< Back
Entertainment
വൈകാരിക സമ്മർദമുണ്ട്, കുറച്ചു നാൾ വില്ലൻ വേഷങ്ങൾക്കില്ല; വെളിപ്പെടുത്തലുമായി വിജയ് സേതുപതി
Entertainment

'വൈകാരിക സമ്മർദമുണ്ട്, കുറച്ചു നാൾ വില്ലൻ വേഷങ്ങൾക്കില്ല'; വെളിപ്പെടുത്തലുമായി വിജയ് സേതുപതി

Web Desk
|
24 Nov 2023 7:42 PM IST

"നായകന്മാരേക്കാൾ മുന്നിട്ട് നിൽക്കരുതെന്നും മറ്റും ഒരുപാട് നിയന്ത്രണങ്ങൾ അവരെനിക്ക് ഏർപ്പെടത്തും, എഡിറ്റിംഗിലും ചില പ്രശ്‌നങ്ങൾ അനുഭവപ്പെട്ടിട്ടുണ്ട്"

വില്ലൻ വേഷങ്ങളിൽ നിന്ന് കുറച്ചു നാൾ അകന്നു നിൽക്കുകയാണെന്ന് വെളിപ്പെടുത്തി വിജയ് സേതുപതി. ചിത്രങ്ങളിൽ വില്ലനാവാൻ നായകന്മാരിൽ നിന്നുൾപ്പടെ വൈകാരിക സമ്മർദമുണ്ടെന്നും അത് താങ്ങാൻ ഇപ്പോഴാവില്ലെന്നുമാണ് വിജയ് വ്യക്തമാക്കിയിരിക്കുന്നത്. 54ാമത് ഗോവ ഫിലിം ഫെസ്റ്റിവലിൽ നടി ഖുശ്ബു സുന്ദറുമായുള്ള അഭിമുഖത്തിലായിരുന്നു നടന്റെ വെളിപ്പെടുത്തൽ.

"സിനിമയിൽ വില്ലൻ വേഷം ചെയ്യാൻ നായകന്മാരായി കാസ്റ്റ് ചെയ്തിരിക്കുന്നവരുൾപ്പടെയാണ് വിളിക്കുന്നത്. ആ റോൾ ഞാൻ തന്നെ ചെയ്യണമെന്ന് അവർ വൈകാരികമായി സമ്മർദം ചെലുത്തും. അത്തരം സമ്മർദങ്ങൾ താങ്ങാൻ ഇപ്പോഴാവില്ല. വില്ലൻ വേഷങ്ങൾ ചെയ്യുന്നതിന് എനിക്കൊരു ബുദ്ധിമുട്ടുമില്ല, പക്ഷേ എനിക്കത് ചെയ്യാൻ ഒരുപാട് കടമ്പകളുണ്ട്. നായകന്മാരേക്കാൾ മുന്നിട്ട് നിൽക്കരുതെന്നും മറ്റും ഒരുപാട് നിയന്ത്രണങ്ങൾ അവരെനിക്ക് ഏർപ്പെടത്തും. എഡിറ്റിംഗിലും ചില പ്രശ്‌നങ്ങൾ അനുഭവപ്പെട്ടിട്ടുണ്ട്.

പതിയെപ്പതിയെ ആണ് ഇക്കാര്യങ്ങൾ ഒക്കെയും സംഭവിക്കുന്നത്. പലപ്പോഴും ഈ റോൾ ചെയ്യണോ വേണ്ടയോ എന്നൊക്കെയുള്ള ആശയക്കുഴപ്പം ഉണ്ടാകും. അതുകൊണ്ടാണ് കുറച്ച് നാളത്തേക്ക് വില്ലൻ വേഷങ്ങൾ ചെയ്യേണ്ട എന്ന തീരുമാനമെടുക്കുന്നത്. ഇനിയിപ്പോൾ ഞാൻ ഒരു വില്ലൻ വേഷം വേണ്ടെന്ന് വെച്ചാലും സ്‌ക്രിപ്റ്റ് ഒന്ന് വായിച്ചു നോക്കിയിട്ട് തീരുമാനിക്കൂ എന്ന് പറയും അണിയറപ്രവർത്തകർ. ഒരുപാട് പ്രശ്‌നങ്ങളുണ്ട്.

ഒരു കഥാപാത്രം ചെയ്യാൻ മാനസികമായി ഒരുപാട് തയ്യാറെടുക്കാറുണ്ട് ഞാൻ. പലപ്പോഴും കഥാപാത്രത്തെക്കുറിച്ചും കഥയെക്കുറിച്ചുമൊക്കെ നമുക്ക് നല്ല അറിവുണ്ടാകും. പക്ഷേ അത് ആവിഷ്‌കരിക്കാനാവണമെങ്കിൽ നിരന്തരം സംഭാഷണങ്ങൾ നടത്തണം. ആരുമായി സംവദിക്കുന്നു എന്നതടക്കമുള്ള കാര്യത്തിൽ അപ്പോൾ ശ്രദ്ധിക്കേണ്ടതായി വരും. മറ്റുള്ളവർ അവരുടെ ഐഡിയാസ് ആണ് നമ്മളുമായി പങ്കു വയ്ക്കുന്നത്. അത് തിരഞ്ഞെടുക്കണോ വേണ്ടയോ എന്നത് യുക്തിപൂർവമായി തീരുമാനിക്കേണ്ടത് നമ്മളും. ഞാൻ സിനിമയെ ആണ് ഇഷ്ടപ്പെട്ടത്, സംവിധായകരെയല്ല". വിജയ് പറഞ്ഞു.

കുറച്ച് നാളുകളായി വില്ലൻ വേഷങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ഒരുപാട് ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് വിജയ് സേതുപതി. വിജയ് ചിത്രം മാസ്റ്റർ, കമൽഹാസൻ നായകനായ വിക്രം, ബോളിവുഡിൽ ഷാരൂഖ് ഖാനൊപ്പം ജവാൻ എന്നീ ചിത്രങ്ങളിലെല്ലാം വില്ലൻ വേഷത്തിലാണ് വിജയ് എത്തിയത്.

Similar Posts