< Back
India
May 4 Manipur incident,Manipur Police,suspension,Nongpok Sekmai police station ,മണിപ്പൂരില്‍ യുവതികളെ നഗ്നരാക്കി നടത്തിയ സംഭവം: അഞ്ച് പൊലീസുകാരെ സസ്പെൻഡ് ചെയ്തു,മണിപ്പൂര്‍ വീഡിയോ, മണിപ്പൂര്‍ പൊലീസ് നടപടി,മണിപ്പൂര്‍ കലാപം
India

മണിപ്പൂരില്‍ യുവതികളെ നഗ്നരാക്കി നടത്തിയ സംഭവം: അഞ്ച് പൊലീസുകാരെ സസ്പെൻഡ് ചെയ്തു

Web Desk
|
7 Aug 2023 9:37 AM IST

തൗബൽ ജില്ലയിലെ നൊങ്‌പൊരക് സെക്മായ് സ്റ്റേഷനിലെ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി

ഇംഫാല്‍: മണിപ്പൂരില്‍ കുകി വിഭാഗത്തിൽ പെട്ട യുവതികളെ നഗ്നരാക്കി നടത്തിയ കേസിൽ അഞ്ച് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. തൗബൽ ജില്ലയിലെ നൊങ്‌പൊരക് സെക്മായ് സ്റ്റേഷനിലെ സ്റ്റേഷൻ ഇൻചാർജിനെടക്കം അഞ്ചുപേരെയാണ് സസ്‌പെന്റ് ചെയ്തത്. മെയ് നാലിനായിരുന്നു രണ്ട് സ്ത്രീകളെ ജനക്കൂട്ടം നഗ്നരാക്കി നടത്തി വീഡിയോ എടുത്തത്. ജൂലൈ 19 നാണ് സംഭവത്തിന്റെ വീഡിയോ പുറത്തുവന്നത്.

തലസ്ഥാനനഗരിയായ ഇംഫാലിൽ നിന്ന് 35 കിലോമീറ്റർ അകലെ കാംഗ്പോക്പി ജില്ലയിലാണ് രണ്ട് സ്ത്രീകളെ റോഡിലൂടെ നഗ്‌നരാക്കി നടത്തി വീഡിയോയെടുത്തത്. വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. സംഭവം നടന്ന് രണ്ടരമാസത്തിന് ശേഷമാണ് പൊലീസ് പ്രതികളെ പിടികൂടിയത്. സംഭവത്തിൽ ഇരയാക്കപ്പെട്ട ഒരാൾ സൈനികന്റെ ഭാര്യയായിരുന്നു. കാര്‍ഗില്‍ യുദ്ധത്തില്‍ രാജ്യത്തിനായി പൊരുതിയ സൈനികന്റെ ഭാര്യയാണ് അപമാനിക്കപ്പെട്ടതെന്നും പരാതി നൽകിയപ്പോൾ പൊലീസ് കേസ് എടുക്കാൻ തയ്യാറായില്ലെന്ന് സൈനികൻ ആരോപിച്ചിരുന്നു.

അതേസമയം, മണിപ്പൂരില്‍ ഇനിയും സംഘര്‍ഷത്തിന് അയവുവന്നിട്ടില്ല. സംഘർഷ ബാധിത പ്രദേശമായ ഇംഫാൽ വെസ്റ്റിൽ 15 വീടുകൾക്ക് കഴിഞ്ഞ ദിവസം ജനങ്ങള്‍ തീയിട്ടു. ലാംഗോൾ ഗെയിംസ് ഗ്രാമത്തിലാണ് അക്രമം നടന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കലാപകാരികളായ ജനക്കൂട്ടത്തെ പിരിച്ചുവിടാനും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനും സുരക്ഷാ ഉദ്യോഗസ്ഥർ നിരവധി തവണ കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു.

അക്രമത്തിനിടെ 45കാരന് വെടിയേറ്റു. ഉടൻ തന്നെ അദ്ദേഹത്തെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (റിംസ്) എത്തിച്ചു. പരിക്കേറ്റയാൾ അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു. നിലവിൽ സ്ഥലത്തെ സ്ഥിതി ശാന്തമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ കുകി നേതാക്കളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കൂടിക്കാഴ്ച നടത്തും.

അതേസമയം, മണിപ്പൂർ കേസ് ഇന്ന് സുപ്രിംകോടതി വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഡിജിപി രാജീവ് സിങിനോട്‌ ഇന്ന് കോടതിയിൽ നേരിട്ട് ഹാജരാകാനും എഫ്ഐആറുകൾ ആറായി തരം തിരിച്ചു നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ തവണ കേസ് പരിഗണിച്ച കോടതി മണിപ്പൂർ സർക്കാരിനെതിരെ രൂക്ഷവിമർശനം നടത്തിയിരുന്നു. മണിപ്പൂരില്‍ ഭരണസംവിധാനവും ക്രമസമാധാനവും തകർന്നുവെന്നും സംസ്ഥാനത്ത് ക്രമസമാധാനം അവശേഷിക്കുന്നില്ലെന്നും കോടതിയുടെ വിലയിരുത്തി. എഫ് ഐ ആറുകൾ രജിസ്റ്റർ ചെയുന്നതുമായി ബന്ധപ്പെട്ട് ഗുരുതര വീഴ്ചകൾ മണിപ്പൂർ പൊലീസിൽ നിന്നുണ്ടായ സാഹചര്യത്തിലാണ് ഡിജിപി രാജീവ് സിങിനോട്‌ കോടതിയിൽ ഹാജരാകാൻ ചീഫ് ജസ്റ്റിസ് നിർദേശം നൽകിയത്.

Similar Posts