക് പിന്നാലെ കോൺഗ്രസ് വിട്ട നേതാക്കളിൽ ഒരാളാണ് ഹർഷിത് സിങ്‌ഹായ്‌. ഒമ്പത് മാസങ്ങൾ കഴിഞ്ഞിട്ടും പാർട്ടി ഇതുസംബന്ധിച്ച് വിവരങ്ങൾ പുതുക്കാത്തതിൽ നിരവധി ആക്ഷേപങ്ങളാണ് ഉയരുന്നത്.

മൂന്ന് വർഷങ്ങൾക്ക് മുമ്പ് ഹർഷിത് ഇതേ സ്ഥാനത്തേക്ക് നോമിനേഷൻ നൽകിയിരുന്നെങ്കിലും, 2018 ലെ മധ്യപ്രദേശ് തെരഞ്ഞെടുപ്പും പിന്നീട് വന്ന ലോക്സഭാ തെരഞ്ഞെടുപ്പും കാരണം യൂത്ത് കോൺഗ്രസിന്റെ ഇലക്ഷൻ മാറ്റിവെക്കുകയായിരുന്നു. "ഇതിലെ തമാശയെന്തെന്നാൽ, ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാൻ പാർട്ടിയിൽ മറ്റാർക്കും താൽപര്യമില്ലായെന്നതുകൊണ്ടാണ് ഞാൻ തന്നെ തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ മാർച്ചിൽ ഞാൻ സിന്ധ്യജിക്കൊപ്പം പാർട്ടി വിട്ടതാണ്. ബിജെപിയിൽ ചേർന്നപ്പോൾ എന്റെ പേര് യൂത്ത് കോൺഗ്രസിൽ നിന്ന് വെട്ടാൻ ഞാൻ ആവശ്യപ്പെട്ടിരുന്നു. പക്ഷെ അവരത് ചെയ്തില്ല. പിന്നീട് ഇത് ചോദിക്കാൻ ബന്ധപ്പെട്ടപ്പോൾ അവർ എന്നോട് വിശദീകരണം കൊടുക്കാൻ ആവശ്യപ്പെട്ടു. പാർട്ടിയിലില്ലാത്തവരെ വരെ തെരഞ്ഞെടുക്കുകയാണ് മധ്യപ്രദേശ് യൂത്ത് കോൺഗ്രസ് എന്ന് ഞാൻ കമൽ നാഥിനെയും രാഹുൽ ഗാന്ധിയെയും അറിയിച്ചിട്ടുണ്ട്" ഹർഷിത്‌ പറഞ്ഞു.

കോൺഗ്രസിനെതിരെ വിലകുറഞ്ഞ തന്ത്രങ്ങൾ മെനയുകയാണ് ഹർഷിത് എന്നാണ് മധ്യ പ്രദേശ് യൂത്ത് കോൺഗ്രസ് വക്താവ് കുനാൽ ചൗധരി പ്രതികരിച്ചത്. ബിജെപിയും വിമർശകരും സമൂഹ മാധ്യമങ്ങൾ വഴി ആക്ഷേപങ്ങൾ ഉന്നയിച്ചതോടെ വിഷയത്തിൽ അന്വേഷണം നടത്താൻ ഡിസിപ്പ്ളിനറി കമ്മിറ്റിയെ നിയമിച്ചിരിക്കുകയാണ് കോൺഗ്രസ്.

TAGS :

Next Story