
'20 ദിവസമായി ഉറക്കമില്ല, മടുത്തു, ഞാൻ പോകുന്നു'; എസ്ഐആർ ജോലിസമ്മർദം മൂലം യുപിയിൽ ആത്മഹത്യ ചെയ്ത ബിഎൽഒയുടെ അവസാന വീഡിയോ പുറത്ത്
|തനിക്ക് ജീവിക്കാൻ ആഗ്രഹമുണ്ടെന്നും പക്ഷേ സമ്മർദം താങ്ങാനാവുന്നില്ലെന്നും കുമാർ പറയുന്നു.
ലഖ്നൗ: തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന എസ്ഐആറിന്റെ ജോലി സമ്മർദം താങ്ങാനാവാതെ യുപിയിൽ ആത്മഹത്യ ചെയ്ത ബിഎൽഒയുടെ അവസാന വീഡിയോ പുറത്ത്. താൻ വളരെ അസ്വസ്ഥനാണെന്നും എസ്ഐആർ ജോലി മൂലം 20 ദിവസമായി ഉറക്കമില്ലെന്നും മറ്റ് വഴികളില്ലാതെ കടുംകൈ ചെയ്യാൻ പോവുകയാണെന്നും പൊട്ടിക്കരഞ്ഞുള്ള വീഡിയോയിൽ പറയുന്നു. മൊറാദാബാദിലെ സർക്കാർ സ്കൂൾ അധ്യാപകനും ബിഎൽഒയുമായ സർവേശ് കുമാറാണ് കഴിഞ്ഞദിവസം ജീവനൊടുക്കിയത്.
'ദീദി, എന്നോട് ക്ഷമിക്കൂ... അമ്മേ, എന്റെ മക്കളെ നോക്കണേ... ഞാൻ ഈ തെരഞ്ഞെടുപ്പ് ജോലിയിൽ പരാജിതനാണ്. ഏറെ അസ്വസ്ഥനാണ്. 20 ദിവസമായി ഉറങ്ങാനാവുന്നില്ല. എനിക്ക് കുറച്ചുകൂടി സമയം കിട്ടിയിരുന്നെങ്കിൽ ഈ ജോലി തീർത്തേനെ. എനിക്ക് നാല് കുഞ്ഞുമക്കളാണ്. എന്നോട് ക്ഷണിക്കണം... ഞാൻ മറ്റൊരു ചുവടുവെക്കാൻ പോവുകയാണ്. ഈ ലോകത്തുനിന്ന് ഒരുപാട് ദൂരേക്ക് പോവുകയാണ്'- കുമാർ കണ്ണീരോടെ പറയുന്നു. തനിക്ക് ജീവിക്കാൻ ആഗ്രഹമുണ്ടെന്നും പക്ഷേ സമ്മർദം താങ്ങാനാവുന്നില്ലെന്നും സർവേശ് കുമാർ പറയുന്നുണ്ട്.
ഒക്ടോബർ ഏഴിനാണ് കുമാർ ബിഎൽഒ ആയി ചുമതലയേൽക്കുന്നത്. ഞായറാഴ്ച രാവിലെയാണ് 46കാരനായ സർവേശിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബിഎൽഒ ഡ്യൂട്ടിയുടെ ജോലിഭാരവും സമ്മർദവും താങ്ങാനാകുന്നില്ലെന്ന് വ്യക്തമാക്കുന്ന ഒരു ആത്മഹത്യാക്കുറിപ്പും മൃതദേഹത്തിനടുത്ത് നിന്ന് കണ്ടെത്തി.
മൊറാദാബാദിലെ ഭോജ്പൂരിലെ ബഹേഡി ഗ്രാമത്തിലാണ് സർവേശ് കുമാറിന്റെ വീട്. സർവേശിനെ ഇത്തരത്തിൽ മരണത്തിലേക്ക് തള്ളിവിട്ട ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കുടുംബം ആവശ്യപ്പെടുന്നു. സർവേശിന് വലിയ ജോലി സമ്മർദമുണ്ടായിരുന്നെന്ന് സഹോദരനും എസ്‌ഐആർ സൂപ്പർവസറുമായ യോഗേഷ് ഗംഗ്‌വാർ പറഞ്ഞു. കഴിഞ്ഞ ദിവസം സർവേശിനെ കണ്ടിരുന്നതായും ബിഎൽഒ ജോലിയിൽ തനിക്ക് വലിയ സമ്മർദമുള്ളതായി തന്നോട് പറഞ്ഞതായും സഹോദരൻ വെളിപ്പെടുത്തി.
ജോലി സമ്മർദത്തെ യുപിയിൽ ആത്മഹത്യ ചെയ്യുന്ന നാലാമത്തെ ബിഎൽഒയാണ് സർവേശ് കുമാർ. ചൊവ്വാഴ്ച ഫത്തേപൂർ സ്വദേശിയായ സുധീർ കുമാർ വിവാഹത്തലേന്ന് ആത്മഹത്യ ചെയ്തിരുന്നു. അവധി ലഭിക്കാത്തതിന്റെ മനോവിഷമം മൂലമാണ് ആത്മഹത്യയെന്ന് കുടുംബം ആരോപിച്ചിരുന്നു. മറ്റൊരു ബിഎൽഒയായ വിപിൻ യാദവും അതേ ദിവസം ആത്മഹത്യ ചെയ്തിരുന്നു. ജോലി സമ്മർദത്തെ കുറിച്ച് പറയുന്ന വിപിൻ യാദവിന്റെ വീഡിയോ സന്ദേശവും പുറത്തുവന്നിരുന്നു. ജില്ലാ മജിസ്‌ട്രേറ്റിൽ നിന്ന് ബ്ലോക്ക് ലെവൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും സമ്മർദമുണ്ടായിരുന്നു എന്നാണ് വിപിൻ യാദവ് പറഞ്ഞത്. നേരത്തെ, വിജയ് കെ. വർമയെന്ന ബിഎൽഒയും എസ്‌ഐആർ ജോലികൾക്കിടെ യുപിയിൽ മരിച്ചിരുന്നു.
എസ്ഐആർ ജോലിഭാരത്തെ തുടർന്ന് മരിക്കുന്ന 18ാമത്തെ ബിഎൽഒയാണ് സർവേശ് കുമാർ. ഒമ്പത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിവരുന്ന എസ്ഐആറിന്റെ ജോലി സമ്മർദം ദേശീയതലത്തിൽ ചർച്ചയാവുകയും വിവിധയിടങ്ങളിൽ പ്രതിഷേധം നടക്കുകയും ചെയ്യുന്നതിനിടെയാണ് ആത്മഹത്യ തുടരുന്നത്. 14-15 മണിക്കൂർ ജോലി ചെയ്താലും കുറഞ്ഞ വേതനം മാത്രമാണ് ലഭിക്കുന്നതെന്ന് ബിഎൽഒമാർ ചൂണ്ടിക്കാട്ടുന്നു.
നിശ്ചിത സമയത്തിനുള്ളിൽ ജോലി തീർത്തില്ലെങ്കിൽ നടപടിയുണ്ടാകുമെന്ന ഭയമാണ് പലരും ജോലിയിൽ തുടരാൻ കാരണം. എസ്ഐആറിനെ തുടർന്ന് ആത്മഹത്യ ചെയ്യുന്ന ബിഎൽഒമാരുടെ എണ്ണം കൂടുന്നതിനിടെ ബംഗാൾ അടക്കം വിവിധ സംസ്ഥാനങ്ങളിൽ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. നേരത്തെ കേരളം, തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിലെ ബിഎൽഒമാർ ജോലി ബഹിഷ്കരിച്ച് പ്രതിഷേധിച്ചിരുന്നു.


