< Back
India
Deepak declines Rs 2 lakh Jharkhand award, latest national news
India

'എനിക്ക് വേണ്ട, ആവശ്യമുള്ള മറ്റാർക്കെങ്കിലും കൊടുത്തോളൂ...'; ജാർഖണ്ഡ് സർക്കാരിന്റെ അവാർഡ് തുക നിരസിച്ച് ദീപക് കുമാർ

ഷിയാസ് ബിന്‍ ഫരീദ്
|
5 Feb 2026 8:25 PM IST

ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരെ തടഞ്ഞ സംഭവത്തില്‍ ദീപക് കുമാറിനെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തിരുന്നു.

ഡെറാഡൂൺ‌: ഉത്തരാഖണ്ഡിൽ കടയുടെ പേര് മാറ്റാനാവശ്യപ്പെട്ട് മുസ്‌ലിം കച്ചവടക്കാരനെ ഭീഷണിപ്പെടുത്തിയ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരെ നേരിട്ട് ഹീറോ ആയി മാറിയ ജിം ഉടമ ദീപക് കുമാറിന് രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്ന് അഭിനന്ദന പ്രവാഹമാണ്. 'മേരാ നാം മുഹമ്മദ് ദീപക്' എന്ന് പറഞ്ഞ് ഹിന്ദുത്വവാദികളെ എതിർത്ത ദീപക് കുമാറിനെ അഭിനന്ദിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ​ ​ഗാന്ധിയടക്കം നിരവധി പ്രമുഖർ രം​ഗത്തെത്തിയിരുന്നു.

ധീരത പരി​ഗണിച്ച്, ദീപകിന് ജാർഖണ്ഡ് സർക്കാർ രണ്ട് ലക്ഷം രൂപ അവാർഡും പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ തുക നിരസിച്ചിരിക്കുകയാണ് ഇപ്പോൾ ദീപക്. 'തനിക്ക് ഈ പണം വേണ്ട' എന്നും 'അത് ആവശ്യക്കാരായ മറ്റാർക്കെങ്കിലും‍ നൽകിക്കോളൂ' എന്നുമാണ് 42കാരനായ ദീപക് അറിയിച്ചത്.

ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരെ തടഞ്ഞ സംഭവത്തില്‍ ദീപക് കുമാറിനെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തിരുന്നു. അക്രമികളുടെ പരാതിയിൽ ദീപക്കിനും കൂടെയുണ്ടായിരുന്ന വിജയ് റാവത്തിനുമെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകനായ ഗൗരവ് കശ്യപ്, ബജ്രംഗ് ദള്‍ പ്രവര്‍ത്തകനായ കമൽ പാൽ എന്നിവരുടെ പരാതിയിലാണ് കുമാറിനും റാവത്തിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത്. പ്രവര്‍ത്തകരെ ആക്രമിച്ചു, കലാപാഹ്വാനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് നടപടി.

ദീപക് ഇന്ത്യയുടെ ഹീറോയാണെന്നും ഭയപ്പെടാത്ത, തലകുനിക്കാത്ത ദീപക്കുമാരെയാണ് നമുക്കാവശ്യമെന്നുമായിരുന്നു രാഹുൽ ​ഗാന്ധിയുടെ പ്രശംസ. ബിജെപിയും സംഘ്പരിവാറും ചവിട്ടിമെതിക്കാൻ ഗൂഢാലോചന നടത്തുന്ന ഭരണഘടനയ്ക്കും മനുഷ്യത്വത്തിനും വേണ്ടി പോരാടുകയാണ് ദീപക്. വെറുപ്പിന്റെ വിപണിയിൽ സ്നേഹത്തിന്റെ കട തുറക്കുകയാണ് അദ്ദേഹം. അതാണ് ബിജെപി സർക്കാരിനെ ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്നതെന്നും രാഹുൽ പറഞ്ഞിരുന്നു.

പൗരന്മാരെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്ന സാമൂഹികവിരുദ്ധ ശക്തികളെ ഉത്തരാഖണ്ഡിലെ ബിജെപി സർക്കാർ പരസ്യമായി പിന്തുണയ്ക്കുന്നതായും സംഘ്പരിവാർ രാജ്യത്തെ വിഷലിപ്തമാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ദീപക്കിന്റെ ചിത്രം പങ്കുവച്ച് എക്സിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

ഉത്തരാഖണ്ഡിലെ കോട്ദ്വാറില്‍ ജനുവരി 26നായിരുന്നു സംഭവം. 70കാരനായ വകീല്‍ അഹ്മദ് എന്ന കച്ചവടക്കാരന്റെ ബാബാ സ്‌കൂള്‍ ഡ്രസ് ആന്‍ഡ് മാച്ചിങ്ങ് സെന്റര്‍ എന്ന കടയുടെ പേരിലെ 'ബാബാ' എന്ന പേര് മാറ്റണമെന്നായിരുന്നു ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആവശ്യം. ബാബാ എന്ന വാക്ക് മുസ്‌ലിംകള്‍ ഉപയോഗിക്കേണ്ടതല്ലെന്നായിരുന്നു ഹിന്ദുത്വവാദികളുടെ വാദം. ഇക്കാര്യം പറഞ്ഞ് കടയിലെത്തിയ അക്രമികൾ അഹമ്മദിനെ ഭീഷണിപ്പെടുത്തി.

ഈ സമയത്ത് തൊട്ടടുത്ത കടയിലുണ്ടായിരുന്ന ദീപക് ഇടപെടുകയും ബജ്റംഗ് ​ദള്‍ പ്രവര്‍ത്തകരെ നേരിടുകയുമായിരുന്നു. ഇന്ത്യാ രാജ്യത്ത് മുസ്‌ലിംകള്‍ രണ്ടാംകിട പൗരന്മാരാണോയെന്നും 30 വര്‍ഷത്തിലേറെയായി ഇവിടെ തുടരുന്ന കടയുടെ പേര് എന്തിന് മാറ്റണമെന്നും ദീപക് ചോദിച്ചു. 'പേരാണ് നിങ്ങളുടെ പ്രശ്നമെങ്കില്‍ എന്റെ പേര് മുഹമ്മദ് ദീപക് എന്നാണ്, ഇനി ആര്‍ക്കാണ് പ്രശ്നം' എന്നുകൂടി ദീപക് ചോദിച്ചു. പിന്നാലെ ഏതാനും പേര്‍ ദീപക്കിന്റെ ഭാഗത്തും ചേര്‍ന്നു. ഇതോടെ, ബജ്റംഗ്ദളുകാര്‍ പിന്തിരിയുകയായിരുന്നു.

എന്നാൽ, പിന്നീട് ദീപക്കിനെ വെറുതിവിടാൻ ഹിന്ദുത്വവാദികൾ തയാറായില്ല. ദീപക് കുമാറിന് നേരെ ഭീഷണി മുഴക്കിയ അവർ, വീട് ആക്രമിക്കാനും ശ്രമിച്ചു. കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയിലൂടെ ദീപക് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കോട്ദ്വാറിലെ ദീപക്കിന്റെ വീടിന് മുന്നിലെത്താനും 'ഒരു പാഠം പഠിപ്പിക്കാനും' ബജ്‌റംഗ് ദള്‍ ആഹ്വാനം ചെയ്യുകയായിരുന്നു. ആക്രമണ സാധ്യതയുണ്ടെന്ന് ദീപക് പൊലീസിനെ വിവരം അറിയിച്ചു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദികള്‍ നിങ്ങളായിരിക്കുമെന്നും അധികൃതരെ അറിയിച്ചിരുന്നു.

തൊട്ടടുത്ത ദിവസം രാവിലെ ഒരുകൂട്ടം ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ ദീപക്കിന്റെ വീടിനു മുന്നിലെത്തി. മുദ്രാവാക്യം വിളിച്ചും ദീപക്കിനെയും വീട്ടുകാരെയും അധിക്ഷേപിച്ചും ഇവര്‍ ഏഴ് മണിക്കൂറോളം വീടിന് മുന്നില്‍ തുടര്‍ന്നു. അവര്‍ തന്റെ അമ്മയെയും സഹോദരിയേയും കുടുംബത്തെയാകെയും അധിക്ഷേപിച്ചു. എന്നാല്‍, അധികൃതര്‍ ഒന്നും ചെയ്തില്ലെന്ന് ദീപക് പറയുന്നു. രണ്ട് മണിക്കൂറോളം പൊലീസ് തന്നെ ഒരു സെല്ലില്‍ അടച്ചതായും അദ്ദേഹം പറഞ്ഞിരുന്നു. സാമുദായിക സംഘര്‍ഷമുണ്ടാക്കാന്‍ ഒരുകൂട്ടം ആളുകള്‍ വരുമ്പോള്‍ തന്നെ ഉള്ളിലിടുകയാണോ വേണ്ടതെന്ന് ദീപക് ചോദിച്ചു.



Similar Posts