Quantcast

പന്ത് അടിയോടടി; സെഞ്ച്വറിക്കരികെ വീണു

ചെന്നൈ ടെസ്റ്റില്‍ ഇന്ത്യയുടെ കാര്യം കഷ്ടത്തിലാണെങ്കിലും റിഷബ് പന്തിന്‍റെ തകര്‍പ്പന്‍ ബാറ്റിങ് ശ്രദ്ധ നേടി.അര്‍ഹിച്ച സെഞ്ച്വറി ഒമ്പത് റണ്‍സ് അകലെവെച്ച് നഷ്ടമാവുകയും ചെയ്തു.

MediaOne Logo

  • Updated:

    2021-02-07 10:29:11.0

Published:

7 Feb 2021 10:30 AM GMT

പന്ത് അടിയോടടി; സെഞ്ച്വറിക്കരികെ വീണു
X

ചെന്നൈ ടെസ്റ്റില്‍ ഇന്ത്യയുടെ കാര്യം കഷ്ടത്തിലാണെങ്കിലും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷബ് പന്തിന്‍റെ തകര്‍പ്പന്‍ ബാറ്റിങ് ശ്രദ്ധ നേടി. അര്‍ഹിച്ച സെഞ്ച്വറി ഒമ്പത് റണ്‍സ് അകലെവെച്ച് നഷ്ടമായത് ആരാധകരെ സങ്കടത്തിലാക്കി. കളിക്കുന്നത് ടെസ്റ്റാണെന്ന് പോലും നോക്കാതെയാണ് പന്ത് ബാറ്റ് വീശിയത്. നായകന്‍ കോഹ്‌ലിയും രഹാനെയും പുജാരയുമൊക്കെ ബഹുമാനിച്ച ബൗളര്‍മാരെയൊക്കെ പന്ത് എടുത്തിട്ടടിക്കുകയായിരുന്നു. സ്പിന്നര്‍മാരെ പ്രത്യേകിച്ചും. 41 പന്തിലാണ് പന്ത് തന്റെ അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 73ന് നാല് എന്ന നിലയില്‍ തകര്‍ന്നിടത്താണ് പന്ത് ക്രീസിലെത്തുന്നത്.

പിന്നെ സ്‌കോര്‍ബോര്‍ഡ് അതിവേഗത്തില്‍ ചലിക്കുന്ന കാഴ്ചയാണ് കണ്ടത്. സ്പിന്നര്‍മാരെ പലപ്പോഴും ക്രീസിന് വെളിയിലെത്തി പ്രഹരിച്ചു. കൂട്ടിന് പുജാരയുണ്ടായിരുന്നെങ്കിലും ഇടയ്ക്കുവെച്ച് അദ്ദേഹത്തെ ഇംഗ്ലീഷ് ബൗളര്‍മാര്‍ പറഞ്ഞയച്ചു. സെഞ്ച്വറി നേടുമെന്ന് തോന്നിച്ചെങ്കിലും ജാക്ക് ലീച്ച് താരത്തെ പുറത്താക്കി. 91 റണ്‍സാണ് പന്ത് നേടിയത്. അതും 88 പന്തുകളില്‍ നിന്ന്. ഒമ്പത് ഫോറും അഞ്ച് സിക്സറുകളുടെയും അകമ്പടിയോടെയായിരുന്നു പന്തിന്‍റെ തകര്‍പ്പന്‍ ഇന്നിങ്സ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സ് എന്ന നിലയിലാണ്. രവിചന്ദ്ര അശ്വിനും വാഷിങ്ടണ്‍ സുന്ദറുമാണ് ക്രീസില്‍. ഇന്ത്യയിപ്പോഴും 353 റണ്‍‌സിന്റെ പിറകിലാണ്.

ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് പടുത്തുയർത്തിയ 578 റൺസ് പിന്തുടരുന്ന ഇന്ത്യയ്ക്ക് 44 റൺസെടുക്കുന്നതിനിടെ തന്നെ രണ്ട് ഓപണർമാരെയും നഷ്ടമായിരുന്നു. രോഹിത് ശർമ്മ ആറും ശുഭ്മാൻ ഗിൽ 29 ഉം റൺസാണ് എടുത്തത്. എട്ടുവിക്കറ്റിന് 555 റൺസ് എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് മൂന്നാം ദിനം 23 റൺസ് കൂടി മാത്രമേ കൂട്ടിച്ചേർക്കാനായുള്ളൂ. 218 റൺസെടുത്ത ക്യാപ്റ്റൻ ജോ റൂട്ടിന്റെ സെഞ്ച്വറിയാണ് ഇംഗ്ലണ്ടിന് കരുത്തായത്. നൂറാം ടെസ്റ്റിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ കളിക്കാരനാണ് റൂട്ട്.

TAGS :

Next Story