Quantcast
MediaOne Logo

ബഹിയ

Published: 1 Jun 2022 9:50 AM GMT

യുദ്ധവും സൂപ്പും

കവിത

യുദ്ധവും സൂപ്പും
X
Listen to this Article


നഗരം ഉറങ്ങിക്കിടക്കുമ്പോഴാണ്

യുദ്ധം പ്രഖ്യാപിക്കപ്പെട്ടത്.

ഉറങ്ങാതിരുന്ന പട്ടാളക്കാരന്റെ വീട്ടില്‍

അതോടെ കണ്ണീര്‍മഴ പെയ്തു.

ഗ്രാമങ്ങളിലെ ഭാണ്ഡങ്ങളില്‍

വിധവകളും അനാഥരും

റൊട്ടിയും വെള്ളവും ശേഖരിച്ചു.

വാര്‍ത്തകളും ഒച്ചകളും തീയും ശവങ്ങളും

തെരുവുകളെ ആഭരണമണിയിച്ചു.

ചില്ലുവാതിലുകളുള്ള തണുത്ത മുറിയിലെ

പതുപതുത്ത കസേരകളിലിരുന്ന് അധികാരികള്‍

ഇനിയും ഇനിയും എന്നാക്രോശിച്ചു.

അവരുടെ കുടുംബാംഗങ്ങള്‍ തീന്‍മേശയില്‍ ഒത്തുകൂടി-

വൈനിന്റെ രുചിഭേദങ്ങളെക്കുറിച്ചും

ചെറിപ്പഴങ്ങളുടെ തുടുപ്പിനെക്കുറിച്ചും ചര്‍ച്ച ചെയ്തു.

പിണങ്ങിയ രണ്ടു നേതാക്കന്മാര്‍ തമ്മില്‍

പരസ്യമായൊരു സന്ധിയിലേര്‍പ്പെട്ടു,

കൈകൊടുത്തു, ആലിംഗനം ചെയ്തു, വിരുന്നൊരുക്കി.

ഗ്രാമത്തിലും നഗരത്തിലും ഉടമയെയും കാത്ത്

കൈകളും തലകളും തെരുവു നിറച്ചു,

കഴുകന്മാര്‍ സദ്യയുണ്ടു തീര്‍ക്കാനാവാതെ

വയര്‍ നിറഞ്ഞ് വലഞ്ഞു.

പുരുഷന്മാരില്ലാത്ത നാട്ടില്‍

അവിവാഹിതകളുടെയും വിധവകളുടെയും ഗര്‍ഭപാത്രങ്ങളില്‍

ശത്രു രാജ്യത്തിന്റെ കുഞ്ഞുങ്ങള്‍

യുദ്ധസ്മാരകങ്ങളായി.

ചില്ലുമേടകളിലെ അധികാരികളപ്പോള്‍

പുതിയ പട്ടാളക്കാരെത്തിരക്കി

വിജ്ഞാപനം പുറപ്പെടുവിച്ചു.




(International journal-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട എന്റെ തന്നെ ഇംഗ്ലീഷ് കവിതയായ war and soup ന്റെ മലയാള വേര്‍ഷനാണ് മുകളിലുള്ള കവിത)

TAGS :