Quantcast
MediaOne Logo

പീറ്റര്‍ ബ്രൂക് : നാട്യകലയിലെ അവസാന വാക്ക്

സമകാലീന നാടക സങ്കല്‍പങ്ങളെ അപ്പാടെ പൊളിച്ചെഴുതുകയും നാടകങ്ങളെ രാജ്യാതിര്‍ത്തികളില്‍ നിന്ന് മോചിപ്പിച്ച് അന്താരാഷ്ട്ര തലത്തിലേക്ക് വളര്‍ത്തുകയും ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിക്കുകയും ചെയ്ത പീറ്റര്‍ ബ്രൂക്കിന്റെ മരണം നാടക ലോകത്തിന് തീര്‍ത്താല്‍ തീരാത്ത നഷ്ടമാണുണ്ടാക്കിയത്. നാടകം നിലനില്‍ക്കുന്ന കാലത്തോളം പീറ്റര്‍ ബ്രൂക് എന്ന നാടകക്കാരനും നിലനില്‍ക്കും.

പീറ്റര്‍ ബ്രൂക് : നാട്യകലയിലെ അവസാന വാക്ക്
X
Listen to this Article

സാവോ പോളോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ 1990 ല്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ഇന്ത്യയുമായി ബന്ധപ്പെട്ട ഒരു ചിത്രത്തിനാണ് ലഭിച്ചത്. ഇന്ത്യന്‍ സംസ്‌കൃതിയുടെ മഹത്വം ലോകമെങ്ങും എത്തിച്ച ആ സിനിമയാണ് ''ദ മഹാഭരത''. എന്നാല്‍, ഇതൊന്നുമല്ല നമ്മെ അമ്പരപ്പിക്കുന്ന കാര്യം. ആ സിനിമ സംവിധാനം ചെയ്തത് ഒരു ബ്രിട്ടീഷ് പൗരനാണ്. അത് മറ്റാരുമല്ല, കഴിഞ്ഞ ദിവസം അന്തരിച്ച മഹാനായ നാടകക്കാരന്‍ പീറ്റര്‍ ബ്രൂക്കാണ് ആ സംവിധായകന്‍. പീറ്റര്‍ ബ്രൂക്കിന്റെ ലോകം സിനിമയല്ല, നാടകമാണ്. ലോകത്തിലെ എക്കാലത്തെയും മികച്ച കൃതികളുടെ നാടകാവിഷ്‌കാരം നടത്തിയ നാടകക്കാരനാണ് അദ്ദേഹം. ''ദ മഹാഭാരത'' എന്ന അദ്ദേഹത്തിന്റെ ഒന്‍പത് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു നാടകത്തിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് സിനിമ. ഒന്‍പത് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാടകം അഞ്ചര മണിക്കൂറാക്കി ചുരുക്കിയാണ് പീറ്റര്‍ ബ്രൂക്ക് സിനിമയാക്കിയത്. ഇന്ത്യയുടെ പരമാധികാര ബഹുമതിയായ പദ്മശ്രീ നല്‍കി ഇദ്ദേഹത്തെ ഇന്ത്യ ആദരിച്ചത് 2021ലാണ്. ലോക നാടകവേദിയെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു നാടകക്കാരന്‍ ഇല്ല തന്നെ.

1925 മാര്‍ച്ച് 21 നാണ് ബ്രൂക്ക് ജനിച്ചത്. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ റഷ്യക്കാരായ ജൂതന്മാരായിരുന്നു. അദ്ദേഹത്തിന്റെ അച്ഛന്‍ സൈമണ്‍ ബ്രൂക് എഞ്ചിനീയറായിരുന്നു. റഷ്യയിലുണ്ടായിരുന്നപ്പോള്‍ അദ്ദേഹം മെന്‍ഷെവിക്കുകളോടൊപ്പം രാഷ്ട്രീയത്തില്‍ സജീവമായി പങ്കെടുക്കുകയും അതിന്റെ പേരില്‍ അറസ്റ്റിലാവുകയും ചെയ്തു. പിന്നീട് നാട് കടത്തിയപ്പോള്‍ സൈമണ്‍ ബ്രൂക് ബെല്‍ജിയത്തിലേക്ക് കടന്നു. അങ്ങിനെയാണ് ബ്രൂക്ക് കുടുംബം ബെല്‍ജിയത്തിലും പിന്നീട് ലണ്ടനിലും എത്തുന്നത്. അവരുടെ തറവാട് വീട് ഇപ്പോഴും റഷ്യയില്‍ സംരക്ഷിക്കുന്നുണ്ട്. പീറ്റര്‍ ബ്രൂക്കിന്റെ അമ്മയും മികച്ച വിദ്യാഭ്യാസം നേടിയ വ്യക്തിയായിരുന്നു. അവര്‍ക്ക് രസതന്ത്രത്തില്‍ ഡോക്ടറേറ്റ് ഉണ്ടായിരുന്നു. 1929 ലെ ലോക സാമ്പത്തിക കുഴപ്പവും രണ്ടാം ലോക മഹായുദ്ധവുമൊക്കെ കടന്നാണ് പീറ്റര്‍ ബ്രൂക്കിന്റെ ജീവിതം മുന്നോട്ട് പോയത്.


പീറ്റര്‍ ബ്രൂക്കിനെ ഒരു വക്കീല്‍ ആക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ അച്ഛന്റെ ആഗ്രഹം. എന്നാല്‍, പീറ്റര്‍ ബ്രൂക്കിന് നാടകങ്ങളോടായിരുന്നു അഗാധമായ പ്രണയം. വളരെ ചെറുപ്പത്തില്‍ തന്നെ അദ്ദേഹം സ്വന്തം മുറിയില്‍ വ്യഖ്യാതമായ പല നാടകങ്ങളുടെ രംഗങ്ങള്‍ പാവകളെ ഉപയോഗിച്ച് നിര്‍മിച്ചിരുന്നു. അദ്ദേഹത്തിന്റെ മുറിയുടെ പാതി ഭാഗം ഇതിനായായിരുന്നത്രെ ഉപയോഗിച്ചിരുന്നത്. എന്നാല്‍, സ്‌കൂള്‍ നടകങ്ങളിലൊന്നും ബ്രൂക്ക് വലിയ പങ്ക് വഹിച്ചിരുന്നില്ല. പിന്നീട് അസുഖബാധിതനായ ബ്രൂക്കിന് അമ്മയോടൊപ്പം സ്വിറ്റ്‌സെര്‍ലാന്റിലേക്ക് താമസം മാറ്റേണ്ടി വന്നു. ബ്രൂക്കിലെ നാടകക്കാരന്‍ രൂപപ്പെട്ടത് സ്വിറ്റ്‌സെര്‍ലാന്റിലെ വിദ്യാഭ്യാസ കാലത്താണ് എന്ന് പറയാം.

വളരെ ചെറുപ്പത്തില്‍ തന്നെ നാടക രംഗത്ത് സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച സംവിധായകണ് ബ്രൂക്. 1943 ല്‍ 'ഡൊക്ള്‍റ്റര്‍ ഫൗസ്റ്റസ്'' (Dr Faustus) എന്ന നാടകം ലണ്ടനിലെ റ്റോര്‍ച്ച് തിയറ്ററില്‍ അവതരിപ്പിച്ച് കൊണ്ടാണ് ബ്രൂക്ക് നാടക സംവിധാനത്തിലേക്ക് കടന്നത്. തുടര്‍ന്നിങ്ങോട്ട് മഹത്തായ നാടകങ്ങളുടെ ഒരു പരമ്പര തന്നെ അദ്ദേഹം സൃഷ്ടിച്ചു. 1952 ല്‍ തന്റെ മുപ്പതാമത്തെ വയസ്സില്‍ ഷേക് സ്പിയറിന്റെ ''കിങ് ലിയര്‍'' അബ്‌സേഡ് തിയറ്റര്‍ ശൈലിയില്‍ അവതരിപ്പിച്ചത് നാടകവേദിയില്‍ വിപ്ലവം തന്നെ സൃഷ്ടിച്ചു. പിന്നീടിങ്ങോട്ട് വ്യവസ്ഥാപിത നാടകവേദിയെ തന്നെ ചോദ്യം ചെയ്യുന്ന രീതിയില്‍ നാടകങ്ങളില്‍ പരീക്ഷണങ്ങള്‍ നടത്തിയാണ് അദ്ദേഹം മുന്നേറിയത്. തിയറ്റര്‍ ഓഫ് ക്രൂവെല്‍റ്റി (theater of cruelty) പോലുള്ള പുതിയ സങ്കേതങ്ങളും സംഭാഷണേതര (nonverbal communication) ആശയ വിനിമയ രീതികളും ഒക്കെ നാടകത്തിലേക്ക് സന്നിവേശിപ്പിച്ചത് അദ്ദേഹമാണ്.


1970 ല്‍ തിയറ്റര്‍ ഗവേഷണത്തിന് വേണ്ടിയുള്ള അന്താരാഷ്ട്ര കേന്ദ്രവും (International Center of Theater Research (CIRT)), 1974 ല്‍ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ തിയറ്റര്‍ ക്രിയേഷന്‍സും (International Center for Theater Creations (CICT)) സ്ഥാപിച്ച അദ്ദേഹം ലോകത്തെങ്ങുമുള്ള നാടകപ്രവര്‍ത്തകര്‍ക്ക് നാടക പഠനത്തിനും ഗവേഷണത്തിനുമുള്ള സൗകര്യങ്ങള്‍ ഒരുക്കി. അദ്ദേഹത്തിന്റെ ''എംറ്റി സ്‌പെയിസ്'' (The Empty Space) എന്ന വ്യഖ്യാതമായ പുസ്തകം നാടക ഗവേഷകര്‍ക്കും നാടകത്തെ ഗൗരവപൂര്‍വം സമീപിക്കുന്നവര്‍ക്കുമുള്ള അടിസ്ഥാന ഗ്രന്ഥമായി നിലകൊള്ളുന്നു. പത്തോളം വ്യത്യസ്ത രാജ്യങ്ങളിലെ നടന്മാരെ പങ്കെടുപ്പിച്ച് അദ്ദേഹം നാടകം സംവിധാനം ചെയ്തിട്ടുണ്ട്. സംസ്‌കാരങ്ങളുടെ സങ്കലനം ഉദ്ദേശിച്ച് ഭാഷയുടെ തടസ്സമില്ലാതെ ഇങ്ങിനെ നിര്‍മിച്ച നാടകങ്ങളിലൊന്നാണ് ' ദ മഹാഭാരത'' യും.

പദ്മശ്രീ കൂടാതെ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. മാറാട്ട് (Marat) എന്ന അദ്ദേഹത്തിന്റെ നാടകത്തിന് 1966 ലും ഷെക്‌സ്പിയറിന്റെ ''എ മിഡ് സമ്മര്‍ നൈറ്റ്‌സ് ഡ്രീമിന്റെ (A Midsummer Night's Dream) നാടകാവിഷ്‌കാരത്തിന് 1971 ലും അദ്ദേഹത്തിന് വ്യഖ്യാതമായ ടോണി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഫ്രൈഹര്‍ വോണ്‍ സ്റ്റെയിന്‍ ഫൗണ്ടേഷന്റെ ഷേക്‌സ്പിയര്‍ അവാര്‍ഡ് 1973 ലും, ഡൊമിനിക് ഗ്രാന്‍ഡ് പ്രി അവാര്‍ഡ് 1975 ലും തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് വേറെയും ലഭിച്ചിട്ടുണ്ട്. ഷെക്‌സ്പിയറിന്റെ മാത്രമല്ല ബര്‍ണാര്‍ഡ് ഷാ, സാമുവല്‍ ബെക്കറ്റ്, ഷോണ്‍ കൊക്യൂമി, സാര്‍ത്രെ, ആന്റണ്‍ ചെക്കോവ് തുടങ്ങിയ ലോകപ്രശസ്ത നാടക കൃത്തുക്കളുടെ നാടകങ്ങളൊക്കെ അദ്ദേഹം സ്റ്റേജില്‍ അവതരിപ്പിച്ചിട്ടുണ്ട്. മൊസാര്‍ടിന്റെ ''മാജിക് ഫ്‌ലൂട്ട് (Magic Flute)' 2011 ല്‍ തന്റെ 86 ആം വയസ്സില്‍ അദ്ദേഹം ലിങ്കണ്‍ സെന്റര്‍ ഫെസ്റ്റിവലില്‍ അവതരിപ്പിച്ചിട്ടുണ്ട്.


സമകാലീന നാടക സങ്കല്‍പങ്ങളെ അപ്പാടെ പൊളിച്ചെഴുതുകയും നാടകങ്ങളെ രാജ്യാതിര്‍ത്തികളില്‍ നിന്ന് മോചിപ്പിച്ച് അന്താരാഷ്ട്ര തലത്തിലേക്ക് വളര്‍ത്തുകയും ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിക്കുകയും ചെയ്ത പീറ്റര്‍ ബ്രൂക്കിന്റെ മരണം നാടക ലോകത്തിന് തീര്‍ത്താല്‍ തീരാത്ത നഷ്ടമാണുണ്ടാക്കിയത്. നാടകം നിലനില്‍ക്കുന്ന കാലത്തോളം പീറ്റര്‍ ബ്രൂക് എന്ന നാടകക്കാരനും നിലനില്‍ക്കും.

TAGS :