ദ്വീപുകളെ ആക്രമിച്ചാല്‍ ഇറാന്‍ എല്ലാ നിയന്ത്രണവും കൈവിടും, പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ രക്തം ഒഴുകും : സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ്
ഇറാൻ്റെ എണ്ണ വ്യാപാരത്തില്‍ നിര്‍ണായകമായ ഖാര്‍ഗ് ദ്വീപ് പിടിച്ചടക്കാന്‍ യുഎസ് ലക്ഷ്യമിടുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പ്രസ്താവന

- Published:
12 March 2026 4:37 PM IST

തെഹ്‌റാന്‍: ഇറാന്റെ ദ്വീപുകളെ ഇസ്രായേലും യുഎസും ആക്രമിച്ചാല്‍ യുദ്ധത്തില്‍ ഇതുവരെയുള്ള എല്ലാ നിയന്ത്രണവും കൈവിടുമെന്ന് ഇറാനിയന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ്. പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ അക്രമികളുടെ രക്തം ഒഴുകുമെന്നും അദ്ദേഹം പറഞ്ഞു.
'മാതൃരാജ്യം അല്ലെങ്കില്‍ മരണം. ഇറാനിയന്‍ ദ്വീപുകള്‍ക്കെതിരായ ഏതൊരു ആക്രമണവും എല്ലാ നിയന്ത്രണങ്ങളും ലംഘിക്കും. ഞങ്ങള്‍ എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കി അക്രമികളുടെ രക്തം പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ ഒഴുക്കും. അമേരിക്കന്‍ സൈനികരുടെ രക്തത്തിന് ട്രംപാണ് വ്യക്തിപരമായ ഉത്തരവാദി' -മുഹമ്മദ് ബാഗര്‍ ഗാലിബാഫ് എക്‌സ് പോസ്റ്റില്‍ പറഞ്ഞു.
ഏത് ദ്വീപിനെ കുറിച്ചാണ് അദ്ദേഹം സൂചിപ്പിക്കുന്നത് എന്ന് വ്യക്തമല്ല. അതേസമയം, ഇറാന്റെ എണ്ണ വ്യാപാരത്തില്‍ നിര്‍ണായകമായ, ഹോര്‍മുസ് കടലിടുക്കിലെ, ഖാര്‍ഗ് ദ്വീപ് പിടിച്ചടക്കാന്‍ യുഎസ് ലക്ഷ്യമിടുന്നുവെന്ന അഭ്യൂഹങ്ങളുണ്ട്. ഇതിനിടെയാണ് ദ്വീപുകള്‍ക്ക് നേരെ തിരിഞ്ഞാല്‍ കനത്ത തിരിച്ചടി നേരിടുമെന്ന പാര്‍ലമെന്റ് സ്പീക്കറുടെ പ്രസ്താവന.
ഇസ്രായേലും യുഎസും ചേര്‍ന്ന് ഇറാനെ ആക്രമിച്ചതിനെ തുടര്‍ന്നുണ്ടായ യുദ്ധം 13ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. അതിനിടെ, യുദ്ധം അവസാനിപ്പിക്കുന്നതിനായി മൂന്ന് നിബന്ധനകള്‍ ഇറാന്‍ മുന്നോട്ടുവെച്ചിരിക്കുകയാണ്. ഇറാന്റെ നിയമാനുസൃത അവകാശങ്ങള്‍ അംഗീകരിക്കുക, യുദ്ധനഷ്ടപരിഹാരം നല്‍കുക, ഭാവിയിലൊരു ആക്രമണമുണ്ടാകില്ലെന്ന് അന്താരാഷ്ട്ര തലത്തില്‍ ഗ്യാരണ്ടി നല്‍കുക എന്നിവയാണ് പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ മുന്നോട്ടുവെച്ച നിബന്ധനകള്‍.
Adjust Story Font
16
