Quantcast

വിപ്ലവാനന്തര ഇറാന്റെ പ്രഥമ പ്രസിഡന്റ് അബുൽ ഹസൻ ബനിസദർ അന്തരിച്ചു

ഷാ ഭരണകൂടത്തിനെതിരായ ജനകീയ പോരാട്ടത്തിന്റെ മുൻനിരയിലുണ്ടായിരുന്ന ബനിസദര്‍ ഒരുകാലത്ത് ഇറാന്‍റെ പരമോന്നത നേതാവ് റൂഹുല്ല ഖുമൈനിയുടെ വിശ്വസ്തനുമായിരുന്നു

MediaOne Logo

Web Desk

  • Published:

    9 Oct 2021 6:19 PM GMT

വിപ്ലവാനന്തര ഇറാന്റെ പ്രഥമ പ്രസിഡന്റ് അബുൽ ഹസൻ ബനിസദർ അന്തരിച്ചു
X

1979ലെ ഇസ്‍ലാമിക വിപ്ലവത്തിനുശേഷമുള്ള ഇറാന്റെ ആദ്യ പ്രസിഡന്റ് അബുൽ ഹസൻ ബനിസദർ അന്തരിച്ചു. 88 വയസായിരുന്നു. പാരീസിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ദീർഘകാലമായി വാർധക്യസഹജമായ അസുഖങ്ങൾ കാരണം ചികിത്സയിലായിരുന്നു.

വിപ്ലവത്തിനു പിറകെ രാജ്യത്തെ പരമോന്നത നേതാവ് റൂഹുല്ല ഖഉമൈനി അടക്കമുള്ള മതപണ്ഡിതരുടെ പൂർണ പിന്തുണയോടെയാണ് അബുൽഹസൻ ബനിസദർ ഇറാന്റെ നേതാവായി ഉയർന്നുവരുന്നത്. എന്നാൽ, ഇതേ പണ്ഡിതരുമായുള്ള ഏറ്റുമുട്ടലിനെ തുടർന്ന് തൊട്ടടുത്ത വർഷം തന്നെ അദ്ദേഹത്തിന് സ്ഥാനഭ്രഷ്ടനായി രാജ്യംവിടേണ്ടിയും വന്നു. ഇറാനിൽനിന്ന് രക്ഷപ്പെട്ട ബനിസദർ ഫ്രാൻസിലാണ് അഭയംതേടിയത്. പിന്നീട് മരണംവരെയും ഫ്രാൻസിൽ തന്നെയാണ് അദ്ദേഹം കുടുംബസമേതം കഴിഞ്ഞതും.

ജനകീയ വിപ്ലവത്തിന്‍റെ മുൻനിരയിൽനിന്ന് രാഷ്ട്രസാരഥ്യത്തിലേക്ക്

1933ൽ പടിഞ്ഞാറൻ ഇറാനിലെ ഹാമിദാൻ പ്രവിശ്യയിലായിരുന്നു ബനിസദറിന്റെ ജനനം. മുഹമ്മദ് റസാ ഷാ പഹ്‌ലവിക്കെതിരായ ഇറാൻ വിപ്ലവത്തിനു നേതൃത്വം നൽകിയ പരമോന്നത നേതാവ് റൂഹുല്ല ഖുമൈനിയുടെ സന്തതസഹചാരിയും പ്രശസ്തനായ മതപണ്ഡിതനുമായിരുന്നു പിതാവ്.

യൂറോപ്പിൽ പഠനം നടത്തിയ ബനിസദർ ഷാ ഭരണകൂടത്തിനെതിരായ ജനകീയ പോരാട്ടത്തിന്റെ മുൻനിരയിലുണ്ടായിരുന്നു. അങ്ങനെ പിതാവിന്റെ വഴിയേ ഖുമൈനിയുടെ വിശ്വസ്തവലയത്തിൽ അദ്ദേഹത്തിനും ഇടംലഭിച്ചു. വിപ്ലവം ജയിച്ചു മാസങ്ങൾക്കുശേഷം ഇറാൻ റിപ്ലബ്ലിക്കിന്റെ പ്രഥമ പ്രസിഡന്റായി ബനിസദർ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

വൻഭൂരിപക്ഷത്തിന്റെ ബലത്തിലായിരുന്നു ബനിസദറിന്റെ അധികാരാരോഹണം. നാലുവർഷമായിരുന്നു ഭരണകാലയളവ്. ഇതോടൊപ്പം രാജ്യത്തിന്റെ സൈനികത്തലവനായും ഖുമൈനി അദ്ദേഹത്തെ നിയമിച്ചു. മതവേഷം ധരിച്ച പണ്ഡിതനേതൃത്വത്തിനിടയിൽ പടിഞ്ഞാറൻശൈലിയിലായിരുന്നു അദ്ദേഹം നടന്നത്. അപ്പോഴും രാജ്യത്തിന്റെ പരമോന്നത പണ്ഡിതസഭയും ആചാര്യനും അദ്ദേഹത്തോടൊപ്പം തന്നെ നിലയുറപ്പിച്ചു.

എന്നാൽ, തെഹ്‌റാനിലെ യുഎസ് എംബസിയും ബന്ധി പ്രതിസന്ധിയും അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ തെറ്റിച്ചു. ഇതോടൊപ്പം സദ്ദാം ഹുസൈന്റെ നേതൃത്വത്തിലുള്ള ഇറാഖിന്റെ ഇറാൻ അധിനിവേശംകൂടിയായപ്പോൾ അടിപതറി. ഇതിനിടെ മതപണ്ഡിതസഭയുമായും പരമോന്നത നേതാവുമായെല്ലാം അഭിപ്രായ ഭിന്നതകൾ ഉടലെടുത്തു. തുടർദിവസങ്ങളിൽ അത് കൂടുതൽ രൂക്ഷമായി.

1981 ജൂണിൽ പുതുതായി രൂപംകൊണ്ട ഇസ്‍ലാമിക് പാർലമെന്റ് അങ്ങനെ ബനിസദറിനെ ഇംപീച്ച് ചെയ്തു. ഖുമൈനിയുടെ കൂടി പിന്തുണയോടെയായിരുന്നു ഇത്. ഇതോടെ പിടിവള്ളി നഷ്ടപ്പെട്ട ബനിസദർ കുറച്ചുനാൾ ഒളിവിൽപോയി. അവിടെയും രക്ഷയില്ലെന്നു കണ്ടതോടെ കുടുംബസമേതം ഫ്രാൻസിലേക്ക് രക്ഷപ്പെടുകയായിരുന്നു.

TAGS :

Next Story