Quantcast

'രജത് മാസ്'; ലക്‌നൗവിനെതിരെ ബാംഗ്ലൂരിന് കൂറ്റൻ സ്‌കോർ

രജത് പുറത്താകാതെ 112 റൺസെടുത്തു. 54 പന്തിലാണ് രജത് 107 റൺസെടുത്തത്

MediaOne Logo

Web Desk

  • Updated:

    2022-05-25 16:39:40.0

Published:

25 May 2022 4:35 PM GMT

രജത് മാസ്; ലക്‌നൗവിനെതിരെ ബാംഗ്ലൂരിന് കൂറ്റൻ സ്‌കോർ
X

കൊൽക്കത്ത: ഐപിഎല്ലിലെ എലിമിനേറ്റർ മത്സരത്തിൽ ലക്‌നൗ സൂപ്പർ ജയിന്റ്‌സിനെതിരെ ബാംഗ്ലൂർ ചലഞ്ചേഴ്‌സിന് കൂറ്റൻ സ്‌കോർ. 20 ഓവറിൽ ബാംഗ്ലൂർ 207 റൺസെടുത്തു. സെഞ്ച്വറി നേടിയ രജത് പഠിദാറിന്റെ ബാറ്റിങ് കരുത്തിലാണ് ബാംഗ്ലൂർ കൂറ്റൻ സ്‌കോർ നേടിയത്. രജത് പുറത്താകാതെ 112 റൺസെടുത്തു. 54 പന്തിലാണ് രജത് 107 റൺസെടുത്തത്.

തകർച്ചയോടെയായിരുന്നു ബാംഗ്ലൂരിന്റെ തുടക്കം. നേരിട്ട ആദ്യ പന്തിൽ തന്നെ ക്യാപ്റ്റൻ ഫാഫ് ഡ്യൂപ്ലസിസ് പുറത്തായി. എന്നാൽ, പിന്നീടെത്തിയ രജത് പഠിദാർ വിരാട് കോഹ്‌ലിയെ കൂട്ടുപിടിച്ച് സ്‌കോർ പതുക്കെ ഉയർത്തി. സ്‌കോർ 70 ൽ എത്തിനിൽക്കെ കോഹ്‌ലി പുറത്തായി. പിന്നീടെത്തിയ മാക്‌സ്‌വെൽ സ്‌കോർബോർഡിൽ 9 റൺസ് കൂട്ടിച്ചേർത്ത് പുറത്തായി. ഇടവേളകളിൽ വിക്കറ്റ് നഷ്ടമായെങ്കിലും ഒരറ്റത്ത് രജത്ത് റൺസ് ചേർത്ത് കൊണ്ടേയിരുന്നു. അവസാന ഓവറുകളിൽ ദിനേശ് കാർത്തിക് നടത്തിയ വെടിക്കെട്ട് പ്രകടനം സ്‌കോർ 207 ൽ എത്തിച്ചു. ലക്‌നൗവിനായി മൊഹ്‌സിൻ ഖാൻ,ക്രുനാൽ പാണ്ഡ്യ,ആവേശ് ഖാൻ,രവി ബിഷ്‌നോയി എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

ഇന്നത്തെ മത്സരത്തിൽ തോൽക്കുന്ന ടീം പുറത്താകും. ജയിക്കുന്ന ടീം വെള്ളിയാഴ്ച രണ്ടാം ക്വാളിഫയർ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ നേരിടും. അതിലും ജയിച്ചാൽ ഫൈനലിലെത്തും. ആദ്യ സീസൺ മുതൽ ഐ.പി.എൽ. കളിക്കുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഇതുവരെ കിരീടം നേടിയിട്ടില്ല. കഴിഞ്ഞ രണ്ടുസീസണിലും എലിമിനേറ്ററിൽ മടങ്ങുകയായിരുന്നു.

പ്രാഥമിക റൗണ്ടിലെ 14 മത്സരങ്ങളിൽ എട്ടിൽ ജയിച്ച് നാലാംസ്ഥാനക്കാരായാണ് ഡുപ്ലെസി നയിക്കുന്ന റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ പ്ലേ ഓഫിൽ എത്തിയത്. കെ.എൽ. രാഹുൽ നയിക്കുന്ന ലക്‌നൗ സൂപ്പർ ജയിന്റ്‌സ് 14 കളിയിൽ ഒമ്പതുജയം നേടിയാണ് പ്ലേഓഫിലെത്തിയത്.

TAGS :

Next Story