Quantcast

വിദ്വേഷ പരാമര്‍ശം: അര്‍ണബിന്‍റെ റിപ്പബ്ലിക്ക് ഭാരതിന് 19 ലക്ഷം പിഴ; സംപ്രേക്ഷണത്തിന് വിലക്ക്

പരിപാടിയില്‍ അര്‍ണബ് ഉപയോഗിച്ച 'പാകി' എന്ന വാക്ക് വംശീയമാണെന്നും ബ്രിട്ടണിലെ കാഴ്ച്ചക്കാര്‍ക്ക് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഓഫ് കോമിന്‍റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു

MediaOne Logo

  • Published:

    23 Dec 2020 5:48 AM GMT

വിദ്വേഷ പരാമര്‍ശം: അര്‍ണബിന്‍റെ റിപ്പബ്ലിക്ക് ഭാരതിന് 19 ലക്ഷം പിഴ; സംപ്രേക്ഷണത്തിന് വിലക്ക്
X

അര്‍ണബ് ഗോസ്വാമിയുടെ ഉടമസ്ഥതയിലുള്ള റിപ്പബ്ലിക്ക് ടി.വിയുടെ ഹിന്ദി ചാനല്‍ റിപ്പബ്ലിക്ക് ഭാരതിന് 19 ലക്ഷം(20000 പൗണ്ട്) പിഴ വിധിച്ച് യു.കെ കമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്റര്‍ ഓഫീസ് ഓഫ് കമ്മ്യൂണിക്കേഷന്‍സ്. വിദ്വേഷ പരാമര്‍ശം, മര്യാദയല്ലാത്ത ഭാഷ, അധിക്ഷേപകരവും അവഹേളനപരവുമായ ഉള്ളടക്കം എന്നിവ സംപ്രേക്ഷണം ചെയ്തതിനാണ് നടപടി. ചാനലിന്‍റെ വിദ്വേഷ ഉള്ളടക്കത്തിന് ചാനലിലൂടെ മാപ്പ് പറയണമെന്നും റിപ്പോര്‍ട്ട് ഉത്തരവിലുണ്ട്.

റിപ്പബ്ലിക്ക് ഭാരതില്‍ അര്‍ണബ് ഗോസ്വാമി അവതരിപ്പിച്ച പൂച്ഛാ ഹേ ഭാരത് എന്ന പരിപാടിയില്‍ അവതാരകനും പങ്കെടുത്ത അതിഥികളും സംപ്രേക്ഷണ നിയമങ്ങള്‍ ലംഘിച്ചുവെന്ന് ഓഫ് കോം(Office of Communications) പറഞ്ഞു. ബ്രോഡ്കാസ്റ്റിങ്ങ്, ടെലികമ്മ്യൂണിക്കേഷന്‍സ്, പോസ്റ്റല്‍ ഇന്‍ഡസ്ട്രീസ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളെ നിയന്ത്രിക്കുന്നതില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അംഗീകരിച്ച സംഘടനയാണ് ഓഫ് കോം.

2019 സെപ്റ്റംബര്‍ ആറിനാണ് വിവാദ പരിപാടി സംപ്രേക്ഷണം ചെയ്തത്. പരിപാടിയില്‍ പാകിസ്താനിലെ ജനങ്ങളെ അപകീര്‍ത്തികരമായി ചിത്രീകരിക്കുന്ന ഭാഷയും പരാമര്‍ശങ്ങളും ഉപയോഗിച്ചുവെന്ന് ഓഫ്‌കോം റിപ്പബ്ലിക്ക് ഭാരതിന് നല്‍കിയ നോട്ടീസില്‍ പറയുന്നു. പരിപാടി അവതരിപ്പിച്ച റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ അര്‍ണബും അതിഥിയായെത്തിയ ആളുകളും പാകിസ്താനി ജനങ്ങളെ അപമാനിച്ചുവെന്നും പരിപാടിയുടെ ഉള്ളടക്കം വിദ്വേഷ പരാമര്‍ശങ്ങള്‍ അടങ്ങിയതാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എന്നാല്‍ റിപ്പബ്ലിക്ക് ടി.വി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി പാകിസ്താന്‍ പ്രതിനിധികളെ ചര്‍ച്ചയില്‍ സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും അവര്‍ക്കു നേരെ ആക്രോശിച്ചുവെന്നും ഓഫ് കോമിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പാകിസ്താനിലെ ശാസ്ത്രജ്ഞരും, ഡോക്ടര്‍മാരും, നേതാക്കളും, രാഷ്ട്രീയക്കാരും മാത്രമല്ല അവിടുത്തെ കായികതാരങ്ങള്‍ വരെ തീവ്രവാദികളാണെന്നും അവിടുത്തെ ഓരോ കൊച്ചുകുട്ടിയും തീവ്രവാദിയാണെന്നും ഈ തീവ്രവാദി വിഭാഗത്തോടാണ് നമ്മള്‍ ഇടപെടുന്നതെന്നുമാണ് അര്‍ണബ് പരിപാടിയില്‍ പറയുന്നത്. പരിപാടിയില്‍ അര്‍ണബ് ഉപയോഗിച്ച 'പാകി' എന്ന വാക്ക് വംശീയമാണെന്നും ബ്രിട്ടണിലെ കാഴ്ച്ചക്കാര്‍ക്ക് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഓഫ് കോമിന്‍റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

യു.കെയിലെ റിപ്പബ്ലിക്ക് ഭാരത് ലൈസന്‍സ് കൈവശമുള്ള വേള്‍ഡ് വ്യൂ മീഡിയ നെറ്റ്‍വര്‍ക്ക് ലിമിറ്റഡിനാണ് പിഴ ചുമത്തുക.

TAGS :

Next Story