Quantcast
MediaOne Logo

മനോജ് വെള്ളനാട്

Published: 16 March 2022 6:59 AM GMT

ബാമിയാനിലെ ബുദ്ധൻമാർ

കഥ

ബാമിയാനിലെ ബുദ്ധൻമാർ
X
Listen to this Article

ജോർജ് ഫ്ളോയിഡ്

"നോ.."

ജോർജ് ഫ്ളോയിഡ് എന്ന അമേരിക്കൻ പട്ടാളക്കാരൻ ഉറക്കെ അലറി. ബാമിയാൻ താഴ്വരയിലെ ചെമ്മൺ കുന്നുകളിൽ തട്ടി ആ അലർച്ച നാലുപാടും ചിതറി. ചെമ്മരിപ്പൂട കലർന്ന പൊടി മണ്ണിലൂടെ ഒാടുന്നതിനിടയിലും അയാൾ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു,

"പ്ലീസ്.. അവരോടങ്ങനെ ചെയ്യരുത്. ഇത് നിയമവിരുദ്ധമാണ്."

ജോർജ് ഫ്ളോയിഡ് അടുത്തെത്തിയപ്പോൾ സഹ പട്ടാളക്കാർ അയാളെ നോക്കി ചിരിക്കുകയായിരുന്നു. അതിലൊരാൾ അപ്പോഴും, മൃതശരീരങ്ങളുടെ മുഖത്തേക്ക് മാറി മാറി മൂത്രമൊഴിച്ചു രസിച്ചു കൊണ്ടിരുന്നു. കീഴടക്കിയവന്റെ ഗർവ്വോടെ അവസാന തുള്ളിയും ജഡത്തിലേക്കിറ്റിച്ച്, ലിംഗമൊന്ന് കുടഞ്ഞ് പാന്റ്സിനകത്തേക്ക് തിരുകിക്കൊണ്ടയാൾ ജോർജിന് നേരെ തിരിഞ്ഞു.

"കൂൾ മാൻ.. ഇത് അഫ്ഘാനാണ്. ഇവിടെന്ത് നിയമം?"

"നിയമമില്ലേ?"

ജോർജ് തീക്ഷ്ണമായി മറ്റയാളെ നോക്കി.

"ഒരുപാടുണ്ട്. ഇല്ലെങ്കിലും നിങ്ങളീ കാണിച്ചത് ക്രൂരമാണ്. മനുഷ്യവിരുദ്ധം. മാത്രമല്ല, സിവിലിയൻസിനെ കൊല്ലാൻ നമുക്കധികാരമില്ല."

കിതയ്ക്കുന്നുണ്ടെങ്കിലും ഉറച്ച ശബ്ദത്തിൽ ജോർജ് ഫ്ളോയിഡ് പറഞ്ഞു. അയാളുടെ കണ്ണുകൾ പൊടിക്കാറ്റിനെ തടുക്കാൻ പാതി അടച്ചു പിടിച്ചിരുന്നു. അപ്പോഴേക്കും രണ്ടാമത്തെ പട്ടാളക്കാരൻ ജോർജിന്റെ മുന്നിലേക്ക് കടന്നു നിന്നു. അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു,

"തീവ്രവാദികളെ തിരിച്ചറിയാൻ പ്രത്യേക ഡ്രസ് കോഡൊന്നുമില്ല, മിസ്റ്റർ മനുഷ്യസ്നേഹീ.."

"അതുകൊണ്ട്! ഇൗ പറക്കമുറ്റാത്ത കുഞ്ഞും അമ്മയും അന്ധയായ വൃദ്ധയും തീവ്രവാദികളാണോ?"

ജോർജിന്റെ ചുണ്ടുകൾ വിറച്ചു. കണ്ണുകൾ ചുവന്നു.


"ഇവിടെ എല്ലാവരും പൊട്ടൻഷ്യൽ ടെററിസ്റ്റുകളാണ്, അറ്റ് എനി ഏജ്. അതുകൊണ്ടധികം സെന്റിമെന്റ്സ് ഒന്നും വേണ്ടാ."

"ഇന്നലെക്കൂടി അവർ നമുക്ക് വെള്ളവും സൂപ്പും എന്തിന് കമ്പിളി വരെ തന്നതല്ലേ? എന്ത് മര്യാദയ്ക്കാണ് ആ സ്ത്രീ നമ്മളോട് പെരുമാറിയത്? അതെങ്കിലും.."

ആദ്യ പട്ടാളക്കാരൻ അതുകേട്ടതും ഉറക്കെ ചിരിക്കാൻ തുടങ്ങി.

"നോക്കണേ.. ഒരു വെളുത്ത പെണ്ണിനെ കണ്ടപ്പോ അവന് പ്രേമം. ഇത്തിരി വെളുത്തിട്ടാണേൽ തീവ്രവാദിപ്പെണ്ണായാലും മതിയെന്നായിരിക്കും.."

ജോർജിന്റെ മുഖത്തേക്ക് രക്തം ഇരച്ചു കയറി. അയാൾ ആ പട്ടാളക്കാരന്റെ കോളറിൽ പിടിച്ച് അയാളുടെ മുഖം തന്റെ മുഖത്തോടടുപ്പിച്ചു.

"മര്യാദയ്ക്ക് സംസാരിച്ചില്ലെങ്കിൽ കൊന്നുകളയും. കൈയിൽ തോക്കാണെന്ന് മറക്കണ്ടാ."

നിമിഷങ്ങളോളം ആ പിടിയങ്ങനെ മുറുകിത്തന്നെ നിന്നു. വെളുത്ത പട്ടാളക്കാരൻ അപ്പോഴും ചിരിച്ചു കൊണ്ടിരുന്നു. പതിയെ കോളറിലെ പിടി അയച്ചു, യൂണിഫോം നേരെയാക്കിക്കൊണ്ടയാൾ മെല്ലെ പിന്നോട്ട് നടന്നു. കുഞ്ഞിന്റെ ശരീരം ബൂട്ടിട്ട കാലുകൊണ്ട് തട്ടി നീക്കി. എന്നിട്ട് തോക്കിന്റെ ബയോണറ്റ് നീട്ടി സ്ത്രീയുടെ മേൽവസ്ത്രം മേലേക്കുയർത്തി. അവർ അരയ്ക്കു താഴെ അനാവൃതയായി കിടന്നു. വെളുത്ത പട്ടാളക്കാർ അതുകണ്ട് പിന്നെയും ചിരിച്ചു. ജോർജ് ഇച്ഛാഭംഗത്താൽ പല്ലു ഞെരിച്ചു. കൈ മുറുക്കി തുടയിലിടിച്ചു.

"അവന്റെ ധാർമികരോഷം കണ്ടോ.. ഇൗ അമേരിക്കൻ ബട്ടറുപോലത്തെ.."

നാക്കുകൊണ്ട് മേൽചുണ്ടിൽ നക്കി, ഒരു ഇക്കിളിച്ചിരിയോടെ അയാൾ തുടർന്നു,

"ഇതൊക്കെ കണ്ടിട്ടല്ലേ നിന്റെ ഇളക്കം. ആയിക്കോ.. ഞങ്ങടെ എളിയ പങ്കു ഞങ്ങളും എടുത്തിട്ടുണ്ട്.."

അയാൾ സ്വയംഭോഗം ചെയ്യുന്ന പോലൊരു ആംഗ്യം കാട്ടി ഉറക്കെച്ചിരിച്ചു കൊണ്ട് ജോർജിനെ തള്ളിമാറ്റി നടന്നുപോയി.

"ഞാനിത് റിപ്പോർട്ട് ചെയ്യും, തീർച്ച. തീവ്രവാദികളോട് പോലും ചെയ്യാൻ പാടില്ലാത്ത ക്രൂരതയാണിത്."

ജോർജ് പട്ടാളക്കാർക്ക് നേരെ തിരിഞ്ഞ് നിന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. പൊടിക്കാറ്റിന്റെ ചൂളമടിയിൽ അയാളുടെ കിതപ്പ് ദീനമായി അലിഞ്ഞു. പട്ടാളക്കാർ പതിഞ്ഞ കാലടികളോടെ തിരികെ വന്നു. അവരുടെ മുഖമപ്പോൾ വലിഞ്ഞു മുറുകിയിരുന്നു. അവരെന്ത് ചെയ്യാനുള്ള തയ്യാറെടുപ്പാണെന്ന് തീർച്ചയില്ലാതെ ജോർജിന്റെ കണ്ണുകളും കുറുകി.

"നീയെന്താ പറഞ്ഞത്?"

തോക്കിന്റെ ബയോണറ്റ്, ജോർജിന്റെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റിന്റെ മുകളിൽ നെഞ്ചും വയറും ചേരുന്ന ഭാഗത്ത് കുത്തി നിർത്തിക്കൊണ്ട് അയാൾ മുന്നോട്ട് തള്ളി.

"അതെ. ഞാനിത് റിപ്പോർട്ട് ചെയ്യും."


ജോർജ് അൽപ്പം ഭയന്നെങ്കിലും ഉറച്ച ശബ്ദത്തിൽ പറഞ്ഞു. അതു കേട്ടതും രണ്ടാമത്തെ പട്ടാളക്കാരൻ മുന്നോട്ട് വന്ന് ജോർജിന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി. അയാൾ തെറിച്ച് ശവങ്ങൾക്കരികിലേക്ക് ചെന്നുവീണു.

"യൂ ബ്ലഡി, ഭീഷണിപ്പെടുത്തുന്നോടാ നായേ..?"

അപ്രതീക്ഷിതമായ ആക്രമണത്തിൽ ജോർജ് പതറിപ്പോയി. എങ്കിലും മണ്ണിലിരുന്നു കൊണ്ടു തന്നെ അയാൾ തന്റെ തോക്ക് സഹ പട്ടാളക്കാർക്ക് നേരെ ഉന്നം പിടിച്ചു. നിസാരനായ ഒരിരയെ മുന്നിൽ കിട്ടിയ വേട്ടക്കാരെ പോലെ ജോർജിന്റെ തോക്കിനെ അവഗണിച്ച് അവർ അയാൾക്ക് നേരെ നടന്നടുത്തു.

"അത്രയ്ക്ക് ധൈര്യമുണ്ടെങ്കിൽ നീ ട്രിഗർ വലിക്ക്. കാണട്ടേ.."

ബാമിയാനിലെ പഴയ ബുദ്ധശിൽപങ്ങളെ ഓർമിപ്പിക്കും വിധം തലയെടുപ്പോടെ രണ്ടു പട്ടാളക്കാർ ജോർജിന് മുന്നിൽ നിന്നു. ജോർജിന്റെ പൊടി പിടിച്ച മുഖത്ത് വിയർപ്പ് തുള്ളികൾ കുഴഞ്ഞ് ചെളിയായി. അതവിടെ വികൃതമായ ഭൂപടങ്ങൾ വരച്ചു. ഒരു പട്ടാളക്കാരൻ ജോർജിന് മുന്നിൽ മുട്ടുകുത്തിയിരുന്നു. അയാളുടെ ബൂട്ടിൽ രക്തം ഉണങ്ങി കറുത്ത് കിടന്നു. അയാൾ പല്ലു കടിച്ചുകൊണ്ട് പതിയെ പറഞ്ഞു,

"നിന്നെയൊക്കെ അമേരിക്കയിൽ വച്ച് കൈ വച്ചാലേ മെഴുകുതിരി കത്തിക്കലും പ്രക്ഷോഭവുമൊക്കെ ഉണ്ടാവൂ. ഇവിടെ വച്ച് ചത്താൽ ഒരു പട്ടിയും ഓർക്കൂല.."

ബൂട്ടിനകത്തു നിന്നും ഒരു കത്തി വലിച്ചൂരി ജോർജിന്റെ കഴുത്തിൽ മുട്ടിച്ചു കൊണ്ടയാൾ തുടർന്നു,

"അധികം നെഗളിച്ചാൽ അമേരിക്കയുടെ ചെലവിൽ ഒരു ബുള്ളറ്റ് പോലും നിനക്കു വേണ്ടി ചെലവാക്കേണ്ടി വരില്ല. ഒാർത്തോ.."

ജോർജ് തന്റെ തോക്ക് താഴ്ത്തി തളർന്നിരുന്നു. എന്നിട്ട് സങ്കടത്തോടെ പറഞ്ഞു,

"അവർ കൃഷിക്കാരായിരുന്നു. പാവങ്ങളായിരുന്നു.."

"കൃഷിക്കാര്! കഴിഞ്ഞാഴ്ച ഒരു കൃഷിക്കാരൻ പൊട്ടിത്തെറിച്ചാണ് ആറ് അമേരിക്കക്കാർ ചിതറിയത്. നീയതൊക്കെ അപ്പൊഴേ മറന്നു കാണും. നിനക്കത് പറ്റും, യൂ, ബ്ലാക് പീസ് ഒാഫ് ഷിറ്റ്.."

പറഞ്ഞു കൊണ്ടയാൾ ജോർജിന്റെ കാല് ചവിട്ടി നീക്കിക്കൊണ്ടെണീറ്റു. ജോർജ് ദയനീയമായി ശവങ്ങളിലേക്ക് നോക്കിയിരുന്നു. അപ്പോഴേക്കും രണ്ടാമത്തെ പട്ടാളക്കാരൻ ജോർജിന് മുന്നിൽ കുനിഞ്ഞിരുന്നു. അയാൾ അനുനയത്തിന്റെ സ്വരത്തിൽ പറഞ്ഞു തുടങ്ങി,

"ഇൗ മണ്ണിലെ ഏറ്റവും വലിയ കൃഷി എന്താണ് ജോർജ്? യു നോ ഇറ്റ്, അല്ലെ? ആറായിരം മൈലുകൾക്കിപ്പുറത്ത് നമ്മളീ നാട്ടിൽ വന്ന് കിടക്കുന്നതെന്തിനാണ്? റ്റു ഇറാഡിക്കേറ്റ് ഇറ്റ്. നമ്മളത് ചെയ്യണം. ദിസ് അൺഡിസർവിംഗ് സിംപതി വിൽ ഡിസ്ട്രോയ് അസ്. ഡിസ്ട്രോയ് ദ് വേൾഡ്."

ജോർജ് അയാളുടെ കണ്ണുകളിലേക്ക് ഇമവെട്ടാതെ നോക്കിയിരുന്നു. എന്നിട്ടു ചോദിച്ചു,

"ഈ സാധു മനുഷ്യരോട് നിങ്ങളിപ്പൊ ചെയ്തതും വേറെന്താണ് പോൾ? അതിന്റെ പേരെന്താണ്?"

ചോദിക്കുമ്പോൾ ജോർജ് കിതക്കുന്നുണ്ടായിരുന്നു. പട്ടാളക്കാരൻ കുറച്ചുനേരം രൂക്ഷമായി ജോർജിനെ നോക്കിയിരുന്നു. ജോർജ് തുടർന്നൂ,

"ആര് ആരോട് ചെയ്താലും, ഇറ്റ് ഇൗസ് നതിംഗ് ബട്ട് ടെററിസം. ഇറ്റ് ഹാസ് നോ റിലീജിയൻ, നോ കളർ, നോ ബോർഡർ. ആൻഡ് ആസ് യു സെഡ്, നോ ഡ്രസ് കോഡ്."

"ആ കഴുതയോടൊന്നും സംസാരിച്ചിട്ട് കാര്യമില്ല. നീ വരുന്നുണ്ടെങ്കിൽ വാ. അവനവിടെ ഒറ്റയ്ക്കിരുന്ന് പ്രസംഗിക്കട്ടെ."

ഒന്നാമത്തെ പട്ടാളക്കാരൻ ദേഷ്യത്തിൽ വിളിച്ചു പറഞ്ഞു. അയാൾ അതിനകം ക്യാമ്പിലേക്കുള്ള വഴിയിൽ ഇറങ്ങി നടന്നു തുടങ്ങിയിരുന്നു. രണ്ടാമൻ ഒരിക്കൽ കൂടി ജോർജിന്റെ അടുത്തു വന്ന് കനത്തിൽ ശബ്ദം താഴ്ത്തി പറഞ്ഞു,

"ഇവിടെ നടന്ന കാര്യങ്ങൾ നാലാമതൊരാളറിഞ്ഞാൽ, നിന്റെ ശവവും ഇതുപോലെ വഴിയിൽ കിടക്കും. അന്ന് പക്ഷെ മൂത്രത്തിലായിരിക്കില്ല നിന്നെ കുളിപ്പിക്കുന്നത്. മൈൻഡ് ഇറ്റ്."

ഹബീബ സറോബി

"ഇൗ കണ്ണുകൾക്കെന്ത് പറ്റിയതാണ്?"

മട്ടൻ സൂപ്പ് ഉൗതിക്കുടിക്കുന്നതിനിടയിൽ ജോർജ് ഫ്ളോയിഡ് ചോദിച്ചു. ഹബീബ ചുളിവുകൾ വീണ വിളറിയ മുഖം കോട്ടി ചിരിച്ചു. എന്നിട്ട് സ്ഫുടമായ ഇംഗ്ലീഷിൽ ചോദിച്ചു,

"മിസ്റ്റർ ജോർജ്, ഗാന്ധാരിയെ പറ്റി കേട്ടിട്ടുണ്ടോ?"

"ഇല്ല"

"മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ്. അവരുടെ ഹസ്ബന്റ് ബൈ്ലൻഡായിരുന്നു. അതുകൊണ്ട്, അവരൊരു തുണി കൊണ്ട് തന്റെ കണ്ണുകളും മൂടിക്കെട്ടി സ്വയം അന്ധയായി. തന്റെ പുരുഷന് വേണ്ടി സ്വയം അന്ധത വരിച്ച ഗാന്ധാരിയുടെ മണ്ണാണിത്. ഇവിടുത്തെ പെണ്ണുങ്ങളുടെ എക്കാലത്തെയും വിധിയാണതെന്ന് ആരറിഞ്ഞു. ആണുങ്ങൾക്ക് വേണ്ടി അന്ധരാവുക. അല്ലെങ്കിൽ അങ്ങനെ അഭിനയിക്കുക."

ഹബീബ സറോബി എന്ന പഴയ ഇംഗ്ലീഷ് അധ്യാപിക നെടുവീർപ്പെട്ടു. അവർ പറയുന്നതെന്താണെന്ന് മനസിലാകാതെ ജോർജ് സൂപ്പ് കുടി തുടർന്നു. എന്നാലും പിന്നീടെന്തെങ്കിലും ചോദിക്കാനും അയാൾ മടിച്ചു. ഹബീബ തുടർന്നു,

"പക്ഷെ എന്റെയീ ബൈ്ലൻഡ്നെസ് അഭിനയമല്ല കേട്ടോ. റിയലാണ്. ബാമിയാൻ എന്റെ ജ•ഗ്രാമമാണ്. 96 ന് മുമ്പ് ഞങ്ങൾ പട്ടണത്തിലായിരുന്നു താമസം. ഞാനവിടെ കോളജിൽ പഠിപ്പിക്കുകയായിരുന്നു. താലിബാൻ ഭരണം വന്നപ്പോ എന്റെ ജോലി പോയി. ഹസ്ബന്റിനെ പെട്ടെന്നൊരു ദിവസം കാണാതെയുമായി. അന്നെന്റെ മകൾ തീരെ ചെറുതായിരുന്നു. അവളെയും കൊണ്ട് ഞാനിങ്ങോട്ട് പോന്നു. 'ബാമിയാനിലെ ബുദ്ധ•ാർ' എന്ന് ജോർജ് കേട്ടിട്ടുണ്ടോ? രണ്ട് ഭീമാകാര•ാരായ ബുദ്ധ പ്രതിമകളായിരുന്നു. അതു കണ്ടിട്ടുള്ളവരിൽ അധികമാരും ഇപ്പോൾ ജീവിച്ചിരിപ്പില്ല. 2001 ൽ പ്രതിമകൾ തകർത്തതിനെതിരെ ഇവിടെ വലിയ പ്രതിഷേധം തന്നെ നടന്നു. അവരെയൊക്കെ താലിബാൻ നിഷ്കരുണം കൊന്നുതള്ളി. ഞങ്ങൾ വളരെ കുറച്ചുപേർ മാത്രമാണ് മരിക്കാതെ രക്ഷപ്പെട്ടത്. പക്ഷെ പെല്ലറ്റുകൾ തറച്ച എന്റെ കണ്ണിൽ ഇൻഫക്ഷനുണ്ടായി. ഒന്നിന് പിറകെ ഒന്നായി കാഴ്ചയും പോയി."

ജോർജ്, ഹബീബ പറയുന്ന ഒാരോ വാചകത്തിനും ഒന്നു മൂളിക്കൊടുക്കുക മാത്രം ചെയ്തു. നാലോ അഞ്ചോ വയസുമാത്രം പ്രായം വരുന്ന കൊച്ചുമകൻ ഒാടി വന്ന് ഒരു റൊട്ടിക്കഷ്ണം മുത്തശ്ശിയുടെ വായിലേക്ക് വച്ചു കൊടുത്തപ്പോഴാണ് വൃദ്ധ സംസാരം നിർത്തിയത്. തന്റെ മടിയിലേക്ക് കയറിയിരിക്കാൻ തുടങ്ങിയ കുഞ്ഞിനോട് ദാരി ഭാഷയിൽ അവരെന്തോ സ്നേഹത്തോടെ പറഞ്ഞു. അതുകേട്ട് അവൻ കുടിലിനകത്തേക്ക് തന്നെ ഒാടിപ്പോയി. ഹബീബ ഒന്ന് നെടുവീർപ്പിട്ടുകൊണ്ട് തുടർന്നു,



"ഈ നാട് ശരിക്കുമൊരു ശവപ്പറമ്പാണ് ജോർജ്. ചെങ്കിസ്ഖാന്റെ പടയോട്ടകാലത്ത് ഇവിടുത്തെ മണ്ണിന് രക്തത്തിന്റെ നിറമായിരുന്നു. പിന്നെ മുഗള•ാർ വന്നു. പേർഷ്യക്കാർ, ബ്രിട്ടീഷുകാർ, റഷ്യക്കാർ.. താലിബാൻ.. പിന്നെയിപ്പൊ നിങ്ങളും.. ആരൊക്കെ വന്നാലും പോയാലും എന്നെപ്പോലെ കുറേ അന്ധരും ബധിരരും മൂകരുമായ ഗാന്ധാരിമാർ മാത്രം ബാക്കിയാവും.."

ഹബീബയുടെ കാഴ്ചകൾ മറന്ന കണ്ണുകളിൽ നിന്നും നീരൊഴുകി. ജോർജ് അവരുടെ വരണ്ടു ചുളിഞ്ഞ കൈപ്പത്തി കൈയിലെടുത്തു. അതു തന്റെ കൈകൾക്കുള്ളിലാക്കിക്കൊണ്ട് അയാൾ പറഞ്ഞു,

"ടീച്ചർക്കറിയാമോ, ഞങ്ങൾ നിങ്ങളുടെ രാജ്യം പുതുക്കിപ്പണിയുകയാണ്. ഇനിയൊന്നും ഇവിടെ പഴയതു പോലായിരിക്കില്ല."

ഹബീബയുടെ പുരികങ്ങൾ വിറക്കുന്നത് ജോർജ് ശ്രദ്ധിച്ചു. വെളുത്ത കൺ ഗോളങ്ങൾ വശങ്ങളിലേക്ക് തെന്നുന്നു. അവർ പറഞ്ഞു,

"ബോധോദയം നേടിയപ്പോൾ സിദ്ധാർഥ രാജകുമാരനും പണ്ടിതു തന്നെയാണ് പറഞ്ഞത്, ഇനിയൊന്നും പഴയതു പോലായിരിക്കില്ലെന്ന്."

അവർ വിളറിയ ചുണ്ടുകൾ കോട്ടി ചിരിച്ചു കൊണ്ട് തുടർന്നു,

"എന്നാലും ജോർജ്, എനിക്ക് പ്രതീക്ഷയുണ്ട്."

ബുദ്ധൻ

മൂന്ന് ശവങ്ങൾക്കരികിൽ നാലാമതൊന്നായി ജോർജ് ഫ്ളോയിഡ് ഇരുന്നു. ബാമിയാൻ കുന്നുകളിലേക്ക് വീശിയടിക്കുന്ന കാറ്റിന്റെ ഞരക്കം പോലുളള ചൂളം വിളി മാത്രം സ്വച്ഛന്ദം തുടർന്നു. ഏറെനേരം കഴിഞ്ഞപ്പോൾ ജോർജ് പതിയെ എണീറ്റു.

ഹബീബ സറോബിയുടെ വലതു കൈപ്പത്തി അയാൾ അവസാനമായി ഒരിക്കൽ കൂടി കൈയിലെടുത്തു. അതിൽ തലോടുന്നതിനിടയിൽ ജോർജ് പറഞ്ഞു,

"പ്രിയപ്പെട്ട ടീച്ചർ, ഒന്നും ഒരിടത്തും ഒരിക്കലും മാറുന്നില്ല. നമുക്ക് തെറ്റുപറ്റിയതാണ്. പണ്ട് സിദ്ധാർത്ഥ രാജകുമാരനു പറ്റിയതുപോലെ.."

വൃദ്ധയുടെ കൈകൾ തന്റെ നെറ്റിയിൽ മുട്ടിച്ച് അയാൾ കരഞ്ഞു. മിനുട്ടുകളോളം അയാളങ്ങനെ ഇരുന്നു. പിന്നെ പതിയെ എണീറ്റ്, പട്ടാള ക്യാമ്പിലേക്കായി വീട്ടുകാർ വെള്ളം നിറച്ചു വച്ചിരുന്ന കന്നാസുകളുമെടുത്ത് വേച്ചുവേച്ചു നടന്നു.



ചിത്രീകരണം: ഷമീല കെ.

TAGS :