Quantcast
MediaOne Logo

ഡോ. എ.കെ. വാസു

Published: 5 March 2022 7:57 AM GMT

ഒന്നാമത്തെ ബെഞ്ചിൽ ഒന്നാമതിരിക്കുന്ന സന്തോഷവതിയായ കുട്ടി

സതി അങ്കമാലിയുടെ 'പൂക്കളുടെ വേദപുസ്തകം ' എന്ന കവിത സമാഹാരത്തിന്റെ പഠനം.

ഒന്നാമത്തെ ബെഞ്ചിൽ ഒന്നാമതിരിക്കുന്ന സന്തോഷവതിയായ കുട്ടി
X
Listen to this Article


മുന്നോട്ടു വിളിക്കുന്ന ശബ്ദമാണ് കവിത. സാംസ്കാരിക ജീവിതത്തെ കവിത മുന്നിൽനിന്നു നയിക്കുന്നു. സംവാദാത്മകതയാണ് കവിതയെ ചലനാത്മകമാക്കുത്. ചിന്തിക്കുന്ന ഏതൊരാളും ഒരു പ്രജ്ഞാനമാണ്. ഒരു പ്രജ്ഞാനം ഇതര പ്രജ്ഞാനങ്ങളുമായി നടത്തുന്ന ഭാഷാപരമായ ഏറ്റവും ഉദാത്തമായ സംവാദം കവിതകൊണ്ട് സാധ്യമാകുന്നു. അപരരോടു മാത്രമല്ല കവിയോടു തന്നെയും കവിത സംവാദത്തിലേർപ്പെടുന്നുണ്ട്. തിരുത്തലും വീണ്ടെടുപ്പുമായി മനുഷ്യ സമൂഹത്തെ കവിത മുന്നിൽനിന്നും നയിക്കുന്നു. സമൂഹ്യയാനത്തിന്റെ മുൻവെട്ടവും ചൂളംവിളിയുമാണ് സാമൂഹികതയെ ഉൾക്കൊള്ളുന്ന കവിതകളെല്ലാം. അതുകൊണ്ടുതന്നെ അധികാരം മാത്രമല്ല സാഹിത്യലോകവും എല്ലായിടത്തും അധീശ വിഭാഗം കുത്തകയാക്കി വയ്ക്കാൻ ശ്രമിക്കുന്നത് വ്യക്തമാണ്. സവർണ്ണവും പുരുഷകേന്ദ്രീകൃതവുമാണ് എറിയകൂറും മലയാളത്തിലെ വരമൊഴി സാഹിത്യം. ഉള്ളൂരിന്റെ കേരള സാഹിത്യചരിത്രത്തിന്റെ വിപുല ശേഖരത്തിൽ ഒരു ജാതി/ലിംഗ സെൻസസ് നടത്തിയാൽ മേൽസൂചിപ്പിച്ച കാര്യം ഏവർക്കും ബോധ്യപ്പെടാവുന്നതേയുള്ളൂ.


അക്ഷരം കിട്ടിയശേഷവും കവിതയെഴുത്തിലേക്ക് കീഴാള വിഭാഗങ്ങൾക്ക് പ്രവേശനം നിഷേധിച്ചിരുന്നത് വൃത്തം അലങ്കാരം തുടങ്ങിയ സാങ്കേതപരമായ വിലക്കുകളിലൂടെയായിരുന്നു. എന്നാൽ, കേരളത്തിന്റെ സാഹിത്യത്തിൽ, സവിശേഷമായി മലയാള കവിതയിൽ പുതിയകാലത്ത് ജനാധിപത്യവൽകരണം തുറന്നുവന്നിട്ടുണ്ട്. തൊണ്ണൂറുകൾക്കുശേഷം കേരളത്തിൽ ഉയർന്നുവന്ന ദലിത് സാംസ്കാരിക രാഷ്ട്രീയമാണ് എഴുത്തിലും സംവാദത്തിലും ജനാധിപത്യത്തിന്റെ ബഹുസ്വരമായ വഴികൾ തുറന്നിട്ടത്. മുഖ്യധാര എന്ന് പേരുള്ളതെങ്കിലും ആ പേരിൽ നിലവിലുള്ളത് വരേണ്യതയുടെമാത്രം പക്ഷമാണ്. ബഹുഭൂരിപക്ഷം വരുന്ന സാമൂഹിക വിഭാഗങ്ങളെ അത് പുറന്തള്ളിയിരിക്കുന്നു. വരേണ്യമാത്രമായ പ്രമേയങ്ങളും വരേണ്യമായ ഭാവുകത്വങ്ങളുമാണ് മലയാള കവിതയെ ഭരിച്ചിരുന്നത്. ഇത്തരത്തിൽ നിരവധി വസ്തുതകൾ ദലിത് വിമർശനം തുറന്നുകാണിച്ചു. ക്ഷേത്രവാദ്യമായ ഇടയ്ക്കാവാദനത്തിന്റെ താളത്തിൽ ക്ഷേത്രകല മാത്രമായി നിലനിന്ന മലയാള കവിതയെ പ്രശ്നവൽകരിക്കുകയും അതുവരെ അദൃശ്യപ്പെട്ടു നിന്ന വിഷയികളെ പ്രത്യക്ഷവൽക്കരിച്ചുകൊണ്ട് ബഹുസ്വരതയുടെ സഹവർത്തിത്വം കവിതയിൽ കൂടുതൽ സാധ്യമാക്കിയതും ദലിത് സംവാദയിടങ്ങളാണ്.


സാമൂഹ്യമായ ദുരനുഭവങ്ങളുടെ സഞ്ചയിതാവസ്ഥ മാത്രമല്ല ദലിത് സാംസ്കാരിക ജീവിതം. ജാതിവിരുദ്ധമായ സാഹിത്യ നിർമിതികളിൽ ദലിതർ മാത്രം ഉപകരണങ്ങളാകുന്നുണ്ടെങ്കിലും ജാതിയുടെ ദുരവസ്ഥകൾ അനുഭവിച്ചിട്ടുള്ളത് ദലിതർ മാത്രമാണെന്നുള്ളത് കേവലമായൊരു മിത്തുമാത്രമാണ്. സവർണ സാഹിത്യമെഴുത്തുകാരും പിന്നാക്കവിഭാഗങ്ങളിലെ സാഹിത്യമെഴുത്തുകാരും ചേർന്ന് നിർമിച്ചതാണ് ജനപ്രിയമായ ഇത്തരം കെട്ടുകാഴ്ചകൾ. ഉള്ളൂരിന്റെ ചാത്തന്റെ സദ്ഗതി കുമാരനാശാന്റെ ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി വൈലോപ്പിള്ളിയുടെ കുടിയൊഴിക്കൽ, പടയാളികൾ എന്നിങ്ങനെ നീളുന്ന അസംഖ്യം കൃതികളിലെല്ലാം ജാതിവിരുദ്ധ ചർച്ചകൾക്ക് ദലിതർമാത്രം ഉപകരണമാകുന്നത് കാണാം. ഒരു സംഭാഷണത്തിൽ കവി ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞത് ഇവിടെ പ്രസക്തമാണെ് തോന്നുന്നു "രണ്ടു നമ്പൂതിരിമാർ തമ്മിൽ പരിചയപ്പെട്ടിട്ട് അവർ തങ്ങളുടെ ഇല്ലപ്പേരു പറയുന്നിടത്തുനിന്നേ തുടങ്ങുന്നു ജാതീയമായ ഉത്തമത്വവും അധമത്വവും.' "പത്തുജന്മം പട്ടിയായിജനിച്ചാലും ഈ നമ്പൂരാക്കൾക്കിടയിൽ സ്ത്രീയായി ജനിപ്പിക്കല്ലേ' എന്ന് ലളിതാംബികാ അന്തർജനം തന്റെ അഗ്നിസാക്ഷിയെന്ന നോവലിൽ പറയുന്നുണ്ട്. ജാതിവ്യവസ്ഥ നമ്പൂതിരിസ്ത്രീയടക്കമുള്ള മുഴുവൻ സ്ത്രീകൾക്കുമേലും നടത്തിവരുന്ന അതിഹിംസയെ വിശകലനം ചെയ്യുന്നതു കൊണ്ടാണ് അത്തരമൊരു പ്രസ്താവന ലളിതാംബികാ അന്തർജനത്തിന് സാധ്യമാവുന്നത്.





ജാതിക്കെതിരായ പോരാട്ടങ്ങൾ മുഴുവൻ മനുഷ്യരുടെയും ആവശ്യമാണെിരിക്കെ അത് ദലിതരുടെ മാത്രം പ്രശ്നമെന്ന നിലയ്ക്ക് മലയാള സാഹിത്യം അവതരിപ്പിക്കുന്നത് ജാതിയെ അതിസങ്കീർണമായ വിഷയത്തിന്റെ പാർശ്വവീക്ഷണം മാത്രമായി മാറുന്നു. അതിലൈംഗീകത കൊണ്ടും കുലസ്ത്രീ ഡിസിപ്ലിനുകളുടെ നേർവിപരീതങ്ങളാലും ആവിഷ്കരിക്കപ്പെട്ടിട്ടുളളതാണ് സാഹിത്യത്തിലെ മിക്കവാറും ദലിത് സ്ത്രീകർതൃത്വങ്ങൾ. അതിലൈംഗികതയാൽ രാമ ലക്ഷ്മണന്മാരെ സമീപിക്കുന്ന ശൂർപ്പണഖ മുതൽ മനുഷ്യന് ഒരു ആമുഖത്തിൽ നാറാണ പിള്ളയെ "ദുഷിപ്പിക്കുന്ന "കറുത്ത വേലക്കാരിയുടെ ചിത്രീകരണത്തിലൂടെയും തുടരുന്നതാണ് കീഴാള സ്ത്രീകളുടെ സാഹിത്യപരമായ അപരവൽകരണം. "അവളെ പേടിച്ചാരും നേർവഴി നടപ്പീലാ' എന്ന തരത്തിലാണ് വാത്മീകീ കാവ്യം എഴുത്തച്ഛനിലൂടെ മലയാള മനസിൽ നിൽക്കുന്നത്. ശൂർപ്പണഖയുടെ മൂക്കും മുലയും അരിഞ്ഞു കൊണ്ടാണ് സവർണ്ണ സദാചാര പുരുഷന്മാർ "വിജയശ്രീലാളിതരാവുന്നത്'. താടകയും പൂതനയുമെല്ലാം സവർണ്ണ കാവ്യക്കെട്ടുകളിലൂടെ അപര സ്ത്രീകളെ കൂടുതൽ അകലമാക്കിത്തന്നെനിർത്തി. "കാട്ടാളനാരിയെ കണ്ടാൽ കുളിക്കണം' എന്ന മട്ടിൽ കുഞ്ചൻ നമ്പ്യാരിൽ കീഴാളസ്ത്രീയാവിഷ്കാരം നടക്കുന്നുണ്ട്. ആ വഴിയുടെ തുടർച്ചയാണ് കുമാരനാശാന്റെ വീണപൂവെ ഖണ്ഡകാവ്യത്തിലും എത്തിനിൽക്കുന്നത്.


മേൽ സൂചിപ്പിച്ച ഭാവനകളിലല്ല കീഴാളസ്ത്രീ ജീവിതം യഥാർഥത്തിൽ നിലനിൽക്കുന്നത്. പലതരം പുൽച്ചെടികളിൽ നിന്നും നെല്ലിനെ കണ്ടെടുത്ത് സവർണർക്കും അവർണർക്കും ഒരുപോലെ അന്നദാതാവായി നിൽക്കുന്ന അന്നംചെറുകിളിയെന്ന ദലിത് സ്ത്രീയായും പിതൃഅധികാരബോധങ്ങളുടെ നെഞ്ചിൽ തുള്ളിയാർക്കുന്ന കന്നിക്കറുമ്പിയായും മടയുറപ്പിക്കാൻ സ്വയം ബലിയാവുന്ന വള്ളോത്തിയായുമൊക്കെയാണ് വാമൊഴി സാഹിത്യത്തിൽ കീഴാളസ്ത്രീ ദൃശ്യപ്പെടുന്നത്.


തദ്ദേശീയ സ്ത്രീകൾ ഇതിനുമുമ്പ് സംസാരിച്ചിട്ടുണ്ടോ എന്ന ഒരു ലേഖനത്തിൽ ഡോ. എം.ബി മനോജ് ബൗദ്ധസാഹിത്യത്തിലൂടെയും സംഘകാല സാഹിത്യത്തിലൂടെയും ബഹുജന സ്ത്രീകൾ എഴുത്തിലും സാമൂഹിക ജീവിതത്തിലും കർത്തൃത്വപരമായ പങ്കുവഹിച്ചതിനെ വ്യക്തമായി അവതരിപ്പിക്കുുണ്ട്. അദ്ദേഹം എഴുതുന്നു; "ഇന്ത്യൻ ജ്ഞാനാന്വേഷകർ നിരന്തരം കണ്ടുമുട്ടിയിട്ടും അവഗണിച്ച രണ്ട് സാഹിത്യ ശാഖകളാണ് സംഘംസാഹിത്യവും ബുദ്ധതേരീഗാഥാ സാഹിത്യവും. ഈ രണ്ട് സാഹിത്യശാഖകളും സ്ത്രീ എഴുത്തുകാരുടേതാണ്. പതിനാറോളം സ്ത്രീയെഴുത്തുകാരെ നമുക്ക് സംഘം സാഹിത്യത്തിൽ കാണാം. നാൽപ്പത്തിയാറോളം സ്ത്രീയെഴുത്തുകാരെ നമുക്ക് തേരിഗാഥാ സാഹിത്യത്തിലും കാണാം. ഔവ്വയാർ, കാകൈ്കപ്പാടിനിയാർ, നച്ചെള്ളയാർ, ആളൂർ നന്മുമല്ലയാർ, കുറമകൾ ഇളവെയ്നി, വെണ്ണിക്കുത്തിയാർ, പേയ്മകൾ ഇളവെയ്നി, തായങ്കണ്ണിയാർ, മാരിപ്പിത്തിയാർ, കാവർപ്പെണ്ണ്, പൂങ്കഉത്തരൈയാർ, മുടത്താമക്കണ്ണിയാർ തുടങ്ങിയവർ ഇവരിൽ ചിലരാണ്. കീഴാള വിരുദ്ധവും സ്ത്രീവിരുദ്ധവുമായ ബ്രാഹ്മണാധികാര കാലത്ത് നിന്നു പോയ സർഗാത്മകമായ പെണ്ണടയാളത്തിന്റെ വീണ്ടെടുപ്പും തുടർച്ചയുമായി വേണം പുതിയ ദലിത് ബഹുജൻ സ്ത്രീയെഴുത്തുകളെ വായിച്ചെടുക്കാൻ.


മലയാള കവിത തികച്ചും സവർണ്ണമായ പിതൃബോധത്തിൽ നിർമിച്ചിട്ടുള്ള കേവല രൂപങ്ങളിലല്ല കീഴാളസ്ത്രീ സ്വത്വമുള്ളത് എന്ന് സതി അങ്കമാലിയുടെ കവിതകൾ സാക്ഷ്യപ്പെടുത്തുന്നു. പരമ്പരാഗതമായ തുടർച്ചകൾ വരച്ചിട്ട ചെറുയിടങ്ങളെയല്ല സതി അങ്കമാലിയുടെ കാവ്യവഴി പിൻപറ്റുന്നത്.


"ആളൊപ്പം തോളൊപ്പം

മട കുത്തി ചിറ കെട്ടി

മലകേറി മരം കേറി

മണ്ണറിഞ്ഞ്

മനമറിഞ്ഞ്

മഴക്കാററിഞ്ഞ്

വിത്തറിഞ്ഞ്

വിതയറിഞ്ഞ്

പൊലിപൊലിച്ച പെണ്ണുങ്ങൾ'


ഈ പെണ്ണുങ്ങൾക്ക് ജീവിതം തരാതെ പോയതിനെയൊക്കെ, തന്നു പോയതിൽ നിന്ന് അവർ പൊലിച്ചെടുക്കുന്നു. ജീവിക്കാനുള്ള തീക്ഷ്ണമായ ആഗ്രഹത്തെ മുറുക്കി പിടിച്ചു കൊണ്ടാണ് ഇൗ കറുത്ത പെണ്ണുങ്ങൾ പ്രതിസന്ധികളോട് ഏറ്റുമുട്ടിയതും അതിജീവിച്ചതും. തന്റെ ഞരമ്പുകളിൽ പുഴ പോലൊഴുകുന്ന ഈ ഊർജത്തെയാണ് സതി അക്ഷരപ്പെടുത്തുന്നത്.


ഈ സമാഹാരത്തിലെ ഒരു കവിതയുടെ പേരുതന്നെ "ഞാനതിനെ തിരിച്ചുകൊണ്ടുവരും' എന്നാണ്.





സവർണ്ണത അടയാളമിട്ട് ചൂണ്ടിക്കാണിച്ച ഇടമല്ല തന്റെയിടം എന്ന് തന്റേടത്തോടെ പറയുകയും ജീവിതത്തിന്റെ എല്ലാത്തരം വെളിച്ചവും തെളിച്ചവും നിറയുന്ന ഒരു ജൈവമണ്ഡലം ദലിത് ബഹുജനങ്ങൾക്കുമുണ്ടെന്ന് തെളിച്ചു കാണിക്കുകയുമാണ് ഈ സമാഹാരത്തിലെ ഏറെയും കവിതകൾ.


"വടുക്കളിൽ നിന്ന്

പ്രാചീനമായ വേദനകളെ

ഉരുക്കി മാറ്റുന്നൊരു സ്വപ്നം

എല്ലാം കലർത്തി

കറുപ്പിച്ച നീലയായ്

ചിറകടിക്കുന്നത്

അറ്റുപോയതിനെ മുഴുവൻ

ഒരേ ലക്ഷ്യത്തിലേക്ക്

തറച്ചു നിർത്താനാണ്'


(ഞാനതിനെ തിരിച്ചു കൊണ്ടുവരും) പ്രാചീനമായ ഓർമകളെ വീണ്ടെടുത്തു കൊണ്ട് ദലിതമല്ലാത്തൊരു സ്വാസ്ഥ്യത്തെ തിരിച്ചു കൊണ്ടുവരുമെന്നതു തന്നെയാണ് കവി അടിവരയിടുന്നത്.


തകർക്കപ്പെട്ടൊരു ജീവിതമാണ് തങ്ങൾക്കുള്ളതെന്നത് രാഷ്ട്രീയമായ ഒരു തിരിച്ചറിവാണ്. എന്നാൽ, തലമുറകളിലൂടെ ജീവിച്ചതും അതിജീവിച്ചതുമായ വിജയങ്ങളും ഉൾച്ചേരുന്നതാണ് ബഹുജനസ്വത്വമുള്ള ദലിതരുടെ ജീവിതം. അനേകമായ ആഹ്ലാദസ്ഥലികളും അവിടെനിന്നും കണ്ടെത്താനാകുന്നു. പൊട്ടിച്ചിരികളുടെ തുറവികൾ അവിടെ ഏറെയുണ്ട്. അത്തരം മറുപുറത്തെ സതി അങ്കമാലിയുടെ കവിതകൾ സവിശേഷമായി ചേർത്തെടുക്കുന്നു.


ജീവിതപരിസരങ്ങളും അനുഭവങ്ങളും ഭൂമിശാസ്ത്രവും ഒരാളെ, അവരുടെ എഴുത്തിനെ സ്വാധീനിക്കുകയെന്നത് സാധാരണമാണ്. എന്നാൽ, അതിന്റെ ഊർജത്തെ മുന്നോട്ടു പോകാനുള്ള ഇന്ധനമാക്കുന്നത് അത്ര ലളിതമല്ല. ഭൂതകാലത്തിലും, ഗൃഹാതുരമായ ഓർമകളിലും അഭിരമിക്കാതെ അത് വർത്തമാനജീവിതത്തോട് മുഖാമുഖം നിൽക്കുന്നു. അത് തിരസ്കാരങ്ങളുടെ വേദനയിലല്ല, സാധ്യതകളുടെ സൂക്ഷ്മങ്ങളിലാണ് മനസ്സുറപ്പിക്കുന്നത്.


കവിയായിരിക്കുക എന്ന പരിധിക്കുള്ളിൽ മാത്രമല്ല സതി അങ്കമാലി നിലയുറപ്പിച്ചിട്ടുള്ളത്. സാമൂഹ്യപ്രവർത്തകയും പ്രഭാഷകയും, എഴുത്തുകാരിയും പ്രസാധകയും രാഷ്ട്രീയ നീരിക്ഷകയുമാണ്. കൗമാരം മുതൽ രൂപപ്പെടുത്തിയെടുത്ത സാമൂഹ്യ-രാഷ്ട്രീയ നീരിക്ഷണത്തിന്റെയും സാമൂഹ്യാവബോധത്തിന്റെയും ആർജവം പറയുന്ന വാക്കുകൾക്കും എഴുതുന്ന അക്ഷരങ്ങൾക്കും ഉണ്ട്. ആത്മഭാഷണത്തോളം അടുപ്പവും ആഴവും കവിതകൾക്ക് നൽകാൻ സതിയ്ക്ക് കഴിയുന്നത് അത് ചരിത്രത്തെയും രാഷ്ട്രീയത്തെയും അത്രമേൽ ജാഗ്രതയോടെ സമീപിക്കുന്നു എന്നത് കൊണ്ടാണ്. ഇതരപ്പെട്ട കവിതകളിൽ നിന്നും സതിയുടെ കവിതയെ വ്യത്യസ്തമാക്കുന്നതും കവിതയിൽ പുലർത്തുന്ന ഈ ജാഗ്രതയും സൂക്ഷ്മതയുമാണ്. അത് അമ്പരപ്പും അപകർഷതയും വലിച്ചെറിഞ്ഞ് സധൈര്യം ഒന്നാമത്തെ ബെഞ്ചിൽ ഒന്നാമതിരിക്കുന്ന സന്തോഷവതിയായ കുട്ടിയാണ്.


പെൺപിറവികളായിരുന്നു ദലിത് ബഹുജനങ്ങളുടെ ഗാർഹിക സ്വഭാവത്തിലുള്ള അനുഷ്ഠാനങ്ങളും ആഘോഷങ്ങളുമായിരുന്നത്. ഗർഭാവസ്ഥയിൽ സ്ത്രീകൾക്കായി നടത്തുന്ന പുളികുടിക്കല്ല്യാണം, കുട്ടിയെ കുടുംബ ബന്ധങ്ങളിൽ ചേർക്കാൻ നടത്തുന്ന ഇരുപത്തെട്ടുകല്ല്യാണം, പെൺകുട്ടിയെ അലങ്കരിക്കാൻ നടത്തുന്ന കാതുകുത്തുകല്ല്യാണം, കല്യാണത്തിനുമുമ്പേ നടത്തുന്ന കേവലമായ കെട്ടുകല്ല്യാണം, പെൺകുട്ടിയുടെ പ്രത്യുൽപ്പാദനപരതയെ ആഘോഷമാക്കുന്ന തിരണ്ടുകല്ല്യാണം, പുരുഷനോടൊപ്പം ചേർത്തു വയ്ക്കുന്ന ചേരൽ കല്യാണം ഇങ്ങനെ പോകുന്നു പെൺകേന്ദ്രീകൃതമായ ജീവിതോത്സവങ്ങൾ. മേൽസൂചിപ്പിച്ച ചടങ്ങുകൾക്കെല്ലാം പ്രത്യേകമായ പാട്ടുകളും കൊട്ടും ആട്ടങ്ങളും ആരവങ്ങളുമുണ്ട്. മരണം പോലും ജീവിതചാക്രികതയുടെ ഭാഗമായിട്ടാണ് ചാക്കാട് കൊട്ടി പാടി ഉത്സവമാക്കുന്നത്. അത്തരം ആഹ്ലാദസ്ഥലികളെ സതി അങ്കമാലിയുടെ കവിതകൾ തിരിച്ചു കൊണ്ടുവരുന്നു.


പാവങ്ങൾ, പട്ടിണിക്കാർ എന്ന കെട്ടുകാഴ്ച്ചകൊണ്ട് ദലിത് ജീവിതത്തെ പാറ്റേൺ ചെയ്യുന്നതിലും പ്രശ്നമേഖലകളുണ്ട്. മനുഷ്യാവസ്ഥയിൽ ചേരുന്ന നന്മകളും തിന്മകളും എല്ലാ സമൂഹങ്ങളിലുമെന്നപോലെ ദലിതരിലുമുണ്ട്. ജന്മിയെ തെറ്റിദ്ധരിപ്പിച്ച് കൊയ്ത്തു വൈകിക്കുന്ന ദലിത് മൂപ്പൻമാരുടെ കഥകൾ കീഴാള ഫേക്ലോറിൽ കാണാം. വിളഞ്ഞ നെല്ലിലൊരു ഭാഗം പൊഴിഞ്ഞ് മീനുകൾക്ക് തീറ്റയാവണമെന്നവർ ആഗ്രഹിക്കുന്നതിനാലാണ് തന്ത്രപൂർവം കൊയ്ത്ത് വൈകിപ്പിക്കുന്നത്. പ്രകൃതിസ്നേഹം മാത്രമല്ല അവിടെ ഉണരുന്നത്, രാവന്തിയോളം പണിയെടുത്താൽ മൂന്നിടങ്ങഴി നെല്ലുമാത്രമായിരുന്നു കൂലി. കുടുംബത്തിലെ ആഹാരത്തിനത് തികയുമായിരുന്നില്ല. എന്നാൽ, അവരിന്നും ആരോഗ്യം തകരാത്തവരായി നിലനിൽക്കുന്നത് വയലിലെ, തോട്ടിലെ മീനും, ഞണ്ടും, കക്കയും, ചുറ്റുപാടുകളിലെ പലതരത്തിലുള്ള ഇലകളും കായ്കളും, കിഴങ്ങുവർഗങ്ങളും ശേഖരിച്ച് ഭക്ഷണമാക്കിയത് കൊണ്ടാണ്. വയലിലെ മീനുകൾ ദലിതരെ നിലനിർത്തിയതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. മീനുകൾക്കായി പൊഴിക്കുന്ന നെല്ലുകൾ തങ്ങളിലേക്കാണ് മറ്റൊരു വഴിയിലെത്തുന്നത് എന്ന ബോധ്യത്താൽ തന്നെയാണ് കൊയ്ത്ത് വൈകിച്ചിരുന്നത്. ഇവിടെ അതിജീവനത്തിന്റെ തന്ത്രപരതയാണുള്ളത്. തമ്പ്രാനുമായുള്ള പങ്ക്കൃഷിക്കരാറുകളിൽ തമ്പുരാന്റെ കൃഷിയറിവില്ലായ്മയെ പറ്റിച്ച് വിഭവം കൈക്കലാക്കുന്ന കഥകളും നിലവിലുണ്ട്.

കെ.കെ കൊച്ചിന്റെ ആത്മകഥയിൽ പ്രതിപാദിക്കുന്ന "ഉന്റാൻ' പാതിരാവിലെത്തുന്ന കട്ടുകൊയ്ത്തുകാരനായ കഥാപാത്രം ഇത്തരത്തിലെ മറ്റൊരു പ്രതിരോധമുഖമാണ്. അതിജീവനത്തിന്റ വഴികളിൽ വേണ്ടുന്ന ചെറുത്തുനിൽപ്പുകളും ദലിതർ എക്കാലത്തും നടത്തിയിട്ടുണ്ട്. അതോടൊപ്പം ജീവിതത്തിന്റെ ഇല്ലായ്മകളെ കുറിച്ച് ആകുലപ്പെടുകയല്ല ഉള്ളതിനെ മുഴുവൻ അവർ ആഹ്ലാദമാക്കുകയാണ് ഉണ്ടായത്. അത്തരം ആനന്ദങ്ങളും സന്തോഷങ്ങളും കണ്ടെത്തുന്നതിന് അവർക്ക് സവിശേഷമായ കഴിവുകൾ ഉണ്ടായിരുന്നു. മഴയില്ലാത്ത കാലങ്ങളിലൊക്കെ പുറത്ത് ആകാശത്തിൽ നിലാവും കണ്ടു കിടക്കുന്ന ദമ്പതിമാരുടെ കഥകൾ സുലഭമാണ്. അതോടൊപ്പം ഒറ്റമുറിവീട്ടിൽ അച്ഛനും കുടുംബാംഗങ്ങളും ഉറങ്ങാൻ കാത്തിരുന്ന് രാത്രി മുഴുവൻ സുരതാനന്തരം മടുപ്പാൽ അന്ത്യം വീണുടയാത്ത രതിയനുഭവങ്ങളും കീഴാള ലോകത്തെ ആഹ്ലാദങ്ങളായി കഥകളിൽ നിറയുന്നു.




നമ്പൂതിരി ഫലിതങ്ങൾ നമുക്കറിയാം അതിലെല്ലാം പരനിന്ദയാണ് പ്രധാനമാകുന്നത്. കീഴാളലോകം അവർക്കിടയിൽ മാത്രം വിനിമയം ചെയ്യുന്ന ഫലിതങ്ങൾ പൊട്ടിച്ചിരികൾ ഉയർത്തുന്നതോടൊപ്പം തന്നെ ജീവിതത്തിന്റെ കഠിനതകളെ ലാഘവത്തോടെ എടുക്കാനുള്ള മാർഗം കൂടിയായിരുന്നു. അതിലൊന്നും അപരനിന്ദയോ, ആത്മനിന്ദയോ ആയിരുന്നില്ല, പകരം അപരനും അവനവനും ആനന്ദവും സുഖവും ആത്മവിശ്വാസവും പകരുന്നതായിരുന്നു അതെല്ലാം. അതിനെയെല്ലാം താൻ തിരിച്ചുകൊണ്ടുവരും എന്ന പ്രത്യാശ സതി അങ്കമാലിയുടെ അസംഖ്യം കവിതകളിൽ നിറയുന്നു. അതുകൊണ്ടുതന്നെ പരമ്പരാഗത ദലിത്/സ്ത്രീ കവിതകളിൽ നിന്നും ഈ കവിതകൾ സവിശേഷമായി വേറിടുന്നു.

"ഞാൻ അതിനെ തിരിച്ചു കൊണ്ടുവരും' എന്ന കാവ്യപ്രഖ്യാപനത്തിൽ ആ തിരുത്തിയെഴുത്ത് വ്യക്തമാണ്.

ഈ സമാഹാരത്തിലെ മിക്കവാറും കവിതകളിൽ ഭാഷകയുടെ സ്ഥാനം തുല്യതയിൽ നിന്നുള്ളതാണ്. താഴെനിന്നും മുകളിലേക്കു വിളിച്ചു പറയുന്ന രീതി സ്വീകരിക്കുന്നില്ല എന്നു വ്യക്തം. ദുരവസ്ഥ എന്ന ഖണ്ഡകാവ്യം എഴുതുമ്പോൾ ആശാൻ മേലാളരോടു താണുവീണ് അപേക്ഷിക്കുക മാത്രമല്ല, ബ്രാഹ്മണകുമാരിയും പുലയയുവാവും തമ്മിലുള്ള ബന്ധത്തിൽ ശൃംഗാരരസം ഉണ്ടാവില്ലെന്നും താനങ്ങനെ ഭാവന ചെയ്തുപോയ തെറ്റ് മേലാളർ പൊറുക്കുമാറാവണം എന്ന തരത്തിൽ ഭാഷകസ്ഥാനത്തു നിന്നുമുള്ള വിലാപമുണ്ട്. "മദ്വജനങ്ങൾക്കു മാർദവമില്ലെങ്കിൽ ഉദ്ദേശ്യ ശുദ്ധിയാൽ മാപ്പു നൽകൂ' എന്നൊക്കെ ആശാൻ മുൻകൂർ ജാമ്യമെടുക്കുന്നുണ്ട്.

താഴേക്കോ മേലേക്കോ നോക്കാതെ സമനിലയിൽ നിന്നു നോക്കാനും സംവദിക്കാനും കഴിയുന്നതാണ് സതി അങ്കമാലി എന്ന കവി പുലർത്തുന്ന ഭാഷകസ്ഥാനത്തിന്റെ മേന്മ. എന്നാൽ, മേൽകീഴ് നോക്കാതെ പറയേണ്ടതെല്ലാം തന്റെ കാഴ്ചയിലൂടെ പറഞ്ഞു പോകാൻ കവി മടിക്കുന്നില്ല. അങ്ങിനെ പറയാൻ ആർജവമുണ്ടാവുന്നത് ആത്മാവിൽ ചേർത്തുവച്ച സ്വാതന്ത്ര്യ പ്രഖ്യാപനത്താലാണെന്നതിലാണ് ഈ കവിത തുറന്ന ഇടങ്ങളെ പ്രദാനം ചെയ്യുന്നത്.

തീപ്പെട്ടിക്കൊള്ളി എന്ന കാവ്യബിംബത്തിൽ ജീവിതാവസ്ഥയുടെ പലഘട്ടങ്ങൾ ചേരുന്നുണ്ട്. അടിസ്ഥാനപരമായി കൊള്ളിയൊരു വൃക്ഷത്തിന്റെ ഭാഗമായ ജൈവീകതയാണ്. പിന്നീടത് ശാസ്ത്രീയ നിർമിതിയുടെ രാസപ്രക്രിയയിലൂടെ മനുഷ്യർക്ക് ഏറ്റവും വേണ്ട ഉപകരണമാകുന്നു. ചേർത്ത് പിടിക്കപ്പെടുന്നതിന് കാരണമാകുന്നത് കത്തുന്ന തീപ്പെട്ടിയുടെ തീ വേണമെന്ന അവരുടെ ആവശ്യത്താൽ മാത്രമാണ്. സ്നേഹത്താലാണ് താൻ ചേർത്തു പിടിക്കപ്പെട്ടതെന്ന് തീപ്പെട്ടികമ്പ് കരുതിയാൽ അതിന് തെറ്റുപറ്റുന്നു. അവർ കാലുപിടിക്കുന്നത് അതിന്റെ തല ഉരച്ചു കത്തിക്കാനാണെന്ന് അത് വൈകിമാത്രം അറിയുന്നു. ഒന്നു കത്തിയെങ്കിലും ലോകത്തിന് വെളിച്ചമായി നിൽക്കാമല്ലോ എന്ന് സമാധാനിക്കുമ്പോഴും തെറ്റുപറ്റുന്നു. അതിൽ നിന്നും ഉണ്ടായ തീ മറ്റൊന്നിൽ പകർന്നിട്ട ആ തീപ്പെട്ടിക്കമ്പ് വലിച്ചെറിയപ്പെടുന്നു, അതല്ലെങ്കിൽ കുത്തിയൊടിക്കപ്പെടുന്നു.

പെൻസിൽ എന്ന കവിതയും വിനിമയം ചെയ്യുന്നു, മുനകൂർപ്പിച്ച് കൂർപ്പിച്ച് നീയെന്നെ ഇല്ലാതാക്കിയില്ലേ എന്നെക്കൊണ്ട് എഴുതിയതെല്ലാം തെളിഞ്ഞില്ലെന്ന് പറഞ്ഞ് മായ്ച്ചു കളഞ്ഞില്ലേ? എന്നാണ് പെൻസിൽ തീർന്നില്ലാതാവുമ്പോൾ ചോദ്യം തൊടുക്കുന്നത്. നന്നാക്കി ഇല്ലാതാക്കുന്ന വ്യവസ്ഥിതിയോടാണ് പെൻസിൽ തന്റെ ഇല്ലാതായിപ്പോകുന്ന അവസ്ഥയെ പ്രത്യക്ഷപ്പെടുത്തിക്കൊണ്ട് ചോദ്യമുന്നയിക്കുമ്പോൾ അത് ഇരവത്ക്കരണത്തെയും അരികുവൽക്കരണത്തെയും പുനർനിർമിക്കുകയല്ല പകരം അത്തരം ജാതി-വംശീയചിഹ്നങ്ങളെ കവിതയ്ക്കുള്ളിൽ തന്നെ നിവർത്തിയിട്ട് കൊണ്ട് തനിക്ക് മറ്റുള്ളവരിലേയ്ക്കും അവർക്ക് തന്നിലേയ്ക്കും പ്രവേശിക്കാനുള്ള പൊതു സ്ഥലിയായി ദലിതവബോധത്തെ മാതൃകപ്പെടുത്തുന്നു. ഒന്നിലും നിരാശപ്പെടുകയല്ല കാലിൽ പിടിച്ച് തലയുരച്ച് കത്തിക്കുമ്പോഴും ലോകത്തിന് വെളിച്ചമാകമല്ലോ എന്നാണ് തീപ്പെട്ടിക്കൊള്ളി കരുതുന്നത്. മുന കൂർപ്പിച്ച് ഇല്ലാതാക്കിയ ലോകബോധത്തോട് അത്തരം ലാവണ്യ യുക്തികൾക്ക് പുറത്തായ തങ്ങളുടെ ജീവിതങ്ങളെ തെളിഞ്ഞില്ലെന്ന് പറഞ്ഞ് മായ്ച്ചു കളഞ്ഞ "ഓർമകളെ' ചരിത്ര സൂചകങ്ങളായി അവശേഷിപ്പിക്കുന്നു എന്നതാണ് അതിന്റെ സാധ്യതകൾ. അസാമാന്യമായ രാഷ്ട്രീയ സൂക്ഷ്മത ഈ വരികളിൽ കാണാം. അതിനാൽ തന്നെ തിരുത്താനും, വിമർശിക്കാനും കൂട്ടിചേർക്കാനും നവീകരിക്കാനും കവി നമ്മളെ ബാധ്യതപ്പെടുത്തുന്നു.

പൂക്കളുടെ സുഗന്ധം കാറ്റിനെതിരല്ല എന്ന കവിത വൈജ്ഞാനിക ഉണർവിനാൽ സാധ്യമാവുന്ന അതിജീവനത്തെ അടയാളമാക്കുന്നു. നിലവിലെ സാംസ്ക്കാരിക-സാമൂഹ്യഭൂപടത്തിൽ നിന്നും പുറത്താക്കപ്പെട്ട അപ്രത്യക്ഷസ്ഥലങ്ങളെ ഓർമ കൊണ്ടും ചരിത്രാവബോധം കൊണ്ടും പുനർനിർമിക്കുന്ന കരുത്തുറ്റ രാഷ്ട്രീയമാണ് ഈ കവിതയുടെ കാതൽ. പൂർവികജ്ഞാന ധാരകളെ ആശ്ചര്യത്താലും നിർവൃതിയാലും ഉൾക്കൊള്ളുന്നതാണ് കവിതയിൽ സൂചിതമായ ജലക്കണ്ണുകൾ.

"ഞാനും നീയും

പണ്ടെങ്ങോ

അടിമകളാക്കപ്പെട്ടവരുടെ ചിതൽപ്പുറ്റുകളിൽ നിന്ന്്

മണ്ണടർന്നു ചേർന്ന

അനേകായിരം ഉപ്പുകണ്ടങ്ങൾ

ചരിത്രം പിഴുത്കൊണ്ട് പോയതിനാൽ

കടലേത് കരയേത് എന്നറിയത്തവരുടെ ജലക്കണ്ണുകൾ'

അടിമകളാക്കപ്പെട്ടവരുടെ വിമോചനത്തിനായുള്ള കരച്ചിലോ ഇരവാദമോ എടുത്തുവയ്ക്കാതെ പോയകാല ഉണർവിനെ ഓർമയുടെ ഭൂഖണ്ഡത്തിൽ നിന്നും ജ്വലിപ്പിച്ചെടുത്ത് പകരം വയ്ക്കുന്നത് ശ്രദ്ധേയമാണ്.

പാരസ്പര്യം ചേരുന്ന സംവാദലോകം ഈ കവിതയിലും തെളിയുന്നു. കീഴാള ലോകത്തിന്റെ ഉണർച്ചകളെല്ലാം ഏതെങ്കിലും വിഭാഗത്തിനെതിയായുള്ള പടയൊരുക്കങ്ങളല്ല, മറിച്ച് സാഹോദര്യത്തിന്റേതാണെന്ന് കവിത പ്രഖ്യാപിക്കുന്നുണ്ട്. "മരുഭൂമിയിൽ സൂര്യന്റെ സുഗന്ധമുള്ള പൂക്കൾ വിരിയും പൂക്കളുടെ സുഗന്ധം കാറ്റിനെതിരല്ല' എതിരായി മാത്രം ദലിത് ചിന്താപദ്ധതികൾ തറഞ്ഞു നിൽക്കുന്ന ഘട്ടത്തെ മറികടന്ന് പോവാൻ പ്രാപ്തിയും കരുത്തുമുള്ളതാണ് സതിയുടെ പല കവിതകളും.





വറുതിയുടെ കാലങ്ങളെ മറികടക്കാൻ ഉൾച്ചേർത്ത സഹനത്തെയും, അത്തരം കാലത്തിലെ നട്ടം തിരിയലുകളിൽനിന്നും ഉരുത്തിരിച്ചെടുത്ത അതിജീവന ജ്ഞാനത്തേയും അടയാളമാക്കുന്നതാണ് "തറ പറ പന' എന്ന കവിതയും. എഴുതപ്പെട്ട വാക്കിനാലുണ്ടായി വരുന്ന തളിർപ്പുകൾ ശരീരാധ്വാനത്താൽ ഉൽപ്പാദിപ്പിക്കുന്ന കാർഷിക ഉൽപ്പങ്ങൾ ഉണ്ടാക്കുതിനേക്കാൾ വിശാല ലോകത്തെ തങ്ങൾക്ക് പ്രദാനം ചെയ്യുമെന്ന് കവി പ്രത്യാശിക്കുന്നു. ഓർമകളിലൂടെ അമ്മയമ്മൂമ്മമാരുടെ അറിവോർമകളെ കവിത ചേർത്തെടുക്കുന്നു. എതിരുകളിൽ തറഞ്ഞു നിന്നതിനെ വഴിതെളിച്ച്, വിത്തെറിഞ്ഞ് കൂടെ കൂട്ടുന്നു. അവരെയെല്ലാം സൂര്യനും പൂക്കൾക്കുമിടയിൽ വെച്ച് ജ്ഞാനസ്നാനം ചെയ്ത് പുതിയൊരു ലോകത്തെ മെനഞ്ഞെടുക്കാൻ പ്രാപ്തമാക്കുന്നു.

"കണ്ണടച്ചാൽ ഓർമകളുടെ ചില്ലകൾക്ക് തീപിടിക്കുന്നു

ഞാനെഴുതിപ്പഠിച്ച മണ്ണേ,

ഞങ്ങടെ കൂടെയുണ്ടാവുക.

ഞാൻ എഴുതിപ്പഠിച്ച വാക്കേ

നിന്നെ

ദൈവമെന്നറിയുന്നു.

ദൈവമെന്നു തിരുത്തുന്നു.

വരണ്ടു പോയതെല്ലാം

ഉണർന്ന്

ഉലഞ്ഞ്

തളിർക്കുന്നുണ്ട്.

അറിവായും

അറിവിനായും

ഈ ജന്മത്തറ'

എന്ന് ജീവിതത്തിന് മേൽ അഗാധമായ പ്രതീക്ഷയർപ്പിക്കുന്നു. വർത്തമാനകാലത്തിന്റെ പ്രതീക്ഷകൾ പ്രത്യക്ഷമാവുന്നത് മരുഭൂമിയിൽ സൂര്യന്റെ സുഗന്ധമുള്ള പൂക്കൾ വിരിയിച്ചു കൊണ്ടാണ്. മനുഷ്യരോടും ലോകത്തോടുമുള്ള അതിഗാഢമായ വിശ്വാസവും സ്നേഹവും ഈ വരികളെ ലോകോത്തര സാഹിത്യത്തിന്റെ നിലവാരത്തിലേയ്ക്കുയർത്തുന്നു. സ്ത്രീയെന്നോ ദലിതെന്നോ ജാതിയെന്നോ മതമെന്നോ, ദേശമെന്നോ പ്രദേശമെന്നോ അതൊരിടത്തും ആശങ്കപ്പെടുന്നില്ല. എല്ലാ അതിരുകളെയും മായ്ച്ചു കളയാൻ ശക്തിയുള്ള മനുഷ്യഭാവനയുടെ ഏറ്റവും ഉയർന്നതും ഉദാത്തവുമായ പറഞ്ഞു വയ്ക്കലാണത്.

"കൊന്നാലും പരാജയപ്പെടാൻ

ഞാൻ തയ്യാറല്ല

ജ്വലിച്ചും ജ്വലിപ്പിച്ചും

വരച്ചും രചിച്ചും

വഴികാട്ടിയും ബോധം ചുരത്തുന്ന വാക്കുകളുടെ

രാജ്യമാവും ഞാൻ.'

കടലുകൾ ഇരമ്പുന്നുണ്ട് എന്ന ഈ കവിതയിൽ നിറയുന്ന കരുത്ത് കൊന്നൊടുക്കപ്പെട്ടവരുടെ ചോരയിൽ ചവിട്ടി നിന്നാണ് അത് പിറവി കൊള്ളുന്നത് എന്നതാണ്. അതിനെ ചിഹ്നപരമായി സ്ഥാപിക്കാൻ എഴുത്തും വരയും സംഗീതവുമാണ് ദലിതർക്കുള്ളത്. സാംസ്കാരികാധിനിവേശത്തിന്റെ അടരുകളിലേയ്ക്ക് ഇറങ്ങി നിൽക്കാൻ പ്രാപ്തമായ എഴുത്തധികാരം അവർ സ്വായത്തമാക്കിയിട്ടുണ്ട് എന്ന പ്രഖ്യാപനം കൂടിയാണ് ഈ കവിത.

"വഴി തെളിച്ചും വിത്തെറിഞ്ഞും

സൂര്യനെ കിഴക്കുദിപ്പിച്ചവർ

കുന്നുകളിൽ നിന്നും

വയലുകളിൽ നിന്നും

സ്വന്തം ഇലപ്പച്ചകളുടെ

കനലോർമകളിൽ

ചുരമിറങ്ങുന്നുണ്ട്.'


എന്നു പറയുമ്പോൾ സമുദായ സന്നിഗ്ദ്ധതകളെ ആഴത്തിലുൾക്കൊള്ളുന്ന അവബോധമാണ് നമുക്ക് കാണാനാവുന്നത്. ജാതി- സവർണോന്മുഖമായ ലോകബോധത്തെ, ഏകസ്വരതയെ തീവ്രമായി ഭിന്നിപ്പിക്കാനും, പീഡിതമായ ഒരു ജനതയുടെ ആഭ്യന്തരത്തെ അഭിമുഖികരിച്ചു കൊണ്ട് അവരുൾക്കൊണ്ട പ്രപഞ്ചാവബോധത്തെ, സ്വന്തം സാംസ്ക്കാരിക മൂല്യത്തെ, കർതൃത്വത്തെ ഒക്കെ സ്ഥാപിക്കാൻ കവിയ്ക്ക് കഴിയുന്നുണ്ട്. അതിനായി കിണ്ണം കൊട്ടി മുന്നേനടക്കുന്ന ബോധത്തെ ഉയിർത്തെഴുന്നേൽപായി കാണുന്നു.


ഒരുമിക്കാമെന്നോ ചിതറാമെന്നോ അല്ല എന്ന കവിതയിൽ


"നീ നട്ട വാക്കിന്റെ

നേരു പൂക്കുമ്പോൾ

സ്വന്തം മരണത്തിൽ നിന്നുപോലും

ജ്വലിച്ചുണർന്ന്

ജീവിതം തരാത്തതൊക്കെ

ഞാൻ ഭാവന കൊണ്ട് ഭോഗിച്ചെടുക്കും.

പറയുന്നത്

എന്താണെുന്ന വച്ചാൽ

നീതി എന്നത്

എന്റെ മാനമാകും.

ഈ ലോകമെന്നെ പിൻതുടരും'


സ്ത്രീകൾ ലജ്ജാവതികളായിരിക്കണം എന്ന പുരുഷകാമനയെ നമ്മുടെ സിനിമകളും സാഹിത്യവും നിരവധിയായി നിറച്ചുവച്ചിട്ടുണ്ട്.


നാണിച്ച് നാണിച്ച് നഖം കടിക്കുന്നവരും നാണാധിക്യത്താൽ കാൽവിരലുകളാൽ കളംവരയ്ക്കുന്നവരും, പാരവശ്യത്താൽ മുഖമുയർത്താത്തവരും ഒക്കെയായി പുരുഷകേന്ദ്രീകൃത ഭാവനകളിൽ സ്ത്രീകൾ മെരുക്കപ്പെട്ടിട്ടുണ്ട്.


മേൽസൂചിപ്പിച്ച കവിതയിലെ

"ഒരാഗ്രഹത്തിൽ തുളുമ്പിപ്പോയേക്കാവുന്ന നിന്നെ

നിറച്ചു നിറച്ച് ഞാൻ

ലജ്ജ കൊണ്ടല്ലാതെ വിറകൊള്ളുന്നു.'


"ലജ്ജ കൊണ്ടല്ലാതെ വിറകൊള്ളുന്നു' എന്ന വാക്യംതന്നെ ആണധികാര ഭാവനകൾക്കുമേൽ ബോധപൂർവം നൽകുന്ന പ്രഹരമാകുന്നത് ശ്രദ്ധേയമാണ്. ലോകത്തെ തങ്ങളിലേക്ക് വലിച്ചടുപ്പിച്ച് ആസ്വദിച്ചെടുക്കാനുള്ള സ്ത്രീയുടെ അധികശേഷിയെ കവിത ധ്വനിപ്പിക്കുന്നുണ്ട്.


"സ്വന്തം മരണത്തിൽ നിന്നുപോലും

ജ്വലിച്ചുണർന്ന്

ജീവിതം തരാത്തതൊക്കെ

ഞാൻ ഭാവന കൊണ്ട് ഭോഗിച്ചെടുക്കും.'


വസ്തുലോകത്തു നടക്കുന്നതു മാത്രമല്ല ജീവിതം. മനുഷ്യർ കൂടുതൽ ജീവിക്കുന്നത് വസ്തുലോകത്തേക്കാൾ, ഭാവനാ ലോകത്തുതന്നെയാണ്. ഭാവനാ ലോകത്ത് "അതിരുവിട്ട' ജീവിതത്തിൽ അവരെല്ലാം വസ്തുലോകത്തേക്കാൾ സമ്പന്നരും സന്തുഷ്ടരുമാണ്. അവിടെ സ്വാസ്ഥ്യവും സുഖഭോഗങ്ങളും വർഗഭേദമില്ലാതെ ആർക്കും ലഭ്യമാണ്. ജന്മംചേർത്തു വെച്ച പരിമിതികളിൽ കെട്ടിനിൽക്കാത്ത ഭാവനാത്മകതയുടെ തുറസ്സുകൾ പ്രധാനം ചെയ്യുന്നതാണ് സതിയുടെ കവിതകൾ. രാഷ്ട്രീയവും സമരവും പ്രണയവും ലൈംഗികതയും അതിനെല്ലാമുപരി മനുഷ്യന് മനുഷ്യനോട് തോന്നുന്ന പ്രാകൃതമായ (പ്രകൃതിജന്യമായ) ആത്മീയതയും ചേർന്ന് ഇവിടെ മറ്റൊരു ജീവിതം സാധ്യമാക്കുന്നുണ്ട്. പരാജയഭീതിയോ, വിജയാഹ്ലാദങ്ങളുമല്ലാതെ ഇതിന്റെ അകമേ സഞ്ചരിക്കുന്ന ചില ബോധ്യങ്ങളും തിരിച്ചറിവുകളും സതിയുടെ എഴുത്തിനെ വളരെ ഗൗരവപൂർവം വായിക്കേണ്ടതുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നു.


വ്യക്തിവാദ നിലപാട് ഒതുങ്ങിയ ഒരു നോട്ടമാണ്. അതിനു സമൂഹത്തെയും ചരിത്രത്തെയും ഉൾക്കൊള്ളാൻ കഴിയില്ല. ആ നിലപാടിൽ നിന്നുകൊണ്ടല്ല പുതിയ സംവാദങ്ങളെ നമ്മൾ നിർമിച്ചെടുക്കേണ്ടത്. "നമ്മൾ പരസ്പരം നോക്കുന്നവർ ആവുക എന്ന് ബെൽഹുക്സ് എന്ന ആഫ്രോഅമേരിക്കൻ എഴുത്തുകാരി പറയുന്നുണ്ട്. അത്തരം പരസ്പര നോട്ടത്തിന്റെ സാധ്യതകൾ നിറഞ്ഞതാണ് ഇൗ സമാഹാരത്തിലെ കവിതകൾ. രോദനങ്ങളും തിരോധാനങ്ങളുമല്ല സംവാദങ്ങളും സന്നിഹിതമാവലുമാണ് സതി അങ്കമാലിയുടെ കവിതകളുടെ മുഖമുദ്ര. സ്ത്രീ അവകാശങ്ങളുടെ മാത്രമല്ല മനുഷ്യ അന്തസ്സിനായുള്ള ഇക്കാലത്തുണ്ടായ പോരാട്ടങ്ങളിലെല്ലാം ആർജവത്തോട മുന്നിൽ നിന്നിട്ടുള്ളത് ദലിത്/ആദിവാസി/ബഹുജൻ സ്ത്രീകളാണ്. അവർ മുന്നോട്ടുവച്ച സമരരൂപങ്ങളാണ് പുതിയ കാലത്തിന്റെ പ്രതിരോധങ്ങളും പ്രത്യാശകളും. ഞങ്ങളിലൊക്കെയല്ലാ, നിങ്ങളിലൊക്കെ ചില മനുഷ്യവിരുദ്ധമായ കേവലാശയങ്ങൾ കുടികൊണ്ടേയിരിക്കുന്നെ് "മുഖ്യധാരയെ?' ചൂണ്ടിപ്പറയുമ്പോൾ ചിന്താ മണ്ഡലങ്ങളിൽ വലിയ അങ്കലാപ്പുകൾതന്നെ രൂപംകൊള്ളുന്നുണ്ട്. അത്തരം ചൂണ്ടിപ്പറയലുകൾക്ക് അക്ഷരമാകാൻ നിർമിച്ചെടുത്ത സർഗപരതകളാണ് സതി അങ്കമാലിയുടെ കവിതകൾ. ഒപ്പം തങ്ങളെത്താൻ വീണ്ടെടുക്കുന്നതിനായുള്ള അക്ഷര നിർമിതികളും.






TAGS :