യൂറോപ്പ ലീഗിന് യോഗ്യത നേടി സണ്ടർലാൻഡ് ; ചെൽസി പട്ടികയിൽ പത്താമത്

ലണ്ടൻ : പ്രീമിയർ ലീഗ് സീസണിന് അവസാനമാകുമ്പോൾ അടുത്ത വർഷം വിവിധ യൂറോപ്പ്യൻ പോരാട്ടങ്ങളിൽ ആരൊക്കെ പങ്കെടുക്കുമെന്ന ചിത്രം തെളിഞ്ഞു. ജേതാക്കളായ ആർസനലിന് പുറമെ, മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുനൈറ്റഡ്, ആസ്റ്റൺ വില്ല, ലിവർപൂൾ ടീമുകൾ അടുത്ത വർഷത്തെ ചാമ്പ്യൻസ് ലീഗിന് യോഗ്യത ഉറപ്പിച്ചു. ബോൺമൗത്ത്, സണ്ടർലാൻഡ് ടീമുകൾ യൂറോപ്പ ലീഗിലും ബ്രൈറ്റൺ കോൺഫ്രൻസ് ലീഗിനും ടിക്കറ്റെടുത്തു.
നിർണായക മത്സരത്തിൽ ബ്രെൻഫോർഡ് ലിവർപൂളുമായി സമനില വഴങ്ങിയതാണ് സണ്ടർലാൻഡിന് തുണയായത്. കുർട്ടിസ് ജോൺസ് നേടിയ ഗോളിൽ ലിവർപൂൾ ലീഡെടുത്തെങ്കിലും അധികം വൈകാതെ കെവിൻ ഷേഡിന്റെ ഗോളിൽ ബ്രെന്റ്ഫോഡ് ഒപ്പം പിടിക്കുകയായിരുന്നു.
സണ്ടർലാൻഡുമായി തോൽവി വഴങ്ങിയ ചെൽസി 52 പോയിന്റോടെ പത്താം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. അവസാന റൗണ്ട് മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് (3-0), ആർസനൽ (2-1) ടീമുകൾ ജയിച്ചപ്പോൾ ആസ്റ്റൺ വില്ലയോട് മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെട്ടു (1-2). പാട്രിക്ക് ഡോർഗു, ബ്രയാൻ എംബ്യുമോ, ബ്രൂണോ ഫെർണാണ്ടസ് എന്നിവരാണ് യുനൈറ്റഡിനായി ഗോൾ നേടിയത്. സെമന്യോയുടെ ഗോളിൽ മുന്നിലെത്തിയ സിറ്റിക്കെതിരെ ഒലീ വാറ്റ്കിൻസിന്റെ ഇരട്ട ഗോളാണ് ആസ്റ്റൺ വില്ലക്ക് ജയം സമ്മാനിച്ചത്.
Adjust Story Font
16

