Quantcast

300 കിലോഗ്രാം ഭാരം; ഏറ്റവും വലിയ ശുദ്ധജല മത്സ്യത്തിനുള്ള ലോക റെക്കോഡുമായി സ്റ്റിംഗ്രേ

ജൂൺ 13ന് മെകോംഗ് നദിയിൽ 42കാരനായ മൗൾ തുൻ എന്ന മത്സ്യത്തൊഴിലാളിയാണ് ഈ ഭീമന്‍ മത്സ്യത്തെ വലയിലാക്കിയത്

MediaOne Logo

Web Desk

  • Published:

    22 Jun 2022 4:30 AM GMT

300 കിലോഗ്രാം ഭാരം; ഏറ്റവും വലിയ ശുദ്ധജല മത്സ്യത്തിനുള്ള ലോക റെക്കോഡുമായി സ്റ്റിംഗ്രേ
X

ഏറ്റവും വലിയ ശുദ്ധജല മത്സ്യത്തിനുള്ള ലോകറെക്കോഡ് നേടി സ്റ്റിംഗ്രേ. 300 കിലോഗ്രാം ഭാരമുള്ള ഭീമൻ സ്റ്റിംഗ്രേ ഇതുവരെ കണ്ടെത്തിയതിൽവെച്ച് ഏറ്റവും വലിയ ശുദ്ധജല മത്സ്യമാണ്.

ജൂൺ 13ന് മെകോംഗ് നദിയിൽ 42കാരനായ മൗൾ തുൻ എന്ന മത്സ്യത്തൊഴിലാളിയാണ് ഈ ഭീമന്‍ മത്സ്യത്തെ വലയിലാക്കിയത്. സ്റ്റിംഗ്രേയെ സുരക്ഷിതമായി തീരത്തെത്തിച്ച ശേഷം വണ്ടേഴ്‌സ് ഓഫ് മെകോംഗ് ഗവേഷണ പദ്ധതിയിലെ ശാസ്ത്രജ്ഞരുടെ സംഘവുമായി മൗൾ തുൻ ബന്ധപ്പെട്ടു. കണ്ടെത്തിയ മത്സ്യത്തിന് 13 അടി നീളവും 300 കിലോഗ്രാമിൽ താഴെ ഭാരവും ഉണ്ടെന്ന് വണ്ടേഴ്‌സ് ഓഫ് ദി മെകോംഗ് പ്രസ്താവനയില്‍ വ്യക്തമാക്കി. പെണ്‍ മത്സ്യമാണ് ഇത്.

2005ൽ തായ്‌ലൻഡിൽ കണ്ടെത്തിയ 293 കിലോഗ്രാം (646-പൗണ്ട്) മെക്കോംഗ് ഭീമൻ ക്യാറ്റ്ഫിഷിന്‍റെ റെക്കോഡാണ് സ്റ്റിംഗ്രേ തകര്‍ത്തത്. ഖേമർ ഭാഷയിൽ 'പൂർണചന്ദ്രൻ' എന്ന് അര്‍ഥം വരുന്ന 'ബോറമി' എന്നാണ് സ്റ്റിംഗ്രേയ്ക്ക് പേരിട്ടിരിക്കുന്നത്. ''ഇത്രയും വലിപ്പമുള്ള ഒരു മത്സ്യത്തെ, പ്രത്യേകിച്ച് ശുദ്ധജലത്തിൽ കാണുമ്പോൾ പെട്ടെന്ന് മനസിലായെന്ന് വരില്ല. ഞങ്ങളുടെ ടീമിലെല്ലാവരും സ്തംഭിപ്പിച്ചുപോയി'' -വണ്ടേഴ്‌സ് ഓഫ് ദി മെകോംഗ് തലവൻ സെബ് ഹോഗൻ പറഞ്ഞു.

ശുദ്ധജല നദികളിൽ നീന്തുമ്പോൾ അവയുടെ ചലനം നിരീക്ഷിക്കാനും അവയുടെ സ്വഭാവത്തെക്കുറിച്ച് കൂടുതലറിയാനും ശാസ്ത്രജ്ഞരുടെ സംഘം ഭീമൻ മത്സ്യത്തെ നിരീക്ഷിക്കുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു. സ്റ്റിംഗ്രേയെ പിടിച്ച മൗള്‍ തുന് 600 ഡോളർ പ്രതിഫലം ലഭിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്. തെക്കുകിഴക്കൻ ഏഷ്യയിലെയും ബോർണിയോയിലെയും വലിയ നദികളിലും അഴിമുഖങ്ങളിലുമാണ് സ്റ്റിംഗ്രേയെ പൊതുവെ കാണാറുള്ളത്.

TAGS :

Next Story