Quantcast

അർജുൻ ടെണ്ടുൽക്കറുടെ ലഖ്നൌ അരങ്ങേറ്റം: ഹൃദയസ്പർശിയായ കുറിപ്പുമായി സച്ചിൻ

മത്സരത്തിൽ മികച്ച എക്കൊണോമിയിൽ പന്തെറിഞ്ഞ അർജുൻ ടെണ്ടുൽക്കർ ഒരു വിക്കറ്റും നേടി

MediaOne Logo

Sports Desk

  • Updated:

    2026-05-24 08:45:48.0

Published:

24 May 2026 2:13 PM IST

അർജുൻ ടെണ്ടുൽക്കറുടെ ലഖ്നൌ അരങ്ങേറ്റം: ഹൃദയസ്പർശിയായ കുറിപ്പുമായി സച്ചിൻ
X

ലഖ്നൗ: ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജാന്റ്സിന് വേണ്ടി അരങ്ങേറ്റം കുറിച്ച മകൻ അർജുൻ ടെണ്ടുൽക്കറിനായി ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. പഞ്ചാബ് കിങ്സിനെതിരെയുള്ള ലഖ്നൗവിന്റെ സീസണിലെ അവസാന ലീഗ് മത്സരത്തിലായിരുന്നു അർജുന്റെ അരങ്ങേറ്റം. മത്സരം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയാവുകയാണ്.

ഈ സീസണിലുടനീളം അർജുൻ സ്വയം മുന്നോട്ട് നയിച്ച രീതിയിൽ തനിക്ക് വലിയ അഭിമാനമുണ്ടെന്ന് സച്ചിൻ എക്സ് പോസ്റ്റിൽ കുറിച്ചു.

"നന്നായി ചെയ്തു അർജുൻ. ഈ സീസണിലുടനീളം നീ നിന്നെത്തന്നെ മുന്നോട്ട് കൊണ്ടുപോയ രീതിയിൽ എനിക്ക് വലിയ അഭിമാനമുണ്ട്. സ്വന്തം കഴിവിലുള്ള വിശ്വാസവും, ശാന്തതയോടെ കഠിനാധ്വാനം ചെയ്യാനുള്ള മനസ്സും, അവസാന മത്സരം വരെ അവസരത്തിനായി കാത്തിരിക്കേണ്ടി വന്നിട്ടും കാത്തുസൂക്ഷിച്ച പോസിറ്റീവ് മനോഭാവവും അഭിനന്ദനാർഹമാണ്. ക്രിക്കറ്റ് എന്നത് കളിക്കാരന്റെ കഴിവിനെയെന്ന പോലെ അവന്റെ ക്ഷമയെയും പരീക്ഷിക്കുന്ന ഒന്നാണ്. നീ ഇന്ന് അവ രണ്ടും മനോഹരമായി കൈകാര്യം ചെയ്തു. എപ്പോഴും കളിയോടുള്ള ഈ സ്നേഹം നിലനിർത്തുക." സച്ചിൻ കുറിച്ചു.

മത്സരത്തിൽ ലഖ്നൗ പരാജയപ്പെട്ടെങ്കിലും പന്തുകൊണ്ട് മികച്ച പ്രകടനമാണ് ഇടംകയ്യൻ പേസറായ അർജുൻ പുറത്തെടുത്തത്. നാല് ഓവറിൽ 36 റൺസ് മാത്രം വിട്ടുകൊടുത്ത് പഞ്ചാബ് ഓപ്പണർ പ്രഭ്സിമ്രാൻ സിങ്ങിന്റെ നിർണായക വിക്കറ്റ് താരം സ്വന്തമാക്കി. ടീമിലെ മറ്റ് ബൗളർമാരേക്കാൾ മികച്ച ഇക്കോണമിയിലാണ് അർജുൻ പന്തെറിഞ്ഞത്. വിക്കറ്റ് കീപ്പർ റിഷഭ് പന്ത് ഒരു എളുപ്പമുള്ള ക്യാച്ച് കൈവിട്ടില്ലായിരുന്നെങ്കിൽ ആദ്യ ഓവറിൽ തന്നെ അർജുന് വിക്കറ്റ് ലഭിക്കുമായിരുന്നു.

നേരത്തെ മുംബൈ ഇന്ത്യൻസിന്റെ ഭാഗമായിരുന്ന അർജുൻ, ലഖ്നൗ സൂപ്പർ ജാന്റ്സിലേക്ക് മാറിയ ശേഷമുള്ള ആദ്യ മത്സരമായിരുന്നു ഇത്. ലഖ്നൗ പ്ലേഓഫ് റേസിൽ നിന്ന് പുറത്തായതോടെയാണ് അവസാന മത്സരത്തിൽ അർജുന് അവസരം ലഭിച്ചത്. മത്സരത്തിൽ താരം അഞ്ച് പന്തുകളിൽ നിന്ന് 5 റൺസും നേടിയിരുന്നു. സച്ചിന് പുറമെ അർജുന്റെ സഹോദരി സാറാ ടെണ്ടുൽക്കറും താരത്തിന് ആശംസകളുമായി രംഗത്തെത്തി.

TAGS :

Next Story