Quantcast

'നാലുവയസുകാരിയോട് എന്താണ് ധരിച്ചതെന്ന് 'അലക്സ'യുടെ ചോദ്യം'; ഭയപ്പെടുത്തുന്ന വെളിപ്പെടുത്തലുമായി മാതാവ്

സ്മാർട്ട് സ്പീക്കറുകൾ നമ്മുടെ സംഭാഷണങ്ങൾ ചോർത്തുന്നുണ്ടോ എന്നും കുട്ടികളുടെ സ്വകാര്യത എത്രത്തോളം സുരക്ഷിതമാണെന്നും ചോദ്യങ്ങൾ ഉയരുന്നു

MediaOne Logo

ലിസി. പി

  • Published:

    12 March 2026 4:51 PM IST

നാലുവയസുകാരിയോട് എന്താണ് ധരിച്ചതെന്ന് അലക്സയുടെ ചോദ്യം; ഭയപ്പെടുത്തുന്ന വെളിപ്പെടുത്തലുമായി മാതാവ്
X

representative image

ടെക്സസ്: നമ്മുടെയെല്ലാം വീടുകളിൽ ഇന്ന് സർവസാധാരണമായിക്കൊണ്ടിരിക്കുന്ന ഒന്നാണ് സ്മാർട്ട് സ്പീക്കറുകൾ. എന്നാല്‍ അമേരിക്കയിലെ ടെക്സസിലെ ഒരു യുവതിക്ക് 'ആമസോണ്‍ അലക്സ'യില്‍ നിന്നുണ്ടായ ഞെട്ടിപ്പിക്കുന്ന അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. തന്‍റെ നാലുവയസുകാരിയായ മകളോട് എന്താണ് ധരിച്ചതെന്നും അത് കാണട്ടേയെന്നും 'അലക്സ' ചോദിച്ചെന്ന് യുവതി പറയുന്നു. അലക്സയുടെ ചോദ്യം കേട്ട് സ്പീക്കറുടെ പ്ലഹ് വലിച്ചൂരിയെന്നും യുവതി പറയുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സ്പീച്ച് തെറാപ്പിസ്റ്റും രണ്ട് കുട്ടികളുടെ അമ്മയുമായ ക്രിസ്റ്റി ഹോസ്റ്റർമാൻ തനിക്കുണ്ടായ അനുഭവം തുറന്ന് പറഞ്ഞത്.

നിങ്ങളുടെ കുട്ടി അലക്സയോട് സംസാരിക്കുമ്പോൾ ദയവായി ശ്രദ്ധിക്കുക എന്നാണ് അവര്‍ ഫേസ്ബുക്കിലൂടെ മുന്നറിയിപ്പ് നല്‍കിയത്. 'മധുരക്കിഴങ്ങ് പാചകം ചെയ്യുന്നതിനിടയിലാണ് ഇത് സംഭവിച്ചത്.അതിനിടയില്‍ മകള്‍ സ്റ്റെല്ല വന്ന് അലക്സയോട് ഒരു കഥ പറയാമോ എന്ന് ചോദിച്ചു. പിന്നീട് മകള്‍ ഒരു രാജകുമാരിയുടെ കഥ പറയാന്‍ തുടങ്ങി.എന്നാല്‍ കഥയുടെ മധ്യത്തില്‍ അലക്സ ഇടപെട്ട് എന്താണ് ധരിച്ചതെന്ന് ചോദിച്ചു. പാവാടയാണ് ധരിച്ചിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ നിന്റെ പാവാട ഒന്ന് നോക്കട്ടെയെന്ന് പറഞ്ഞു. ഇതോടെ ഞാന്‍ രൂക്ഷമായി അലക്സയോട് സംസാരിച്ചു. അതോടെ തെറ്റ് പറ്റിയെന്നും കാണാനുള്ള ശേഷി ഇല്ലെന്നും മറുപടി നല്‍കി.പക്ഷേ അത് ഞാന്‍ വിശ്വസിക്കുന്നില്ല...'-ഹോസ്റ്റർമാൻ പറഞ്ഞു.

ഈ വാക്കുകൾ കേട്ട് അമ്പരന്ന ഹോസ്റ്റർമാൻ ഉടൻ തന്നെ അലക്സ ഓഫ് ചെയ്തു. വീടിനുള്ളിലെ സ്വകാര്യതയെപ്പോലും ചോദ്യം ചെയ്യുന്ന രീതിയിൽ ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപകരണം സംസാരിച്ചത് അവരെ ഭയപ്പെടുത്തി.വീട്ടിൽ നിന്ന് എല്ലാ അലക്സാ ഉൽപ്പന്നങ്ങളും നീക്കം ചെയ്തെന്നും അവര്‍ പറയുന്നു. റെക്കോർഡുചെയ്‌ത അലക്‌സ സംഭാഷണത്തിന്റെയും തന്റെ ഇടപെടലിന്റെയും ഫോട്ടോകളും യുവതി പോസ്റ്റ് ചെയ്തു.


സുരക്ഷാ ഭീഷണിയോ അതോ സാങ്കേതിക പിഴവോ?

ഈ സംഭവം ഓൺലൈൻ സുരക്ഷയെക്കുറിച്ചുള്ള വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. സ്മാർട്ട് സ്പീക്കറുകൾ നമ്മുടെ സംഭാഷണങ്ങൾ ചോർത്തുന്നുണ്ടോ എന്നും കുട്ടികളുടെ സ്വകാര്യത എത്രത്തോളം സുരക്ഷിതമാണെന്നും ചോദ്യങ്ങൾ ഉയരുന്നു. ആമസോൺ പോലുള്ള കമ്പനികൾ ഇത്തരം ഉപകരണങ്ങൾ സുരക്ഷിതമാണെന്ന് അവകാശപ്പെടുമ്പോഴും, ഹാക്കർമാർക്ക് ഇവ നിയന്ത്രിക്കാൻ കഴിയുമോ എന്ന ആശങ്ക ഉപഭോക്താക്കൾക്കുണ്ട്.

ആമസോണിന്റെ പ്രതികരണം

ഈ സംഭവത്തിൽ ഒരു ജീവനക്കാരനും നേരിട്ട് ഇടപെട്ടിട്ടില്ലെന്ന് ആമസോൺ പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഇത്തരമൊരു കാര്യം സംഭവിക്കുന്നത് 'സാങ്കേതികമായി അസാധ്യമാണെന്നും' കമ്പനി അറിയിച്ചു. ആമസോണിന്റെ സുരക്ഷാ സംവിധാനങ്ങൾ തടയാൻ ശ്രമിച്ചിരുന്ന ഒരു ഫീച്ചറിലുണ്ടായ അപ്രതീക്ഷിത പിഴവാണ് ഈ സംഭവത്തിന് കാരണമായതെന്നാണ് കമ്പനിയുടെ വിശദീകരണം. ഇതാദ്യമായല്ല അലക്സ ഇത്തരം വിവാദങ്ങളിൽ പെടുന്നത്. മുൻപ് കുട്ടികളോട് അപകടകരമായ 'ചലഞ്ചുകൾ' ചെയ്യാൻ ആവശ്യപ്പെട്ടതും അലക്സ വാർത്തകളിൽ ഇടം നേടിയിരുന്നു

TAGS :
Next Story