രണ്ട് | തണല്‍ ഭോഗികള്‍ | കുമിള.കോം

മൂന്ന് കഥകള്‍

MediaOne Logo

അശോക് ഡിക്രൂസ്

  • Updated:

    2022-05-23 09:19:38.0

Published:

13 May 2022 8:56 AM GMT

രണ്ട് | തണല്‍ ഭോഗികള്‍ | കുമിള.കോം
Xരണ്ട്

രാത്രി വീട്ടില്‍ തനിച്ചെത്തിയ അതിഥിയെ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി. കൊല്ലാനും വയ്യാ, വളര്‍ത്താനും വയ്യാ! ഞാനൊരു അഹിംസാവാദിയായതുകൊണ്ടു മാത്രം ദേഹോപദ്രവം ഏല്‍പ്പിക്കാതെ ഒരു വിധത്തില്‍ വീട്ടിനുള്ളിലെ കക്കൂസിലെത്തിച്ചു. നിലയുറയ്ക്കാതെ, ടൈല്‍സിന്റെ മിനുമിനുപ്പില്‍ തെന്നിനീങ്ങുന്നത് കാണാന്‍ രസം പിടിച്ചിരിക്കുകയായിരുന്നു. പെട്ടെന്ന് വഴുതി ക്ലോസറ്റിലേക്ക് വീണു. കിട്ടിയ തക്കത്തിന് കുറേ വെള്ളമൊഴിച്ചുകൊണ്ടിരുന്നു, തിരികെ കയറി വരാതിരിക്കാന്‍...

പിന്നീട് കക്കൂസില്‍പ്പോയി കുന്തിച്ചിരിക്കാന്‍ എനിക്കും വീട്ടുകാര്‍ക്കും പേടിയായിത്തുടങ്ങി. എന്നെങ്കിലുമൊരിക്കല്‍ ഞങ്ങളോട് പകരം വീട്ടാന്‍... ആ അണലി കുഞ്ഞുങ്ങളുമായി ക്ലോസറ്റില്‍ നിന്ന് കയറി വരുമോയെന്ന്... പുരാണത്തിലെ കദ്രുവും വിനതയും കഥ പോലെ!

കുട്ടിക്കാലത്ത്, വലിയൊരു കുഴിക്കുമുകളില്‍ വച്ചുകെട്ടിയ മരപ്പാത്തിയില്‍ കുന്തിച്ചിരുന്ന് തൂറുന്നതിന്റെ ഇടവേളകളില്‍, കൗതുകത്തോടെ താഴേക്ക് നോക്കുമ്പോള്‍, നുരയ്ക്കുന്ന വിരല്‍ വണ്ണമുള്ള പുഴുക്കളെ കണ്ടത് ഓര്‍മയിലുണ്ട്. അതുപോലെങ്ങാനും അസംഖ്യം അണലിക്കുഞ്ഞുങ്ങളുമായി ആ അമ്മ കയറിവരുമോയെന്ന് ഭയന്നു. കുനിഞ്ഞു നോക്കുമ്പോഴൊക്കെ ക്ലോസറ്റിനുള്ളിലെ തിരയിളക്കം എന്നെ പേടിപ്പിച്ചുകൊണ്ടിരുന്നു.

അതുകൊണ്ടുമാത്രം, ഞങ്ങള്‍ ഭാരതീയ പാരമ്പര്യമുപേക്ഷിച്ചു.

ഇപ്പോള്‍ ഇരിപ്പ് യൂറോപ്യന്‍ ക്ലോസറ്റിലാക്കി.


തണല്‍ ഭോഗികള്‍

ഞങ്ങളുടെ നാട്ടില്‍ വലിയൊരു തണലുണ്ടായിരുന്നു. അങ്ങനെയാണ് 'പെരുമൂച്ചിക്കല്‍' എന്ന പേരില്‍ ഒരു ബസ്സ് സ്റ്റോപ്പ് അവിടെ സ്ഥാപിതമായത്. ഗോപാലേട്ടന്റെ ചായപ്പീടിക ഉള്‍പ്പെടെ പതിനെട്ട് ചെറുകച്ചവടക്കാര്‍ക്ക് തുണയായിരുന്നു ആ തണല്‍മരം.

പകല്‍, പലജാതി പക്ഷികള്‍ മുന്തിയ കായ്കനികള്‍ തിന്നും തൂറിയും, കൂടൊരുക്കിയും വിയര്‍ത്തു വശം കെട്ടു. മൃഗങ്ങളും മനുഷ്യരും തണലിനെ ചങ്ങാത്തത്തിന് ഇരിപ്പിടവും, മറയുമായി കണ്ട് വിശ്രമിക്കാനും മൂത്രമൊഴിക്കാനും, പ്രണയിക്കാനും കലഹിക്കാനും തുടങ്ങി.

രാത്രി, പലജാതി പക്ഷികള്‍ ചില്ലകളുടെയും, മൃഗങ്ങള്‍ വേരുകളുടെയും, മനുഷ്യര്‍ നിഴലിന്റെയും മറപിടിച്ച് ഇണചേരാനും സന്തതിപരമ്പരകളെ കടല്‍ത്തീരത്തെ മണല്‍ത്തരികളപ്പോലെ വര്‍ദ്ധിപ്പിക്കാനും തുടങ്ങി. കസര്‍ത്തു കാട്ടിയ വേട്ടക്കാരും ഇരകളും നിഴലിനെ പകുത്ത് ഉറങ്ങാന്‍ തുടങ്ങി.

ഗോപാലേട്ടന്റെ ചായപ്പീടിക 'ഫാമിലി റെസ്റ്റോറന്റായതും, ചെറുകച്ചവടക്കാര്‍ ഒന്നു ചെറുക്കാന്‍ പോലുമാവാതെ ആഗോള ഭീമനു മുന്നില്‍ മൃതിയടയുകയും ചെയ്തതോടെ ഞങ്ങളുടെ 'പെരുംമൂച്ചിക്കല്‍' പരിഷ്‌ക്കാരത്തിലേക്ക് കുതിക്കാന്‍ തുടങ്ങി.

ഇപ്പോള്‍, ഞങ്ങള്‍ ആ പെരും തണല്‍ മുറിച്ച് കരിങ്കല്ലുകൊണ്ട് 'വെയിറ്റിംഗ് ഷെഡ്' കെട്ടി, ആണിനും പെണ്ണിനും പ്രത്യേക ഇരിപ്പിടങ്ങളും പണിതു.

'എന്താ, ഞങ്ങള്‍ക്കും പരിഷ്‌കാരികളാവണ്ടേ?


കുമിള.കോം

കുളിമുറിയില്‍ കയറി ഏറെ നേരമായിട്ടും അച്ഛന്‍ വാതില്‍ തുറക്കാതെ വന്നപ്പോള്‍, ഭാര്യ എന്നോട് പരിഭ്രമത്തോടെ പറഞ്ഞു:

''ദേ, ഒന്നു നോക്കൂ, അച്ഛന്‍ ഇതേവരെ ഇറങ്ങിയിട്ടില്ല. നേരമെത്രയായി? ഇന്നിവിടാര്‍ക്കും ഓഫീസിലെത്താന്‍ കഴിയുമെന്ന് തോന്നുന്നില്ല...''

കഴിയും വേഗത്തില്‍ ഞാന്‍ കുളിമുറി സ്‌കാന്‍ ചെയ്തുനോക്കി. അച്ഛന്‍ വിവസ്ത്രനായി എന്തോ ആലോചിച്ച് നില്‍ക്കുന്നു. ഞാന്‍ വേഗം ഇന്റര്‍കോമിലൂടെ സംസാരിച്ചു:

''അച്ഛാ, എന്തെടുക്കുകയാ അവിടെ? സ്വപ്നം കാണുകയാണോ? വേഗം ഇറങ്ങിവാ. ഞങ്ങള്‍ക്ക് ഓഫീസിലെത്താനുള്ളതാ...''

ഝടുതിയില്‍ അച്ഛന്‍ പുറത്തിറങ്ങി. എന്നിട്ട് പരുങ്ങലോടെ എന്നോട് പറഞ്ഞു:

''മോനേ, അച്ഛന് കുളിക്കാനിത്തിരി വെള്ളം കിട്ടിയിരുന്നെങ്കില്‍....'' അച്ഛന്‍ പൂര്‍ത്തിയാക്കാന്‍ അറച്ചുനിന്നു.

''ഇവിടെ, മനുഷ്യന് കുടിക്കാന്‍ പോലും തികയുന്നില്ല... അപ്പോഴാ അയാള്‍ക്ക് കുളിക്കണം പോലും...''

ഭാര്യ പല്ലുകള്‍ക്കിടയിലൂടെ ചവച്ചരച്ച വാക്കുകള്‍, കേള്‍വി കമ്മിയായതുകൊണ്ടു മാത്രം അച്ഛന്‍ കേട്ടില്ല.

പകല്‍ മുഴുവന്‍ ഒറ്റയായിപ്പോകുന്ന അച്ഛന്, അന്നു വൈകുന്നേരം ഞാനൊരു വിശേഷപ്പെട്ട കളിപ്പാട്ടം വാങ്ങിക്കൊടുത്തു.

'വലിയൊരു നീര്‍ക്കുമിളയുടെ ആകൃതിയിലുള്ള ചില്ലുഭരണിയില്‍ തുള്ളിക്കളിക്കുന്ന ഒരു സ്വര്‍ണ്ണമത്സ്യം.'
TAGS :

Next Story