ഇറാൻ- യുഎസ് കരാറില്‍ ആശങ്ക: അടിയന്തര യോഗം വിളിച്ച് നെതന്യാഹു
കരാറിലെ രണ്ട് പ്രധാന വ്യവസ്ഥകളിലാണ് ഇസ്രായേലിന് വിയോജിപ്പുള്ളത്.

- Published:
24 May 2026 1:28 PM IST

തെൽ അവീവ്: അമേരിക്കയും ഇറാനും തമ്മിൽ രൂപപ്പെടുന്ന പുതിയ നയതന്ത്ര കരാറിലെ ചില വ്യവസ്ഥകളിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. കരാറുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി അദ്ദേഹം ഇന്ന് വൈകുന്നേരം അടിയന്തര സുരക്ഷാ കാബിനറ്റ് യോഗം വിളിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കരാറിലെ രണ്ട് പ്രധാന വ്യവസ്ഥകളിലാണ് ഇസ്രായേലിന് വിയോജിപ്പുള്ളത്. ലെബനനിലെ താല്ക്കാലിക വെടിനിർത്തലുമായി ബന്ധപ്പെട്ടതാണ് ഒന്നാമത്തെ വ്യവസ്ഥ. ഇറാനിൻ്റെ ആണവ പദ്ധതികളെക്കുറിച്ചുള്ള ചർച്ചകൾ നീട്ടിവെക്കുന്നതുമായി ബന്ധപ്പെട്ടതാണ് രണ്ടാമത്തെ വ്യവസ്ഥ. ഈ രണ്ട് കാര്യങ്ങളും തങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് നെതന്യാഹു അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ അറിയിച്ചതായി ഇസ്രായേലി പൊതു പ്രക്ഷേപകരായ 'കാൻ' വെളിപ്പെടുത്തി.
ഇന്ന് വൈകുന്നേരം നടക്കുന്ന പരിമിത അംഗങ്ങൾ മാത്രമുള്ള സുരക്ഷാ യോഗത്തിൽ കരാറിനെതിരെ ഇസ്രായേൽ സ്വീകരിക്കേണ്ട അടുത്ത നീക്കങ്ങൾ ചർച്ച ചെയ്യും. പ്രാദേശിക സുരക്ഷയെ ബാധിക്കുന്ന കരാറുമായി മുന്നോട്ട് പോകുന്നതിൽ ഇസ്രായേലി ഭരണകൂടത്തിന് കടുത്ത അമർഷമുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
അതേസമയം ലോകത്തെയാകെ മുൾമുനയിൽ നിർത്തിയ ഇറാൻ- യുഎസ് യുദ്ധത്തിന് പരിസമാപ്തിയാകുകയാണ്. ഹോർമുസ് തുറക്കാൻ ഇറാൻ സമ്മതിച്ചു. കരാർ അന്തിമഘട്ടത്തിലെന്ന് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തന്നെ പ്രഖ്യാപിച്ചു. നാവിക ഉപരോധം അമേരിക്കയും പിൻവലിക്കും. കരാറിന്റെ ഭൂരിഭാഗം വ്യവസ്ഥകളിലും ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായതായും ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യൽ' വഴിയാണ് അറിയിച്ചത്.
കഴിഞ്ഞ ഫെബ്രുവരിയിൽ ആരംഭിച്ച യുഎസ്-ഇറാൻ സൈനിക നീക്കങ്ങൾക്ക് പിന്നാലെയാണ് ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചത്. ഇതേത്തുടർന്ന് അമേരിക്ക ഇറാനിയൻ തുറമുഖങ്ങൾ ഉപരോധിക്കുകയും ചെയ്തിരുന്നു. ലോകത്തിലെ ആകെ എണ്ണക്കടത്തിന്റെ വലിയൊരു പങ്ക് കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് അടച്ചതോടെ ആഗോളതലത്തിൽ വലിയ സാമ്പത്തിക പ്രതിസന്ധിയും ഇന്ധനവില വർധനവും ഉണ്ടായിരുന്നു. പുതിയ കരാറിലൂടെ ഈ പാത തുറക്കുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ആശ്വാസമാകും.
Adjust Story Font
16
