Quantcast

'ഉരുളക്കിഴങ്ങെന്ന് വിളിച്ച് അപമാനിച്ചു'; ബോസിനെതിരെ യുവതി കോടതിയിൽ; നഷ്ടപരിഹാരമായി ലഭിച്ചത് 29 ലക്ഷം രൂപ!

1,000 വെട്ടുകളേറ്റ് മരിക്കുന്നത് പോലെയാണ് ബോസിന്‍റെ പെരുമാറ്റം തന്നിലുണ്ടാക്കിയതെന്ന് യുവതി പറയുന്നു

MediaOne Logo

ലിസി. പി

  • Updated:

    2026-03-12 12:14:59.0

Published:

12 March 2026 5:38 PM IST

ഉരുളക്കിഴങ്ങെന്ന് വിളിച്ച് അപമാനിച്ചു; ബോസിനെതിരെ യുവതി കോടതിയിൽ; നഷ്ടപരിഹാരമായി ലഭിച്ചത് 29 ലക്ഷം രൂപ!
X

ഡബ്ലിൻ: ജോലിസ്ഥലത്തെ പെരുമാറ്റ രീതികളും അധിക്ഷേപങ്ങളും പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. ജോലിഭാരത്തേക്കാൾ പലപ്പോഴും ജീവനക്കാരെ തളർത്തുന്നത് ജോലി സ്ഥലത്തുണ്ടാകുന്ന മോശം പെരുമാറ്റമാണെന്ന് പഠനങ്ങൾ പറയുന്നു. അത്തരമൊരു സാഹചര്യത്തിൽ, തന്നെ അധിക്ഷേപിച്ച ബോസിനെതിരെ നിയമപോരാട്ടം നടത്തി വിജയിച്ചിരിക്കുകയാണ് ഒരു യുവതി. കേവലം ഒരു തമാശയെന്നു കരുതി തള്ളിക്കളയാവുന്ന ഒന്നല്ല വ്യക്തിഹത്യ എന്ന് തെളിയിക്കുന്നതാണ് 29 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച ഈ കോടതി വിധി. അയര്‍ലന്‍റിലാണ് സംഭവം നടക്കുന്നത്.

"ഉരുളക്കിഴങ്ങ്" എന്ന് നിരന്തരം വിളിച്ചുകൊണ്ട് തന്റെ ബോസ് വംശീയമായി ഉപദ്രവിച്ചുവെന്നായിരുന്നു ഐറിഷ് യുവതിയുടെ പരാതി. ലീഡ്‌സിലെ ഒരു സിവിൽ എഞ്ചിനീയറിംഗ് കമ്പനിയിൽ ബുക്ക് കീപ്പറായി ജോലി ചെയ്യുകയായിരുന്നു ബെർണാഡെറ്റ് ഹെയ്‌സ് .തൊഴിലുടമയായ മിക്ക് ആറ്റ്കിൻസ് തന്നെ 'പൊട്ടറ്റോ' (ഉരുളക്കിഴങ്ങ്) എന്ന് വിളിച്ച് അപമാനിച്ചെന്നാണ് യുവതി പറയുന്നത്. തുടര്‍ന്നാണ് എംപ്ലോയ്‌മെന്റ് ട്രൈബ്യൂണലിനെ സമീപിക്കുന്നത്. തൊഴിലുടമയുടെ അധിക്ഷേപം തന്നെ മാനസികമായി വളരെയധികം തളർത്തിയതായും അവർ കോടതിയിൽ ബോധിപ്പിച്ചു. വെറുമൊരു തമാശയല്ല, മറിച്ച് തന്റെ രൂപത്തെയും വംശീയതയെയും അധിക്ഷേപിക്കുന്ന രീതിയിലാണ് ഈ പദം ഉപയോഗിച്ചതെന്ന് യുവതി വാദിച്ചു.

ആ പെരുമാറ്റത്തെക്കുറിച്ച് വിവരിക്കുമ്പോൾ, 1,000 വെട്ടുകളേറ്റ് മരിക്കുന്നത് പോലെയാണ് തോന്നിയതെന്ന് ഹെയ്‌സ് പറഞ്ഞു. പണത്തിന് ആവശ്യമുള്ളതിനാല്‍ തനിക്ക് ജോലി ഉപേക്ഷിക്കാനായിരുന്നില്ല. ആറ് മാസക്കാലം താന്‍ ഓഫീസില്‍ പോയിരുന്നത് അത്രയേറെ ബുദ്ധിമുട്ടിയായിരുന്നു. ഇത് തന്‍റെ ആത്മാഭിമാനത്തെ പൂർണ്ണമായും ഇല്ലാതാക്കിയെന്നും വല്ലാതെ അരക്ഷിത ബോധം തോന്നിയെന്നും യുവതി ട്രൈബ്യൂണലിനോട് പറഞ്ഞു. പലപ്പോഴും നിശബ്ദത പാലിച്ചെങ്കിലും തൊഴിലുടമ വംശീയ പ്രയോഗങ്ങള്‍ പറയാന്‍ അവസരം കണ്ടെത്തിയെന്നും യുവതി പറയുന്നു.

അയർലൻഡിലെ വർക്ക് പ്ലേസ് റിലേഷൻസ് കമ്മീഷൻ കേസ് വിശദമായി പരിശോധിച്ചു. ജോലിസ്ഥലത്ത് ജീവനക്കാരുടെ അന്തസ്സ് കാത്തുസൂക്ഷിക്കാൻ കമ്പനികൾക്ക് ഉത്തരവാദിത്തമുണ്ടെന്നും, ഇത്തരം അധിക്ഷേപങ്ങൾ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.

യുവതിക്ക് നേരിടേണ്ടി വന്ന മാനസിക വിഷമത്തിനും തൊഴിലിടത്തിലെ മോശം അനുഭവത്തിനും പ്രതിഫലമായി 30,000 യൂറോ (ഏകദേശം 29 ലക്ഷം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. ജോലിസ്ഥലത്തെ അന്തരീക്ഷം ആരോഗ്യകരമായിരിക്കണമെന്നും വിധിയിൽ പറയുന്നു.


TAGS :

Next Story