Quantcast
MediaOne Logo

പൊന്ത് | ഉമ്മകള്‍ വിരിഞ്ഞ പൂമരം | മിച്ചം പിടിച്ച രാത്രി

മൂന്നു കവിതകള്‍

പൊന്ത് | ഉമ്മകള്‍ വിരിഞ്ഞ പൂമരം | മിച്ചം പിടിച്ച രാത്രി
X
Listen to this Article



പൊന്ത്

കഴിഞ്ഞ കുറച്ചേറെ

നാളുകളായി

കൊത്തുള്ള പതിയില്‍

പൊന്ത് തത്തിക്കളിക്കുന്നു

ചൂണ്ട കണ തലപ്പത്ത് ; ഈര

ഇരയ്ക്കായ് തിടുക്കം കൂട്ടുന്നു.

തൊണ്ട തുളച്ചു കീറുവാന്‍

കൊളത്ത് ; മൂര്‍ച്ചയുടെ മുനമ്പത്ത്

കാത്തുക്കെട്ടികിടക്കുന്നുണ്ട്.

ഓരോ കൊത്തിലും പൊന്ത് ;

തീര്‍ച്ചയുടെ അറ്റം കൂര്‍പ്പിച്ച്

ഒരുങ്ങിനില്‍ക്കുന്നു.

ആഴങ്ങളിലേക്കാഴ്ന്ന

നിലവിളിയൊച്ച

കാതില്‍ പതിക്കും മുന്‍പ്

കരയിലെ പിടച്ചിലില്‍

ഒരു ദേശം വറ്റിതീര്‍ന്നിരിക്കുന്നു.

ഭയത്തിന്നാകൃതിയാല്‍

കാശപ്പുക്കാരന്റെ കത്തി

വെട്ടിതിളങ്ങിയിട്ടും;

പൊന്ത്

നിശബ്ദത അനുസരിച്ചുക്കൊണ്ട്

തത്തികളിച്ചുക്കൊണ്ടേയിരിക്കുന്നു.


മിച്ചം പിടിച്ച രാത്രി

അമ്മ വീണ്ടും

രാത്രിയെ

പ്രാതലാക്കികൊണ്ടേയിരിക്കും.

ഒരു പകലിനെ

പകുതിവിഴുങ്ങി ഞാന്‍

വീട്ടിലേക്കു മടങ്ങിയെത്തുമ്പോള്‍;

അമ്മ

പകലും, രാത്രിയും

എനിക്കായി

കരുതിവെച്ചിട്ടുണ്ടാകും.

പലപ്പോഴായി

അടുക്കള എന്നെയും നോക്കി

ഇല്ലിപ്പടിമേല്‍ വന്ന്

കുറുഞ്ഞി കാണാതെ

നോക്കിയിരുന്നിട്ടുണ്ടാകും.

ഞാന്‍ കഴിച്ചിട്ട്

ബാക്കിവന്ന രാത്രിയെ

അമ്മ വെള്ളത്തിലിട്ടുവെക്കും

അമ്മ വീണ്ടും

രാത്രിയെ

പ്രാതലാക്കിമാറ്റും

പഴങ്കഞ്ഞിയെന്നു നീ

പേരിട്ടു വിളിച്ചിട്ടും,

കത്തിനിന്ന

കാന്താരികൂട്ടി

ആ രാത്രിയെ മോന്തിതീര്‍ക്കും.



ഉമ്മകള്‍ വിരിഞ്ഞ പൂമരം


ഉമ്മകളുടെ പൂമരം

പൂത്തത്

നെറ്റിമേലായിരുന്നു!

നട്ടത് അമ്മയും.

പല തവണ

പൂത്തുവിരിഞ്ഞിട്ടും

അമ്മക്കൊരു

പൂപോലും കിട്ടിയില്ല.

അമ്മയുടെ

മരണദിവസമാണ്

ആ പൂമരം

അമ്മയുടെ

നെറ്റിയിലേക്കു പറിച്ചു നട്ടത്.





TAGS :