Quantcast

പാണക്കാട്ട് ഇഎംഎസും വന്നിട്ടുണ്ട്; ഞങ്ങളുടേത് സൗഹാർദത്തിന്റെ പാരമ്പര്യം- സാദിഖലി തങ്ങൾ

"ഞങ്ങളുടെ കുടുംബത്തിൽ പലരും വരും. എല്ലാ പാർട്ടിക്കാരും ജാതിമസ്ഥരും ഒക്കെ ഇവിടെ വരും"

MediaOne Logo

  • Published:

    31 Jan 2021 5:55 AM GMT

പാണക്കാട്ട് ഇഎംഎസും വന്നിട്ടുണ്ട്; ഞങ്ങളുടേത് സൗഹാർദത്തിന്റെ പാരമ്പര്യം- സാദിഖലി തങ്ങൾ
X

മലപ്പുറം: കോൺഗ്രസ് നേതാക്കൾ ഹൈദരലി ശിഹാബ് തങ്ങളെ സന്ദർശിച്ചതുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ സാദിഖലി ശിഹാബ് തങ്ങൾ. എല്ലാ പാർട്ടിക്കാരും ജാതിമതസ്ഥരും പാണക്കാട്ട് വരാറുണ്ട് എന്നും ഇഎംഎസ് ഇവിടെ വന്നിട്ടുണ്ട് എന്നും സാദിഖലി തങ്ങൾ മീഡിയ വണ്ണിനോട് പറഞ്ഞു.

'ഞങ്ങളുടെ കുടുംബത്തിൽ പലരും വരും. എല്ലാ പാർട്ടിക്കാരും ജാതിമസ്ഥരും ഒക്കെ ഇവിടെ വരും. അതിനെ കണ്ണു കൊണ്ട് കണ്ടു കൂടാ. ഞങ്ങളുടേത് സ്‌നേഹത്തിന്റെയും സൗഹാർദത്തിന്റെയും പാരമ്പര്യമാണ്. എന്റെ പിതാവുള്ള കാലത്തൊക്കെ ശ്രീ ഇഎംഎസ് ഇവിടെ വന്നിട്ടുണ്ട്. അന്നൊന്നുമില്ലാത്ത രീതിയിലുള്ള ചില തോന്നലുകൾ ഇപ്പോൾ ഉണ്ടാക്കുന്നത് എന്തിന്റെ പേരിലാണ് എന്ന് നമുക്കൊക്കെ അറിയാം' -
സാദിഖലി ശിഹാബ് തങ്ങൾ

വിജയരാഘവൻ പറഞ്ഞത്

'ഇന്നു തന്നെ പ്രഭാത വാർത്ത പാണക്കാട്ടേക്ക് പോകുന്ന ഉമ്മൻചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും വാർത്തയാണ്. പോകാം. പക്ഷേ, രാഷ്ട്രീയ സന്ദേശം കൃത്യമാണ്. ഈ മതമൗലികതാ വാദ ശക്തികളുമായി മതാധിഷ്ഠിത രാഷ്ട്രീയ ശക്തികളുമായി ഉള്ള തങ്ങളുടെ കൂട്ടുകെട്ട് വിപുലീകരിക്കുക' - എന്നാണ് വിജയരാഘവൻ പറഞ്ഞിരുന്നത്.

പിന്നീട് പാണക്കാട് കുടുംബത്തിൽ നേതാക്കൾ പോയതിനെ വിമർശിച്ചിട്ടില്ല എന്നും കോൺഗ്രസിന്റെയും ലീഗിന്റെയും രാഷ്ട്രീയത്തെ ആണ് വിമർശിച്ചത് എന്നും വിജയരാഘവൻ വിശദീകരിച്ചിരുന്നു. മുസ്‌ലിംലീഗ് മതാതിഷ്ഠിത പാർട്ടിയാണ് എന്നും മതമൗലികവാദികളുമായി ബന്ധം ഉണ്ടാക്കുന്നതിന്റെ ഭാഗമായാണ് പാണക്കാട്ടെ സന്ദർശനം എന്നാണ് താൻ പറഞ്ഞത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

ആയുധമാക്കാൻ യുഡിഎഫ്

പാണക്കാട് കുടുംബത്തിനെതിരെ നടത്തിയ പ്രസ്താവനയെ രാഷ്ട്രീയ ആയുധമാക്കാൻ യുഡിഎഫ് തീരുമാനിച്ചു എന്ന് വ്യക്തമാണ്. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, എൻകെ പ്രേമചന്ദ്രൻ തുടങ്ങിയ മുതിർന്ന നേതാക്കൾ പ്രസ്താവനയ്‌ക്കെതിരെ രംഗത്തു വന്നു.

പാണക്കാട്ടേക്ക് ഇനിയും പോകുമെന്നാണ് ഉമ്മൻചാണ്ടി പറഞ്ഞത്. എ വിജയരാഘവന് പാണക്കാട് പോകാൻ കഴിയാത്തതിന്റെ നിരാശയാണ്. കിട്ടാത്ത മുന്തിരി പുളിക്കുമെന്ന പോലെയാണ് വിജയരാഘവന്റെ പരിഭവം. ബാബരി മസ്ജിദ് തകർത്ത അവസരത്തിൽ കേരളത്തെ രക്ഷിച്ചത് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ആഹ്വാനമാണ്- ഉമ്മൻചാണ്ടി പറഞ്ഞു.

തുടർ ഭരണത്തിന് വേണ്ടി സി.പി.എം കേരളത്തിൽ വിഭാഗീയ പ്രവർത്തനം നടത്തുന്നു എന്നാണ് എൻ.കെ പ്രേമചന്ദ്രൻ എംപി ആരോപിച്ചത്. കേരളത്തിൽ ഒരു മുസ്‌ലിം മുഖ്യമന്ത്രി ഉണ്ടാവരുതെന്ന് സിപിഎമ്മിന് അഭിപ്രായമുണ്ടോ എന്നും പ്രേമചന്ദ്രൻ ചോദിച്ചു.

TAGS :

Next Story