Quantcast

പന്തിന്‍റെ മിനുസം കൂട്ടാന്‍ ഇനി തുപ്പല്‍ പുരട്ടേണ്ട, കൃത്രിമ വസ്തുക്കള്‍ നിയമവിധേയമാക്കും; വിഷയം ഐ.സി.സിയുടെ പരിഗണനയില്‍

ബൌളര്‍ക്ക് റിവേഴ്സ് സ്വിങ് ലഭിക്കാനാണ് ഇത്തരത്തില്‍ പന്തിന്റെ ഒരു വശത്തെ മിനുസപ്പെടുത്തുന്നത്. പന്തിന്റെ ഒരു ഭാഗത്തു നല്ല തിളക്കം കിട്ടാനും അത് വഴി കൂടുതല്‍ മൂവ്‌മെന്റ് ലഭിക്കുന്നതിനും ഇത് വഴി വെക്കും

MediaOne Logo

Web Desk

  • Published:

    25 April 2020 9:35 AM GMT

പന്തിന്‍റെ മിനുസം കൂട്ടാന്‍ ഇനി തുപ്പല്‍ പുരട്ടേണ്ട, കൃത്രിമ വസ്തുക്കള്‍ നിയമവിധേയമാക്കും; വിഷയം ഐ.സി.സിയുടെ പരിഗണനയില്‍
X

ക്രിക്കറ്റ് പന്തുകളില്‍ തുപ്പല്‍ പുരട്ടി മിനുസപ്പെടുത്താന്‍ ഇനി ബൌളര്‍മാര്‍ മിനക്കെടേണ്ടതില്ല. കൃതൃമ വസ്തുക്കള്‍ ഉപയോഗിച്ച് പന്തിന്‍റെ വശങ്ങള്‍ മിനുസപ്പെടുത്താമെന്ന നിയമം വരുന്നു. ബൌളിന് സ്വിങ് ലഭിക്കാന്‍ വേണ്ടി എല്ലാ ബൗളര്‍മാരും സ്ഥിരമായി പിന്തുടരുന്ന ഒരു രീതിയാണിത്. എന്നാല്‍ കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഇത് നിര്‍ത്തലാക്കാനാണ് ഐ.സി.സിയുടെ നീക്കം. ഐസിസിയുടെ മെഡിക്കല്‍ കമ്മിറ്റിയാണ് ഇതിന്റെ അപകടസാധ്യതകള്‍ ചൂണ്ടിക്കാട്ടിയത്.

ഉമിനീര്, ച്യൂയിഗം, ജെല്‍, സണ്‍സ്ക്രീന്‍ എന്നിവ ഉപയോഗിച്ചാണ് സാധാരണ ബൗളര്‍മാരും ഫീല്‍ഡര്‍മാരും തിളക്കം വര്‍ധിപ്പിച്ച് പന്തിനെ മിനുസപ്പെടുത്താന്‍ ശ്രമിക്കുക. ബൌളര്‍ക്ക് റിവേഴ്സ് സ്വിങ് ലഭിക്കാനാണ് ഇത്തരത്തില്‍ പന്തിന്റെ ഒരു വശത്തെ മിനുസപ്പെടുത്തുന്നത്. പന്തിന്റെ ഒരു ഭാഗത്തു നല്ല തിളക്കം കിട്ടാനും അത് വഴി കൂടുതല്‍ മൂവ്‌മെന്റ് ലഭിക്കുന്നതിനും ഇത് വഴി വെക്കും. ടെസ്റ്റ് ക്രിക്കറ്റിലാണ് താരങ്ങള്‍ കൂടുതലായും തുപ്പലുപയോഗിച്ച് പന്ത് തുടയ്ക്കുന്നത്.

തുപ്പല്‍ ഉപയോഗിച്ച് പന്ത് മിനുക്കുന്നത് നിരോധിച്ച് പകരം മറ്റെന്തെങ്കിലും കൃത്രിമമായ വസ്തുവിന്റെ സഹായത്തോടെ പന്തിന്റെ തിളക്കം കൂട്ടാനുള്ള വഴിയാണ് ഇപ്പോള്‍ പരിഗണിക്കുന്നത്. അംപയര്‍മാരുടെ മേല്‍നോട്ടത്തിലായിരിക്കും കളിക്കളത്തില്‍ പുതിയ രീതി ഉപയോഗിച്ച് പന്തിനെ മിനുസപ്പെടുത്തുക. ഇതോടെ താരങ്ങള്‍ തുപ്പല്‍ ഉപയോഗിച്ച് പന്ത് മിനുക്കുന്ന പഴയ രീതി അവസാനിക്കുമെന്നും ഐ.സി.സി വിലയിരുത്തുന്നു.

എന്നാല്‍ പന്തുകളുടെ തിളക്കം വര്‍ധിപ്പിക്കാന്‍ വേണ്ടി കൃത്രിമ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് പന്ത് ചുരണ്ടുന്നതിന് ക്രിക്കറ്റില്‍ നേരത്തെ നിരോധനമേര്‍പ്പെടുത്തിയിരുന്നു. ഇത്തരം പന്ത് ചുരണ്ടല്‍ ക്രിക്കറ്റ് ലോകത്ത് തന്നെ വലിയ വിവാദങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. പന്തുകളില്‍ കൃത്രിമം കാട്ടിയതിന്‍റെ പേരില്‍ പല താരങ്ങള്‍ക്കും ഐ.സി.സി ക്രിക്കറ്റില്‍ നിന്ന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. ഏറ്റവും ഒടുവില്‍ സാന്‍ഡ്പേപ്പര്‍ ഉപയോഗിച്ച് പന്തില്‍ കൃത്രിമമായി മാറ്റം വരുത്താന്‍ ശ്രമിച്ചതിന് ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, ബെന്‍ക്രോഫ്റ്റ് എന്നിവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇത്തരം സംഭവങ്ങള്‍ വലിയ വിവാദങ്ങള്‍ക്കും വഴി വെച്ചിരുന്നു.

TAGS :

Next Story