
Photo| Special Arrangement
കാസർകോട് മംഗൽപാടി പഞ്ചായത്തിൽ എൽഡിഎഫ് സിറ്റിങ് സീറ്റിൽ ലീഗ് സ്ഥാനാർഥിക്ക് എതിരില്ല
|എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന മുഹമ്മദ് ആണ് അന്ന് വിജയിച്ചിരുന്നത്. മുഹമ്മദ് പിന്നീട് ലീഗിൽ ചേർന്നു.
കാസർകോട്: കണ്ണൂരിന് പിന്നാലെ കാസർകോടും എതിരില്ലാതെ സ്ഥാനാർഥി. മംഗൽപാടി പഞ്ചായത്തിൽ എൽഡിഎഫിൻ്റെ സിറ്റിങ് സീറ്റിൽ മുസ്‌ലിം ലീഗ് സ്ഥാനാർഥിക്ക് എതിരില്ല. മംഗൽപാടി പഞ്ചായത്ത് 24ാം വാർഡായ മണിമുണ്ടയിലാണ് ലീഗ് സ്ഥാനാർഥിയായി പത്രിക സമർപ്പിച്ച സമീന ടീച്ചർക്ക് എതിർ സ്ഥാനാർഥികളില്ലാത്തത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർഥി പരാജയപ്പെട്ട വാർഡാണ് ഇത്.
എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന മുഹമ്മദ് ആണ് അന്ന് വിജയിച്ചിരുന്നത്. മുഹമ്മദ് പിന്നീട് ലീഗിൽ ചേർന്നു. ഇതോടെയാണ് പിന്നീട് സിപിഎമ്മിന് സ്ഥാനാർഥി ഇല്ലാതായത്. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു സമീന ടീച്ചർ.
കണ്ണൂർ ജില്ലയിൽ നാലിടത്ത് എൽഡിഎഫ് സ്ഥാനാർഥികൾക്കാണ് എതിരില്ലാത്തത്. മലപ്പട്ടം പഞ്ചായത്തിലെ രണ്ട് വാർഡുകളിലും ആന്തൂർ നഗരസഭയിലെ രണ്ട് വാർഡുകളിലുമാണ് എതിരില്ലാത്തത്.
മലപ്പട്ടം പഞ്ചായത്തിൽ അടുവാപ്പുറം നോർത്ത്, അടുവാപ്പുറം സൗത്ത് എന്നിവിടങ്ങളിലാണ് എതിരില്ലാത്തത്. അടുവാപ്പുറം സൗത്തിൽ സി.കെ ശ്രേയയ്ക്കും നോർത്തിൽ ഐ.വി ഒതേനനുമാണ് എതിരില്ലാത്തത്.
ആന്തൂർ നഗരസഭയിലെ രണ്ട്, 19 വാർഡുകളിലാണ് എൽഡിഎഫ് സ്ഥാനാർഥികൾക്ക് എതിരില്ലാത്തത്. രണ്ടാം വാർഡിൽ കെ. രജിതയ്ക്കും 19ാം വാർഡിൽ കെ. പ്രേമരാജനുമാണ് എതിരാളികൾ ഇല്ലാത്തത്.
