Quantcast

മൈക്രോസോഫ്റ്റിന് ഇന്ന് പിറന്നാള്‍...

കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട ഒട്ടുമിക്ക കാര്യങ്ങളിലും സ്വന്തം പാത വെട്ടിത്തുറന്ന സ്ഥാപനമാണ് മൈക്രോസോഫ്റ്റ്. 

MediaOne Logo

Web Desk

  • Published:

    4 April 2020 6:34 AM GMT

മൈക്രോസോഫ്റ്റിന് ഇന്ന് പിറന്നാള്‍...
X

ലോകത്തിലെ ഏറ്റവും മികച്ച വിവര സാങ്കേതിക കമ്പനി ഏതാണെന്ന് ചോദിച്ചാല്‍ ഒരൊറ്റ ഉത്തരമേ ഉള്ളൂ, മൈക്രോസോഫ്റ്റ്. കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട ഒട്ടുമിക്ക കാര്യങ്ങളിലും സ്വന്തം പാത വെട്ടിത്തുറന്ന സ്ഥാപനമാണ് മൈക്രോസോഫ്റ്റ്. വിന്‍ഡോസ് എന്ന ഓപ്പറേറ്റിസ് സിസ്റ്റം ഒന്ന് മാത്രം മതി മൈക്രോസോഫ്റ്റിന്റെ വ്യാപ്തി അളക്കാന്‍.

1975 ഏപ്രില്‍ നാലിനായിരുന്നു ലോകചരിത്രത്തില്‍ ഒട്ടേറെ മാറ്റങ്ങള്‍ വരുത്തിയ ഒരു കമ്പനിയുടെ ജനനം. പേഴ്സണല്‍ കംമ്പ്യൂട്ടിങ് രംഗത്തെ ഏറ്റവും ശ്രദ്ധേയമായ ചുവടുവെപ്പായി അത് മാറുമെന്ന് ആരും കരുതിയിരുന്നില്ല. അമേരിക്കക്കാരായ ബില്‍ഗേറ്റ്സും പോള്‍ അലനും ചേര്‍ന്നാണ് മൈക്രോസോഫ്റ്റ് കമ്പനിക്ക് രൂപം നല്‍കിയത്.

ഇന്റല്‍ കമ്പനി മൈക്രോ പ്രൊസസര്‍ പുറത്തിറക്കിയപ്പോള്‍ സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിധത്തില്‍ കംപ്യൂട്ടര്‍ ഉണ്ടാക്കണമെന്ന് ബില്‍ ഗേറ്റ്സ് കണക്കുകൂട്ടി. ചെറിയ മുതല്‍മുടക്കില്‍ കംപ്യൂട്ടര്‍ നിര്‍മ്മിക്കുമ്പോള്‍ അതിനാവശ്യമായ സോഫ്റ്റ് വെയറും അനിവാര്യമാണ്. ഇതിന് വേണ്ടി സ്ഥാപിച്ചതായിരുന്നു മൈക്രോസോഫ്റ്റ്.

സുഹൃത്തുക്കളായിരുന്ന പോള്‍ അലനും ബില്‍ ഗേറ്റ്സും ചേര്‍ന്നായിരുന്നു കമ്പനിക്ക് രൂപം നല്‍കിയത്. കമ്പനിയും പഠിത്തവും ഒരുമിച്ച് പോകില്ലെന്ന് കണ്ട ഇരുവരും പഠിത്തം പാതിവഴിയില്‍ ഉപേക്ഷിച്ചു. തുടക്കത്തില്‍ ചെറിയ ചെറിയ സോഫ്റ്റ്വെയര്‍ പ്രോഡക്ടുകള്‍ വിപണിയിലിറക്കി ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമം നടത്തി. 1980ല്‍ ഐബിഎം പിസികള്‍ വന്നതോടെ കംപ്യൂട്ടര്‍ വിപണി ഉഷാറായി.

തങ്ങളുടെ കംപ്യൂട്ടറുകള്‍ക്ക് അനുയോജ്യമായ ബേസിക് ഇന്‍റര്‍പ്രട്ടര്‍ നിര്‍മ്മിക്കുവാന്‍ ഐബിഐം മൈക്രോസോഫ്റ്റിനെ സമീപിച്ചതോടെ കമ്പനിയുടെ തലവര മാറി. സിയാറ്റില്‍ എന്ന കമ്പനി പുറത്തിറക്കിയ ക്യൂഡോസ് എന്ന ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ ചില പരിഷ്കാരങ്ങള്‍ വരുത്തി പി സി ഡോസ് എന്ന പേരില്‍ ഐബിഎമ്മിന് നല്‍കി. ഇതിന്റെ പകര്‍പ്പവകാശവും മൈക്രോസോഫ്റ്റ് കൈക്കലാക്കി. ഈ സോഫ്റ്റ് വെയറാണ് എംഎസ് ഡോസ് എന്ന പേരില്‍ പിന്നീട് വിപണി കീഴടക്കിയത്.

പിന്നീട് മൈക്രോസോഫ്റ്റിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ഇന്ന് കംപ്യൂട്ടര്‍ ഉപയോഗിക്കുന്ന ഒരാള്‍ പോലും വിന്‍ഡോസ് ഒരിക്കലെങ്കിലും ഉപയോഗിക്കാത്തവരായി ഉണ്ടാകില്ല. അത്രമേല്‍ ജനപ്രീതിയാര്‍ജ്ജിച്ചു. ലോകത്തിലെ ഏറ്റവും വലിയ ധനാഢ്യനാകാനും ബില്‍ഗേറ്റ്സിന് മൈക്രോസോഫ്റ്റിലൂടെ സാധിച്ചു. 1983ല്‍ ചില അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്ന് അലന്‍ മൈക്രോസോഫ്റ്റ് വിട്ടു. 2000വരെ അലന്‍ കമ്പനിയുടെ ബോര്‍ഡംഗമായി തുടര്‍ന്നു.

TAGS :
Next Story