< Back
Kerala
തെരുവുനായ ആക്രമണം; വിദ്യാർഥിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി യുവാവ്
Kerala

തെരുവുനായ ആക്രമണം; വിദ്യാർഥിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി യുവാവ്

Web Desk
|
17 Jun 2023 5:45 PM IST

തിരൂരങ്ങാടി കെ.സി റോഡിലാണ് മദ്രസാ വിദ്യാർഥിയെ തെരുവ് നായ ആക്രമിക്കാൻ ശ്രമിച്ചത്

തിരൂരങ്ങാടി: മലപ്പുറം തിരൂരങ്ങാടിയിൽ തെരുവുനായ ആക്രമണത്തിൽ നിന്ന് മദ്രസാ വിദ്യാർഥിയെ യുവാവ് അത്ഭുതകരമായി രക്ഷപ്പെടുത്തി. മറ്റത്ത് മുല്ലക്കോയയാണ് അവസരോചിത ഇടപെടലിലൂടെ വിദ്യാർഥിയെ രക്ഷിച്ചത്. ഇന്ന് രാവിലെയാണ് തിരൂരങ്ങാടി നൂറൂൽ ഹുദാ മദ്രസയിലെ മൂന്നാം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് റസലിനെ തെരുവ് നായ ആക്രമിക്കാൻ ശ്രമിച്ചത്.

തിരൂരങ്ങാടി കെ.സി റോഡിലാണ് സംഭവം. തെരുവുനായ ഓടിച്ചതിനെ തുടർന്ന് റസൽ രക്ഷപ്പെടാനായി അടുത്തുളള മുല്ലക്കോയയുടെ വീട്ടിലേക്ക് ഓടി കയറുകയായിരുന്നു. നായയെ പ്രതിരോധിക്കാൻ ശ്രമിച്ച റസലിന്റെ നിലവിളി കേട്ടെത്തിയ മുല്ലക്കോയ മറ്റൊന്നും ചിന്തിക്കാതെ നായയുടെ മുന്നിലേക്ക് എടുത്ത് ചാടി. തുടർന്ന് നായ തിരിഞ്ഞോടുകയായിരുന്നു.

സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. അത്ഭുതകരമായ ആ രക്ഷപ്പെടുത്തൽ മുല്ലക്കോയ ഓർത്തെടുക്കുന്നത് ഇങ്ങനെ. "കുട്ടിയുടെ കരച്ചിലും നായയുടെ ശബ്ദവും കേട്ടാണ് ഉമ്മറത്തേക്ക് വന്നത്. വന്നപ്പോൾ നായ കുട്ടിയെ ആക്രമിക്കുന്നതാണ് കണ്ടത് പിന്നീട് ഒന്നും ആലോചിക്കാതെ ഉമ്മറത്ത് നിന്ന് മുറ്റത്തേക്ക് എടുത്ത് ചാടി. കുട്ടിയുടെ അടുത്തെത്തിയപ്പോയേക്കും നായ തിരിഞ്ഞോടിയിരുന്നു പിന്നീട് നായയുടെ പിറകെ ഓടി, അത്‌കൊണ്ട് രക്ഷപ്പെടുത്താനായി." മുല്ലക്കേയ പറഞ്ഞു.

Similar Posts