Quantcast

സൗദിയില്‍ ഇന്ന് 955 പേര്‍ക്ക് അസുഖം മാറി: ആകെ രോഗികള്‍‌ മുപ്പതിനായിരം കവിഞ്ഞു; മരണ സംഖ്യ 200 ആയി

MediaOne Logo
സൗദിയില്‍ ഇന്ന് 955 പേര്‍ക്ക് അസുഖം മാറി: ആകെ രോഗികള്‍‌ മുപ്പതിനായിരം കവിഞ്ഞു; മരണ സംഖ്യ 200 ആയി
X

സൌദിയില്‍ ഇന്ന് ഒമ്പത് പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. ഒരു പൌരനും എട്ട് പ്രവാസികളുമാണ് മരിച്ചത്. ഇതോടെ മരണ സംഖ്യ ഇരുന്നൂറായി. ഇന്ന് 1595 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം മുപ്പതിനായിരം കവിഞ്ഞു (30251). 24620 പേരാണ് ചികിത്സയിലുള്ളത്. 143 പേരാണ് വിവിധ അസുഖ സാഹചര്യങ്ങളോടെ ഗുരുതരാവസ്ഥയില്‍. ഇന്ന് റെക്കോര്‍ഡ് പേര്‍ക്കാണ് അസുഖത്തില്‍ നിന്നും മോചനമുണ്ടായത്. 955 പേര്‍ക്ക് ഇന്ന് രോഗമുക്തി ലഭിച്ചതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 5431 ആയി.

മക്കയില്‍ 337 ജിദ്ദയില്‍ 385 റിയാദ് 230 ദമ്മാം 141 ജുബൈല്‍ 120 എന്നിങ്ങിനെയാണ് സ്ഥിരീകരിച്ച കേസുകളുടെ എണ്ണം. മദീനയില്‍ ഇന്ന് 25 കേസുകള്‍ മാത്രമാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും മദീനയില്‍ കേസുകള്‍ കുറഞ്ഞിരുന്നു. നാളത്തെ ഫലത്തില്‍ കൂടി മദീനയില്‍ കേസുകള്‍ കുറയുകയാണെങ്കില്‍ അത് മേഖലക്ക് ആശ്വാസമാകും. ഇന്നത്തെ വിശദമായ പട്ടിക താഴെ ചേര്‍ത്തിട്ടുണ്ട്.

ഇന്നത്തെ കണക്കുകളില്‍ ഏറ്റവും പ്രധാനം രോഗമുക്തി നേടിയവരുടെ എണ്ണമാണ്. ഇതു വരെ സ്ഥിരീകരിച്ചതില്‍ വെച്ച് റെക്കോര്‍ഡ് രോഗമുക്തിയാണ് ഇന്നുണ്ടായത്. ഇത്രയധികം പേരുടെ ഫലം ഒന്നിച്ച് നെഗറ്റീവാകുന്നതും ആദ്യമാണ്. ഇതോടെ ആകെ രോഗം മാറിയവരുടെ എണ്ണം 5431 ആയി. സൌദിയില്‍ ഏറ്റവും കൂടുതല്‍.

ഇന്ന് വരെയുള്ളതില്‍ റെക്കോര്‍ഡ് പേര്‍ക്കാണ് ഇന്ന് രോഗമുക്തി ലഭിച്ചത്

മക്ക 395 ജിദ്ദ 150 ദമ്മാം 90 റിയാദ് 80 മദീന 79 ഹുഫൂഫ് 41 എന്നിങ്ങിനെയാണ് ഇന്ന് കൂടുതല്‍ രോഗമുക്തി സ്ഥിരീകരിച്ച മേഖലകള്‍. കൂടുതല്‍ പേര്‍ക്ക് രാജ്യത്ത് അസുഖം മാറിയത് റിയാദിലാണ്. രണ്ടാമത് മക്കയും മൂന്നാമത് ജിദ്ദയും നാലാമത് മദീനയും അഞ്ചാമത് ദമ്മാമുമാണ്.

രോഗികളുടെ എണ്ണം ഇന്നലത്തേതിലും കുറവാണ് ഇന്ന്. ഒരോ മേഖലയില്‍ നിന്നും എടുത്ത സാമ്പിളുകളുടെ എണ്ണത്തിനും ഫലം വരുന്നതിലെ കാലതാമസവും അനുസരിച്ചാണ് ആകെ രോഗികളുടെ എണ്ണത്തിലും മാറ്റമുണ്ടാകുന്നത്. രാജ്യത്തുടനീളം വ്യാപകമായി ഫീല്‍ഡ് സര്‍വേ പുരോഗമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മുതല്‍ പ്രത്യേക മേഖലകള്‍ തിരഞ്ഞെടുത്ത് ആളുകളുടെ സാമ്പിള്‍ പരിശോധിക്കുന്നുണ്ട്. രോഗം കണ്ടെത്തിയാല്‍ ഈ മേഖലയില്‍ കൂടുതല്‍ പരിശോധന നടത്തുകയാണ് ചെയ്യുക. പാര്‍പ്പിടങ്ങള്‍ കേന്ദ്രീകരിച്ചുള്ള പരിശോധന അടുത്ത ഘട്ടത്തിലാകുമെന്നും ഇത് സംബന്ധിച്ച് പിന്നീട് അറിയിക്കുമെന്നും മന്ത്രാലയം അറിയിച്ചിരുന്നു.

Next Story