Quantcast
MediaOne Logo

സിമിത ലനീഷ്

Published: 11 April 2022 10:26 AM GMT

കറുത്ത ബുദ്ധനെ വരയ്ക്കുന്ന കവിതകള്‍

യുവ കവി അനീഷ് പാറമ്പുഴയുടെ 'ചക്കക്കുരു മാങ്ങാമണം' എന്ന കവിതയുടെ ആസ്വാദനം

കറുത്ത ബുദ്ധനെ വരയ്ക്കുന്ന കവിതകള്‍
X
Listen to this Article

കവിതയുടെ സാമൂഹിക മാനവും പ്രസക്തിയും ചര്‍ച്ച ചെയ്ത് അതിനെ ഇഴപിരിച്ച് വിടര്‍ത്തിയിട്ട് ഉത്തമ അധമ ബോധങ്ങളിലേക്ക് കൂട്ടികൊണ്ട് പോകുന്ന പതിവ് കാഴ്ചകളില്‍ തട്ടിതെറിച്ച് കടന്ന് പോകുകയാണ് മലയാളകവിത. ഇതിനിടയിലേക്ക് അരിക്, സ്വത്വവത്കരണം നേരിടുന്ന മനുഷ്യര്‍ കടന്ന് വരികയും ജീവിതം ഇതൊക്കെയാണെന്ന് വളരെ ലളിതമായി പറഞ്ഞു വെയ്ക്കുകയും ചെയ്യുന്ന അനീഷ് പാറമ്പുഴയുടെ കവിതകള്‍ ഒരു കാലത്തിലേക്കുള്ള തിരിഞ്ഞ് നോട്ടമാണ്. നിഷ്‌കളങ്കരായ കുറെ മനുഷ്യര്‍ കവിതകളില്‍ നിരന്ന് നില്‍ക്കുന്നു. ഞങ്ങള്‍ ഇവിടെയുണ്ടെന്നും ഇവിടെയുണ്ടായിരിക്കുമെന്നും ഉറപ്പിച്ച് പറയുന്നു.

ഓര്‍മകള്‍ വിടര്‍ത്തിയിട്ട് ചക്കക്കുരുവും മാങ്ങയും തിളയ്ക്കുന്ന മണം വിതറി കുറച്ചു കവിതകള്‍ വര്‍ത്തമാനം പറയുന്നു. രാജമല്ലി പൂക്കള്‍ വീണ് കിടക്കുന്ന ആ വെള്ളമുണ്ടല്ലോ അതാണ് ഓര്‍മ വെന്ത വെള്ളം. ചുവപ്പെല്ലാം ഒഴുകി തീര്‍ത്ത് അത് മണം പരത്തി കൊണ്ടേയിരിക്കുന്നു. ഇത് വെറുംകവിതകള്‍ അല്ല. ഏതോ ഒരു കാലത്തിലേക്കുള്ള കാല്‍വെപ്പുകള്‍ ആണ്. ഓര്‍മകളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ഇടവഴികള്‍ ആണ്. ഇവയെ കവിതകള്‍ എന്ന് വിളിക്കാന്‍ ആകുമോ? ഈ വരികള്‍ ഓര്‍മപ്പെടുത്തുന്ന കാലം, ഓര്‍മപ്പെടുത്തുന്ന ഓര്‍മകള്‍, ഓര്‍മപ്പെടുത്തുന്ന മനുഷ്യര്‍ എല്ലാം ഭൂതകാലത്തിന്റ ചവര്‍പ്പുകളിലേക്കുള്ള വാതായനങ്ങളാണ്.

നിമിഷങ്ങളില്‍നിന്ന് നിമിഷങ്ങളിലേക്ക് വാചാലമായി കടന്ന് പോകുന്ന ജീവിതങ്ങളില്‍ നിന്ന് അടര്‍ത്തിമാറ്റുന്ന അര്‍ഥം നിറയുന്ന ഒരു കൊച്ച് നിമിഷം നല്‍കുന്ന ചിന്തയാകുന്നുണ്ട് അനീഷിന്റെ കവിത. അരികുവല്‍ക്കരിക്കപ്പെട്ടവനും കാല്‍പനികതയില്‍ കാലൂന്നിയവനും ഒരുപോലെ കടന്ന് വന്ന് ജീവിതത്തിന്റെ ഭൂപടം നിരത്തി ജാതിയും നിറവും ഭാഷയും മാറ്റി മനുഷ്യനെ മനുഷ്യനല്ലാതാക്കിയവരോട് സംവദിക്കുമ്പോള്‍ യേശുക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് പോലും ഒരു നാണംകെട്ട തോല്‍വിയാകുന്നു.

'ഒരു മറ്റവനും തൊട്ട് നോക്കി വിശ്വസിക്കാന്‍ ഇട കൊടുക്കരുത്'

എന്ന് പറയേണ്ടി വരുന്നത് സ്വന്തം സ്വത്വത്തെ അതായി നിലനിര്‍ത്താന്‍ ഒരു മറ്റവന്റെയും ഔദാര്യം ആവശ്യമില്ലെന്ന നിലപാടാണ്. ഇവിടെ ദലിത് കവിതകളില്‍ കവികള്‍ സ്വത്വാവിഷ്‌ക്കാരത്തിന് വേണ്ടി സ്വന്തം ഭാഷയില്‍ നിന്ന് പുറത്ത് കടക്കുന്ന എന്ന തത്വവത്കരണം നഷ്ടപ്പെടുന്നു. അനീഷ് സംസാരിക്കുന്ന ഭാഷ അവന്റെ സ്വത്വത്തിന്റെ അടയാളപ്പെടുത്തല്‍ കൂടിയാണ്. അവിടെ അനീഷ് എന്ന വ്യക്തി അവന്റെ ചുറ്റുമുള്ള കാഴ്ചകളെ നഗരത്തേയും ഗ്രാമത്തേയും കൂട്ടിയിണക്കിയുള്ള ഒരു പാലമാക്കി മാറ്റുന്നു. ആ പാലത്തില്‍ നിന്ന് ആസ്വദിക്കുന്ന കാഴ്ചകളില്‍ നിറയുന്നത് കവി കാണുന്ന ജീവിതങ്ങളാണ്. അപ്പോള്‍ കവിതയുടെ ഭാഷ ജീവിതത്തെ കാഴ്ചപ്പെടുത്താനുള്ള ചൂണ്ട്പലകയാകുന്നു.

'വണ്ടി കൊണ്ട് റോഡിന്റെ നടുക്ക് വെച്ചിട്ട്

ഈ*&&ഫഃബ മോനൊക്കെ

എവിടെ പോകുന്നെന്ന് ചോദിച്ച്

പതിവ് പോലെ

ആരോ ബൈക്ക് മാറ്റിവെയ്ക്കുന്നു'




ലവല്‍ ക്രോസ് എന്ന കവിതയിലെ ഈ ഭാഷാ പ്രയോഗം തികച്ചും സാധാരണമാണ്. ആ സന്ദര്‍ഭത്തില്‍ ആരും മറ്റൊന്നും പറയാന്‍ സാധ്യതയില്ലാത്തിടത്ത് അഴിച്ച് പണികളില്ലാതെ സ്വാഭാവികമായ ഒരു പെരുമാറ്റമായി കവിത മാറുന്നു. അപ്പോഴത് കവിതയാകുമോ എന്ന ചോദ്യത്തിന് അനീഷ് തന്നെ നിര്‍വ്വചനങ്ങളില്‍ ഒതുങ്ങുന്നതാണോ അനുഭവങ്ങള്‍ എന്ന് അടുത്ത കവിതയില്‍ ചോദ്യമെറിയുന്നു.

'നീ കണ്ട ലോകത്തിലെ

മനോഹരമായ കാഴ്ച

എന്തെന്ന് ആരേലും ചോദിച്ചാല്‍

ഒട്ടും ആലോചിക്കാതെ ഞാന്‍ പറയും

മൂക്കിപ്പൊടി കൊടുക്കുന്നതാണെന്ന്'

എന്റെ കാഴ്ച ബോധങ്ങള്‍ എന്റെ ശരിയാണെന്ന ഉറച്ച ധ്വനി കവിതയില്‍ നിറയുന്ന സ്വത്വബോധത്തെയും സമൂഹം അംഗീകരിക്കാത്ത മനുഷ്യന്റെ ഇടത്തെയും നിലനിര്‍ത്താനുള്ള കവിയുടെ ശ്രമത്തിന്റെ അടയാളമായി കാണാം.

'ഉയര്‍ത്തെഴുന്നേറ്റ് ആദ്യ ദര്‍ശനം ലഭിക്കാന്‍ യോഗ്യത വേശ്യക്ക് ആണെന്ന് ബോധിപ്പിക്കാന്‍ കൂടിയായിരുന്നു'

യൂദാസ് കര്‍ത്താവിനെ ഒറ്റിക്കൊടുത്തത് എന്ന വരികളില്‍ ജീവിതം കാഴ്ചവെട്ടങ്ങള്‍ എന്നിവ വാര്‍ത്ത് വെച്ച നിയമസംഹിത കൊണ്ട് പുണ്യം ചാര്‍ത്തി മഹത്വം കല്‍പ്പിച്ച് അടിച്ചേല്‍പ്പിച്ചാലും ഒരുവന്‍ അവന്റെ ശരിയില്‍ ലോകത്തെ കാണും എന്ന ഉറച്ച നിലപാടുണ്ട്.

മിക്ക കവിതകളിലും ദലിതന്റെ ഇടമെന്നല്ല മനുഷ്യന്റെ ഇടം എന്ന വിശാലമായ കാഴ്ചവെട്ടം ഒരുക്കി വെയ്ക്കുന്നുണ്ട് കവി. നമുക്ക് നിസ്സാരമെന്ന് തോന്നുന്ന ചില ചിന്തകളില്‍ ഉറങ്ങികിടക്കുന്ന വലിയ കാഴ്ചകളെ വളരെ ലാഘവത്തോടെ കവി എഴുതി വെയ്ക്കുന്നു. രോഗങ്ങള്‍ക്ക് ജാതിയുണ്ടെന്ന 'രോഗത്തിന്റെ ജാതി 'എന്ന കവിതയിലെ വരി ചിരി പടര്‍ത്തുമെങ്കിലും

'ചൊറിയും ചിരങ്ങും ഇപ്പോഴും

രോഗങ്ങളിലെ കീഴാളരാണ്

മറവില്‍ നില്‍ക്കുന്ന

അകറ്റി നിര്‍ത്തുന്ന

ആട്ടി അകറ്റപ്പെടുന്ന അധകൃതര്‍'

എന്ന വരിയിലേക്കെത്തുമ്പോള്‍ കീഴാളന്‍ എന്ന പദം ലോക കാഴ്ചയില്‍ ചുരുങ്ങി പോയതിന്റെ ഏറ്റവും വലിയ തെളിവാകുന്നുണ്ടത്.

കാല്‍പനികതയും പ്രണയവും തമ്മില്‍ ഇഴപിരിഞ്ഞ് കിടക്കുന്ന വരികളില്‍ പ്രണയം ഒരു സത്യം മാത്രമായി നിറഞ്ഞു നില്‍ക്കുന്നു.

'കാലമെത്ര കഴിഞ്ഞാലും

നീ പകര്‍ന്ന നിഷ്‌കളങ്കത മാത്രമായിരിക്കും

ഓരോ പെണ്ണിലും ഞാന്‍ പാലിക്കുന്നത്' എന്ന ഉറപ്പ് കവിയുടെ ജീവിത ബോധ്യമായി നിലനില്‍ക്കുമ്പോള്‍ കവി സത്യത്തേയും പ്രണയത്തേയും കൂട്ടിയിണക്കി വേദാന്തിയാകുന്നു.

ബുദ്ധനും ഞാനും എന്ന കവിതയില്‍ തെണ്ടി നടക്കാന്‍ അനുയായികളെ സൃഷ്ടിക്കാത്ത കറുത്ത ദലിതനായ ബുദ്ധനായ് മാറുമ്പോഴും ഈ വേദാന്തി ഊറി ചിരിക്കുന്നു.

മണ്ണ് എന്ന കവിതയില്‍ മാമിയെ അടക്കാന്‍ സ്ഥലമില്ലാത്ത നെഞ്ച് നീറിയ ചാച്ചന്‍ കായലിലോട്ട് മാമിയുടെ ജഡത്തെ തള്ളുമ്പോള്‍ അലറി പറഞ്ഞത്

കരയരുത്

കനലായി നെഞ്ചില്‍ കിടക്കണം എന്നാണ്. മക്കളോടും അവരുടെ മക്കളോടും ഒരു പിടി മണ്ണില്ലാത്ത ദെണ്ണം പറയണമെന്ന് ചാച്ചന്‍ പറയുമ്പോള്‍ ഇടം നഷ്ടമായി പോയ മനുഷ്യരുടെ വേദന മറക്കരുതെന്ന് കവി ഓര്‍മപ്പെടുത്തുന്നു.

അനീഷിന്റ കവിതകളിലെ സൗന്ദര്യബോധം കാലബോധത്തെ കൂടി ചേര്‍ത്തു വയ്ക്കുന്നതാണ്. അത് സംസാരിക്കുന്നത് ഒരു കാലത്തിന്റെ സൗന്ദര്യത്തെ കുറിച്ചാണ്. പലപ്പോഴും അരിക് വല്‍ക്കരിച്ച് മാറ്റിനിര്‍ത്തിയ മനുഷ്യരുടെ ജീവിതത്തിന്റെ മനോഹാരിതയാണ് കവിതകളിലെ സൗന്ദര്യബോധം ആയി നിറയുന്നത്. ഒരുകാലത്ത് ജീവിതമേ അല്ലെന്ന് പറഞ്ഞു മാറ്റിനിര്‍ത്തിയ കുറച്ചു മനുഷ്യരുടെ സമൂഹം ഉള്‍ക്കൊണ്ടിരുന്ന അറിവുകളിലൂടെ ജീവിത രീതികളിലൂടെ അവരുടെ ജീവിതത്തിലെ വഴികളിലൂടെ കവിതകള്‍ മനോഹരമായ ഒരു സൗന്ദര്യ ബോധത്തിലേക്ക് നമ്മെ നയിക്കുന്നു സൗന്ദര്യം എന്നത് ജീവിതത്തിന്റ ഉള്‍കാഴ്ചയായി അനീഷിന്റെ കവിതകളില്‍ നിറയുന്നു.



പ്രണയം അങ്ങനെയാണ് ലോകത്തിനെ മിനിമം ഒരിക്കലെങ്കിലും കീഴ്‌മേല്‍ മറിക്കണം അപ്പോള്‍ വാക്കുകള്‍ ശബ്ദങ്ങളായി പിന്നെ അരുവി പോലെ താഴേക്ക് ഒഴുകുന്നത് കാണാം. പറയാന്‍ കഴിയാതെ ഇടയ്ക്ക് വിഴുങ്ങിയ മറന്ന വാക്കുകള്‍ കെട്ടിക്കിടന്ന് ഉണ്ടായതാവാം വാക്കുകള്‍ - വാക്കുകളുടെ അരുവി.

പ്രണയത്തെക്കുറിച്ചുള്ള അതിമനോഹരമായ ഒരു തിരിച്ചറിവാണ് അനീഷിന്റെ ഈ വരികള്‍. രണ്ടുപേര്‍ പ്രണയം കൊണ്ട് ഭാഷ നിര്‍മിച്ച് കളിക്കുന്നു എന്ന കവിതയിലെ വരികള്‍ പ്രണയം എന്നാല്‍ എന്താണ് എന്ന് അന്വേഷിക്കുന്ന ഒരു മനുഷ്യന് ഒരു അറിവ് തന്നെയാണ്.

അനീഷ് പാറമ്പുഴയുടെ കവിതകള്‍ ജീവിതത്തെ കവിതയാക്കിയ ഒരുവന്റെ നിരീക്ഷണങ്ങളാണ്. അതോടൊപ്പം തന്നെ അനീഷ് ജീവിതത്തിന്റെ ചലനങ്ങളേയും ഓര്‍മകളേയും സ്വന്തം തിരിച്ചറിവുകളേയും തന്റെ അനുഭവപരിസരത്ത് നിന്ന് അടര്‍ത്തി വിദഗ്ധമായി പരിഷ്‌ക്കരിച്ചെടുത്ത് കവിതയുടെ ഘടനയാക്കുന്നു. ഇവിടെ ശരിതെറ്റുകളല്ല ഞാന്‍ എന്ന വലിയ ശരിയെ കവിതകളിലൂടെ അവതരിപ്പിക്കുന്ന ഈ കറുത്ത ബുദ്ധന്‍ കവിതകളില്‍ ഒരു കാലത്തിന്റെ പ്രതിഷേധമാകുന്നു.

TAGS :