
പുകവലിയേക്കാള്‍, മദ്യപാനത്തേക്കാള്‍ ഹാനികരമാണ് ഈ ‘ദുശ്ശീലം’
|ഒരു വ്യായാമവും ചെയ്യാതെ മടിപിടിച്ചിരിക്കുന്നവര്‍ എത്രയും പെട്ടെന്ന് ആ ശീലം മാറ്റുന്നതാണ് നല്ലത്
പുകവലിയും അമിതമായ മദ്യപാനവുമെല്ലാം ആരോഗ്യത്തിന് ഹാനികരമാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഇതിനേക്കാള്‍ ആരോഗ്യത്തിന് ഹാനികരമായ, നിശബ്ദ കൊലയാളിയാണ് വ്യായാമമില്ലായ്മ. ഒരു വ്യായാമവും ചെയ്യാതെ മടിപിടിച്ചിരിക്കുന്നവര്‍ എത്രയും പെട്ടെന്ന് ആ ശീലം മാറ്റുന്നതാണ് നല്ലതെന്നാണ് പഠനം പറയുന്നത്.
1,22,007 പേരില്‍ നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഗവേഷകര്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അമേരിക്കയിലെ ക്ലെവെലാന്‍ഡ് ക്ലിനിക്കിലെ ഗവേഷകരാണ് പഠനം നടത്തിയത്. 1991 ജനുവരി 1 മുതല്‍ 2014 ഡിസംബര്‍ 31 വരെ ദീര്‍ഘ കാലത്തെ പഠനത്തിനൊടുവിലാണ് ഗവേഷകര്‍ നിഗമനത്തിലെത്തിയത്. വ്യായാമവും ദീര്‍ഘായുസ്സും തമ്മില്‍ അഭേദ്യ ബന്ധമുണ്ട്. വ്യായാമം ചെയ്യുന്നവരെയും ചെയ്യാത്തവരെയും താരതമ്യം ചെയ്താല്‍ ഒരു വ്യായാമവും ചെയ്യാത്ത ഒരാള്‍ക്ക് മരണം സംഭവിക്കാനുള്ള സാധ്യത 500 ശതമാനം കൂടുതലാണെന്ന് പഠനം പറയുന്നു.
ട്രെഡ്‍മില്ലില്‍ വ്യായാമം ചെയ്യാന്‍ കഴിയാതിരിക്കുന്നതും മറ്റ് വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ ആയാസം അനുഭവപ്പെടുന്നതുമെല്ലാം അനാരോഗ്യം സംബന്ധിച്ച മുന്നറിയിപ്പുകളാണെന്ന് ക്ലെവെലാന്‍ഡ് ക്ലിനിക്കിലെ ഹൃദ്രോഗ വിദഗ്ധന്‍ വെയില്‍ ജെബ്ബെര്‍ പറയുന്നു. പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ക്കാണ് വ്യായാമം ചെയ്യുന്നത് കൊണ്ട് കൂടുതല്‍ പ്രയോജനം ലഭിക്കുന്നത്. പ്രായം എന്ത് തന്നെയായാലും (നാല്‍പതോ എണ്‍പതോ ആവട്ടെ) വ്യായാമം ആരോഗ്യത്തിനും ദീര്‍ഘായുസ്സിനും അനിവാര്യമാണെന്ന് പഠനം അടിവരയിടുന്നു.