Quantcast

ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ്; ഫൈനലിസ്റ്റുകളെ തെരഞ്ഞെടുക്കാൻ പുതിയ മാർഗവുമായി ഐ.സി.സി

ബാക്കി ടീമുകളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലായ ഇന്ത്യൻ ടീം ഫൈനൽ ബെർത്ത്‌ ഏതാണ്ട് ഉറപ്പിച്ച മട്ടാണ്

MediaOne Logo

  • Published:

    15 Nov 2020 11:12 AM GMT

ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ്; ഫൈനലിസ്റ്റുകളെ തെരഞ്ഞെടുക്കാൻ പുതിയ മാർഗവുമായി ഐ.സി.സി
X

കോവിഡ് രോഗ ബാധയുടെ പശ്ചാത്തലത്തിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ മാറ്റങ്ങൾ വരുത്താനൊരുങ്ങി ഐ.സി.സി. മുൻപ് നിശ്ചയിച്ചതിൽ നിന്ന് വ്യത്യസ്തമായി ടീമുകൾക്ക് ലഭിച്ച മൊത്തം പോയിന്റിന്റെ ശതമാനം കണക്കാക്കിയാവും ഫൈനലിസ്റ്റുകളെ തിരഞ്ഞെടുക്കുക.

കോവിഡ് വൈറസ് ബാധയെ തുടർന്ന് പല ടെസ്റ്റ് പരമ്പരകളും റദ്ദാക്കിയിരുന്നു. ഇതുവരെ എല്ലാ ടീമുകൾക്കും ഒരുപോലെ മത്സരങ്ങൾ പൂർത്തിയാക്കാൻ പറ്റാത്ത സാഹചര്യം കൂടി പരിഗണിച്ചാണ് ഐ.സി.സിയുടെ പുതിയ നീക്കം. നേരത്തെ നിശ്ചയിച്ച പ്രകാരം അടുത്ത വർഷം ജൂണിൽ ലോർഡ്‌സിൽ വെച്ച് ഫൈനൽ നടത്തുന്നതിന് വേണ്ടിയാണ് ഐ.സി.സി പുതിയ നിർദേശവുമായി മുന്നോട്ട് വന്നത്. എന്നാൽ അടുത്ത ഐ.സി.സി ബോർഡ് മീറ്റിംഗിൽ ഈ നിർദേശത്തിന് അംഗീകാരം ലഭിച്ചാൽ മാത്രമേ പുതിയ പദ്ധതി നടപ്പിലാകൂ.

നിലവിൽ 360 പോയിന്റോടെ ടീം ഇന്ത്യ ആണ് ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനത്ത്. നാല് പരമ്പരയിൽ നിന്നായി ഒൻപത് മത്സരം കളിച്ച ഇന്ത്യൻ ടീം 7 വിജയത്തോടെയാണ് 360 പോയിന്റ് നേടിയത്. രണ്ടാം സ്ഥാനത്തുള്ള ആസ്‌ട്രേലിയക്ക് 296 പോയിന്റും മൂന്നാമതുള്ള ഇംഗ്ലണ്ടിന് 292 പോയിന്റുമാണുള്ളത്. ബാക്കി ടീമുകളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലായ ഇന്ത്യൻ ടീം ഫൈനൽ ബെർത്ത്‌ ഏതാണ്ട് ഉറപ്പിച്ച മട്ടാണ്.

2019 ജൂലൈയിൽ ആരംഭിച്ച് 2021 ജൂണിൽ അവസാനിക്കുന്ന രീതിയിലാണ് ചാമ്പ്യൻഷിപ്പ് ആദ്യം ക്രമീകരിച്ചിരുന്നത്. ടെസ്റ്റ് പദവിയുള്ള പന്ത്രണ്ട് രാജ്യങ്ങളിൽ ആദ്യ ഒൻപത് റാങ്കിലുള്ള ടീമുകളാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ കളിക്കുന്നത്.

TAGS :

Next Story