
ബെന്‍ ഗുറിയോണ്‍ രാജ്യാന്തര വിമാനത്താവളം
കുഞ്ഞിന് ടിക്കറ്റെടുത്തില്ല; എയര്‍പോര്‍ട്ടില്‍ കുഞ്ഞിനെ ഉപേക്ഷിച്ച് ദമ്പതികള്‍,പിടിയില്‍
|ബ്രസൽസിലേക്കുള്ള റ്യാനയര്‍ വിമാനത്തിനായി ടിക്കറ്റെടുത്ത ദമ്പതികളാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്
തെല്‍ അവിവ്: കുട്ടിക്ക് ടിക്കറ്റില്ലാതെ എത്തിയ ദമ്പതികൾ ഇസ്രായേലിലെ തെൽ അവീവിലെ എയർപോർട്ട് ചെക്ക്-ഇൻ ഡെസ്‌കിൽ കുഞ്ഞിനെ ഉപേക്ഷിച്ചു. തെല്‍ അവീവിലെ ബെന്‍ ഗുറിയോണ്‍ രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. ചൊവ്വാഴ്ച ഈ എയര്‍പോര്‍ട്ടില്‍ നിന്ന് ബെൽജിയത്തിലെ ബ്രസൽസിലേക്കുള്ള റ്യാനയര്‍ വിമാനത്തിനായി ടിക്കറ്റെടുത്ത ദമ്പതികളാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്.
അയര്‍ലണ്ട് ആസ്ഥാനമായ ലോ കോസ്റ്റ് വിമാനക്കമ്പനിയുടെ റ്യാനയര്‍ എയര്‍ലൈന്‍സിലാണ് ദമ്പതികള്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. കൈക്കുഞ്ഞുണ്ടെങ്കില്‍ ഓണ്‍ലൈനായി ടിക്കറ്റെടുക്കുമ്പോള്‍ 27 ഡോളര്‍ ചാര്‍ജ് നല്‍കിയാല്‍ കുഞ്ഞിന് പ്രത്യേകം ടിക്കറ്റെടുക്കേണ്ടതില്ലെന്നാണ് റ്യാനയര്‍ എയര്‍ലൈന്‍സിന്‍റെ നിയമം. ഇങ്ങനെ ചെയ്താല്‍ ടിക്കറ്റെടുക്കാതെ തന്നെ മാതാപിതാക്കള്‍ക്ക് കുഞ്ഞിനെ ഒപ്പം ഇരുത്താം. എന്നാല്‍ ഈ ഫീസ് നല്‍കാത്തവര്‍ കുഞ്ഞിന് പ്രത്യേകം ടിക്കറ്റ് എടുക്കണം എന്നാണ് വ്യവസ്ഥ. ദമ്പതികള്‍ ഇതു നല്‍കാത്തതിനെ തുടര്‍ന്ന് ചെക്ക് ഇന്‍ കൗണ്ടറിലെ ജീവനക്കാര്‍ കുഞ്ഞിന് പ്രത്യേകം ടിക്കറ്റെടുക്കണമെന്ന് നിര്‍ദേശിക്കുകയായിരുന്നു.
തുടർന്ന് ചെക്ക്-ഇൻ സമയത്ത് കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്ന് റ്യാനയര്‍ വക്താവ് സി.എന്‍.എന്നിനോട് പറഞ്ഞു. ബെൻ ഗുറിയോൺ എയർപോർട്ടിലെ ചെക്ക്-ഇൻ ഏജന്‍റ് എയർപോർട്ട് സെക്യൂരിറ്റിയുമായി ബന്ധപ്പെട്ടു യാത്രക്കാരെ തിരിച്ചറിയുകയായിരുന്നു. വിഷയം ലോക്കല്‍ പൊലീസിനു കൈമാറുകയും ചെയ്തു. എന്നാല്‍ സംഭവസ്ഥലത്ത് പോലീസ് എത്തുമ്പോഴേക്കും പ്രശ്നം പരിഹരിച്ചതായി തോന്നുന്നുവെന്ന് ഇസ്രായേൽ പൊലീസിന്റെ വക്താവ് സിഎൻഎന്നിനോട് വ്യക്തമാക്കി. കുഞ്ഞ് ഇപ്പോള്‍ മാതാപിതാക്കള്‍ക്കൊപ്പമാണെന്നും കുടൂതല്‍ അന്വേഷണമൊന്നും പ്രഖ്യാപിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു.


