രാഷ്ട്രീയത്തിലിറങ്ങാന്‍ ഗാംഗുലിക്ക് മേല്‍ സമ്മര്‍ദം; വെളിപ്പെടുത്തലുമായി സുഹൃത്ത്

ഗാംഗുലിയെ രാഷ്ട്രീയത്തിലിറക്കാന്‍ ബിജെപി ശ്രമം നടത്തുന്നതിനിടെയാണ് സിപിഎം നേതാവു കൂടിയായ ഭട്ടാചാര്യയുടെ വെളിപ്പെടുത്തല്‍

MediaOne Logo

  • Updated:

    2021-01-04 08:00:14.0

Published:

4 Jan 2021 8:00 AM GMT

രാഷ്ട്രീയത്തിലിറങ്ങാന്‍ ഗാംഗുലിക്ക് മേല്‍ സമ്മര്‍ദം; വെളിപ്പെടുത്തലുമായി സുഹൃത്ത്
X

കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയത്തിലിറങ്ങാന്‍ സൗരവ് ഗാംഗുലിക്ക് മേല്‍ കനത്ത സമ്മര്‍ദമുണ്ടെന്ന വെളിപ്പെടുത്തലുമായി സുഹൃത്ത് അശോക് ഭട്ടാചാര്യ. ഗാംഗുലിയെ രാഷ്ട്രീയത്തിലിറക്കാന്‍ ബിജെപി ശ്രമം നടത്തുന്നതിനിടെയാണ് സിപിഎം നേതാവു കൂടിയായ ഭട്ടാചാര്യയുടെ വെളിപ്പെടുത്തല്‍. മുന്‍ ഇന്ത്യന്‍ നായകന്റെ ദീര്‍ഘകാല കുടുംബ സുഹൃത്താണ് ഭട്ടാചാര്യ.

കഴിഞ്ഞ ദിവസമുണ്ടായ ഹൃദായാഘാതത്തെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഗാംഗുലി. ഗാംഗുലിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് മടങ്ങവെയാണ് ഭട്ടാചാര്യ മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്.

'ചിലര്‍ ഗാംഗുലിയെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നു. അത് അദ്ദേഹത്തിന് സമ്മര്‍ദമായിട്ടുണ്ടാകാം. അദ്ദേഹം ഒരു രാഷ്ട്രീയക്കാരനല്ല. ഒരു കായിക ഐക്കണായി തന്നെ സൗരവ് അറിയപ്പെടണം'-
അശോക് ഭട്ടാചാര്യ

രാഷ്ട്രീയത്തില്‍ ചേരാന്‍ അദ്ദേഹത്തിനു മേല്‍ സമ്മര്‍ദം ചെലുത്തരുത്. രാഷ്ട്രീയത്തില്‍ ഇറങ്ങരുതെന്ന് കഴിഞ്ഞയാഴ്ച അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു. അദ്ദേഹം തന്റെ കാഴ്ചപ്പാടിനെ ശരിവയ്ക്കുകയും ചെയ്തിരുന്നു- ഭട്ടാചാര്യ പറഞ്ഞു.

അതിനിടെ, ഭട്ടാചാര്യയുടെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി രംഗത്തെത്തി. എല്ലാ കാര്യത്തിലും രാഷ്ട്രീയം കാണുകയാണ് ചിലര്‍. അവരുടെ രോഗാതുരമായ മനസ്സാണ് ഇതിന് കാരണം. ദശലക്ഷക്കണക്കിന് ആരാധകരെ പോലെ ഞങ്ങളും അദ്ദേഹത്തിന്റെ തിരിച്ചുവരവ് ആഗ്രഹിക്കുന്നു- ബിജെപി സംസ്ഥാന പ്രസിഡണ്ട് ദിലീപ് ഘോഷ് പറഞ്ഞു.

ആശുപത്രിയില്‍ കഴിയുന്ന ബിസിസിഐ പ്രസിഡണ്ടിനെ മുഖ്യമന്ത്രി മമതബാനര്‍ജി, ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍, മന്ത്രി ലക്ഷ്മി രത്തന്‍ ശുക്ല, ടിഎംസി എംഎല്‍എ ബൈശാലി ഡാല്‍മിയ, യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.

TAGS :

Next Story