തടി കുറയ്ക്കാന്‍ നാടു വിട്ടു; ഏഴു മാസത്തിന് ശേഷം 63 കിലോ കുറച്ച് യുവാവ് തിരികെ വീട്ടില്‍

153 കിലോ ഭാരമുളള ബ്രയാന്‍ 63 കിലോയാണ് കുറച്ചത്

MediaOne Logo

Web Desk

  • Updated:

    2022-11-28 04:57:47.0

Published:

28 Nov 2022 4:57 AM GMT

തടി കുറയ്ക്കാന്‍ നാടു വിട്ടു; ഏഴു മാസത്തിന് ശേഷം 63 കിലോ കുറച്ച് യുവാവ് തിരികെ വീട്ടില്‍
X

ഡുബ്ലിന്‍: ശരീരഭാരം കുറയ്ക്കാനായി പല ഇഷ്ടങ്ങളും ഉപേക്ഷിക്കുന്നവരുണ്ട്. എന്നാല്‍ നാടും വീടും ഉപേക്ഷിക്കുന്നവരുണ്ടാകുമോ? അയര്‍ലണ്ടുകാരനായ ബ്രയാൻ ഒ'കീഫ് എന്ന യുവാവാണ് വണ്ണം കുറയ്ക്കാനായി കുടുംബത്തെയും സുഹൃത്തുക്കളെയും ഉപേക്ഷിച്ച് നാടുവിട്ടത്. എന്നെന്നേക്കുമായി നാടുവിട്ടതൊന്നുമായിരുന്നില്ല കേട്ടോ? മാസങ്ങള്‍ക്ക് ശേഷം തടി കുറച്ച് ബ്രയാന്‍ തിരികെ വീട്ടിലെത്തുകയും ചെയ്തു. 153 കിലോ ഭാരമുളള ബ്രയാന്‍ 63 കിലോയാണ് കുറച്ചത്.

ഭാരം കുറച്ച കഥ വീഡിയോയായി ബ്രയാന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടു മില്യണലധികം പേര്‍ കണ്ട വീഡിയോക്ക് രണ്ടു ലക്ഷത്തിലധികം ലൈക്കുകളും നിരവധി കമന്‍റുകളും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ 15 വർഷമായി താൻ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുകയാണെന്നും ഡേവിഡ് ഗോഗിൻസിന്‍റെ 'കാൻറ്റ് ഹർട്ട് മി' എന്ന പുസ്തകം കണ്ടെത്തുന്നതുവരെ എല്ലാ ഭക്ഷണക്രമങ്ങളും വ്യായാമങ്ങളും പരീക്ഷിച്ചിട്ടുണ്ടെന്നും കീഫ് കുറിച്ചു. 'നിങ്ങളുടെ പരാജയങ്ങളുടെ ഒരു വിശകലനം പൂർത്തിയാക്കുക എന്നതാണ്' ആ പുസ്തകത്തിന്‍റെ ആശയങ്ങളിലൊന്ന്. നമ്മളില്‍ പലരെയും പോലെ എന്‍റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും എന്‍റെ ബലഹീനതയാണെന്ന് ഞാന്‍ മനസിലാക്കി. എന്‍റെ സുഹൃത്തുക്കൾ മദ്യപിക്കാൻ പോകുമ്പോഴോ എന്‍റെ കുടുംബം അത്താഴത്തിന് പോകുമ്പോഴോ, ഞാൻ അവിടെ ഉണ്ടായിരിക്കാൻ ആഗ്രഹിക്കുന്നു. അതുകൊണ്ട് ഞാന്‍ അവിടം വിട്ട് മറ്റൊരിടത്തേക്ക് പോകാന്‍ ആഗ്രഹിച്ചു. അവിടെ എനിക്ക് ഒഴികഴിവുകളൊന്നുമില്ലല്ലോ...ഞാൻ എന്‍റെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും വിളിച്ച് ഇന് ഞാന്‍ അവരോട് സംസാരിക്കില്ലെന്ന് പറഞ്ഞു. തുടര്‍ന്ന് ഞാനെന്‍റെ ഉദ്യമത്തിലേക്ക് കടന്നു'' ബ്രയാന്‍ കുറിപ്പില്‍ പറയുന്നു.

ശരീരഭാരം കുറയ്ക്കാന്‍ താന്‍ ശരിക്കും കഠിനാധ്വാനം ചെയ്തുവെന്ന് ബ്രയാന്‍ പറയുന്നു. ഏഴു മാസം വിശ്രമമില്ലാതെ അധ്വാനിച്ചു. ''ഈ ഏഴു മാസത്തിനുള്ളില്‍ ഒരു ദിവസം പോലും ഞാന്‍ ലീവെടുത്തില്ല. പരിക്കുകളുണ്ടായെങ്കിലും വ്യായാമം നിര്‍ത്താന്‍ ഞാന്‍ തയ്യാറായില്ല. എല്ലാ ദിവസവും ഞാന്‍ വ്യായാമം ചെയ്യുന്നതിന്‍റെ ദൈര്‍ഘ്യം കൂട്ടി. എനിക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ഞാന്‍ ചെയ്യാന്‍ ശ്രമിച്ചു'' ബ്രയാന്‍ പറയുന്നു. ആദ്യത്തെ രണ്ടാഴ്‌ചയിൽ താൻ ഒരു ദിവസം 90 മിനിറ്റ് നടക്കാറുണ്ടെന്നും തുടർന്ന് ആഴ്‌ചയിൽ ആറ് ദിവസം ഭാരോദ്വഹനവും ആഴ്‌ചയിൽ മൂന്ന് തവണ നീന്തലും ആഴ്‌ചയിൽ മൂന്ന് തവണ ഓട്ടവും തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

കലോറി കുറവുള്ള ഭക്ഷണക്രമം ശരീരഭാരം കുറയ്ക്കാനുള്ള യാത്രയിൽ തന്നെ സഹായിച്ചതായി ബ്രയാന്‍ വ്യക്തമാക്കി. മാനസികമായി സ്ഥിരതയുള്ളവനായിരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുവെന്നും ബ്രയാന്‍ കുറിച്ചു. ബ്രയാനെ അഭിനന്ദനം കൊണ്ടു മൂടുകയാണ് സോഷ്യല്‍മീഡിയ.

TAGS :

Next Story