Quantcast
MediaOne Logo

റഫീക്ക് പട്ടേരി

Published: 15 April 2022 11:22 AM GMT

വാമനന്‍

വാമനന്‍ | കഥ | റഫീക്ക് പട്ടേരി

വാമനന്‍
X
Listen to this Article

ചാറ്റല്‍ മഴയിലൂടെ വിജനമായ നീണ്ടു കിടക്കുന്ന റോഡിലൂടെ കാറ് മുന്നോട്ട് പോകുകയാണ്. കാറിന്റെ ചില്ലില്‍ നിന്നും താഴോട്ട് ഒലിച്ചിറങ്ങുന്ന ജലകണങ്ങളെ ഒരിടവേള നല്‍കി കൊണ്ട് വൈപ്പര്‍ തട്ടിക്കളയുന്നു. ഡ്രൈവ് ചെയ്ത് കൊണ്ടിരിക്കേ സുനില്‍ എന്തൊക്കെയോ സംസാരിച്ച് കൊണ്ടിരിക്കുന്നുണ്ട്. കുറച്ച് ദിവസമേ ആയിട്ടുള്ളു സുനില്‍ ഡ്രൈവറായി എത്തിയിട്ട്. സുനില്‍ അങ്ങിനെയാണ്, സംസാര പ്രിയനാണ്. ചില യാത്രകളില്‍ മൗനം വാമനനെ ആഴത്തില്‍ സ്പര്‍ശിക്കാറുണ്ട്. അതിന്റെ ആവരണത്തിനകത്ത് ഒരു പ്രപഞ്ചം തീര്‍ത്തങ്ങനെ ഇരിക്കും. അപ്പോള്‍ അയാളുടെ ചിന്തകള്‍ കനമില്ലാതെ പാറി നടക്കും. അയാളുടെ സ്വപ്നങ്ങള്‍ വികാസം പ്രാപിക്കും. ചുറ്റുമുള്ള കാഴ്ചകളെല്ലാം മങ്ങും. അവിടെ മറെറാരു പ്രപഞ്ചം ഉയിര്‍ക്കും.

നനഞ്ഞ് കുതിര്‍ന്ന പ്രകൃതിയുടെ ആലസ്യം വാമനന്‍ കണ്ടു. റോഡിനിരുഭാഗവും കാടാണ്. നടുവിലൂടെ നീണ്ട് കിടക്കുന്ന നനഞ്ഞ ടാര്‍ റോഡ്. അത് കുറച്ച് ദൂരം മാത്രമേ കാണാന്‍ കഴിയുന്നുള്ളു. മഴ കനത്തപ്പോള്‍ ഒരു പരിധിക്കപ്പുറം മഴനൂലുകളില്‍ എല്ലാം അവ്യക്തമാണ്. സുനില്‍ പതുക്കെയാണ് വണ്ടി ഓടിച്ചിരുന്നത്.

''ഇങ്ങനെ പോയാല്‍ സമയം കുറേ എടുക്കും'' സുനില്‍ പറഞ്ഞു. അത് വാമനന്‍ കേട്ടോ എന്ന് സംശയമാണ്. കാരണം വാമനന്റെ ചിന്തകള്‍ എപ്പഴോ ചുരമിറങ്ങിയിരുന്നു.

നീണ്ട വഴിക്കപ്പുറം തല ഉയര്‍ത്തി നില്‍ക്കുന്ന കാവുംപുറം മനയുടെ ആകാരഭംഗി നോക്കി ബട്ടന്‍ പൊട്ടിയ ട്രൗസര്‍ ഒന്ന് കൂടി അരയില്‍ കുത്തി തിരുകി മരത്തില്‍ തീര്‍ത്ത ഗേറ്റിന്റെ അഴികള്‍ക്കിടയിലൂടെ വാമനന്‍ നോക്കി. വാമനന്റെ ദൃഷ്ടിപഥത്തിലേക്ക് ധൃതിയില്‍ അമ്മ ഓടി വന്നു. മുഷിഞ്ഞ മുണ്ടും ജാക്കറ്റുമായിരുന്നു അമ്മയുടെ വേഷം. നെഞ്ചില്‍ ഇലയില്‍ പൊതിഞ്ഞ ചോറ് ചേര്‍ത്ത് പിടിച്ച് വാമാനന്റെ അടുത്ത് വന്ന് ആ പൊതിച്ചോറ് അവന് നല്‍കി. കരിപുരണ്ട കൈ കൊണ്ട് വാമനനെ ഒന്ന് തലോടി. ലോകം പിടിച്ചടക്കിയ രാജാവിന്റെ ഭാവത്തോടെ ആ അമ്മ തന്റെ ഏഴ് വയസുകാരന്‍ മകനെ നോക്കി അമ്മയുടെ കണ്ണുകള്‍ പ്രകാശമയമായി.

പൊതിച്ചോറ് പുസ്തകങ്ങള്‍ക്കൊപ്പം ചേര്‍ത്ത് പിടിച്ച് വാമനന്‍ നടന്നു. നടക്കുമ്പോള്‍ വാമനന്‍ പതുക്കെ ഒരു മന്ത്രം പോലെ ഉരുവിട്ടു. ഒരു മൂന്ന് മൂന്ന്. ഇരു മൂന്ന് ആറ്. മൂന്ന് മൂന്ന് ഒമ്പത്....

പെട്ടന്നു ഒരു കനത്ത ശബ്ദത്തിനൊപ്പം വണ്ടി ആടി ഉലഞ്ഞു നിന്നു. ഒന്നും കാണാന്‍ കഴിയുന്നില്ല. ചുറ്റും കട്ട പിടിച്ച പുകയായിരുന്നു. കണ്ണില്‍ നനവ് പടരുന്നതറിഞ്ഞ വാമനന്‍ കൈ കൊണ്ട് തൊട്ടു നോക്കി. നെറ്റി പൊട്ടി രക്തം ഒലിക്കുകയാണ്. സുനില്‍ തൊണ്ട വരണ്ട് സീറ്റില്‍ പകച്ചിരിക്കുകയാണ്. പുകയിലൂടെ ആരൊക്കെയോ നടന്നു വരുന്നുണ്ട്. ഒന്നും വ്യക്തമല്ല.


അമ്മ പതുക്കെ നെറ്റിയില്‍ തലോടി. നനഞ്ഞ തുണി നെറ്റിയില്‍ ഇട്ടു. വായില്‍ കയ്പ്പ് നിറയുകയും ഉറക്കെ ഛര്‍ദിക്കുകയും ചെയ്തു. അമ്മയുടെ കൈകളുടെ സുരക്ഷിതത്വത്തില്‍ വാമന്‍ വീണ്ടും ഉറക്കത്തിലേക്ക് നീങ്ങി.

ഒരു ഞെട്ടലോട് കൂടി വാമനന്‍ കണ്ണുതുറന്നു. ചുറ്റും നോക്കി ഏതോ പഴയ പ്രവര്‍ത്തനരഹിതമായ ഗോഡൗണ്‍ ആണ്. ഇരിക്കുന്ന കസേരയോട് ചേര്‍ത്ത് തന്നെ ബന്ധിച്ചിരിക്കുകയാണ്. വാമനന്‍ ഒന്നിളകാന്‍ ശ്രമിച്ചു. പക്ഷേ കഴിഞ്ഞില്ല. പെട്ടന്നാണ് സുനിലിനെ ഓര്‍മ വന്നത്. അവന്‍ എവിടെ?

'സുനില്‍ ....' വാമനന്‍ വിളിച്ചു.

മറുപടി ഉണ്ടായില്ല. പകരം അങ്ങോട്ട് ഒരാള്‍ നടന്ന് വരുന്നത് വാമനന്‍ കണ്ടു. അത് ഒരു ചെറുപ്പക്കാരനായിരുന്നു.

'ഇത് എവിടെയാ? എന്തിനാ എന്നെ കെട്ടിയിട്ടിരിക്കുന്നത്? സുനില്‍ എവിടെ?' വാമനന്‍ തുടര്‍ച്ചയായി ചോദിച്ചു.

അതിന് ചെറുപ്പക്കാരന്‍ മറുപടി പറഞ്ഞില്ല. അവന്‍ വാമനന്റെ നെറ്റിയിലെ മുറിവ് വെച്ചു കെട്ടി. വാമനന്റെ വായിലേക്ക് കുറച്ച് വെള്ളം ഒഴിച്ച് കൊടുത്തു.

'നിങ്ങളാരാ? നിങ്ങള്‍ക്കെന്താ വേണ്ടത്?' വാമനന്‍ വീണ്ടും ചോദിച്ചു.

അതിനും ചെറുപ്പക്കാരന്‍ മറുപടി പറഞ്ഞില്ല. അവന്‍ കുറച്ചപ്പുറത്ത് മാറി ഇരുന്ന് ഒരു പുസ്തകം വായിക്കാന്‍ തുടങ്ങി. വാമനന്‍ ആ പുസ്തകത്തിന്റെ പേര് നോക്കി.

മാര്‍കേസിന്റെ ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍ എന്ന പുസ്തകമായിരുന്നു അത്.

'സുഹൃത്തേ എനിക്കൊന്നും മനസ്സിലാകുന്നില്ല. എന്താണിതെല്ലാം? എന്നെ ഉപദ്രവിച്ചോണ്ട് നിങ്ങള്‍ക്കെന്താ നേട്ടം?' വാമനന്‍ ചോദിച്ചു.

ആര്‍ക്കും ഒന്നും മനസ്സിലാക്കിയില്ല. ഞങ്ങളുടെ കുഞ്ഞുങ്ങളെയും ഭാര്യമാരേയും ക്രൂരമായി അവര്‍ പീഡിപ്പിച്ചു. അധികാരമുള്ളത് കൊണ്ട് അവരോട് ആരും ഒന്നും ചോദിച്ചില്ല. അപ്പോള്‍ ഞങ്ങള്‍ നിയമം നടപ്പാക്കി അപ്പോള്‍ ഞങ്ങള്‍ തീവ്രവാദികളായി.... ഞങ്ങള്‍ നിയമം കയ്യിലെടുത്തവരാണ്. ചെറുപ്പക്കാരന്‍ ഒരു വികാരവും പ്രകടിപ്പിക്കാതെ പറഞ്ഞു.

ശേഷം ചെറുപ്പക്കാരന്‍ പുസ്തകത്തിലേക്ക് തിരിച്ച് പോയി.

വരണ്ട ചുണ്ട് നനക്കാന്‍ ശ്രമിച്ച് വാമനന്‍ ചോദിച്ചു:''എനിക്ക് അല്‍പം കൂടീ വെള്ളം തരുമോ?''

സുനില്‍ വാട്ടര്‍ബോട്ടില്‍ വാമനനു നേരെ നീട്ടി. ഒന്നും മനസ്സിലാകാതെ വാമനന്‍ ചുറ്റും പകച്ചു നോക്കി. 'അവരെവിടെ ....?'' വാമന്‍ ഒരു തരം വിറയലോടെ സുനിലിനോട് ചോദിച്ചു.

'ആര് ....?' സുനില്‍ ഒന്നും മനസ്സിലാകാതെ തിരിച്ച് ചോദിച്ചു. പിന്നെ തുടര്‍ന്ന് പറഞ്ഞു: 'നമ്മള്‍ ചുരമിറങ്ങി'

എല്ലാം സ്വപ്നമായിരുന്നു എന്ന് തിരിച്ചറിഞ്ഞ വാമനന്‍ പതുക്കെ ചിരിച്ചു. അല്‍പം വെള്ളം കുടിച്ച് ബോട്ടില്‍ തിരിച്ചു നല്‍കി.

വീണ്ടും കാര്‍ മുന്നോട്ട് നീങ്ങി.

പ്രൗഡിയുള്ള കാവുംപുറം മനയുടെ വിശാലമായ മുറ്റത്ത് കാറ് നിന്നു. വാമനന്‍ പുറത്തിറങ്ങി ചുറ്റും നോക്കി.

കുറച്ചപ്പുറം മാറി കുളപ്പടവുകള്‍ക്കിപ്പുറമാണ് അമ്മയുടെ നിര്‍ജീവമായ ശരീരം കിടന്നിരുന്നത്.

സുനിലെന്തോ പറഞ്ഞു. അവിടെ ഓര്‍മ്മ മുറിഞ്ഞു. വാമനന്‍ സുനിലിനെ നോക്കി. സുനില്‍ കാവുംപുറം മനയുടെ ആകാരഭംഗിയില്‍ അല്‍ഭുതപ്പെട്ട് നില്‍ക്കുകയാണ്.

കുളത്തിന്റെ ഭാഗത്തേക്ക് ചൂണ്ടി വാമനന്‍ പറഞ്ഞു: ''അവിടെയാ എന്റെ അമ്മ മരിച്ചു കിടന്നിരുന്നത്.'' വാമന്റെ ജലസാന്ദ്രമായ കണ്ണുകളില്‍ ഒരു പ്രകാശം മിന്നി അമര്‍ന്നു.

സുനില്‍ ഒന്നും പറയാതെ ആ ഭാഗത്തേക്ക് നിന്നു.

'ഞാനൊരിക്കലും തോല്‍ക്കാതിരിക്കാനാകാം എന്റെ അമ്മ എനിക്ക് വാമനന്‍ എന്ന് പേരിട്ടത്. അമ്മയുടെ കാല്‍പാടുകള്‍ പതിഞ്ഞ ഈ മണ്ണ്, അമ്മയുടെ ഗന്ധമുള്ള ഇവിടത്തെ അടുക്കള ലോകത്ത് മറ്റെന്തിനേക്കാളും ഞാന്‍ സ്വന്തമാക്കാന്‍ ആഗ്രഹിച്ചതാണിത്. ഇപ്പോള്‍ ഇത് എന്റെതാണ്...! എന്റെത് മാത്രം ...'

വാമനന്‍ പതുക്കേ മുന്നോട്ട് നടന്നു. ഉമ്മറപ്പടിയില്‍ ഇരുന്നു. ദീര്‍ഘനിശ്വാസത്തോട് കൂടീ അയാള്‍ അവിടെ മലര്‍ന്നു കിടന്നു.

സുനില്‍ വിശാലമായ പറമ്പിലേക്ക് അതിന്റെ ജീവചൈതന്യത്തിലേക്ക് നടന്നു. നഗരത്തിന്റെ അനന്തമായ ഒഴുക്ക് നഷ്ടപ്പെട്ട് നിശ്ചലമായ ഒരു ലോകത്ത് എത്തിയത് പോലെ. കരിയിലയിലൂടെ ഇഴഞ്ഞ് പോകുന്ന ഒരു സര്‍പ്പത്തെ കണ്ട സുനില്‍ തിരിഞ്ഞോടി. അവന്റെ രോമങ്ങള്‍ എഴുന്നേറ്റിരുന്നു. കനത്ത കിതപ്പോട് കുടി വാമനന്‍ കിടക്കുന്നതിനടുത്തെത്തി സുനില്‍ പ ഞ്ഞു: 'അവിടെ... അവിടെ ഒരു പാമ്പ് ...'' വാമനന്‍ മറുപടി പറഞ്ഞില്ല.

സുനില്‍ വാമനനെ നോക്കി. വാമനന്‍ നിശ്ചലനായി കിടക്കുകയാണ്. സുനില്‍ വാമനന്റെ കുറേ കൂടി അടുത്തേക്ക് നീങ്ങി. വാമനന്‍ അനക്കമറ്റ് കിടന്നു. സുനില്‍ സൂക്ഷിച്ച് നോക്കി. വാമനന്റെ വായില്‍ നിന്ന് നൂല്‍ പോലെ രക്തം ഒലിച്ചിറങ്ങി കഴുത്തിനടുത്ത് തളം കെട്ടിക്കിടന്നിരുന്നു.

ഈ സമയം മനയുടെ പുറക് വശത്ത് നിന്ന് ഒരാള്‍ നടന്ന് വന്ന് സുനിലിനോട് ചോദിച്ചു: 'ആരാ ? എന്താ കാര്യം ... ?'

സുനില്‍ വിക്കി : ''അത് ...ഞാന്‍...!'

'ഇത് വില്‍ക്കാനിട്ടിരിയ്ക്കയാണ്. സ്ഥലം നോക്കാന്‍ വന്നവരാണൊ?' അയാള്‍ ചോദിച്ചു.

സുനില്‍ എന്ത് പറയണമെന്നറിയാതെ സ്തംഭിച്ചു നിന്നു.

കനത്ത ശബ്ദം പുറപ്പെടുവിച്ച് ഒരു പക്ഷി പറന്നകലുന്നതിന്റെ ചിറകടി ശബ്ദം സുനിലിന്റെ കാതില്‍ പതിച്ചു. യാഥാര്‍ഥ്യത്തിനും മിഥ്യയ്ക്കുമിടക്ക് സുനില്‍ പ്രജ്ഞയറ്റ് നിന്നു.

ചിത്രീകരണം: ശമീല

TAGS :