Quantcast
MediaOne Logo

നിയാസ് ബക്കര്‍

Published: 19 July 2022 1:33 PM GMT

മറിമായക്കളരിയില്‍..

അന്തരിച്ച നടന്‍ ഖാലിദ് (മറിമായം സുമേഷ്) നെ അനുസ്മരിച്ച് എഴുതിയ കവിത.

മറിമായക്കളരിയില്‍..
X
Listen to this Article

അധികമായൊന്നുമേ തന്നതില്ല.

അത്ഭുതങ്ങളൊന്നുമേ ചെയ്തുമില്ല.

സൗഹൃദത്തിന്നധികാരം കാട്ടിയില്ല.

ഗുരോ എങ്കിലുമീ വേര്‍പാട് സഹിക്കാവതല്ല.

കളങ്കമെഴാത്തൊരാ പുഞ്ചിരിയും.

ഈണം മുറിയാത്ത പാട്ടുകളും.

തീക്ഷ്ണതയേറും അനുഭവവും.

ഓര്‍ക്കുവാനാകില്ല മറക്കുവാനും.

പൊലിഞ്ഞുപോയപ്പോഴല്ലോ നിന്‍-

തിരിനാളത്തിന്‍ സാന്നിദ്ധ്യമത്രമേല്‍

പ്രകാശപൂരിതമാണെന്നറിഞ്ഞതും.

കലയുടെ കളിത്തട്ടിലഞ്ചു-

പതിറ്റാണ്ടിലേറെയായ്

വിവിധ വേഷങ്ങളാടിത്തിമര്‍ത്തും

മായമില്ലാത്തൊരഭിനയമികവിന്റെ

മറിമായം തീര്‍ത്തുമീയരങ്ങൊഴിഞ്ഞു

പോകവേ

ചുടുകണ്ണീര്‍ പൊഴിച്ചെത്ര കാണികള്‍,

താരങ്ങള്‍, സൗഹൃദങ്ങള്‍.

വെള്ള പുതച്ചു കിടക്കും ചേതനയറ്റൊരാ ദേഹത്തിന്നരികെയിരിക്കെ

തമസ്സിന്‍ വ്യാപ്തി കനക്കുന്നു കണ്‍കളില്‍.

ഇതുപോലൊരുനാള്‍ ഞങ്ങളും

മരണത്തിന്‍ വരണമാല്യം ചാര്‍ത്തും വരേയും.

കലയുടെ കളിത്തട്ടില്‍ നിറഞ്ഞാടുവാന്‍ ഗുരോ

കളങ്കമെഴാത്തൊരാ പുഞ്ചിരിയായ്.

ഈണം മുറിയാത്ത പാട്ടുകളായ്.

തീക്ഷണതയേറും അനുഭവങ്ങളായ്

ഒരു നറു വെട്ടമായ് ഉയിര്‍ക്കൂ ഞങ്ങളില്‍

ഇനിയും മങ്ങാതെ നില്‍ക്കട്ടെയീ മറിമായക്കളരിയില്‍..


TAGS :