Quantcast
MediaOne Logo

റീന വി.ആർ

Published: 1 Jun 2022 4:24 PM GMT

ആവശ്യത്തിന് അല്‍പം മടിയും ആകാം; മുടിയാതെ നോക്കണം

മടി ചിലപ്പോള്‍ ആരോഗ്യകരവും കൂടുതല്‍ ശാന്തവുമായ ജീവിതത്തിലേക്ക് നയിക്കും. വിഷമകരമായ കാര്യങ്ങള്‍ ചെയ്യുന്നതിനുള്ള എളുപ്പവഴികള്‍ പലപ്പോഴും കണ്ടുപിടിക്കുന്നത് മടിയന്‍മാരാണ്. അലസതയാണ് പല കണ്ടുപിടിത്തങ്ങളുടെയും ഉറവിടം. മടി/അലസത നവീകരണത്തിന്റെ മാതൃരൂപമാണ് എന്ന് വേണമെങ്കില്‍ പറയാം.

ആവശ്യത്തിന് അല്‍പം മടിയും ആകാം; മുടിയാതെ നോക്കണം
X
Listen to this Article

മടി പിടിച്ചിരിക്കാന്‍ ഇഷ്ടപ്പെടാത്തവരില്ല. കുട്ടികളും മുതിര്‍ന്നവരുമെല്ലാം ഇക്കാര്യത്തില്‍ ഒരുപോലെയാണ്. മടി അത്ര മോശക്കാരനല്ല. അത് നല്ല ശീലവും ചീത്ത ശീലവുമായി മാറുന്നത് അതിന്റെ സന്ദര്‍ഭാനുസരണമാണ്. തിരക്കുള്ള, ചെയ്തുതീര്‍ക്കാന്‍ ധാരാളം ജോലിയുള്ള ഒരു ദിവസം മടി അത്ര നല്ല കാര്യമല്ല. എന്നാല്‍, അങ്ങിനെയല്ലാത്ത ദിവസങ്ങളില്‍ മടി ജീവിതത്തിന് വളരെ ആവശ്യവുമാണ്. ജീവിതത്തില്‍ അലസത/മടിപിടിച്ച ദിവസങ്ങള്‍ കൂടുകയും കാര്യങ്ങള്‍ നിര്‍വഹിക്കുന്നത് താളംതെറ്റുകയും ചെയ്താല്‍ അത്, പരിഹാരിക്കപ്പടേണ്ട അപകട സാധ്യതയുള്ള മടിയാണ്.

എന്നാല്‍, മല ചുമക്കാന്‍ മാത്രമുള്ളതല്ല മടി. അതിന് ചില പോസിറ്റീവ് വശങ്ങളുമുണ്ട്. മടി ചിലപ്പോള്‍ ആരോഗ്യകരവും കൂടുതല്‍ ശാന്തവുമായ ജീവിതത്തിലേക്ക് നയിക്കും. വിഷമകരമായ കാര്യങ്ങള്‍ ചെയ്യുന്നതിനുള്ള എളുപ്പവഴികള്‍ പലപ്പോഴും കണ്ടുപിടിക്കുന്നത് മടിയന്‍മാരാണ്. അലസതയാണ് പല കണ്ടുപിടിത്തങ്ങളുടെയും ഉറവിടം. മടി/അലസത നവീകരണത്തിന്റെ മാതൃരൂപമാണ് എന്ന് വേണമെങ്കില്‍ പറയാം. മടിയന്‍മാര്‍ അനാവശ്യ ജോലികള്‍ ഒഴിവാക്കി കുറച്ചു Input ഉപയോഗിച്ച് കൂടുതല്‍ Output നേടാനാണ് ശ്രമിക്കുക. ചെയ്തുതീര്‍ക്കേണ്ട കാര്യങ്ങളെ കുറിച്ച് മടിയുള്ളവര്‍ക്ക് അമിത ആശങ്കകളോ ആലോചനകളോ ഉണ്ടാകില്ല. അതുകൊണ്ട് തന്നെ ഇവരുടെ സ്ട്രെസ്സ് ലെവലും കുറവായിരിക്കും. മടിയുള്ളവര്‍ കൂടുതല്‍ ഇടവേളകള്‍ എടുക്കുന്നത് അവരുടെ ശരീരത്തിനും മനസ്സിനും കൂടുതല്‍ ഉന്മേഷം നല്‍കും. അതിനാല്‍ ചില അലസതകള്‍ മാനസികാരോഗ്യത്തിന് ഗുണകരമാകും. മടിപിടിച്ചിരിക്കുന്ന സമയങ്ങളില്‍ അലോസരപ്പെടുത്തുന്ന പ്രശ്‌നങ്ങള്‍ക്ക് പോംവഴി കണ്ടെത്താനുമാവും.


മടി കാരണം ജീവിതത്തിലെ പല പ്രശ്‌നങ്ങളില്‍നിന്നും ഒഴിഞ്ഞുമാറുകയോ സ്വയം പരിഹരിക്കപ്പെടുകയോ കാലഹരണപ്പെടുകയോ ചെയ്യും. ഇത് ഒരുതരത്തില്‍ ഒളിച്ചോട്ടമാണ്. ചിലപ്പോള്‍ വലിയ തിരിച്ചടികള്‍ക്കും ഇത് കാരണമായേക്കും. ജോലികള്‍ അവസാന നിമിഷം ചെയ്ത് തീര്‍ക്കുന്നവര്‍ അത് വളരെ തീവ്രതയോടെയും ഏകാഗ്രതയോടെയും ചെയ്യും. അതിലെ വെല്ലുവിളികള്‍ ആസ്വദിക്കുകയും ചെയ്യും. സങ്കീര്‍ണമായ ജോലികള്‍ ചെയ്യുന്നതിന് കുറുക്കുവഴി തേടുന്നവര്‍ എളുപ്പത്തില്‍ ജോലികള്‍ തീര്‍ക്കുന്നവരായി മാറും. മടിയുള്ളവരില്‍ ഭൂരിഭാഗവും താരതമ്യേന മിടുക്കരും കൂടുതല്‍ ബുദ്ധിയുള്ളവരുമായിരിക്കും. മടി മറ്റുള്ളവര്‍ കണ്‍മുന്നില്‍ കാണുന്നതാണ്. എന്നാല്‍, നിങ്ങള്‍ കാണുന്നയാളുടെ ആലോചനകള്‍ എത്രമേല്‍ സജീവവും ഉത്പാദനക്ഷമവുമാണെന്ന് തിരിച്ചറിയാനാകില്ല.

എന്നാല്‍, ഒരാള്‍ക്ക് മടിയുണ്ടാകുമ്പോള്‍ അത് എപ്പോഴും പോസിറ്റീവായ മടിയായിരിക്കണമെന്നില്ല. മടിയനായതിനാല്‍ താന്‍ ബുദ്ധിമാനാണ് എന്നത് സാധാരണ മടിയന്‍മാരുടെ ഒരു ന്യായവാദമാണ്. മടിയുളളവരുടെ ബുദ്ധിവാദം പക്ഷെ, ഒരു പൊതുതത്വമല്ല. അലസത ഒരു പ്രശ്‌നമല്ല, മറിച്ച് ഒരു ലക്ഷണമാണ്. അത് രോഗത്തിന്റെയോ മനോഭാവത്തിന്റെയോ ലക്ഷണമാകാം. സാധാരണ ആസ്വദിച്ചു ചെയ്യുന്ന കാര്യങ്ങളില്‍ പോലും താല്‍പര്യം നഷ്ടപ്പെട്ടതായോ ഊര്‍ജമോ ശ്രദ്ധയോ ഇല്ലാതായതായോ കണ്ടെത്തിയാല്‍ ഇത് ഏതെങ്കിലും രോഗലക്ഷണമാണോയെന്ന് പരിശോധിക്കണം. പല മാനസികാരോഗ്യ അവസ്ഥകളും അലസതയായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. പ്രേരണയുടെ (Motivation) അഭാവം, വിട്ടുമാറാത്ത ക്ഷീണം, സാമൂഹിക പിന്‍വലിയല്‍ തുടങ്ങിയവയാലോ വിഷാദം, ഉത്കണ്ഠ, സീസണല്‍ അഫക്റ്റീവ് ഡിസോര്‍ഡര്‍ (എസ്.എ.ഡി), ബൈപോളാര്‍, പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ (PTSD), അക്യൂട്ട് സ്‌ട്രെസ്സ് ഡിസോര്‍ഡര്‍ തുടങ്ങിയ രോഗവസ്ഥകളുടെ ഭാഗമായോ മടി/അലസത ഉണ്ടാകും. ഊര്‍ജ നിലകളിലെ മാറ്റത്തിന്റെ ഭാഗമായ നിഷ്‌കൃയത്വവും മടിയായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. ഉദാഹരണമായി വിളര്‍ച്ച, വിറ്റാമിന്‍ കുറവ്, തൈറോയ്ഡ് തകരാറുകള്‍, രക്തത്തിലെ പഞ്ചസാരക്കുറവ്, പ്രമേഹം, അഡിസണ്‍സ് രോഗം, വിട്ടുമാറാത്ത ക്ഷീണം സിന്‍ഡ്രോം, ഹൃദ്രോഗം, കാന്‍സര്‍ എന്നിവയൊക്കെ കാരണം ഊര്‍ജാവസ്ഥ മാറാം. അതിനാല്‍ അമിതമായ മടി തിരിച്ചറിഞ്ഞാല്‍ അതിലൊരു രോഗവസ്ഥ ഒളിഞ്ഞിരിപ്പുണ്ടോ എന്ന് ആദ്യം കണ്ടുപിടിക്കണം.


ജീവിതശൈലിയില്‍ മാറ്റം വരുത്തിയാല്‍ തന്നെ ഒരു പരിധിവരെ മടി തടയാം. ഉദാഹരണത്തിന് സ്ഥിരമായ പ്രഭാത നടത്തം ദിനചര്യയാക്കുക. വാച്ചിലോ ഫോണിലോ അലാം വക്കുന്നവര്‍, ആ ഉപകരണം കിടപ്പുമുറിയുടെ മറുവശത്ത് സ്ഥാപിക്കാന്‍ ശ്രമിക്കുക. അലാം നിര്‍ത്തിവച്ചോ സ്‌നൂസ് ചെയ്‌തോ വീണ്ടും ഉറക്കിലേക്ക് വീഴാതിരിക്കാന്‍ ഇത് സഹായിക്കും. കൈവരിക്കാവുന്ന ചില ലക്ഷ്യങ്ങള്‍ വെക്കുക. പ്രവര്‍ത്തിക്കാന്‍ പ്രചോദനം നല്‍കുന്നതും നിങ്ങളുടെ കഴിവുകളും പരിമിതികളും പരമാവധി പ്രയോജനപ്പെടുത്തുന്നതുമായിരിക്കണം ആ ലക്ഷ്യങ്ങള്‍. ചെയ്തു തീര്‍ക്കേണ്ട ചെറുതും വലുതുമായ കാര്യങ്ങളുടെ പട്ടികയുണ്ടാക്കാം. ഇതില്‍ തന്നെ ഓരോന്നും ചെയ്ത് തീര്‍ക്കാന്‍ സമയക്രമമുണ്ടാക്കാം. ലക്ഷ്യത്തിലെത്താന്‍ സഹായിക്കുന്നതും തടസ്സം നില്‍ക്കുന്നതുമായ ഘടകങ്ങള്‍ ദിവസവും രേഖപ്പെടുത്തുകയും വിശകലനം ചെയ്യുകയും ചെയ്യുന്നതും നല്ലതാണ്.

എല്ലാ ലക്ഷ്യങ്ങളും സ്വപ്നങ്ങളും എഴുതി പ്രദര്‍ശിപ്പിക്കുന്ന ഒരു വിഷന്‍ ബോര്‍ഡ് സ്ഥാപിക്കുന്നത് മറ്റൊരു പോംവഴിയാണ്. ദിവസവും ഉണര്‍ന്നയുടന്‍ വിഷന്‍ ബോര്‍ഡിലേക്ക് നോക്കുക, എവിടെ ആയിരിക്കണമെന്ന് ആഗ്രഹിക്കുന്നിടത്ത് ശ്രദ്ധ കേന്ദ്രീകരിക്കുക. ഇത് അയാളെ വലിയ തോതില്‍ പ്രചോദിപ്പിക്കും. എല്ലാവരിലും വിഷന്‍ ബോര്‍ഡ് സമീപനം ഫലപ്രദമാകണമെന്നില്ല. മൈന്‍ഡ് മാപ്പുകള്‍, ജേണലുകള്‍, വിഷന്‍ സ്റ്റേറ്റ്മെന്റ് എന്നിവയും പരീക്ഷിക്കാം. ആഗ്രഹങ്ങള്‍, ലക്ഷ്യങ്ങള്‍, പ്രചോദനങ്ങള്‍ എന്നിവയുടെ ഒരു ചെക്ക്ലിസ്റ്റ് ഉണ്ടാക്കുക. ഗോള്‍ ഷീറ്റിന്റെ അല്ലെങ്കില്‍ ദിനചര്യയുടെ പകര്‍പ്പുകള്‍ പലയിടത്തും സ്ഥാപിക്കുക: ഫ്രിഡ്ജില്‍, ഡ്രസ്സ് സ്റ്റാന്‍ഡില്‍, ഫോണിന്റെ സ്‌ക്രീന്‍ സേവറില്‍, കമ്പ്യൂട്ടറില്‍, ബാത്ത്‌റൂമിലെ കണ്ണാടിയില്‍, കിടപ്പുമുറിയുടെ വാതിലില്‍... അങ്ങിനെയങ്ങിനെ. പ്രതിദിന, പ്രതിവാര, പ്രതിമാസ, വാര്‍ഷിക പദ്ധതികള്‍ ഉണ്ടാക്കുക.


യാഥാര്‍ഥ്യബോധമുള്ളതും ചെറുതും നേടിയെടുക്കാന്‍ കഴിയുന്നതുമായ ലക്ഷ്യങ്ങളേ നിശ്ചയിക്കാവൂ. ലക്ഷ്യങ്ങള്‍ ഓവര്‍ലോഡ് ആകാതിരുന്നാല്‍ ലക്ഷ്യപ്രാപ്തി കൂടും. അത് കൂടുതല്‍ ലക്ഷ്യങ്ങള്‍ ഏറ്റെടുക്കാന്‍ പ്രചോദനമാകും. ഇത്തരമാളുകള്‍ അമിതമായ പെര്‍ഫെക്ഷനിസം ഒഴിവാക്കണം. പെര്‍ഫെക്ഷനിസം ആത്മവിശ്വാസം നഷ്ടപ്പെടുത്തുകയും കാര്യങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും.

നെഗറ്റീവ് വിലയിരുത്തല്‍ പൂര്‍ണമായും ഉപേക്ഷിക്കുകയും ജീവിതസാഹചര്യങ്ങളെ പോസിറ്റീവ് ആയി നോക്കിക്കാണുകയും ചെയ്യുക. താനൊരു മടിയനാണെന്ന സ്വയം വിലയിരുത്തല്‍ നന്നല്ല. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മറ്റുള്ളവരുടെ സഹായം സ്വീകരിക്കാം. ഇത് ഒരു ബലഹീനതയായി കാണേണ്ടതില്ല. ജിമ്മില്‍ പോകാന്‍ മടിയുള്ളയാള്‍ക്ക് കൂട്ടിന് സുഹൃത്തിന്റെ സഹായം തേടാം. അല്ലെങ്കില്‍ ജിമ്മില്‍ എത്തിയ ശേഷം പതിവായി മെസ്സേജ് അയക്കാന്‍ നിര്‍ദേശിക്കാം. അശ്രദ്ധ പരമാവധി ഒഴിവാക്കുക. ശ്രദ്ധ ആവശ്യമായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുമ്പോള്‍ ഡിസ്ട്രാക്ഷന്‍സ് ഉണ്ടാക്കുന്ന സാഹചര്യങ്ങളെ പരമാവധി ഒഴിവാക്കുക.

മടുപ്പിക്കുന്ന ജോലികള്‍ രസകരമാക്കി മാറ്റാം. ഉദാഹരണമായി കിടപ്പുമുറിയോ കുളിമുറിയോ വൃത്തിയാക്കുമ്പോള്‍ ഇഷ്ട്ടമുള്ള പാട്ടുകളോ രസകരമായ കഥകളൊ പ്ലേ ചെയ്യാം. അല്ലെങ്കില്‍ ഈ ടാസ്‌ക്കുകള്‍ നിര്‍വഹിക്കുമ്പോള്‍ എത്ര കലോറി കത്തിക്കുന്നു എന്നോ എത്ര steps നേടുന്നുവെന്നോ അറിയാന്‍ ഫിറ്റ്നസ് ട്രാക്കര്‍ ധരിക്കാം. നന്നായി ചെയ്ത ജോലിയ്ക്ക് സ്വയം പ്രതിഫലം നല്‍കാം. ഒരു വലിയ പ്രോജക്റ്റിന്റെ അവസാനം ആഘോഷിക്കാം. ഉദാഹരണത്തിന് ഒരു ദിവസത്തെ ശുചീകരണത്തിന് ശേഷം സുഹൃത്തുക്കളെ വീട്ടിലേക്ക് ക്ഷണിക്കാം. കുട്ടികള്‍ റെസ്‌പോണ്‍സിബിലിറ്റീസ് ശരിയായി പൂര്‍ത്തിയാക്കിയാല്‍ ഗിഫ്റ്റുകള്‍ നല്‍കാം. ഉയര്‍ന്ന പ്രോട്ടീന്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ചില ഭക്ഷണങ്ങള്‍ ഊര്‍ജം വര്‍ധിപ്പിക്കുകയും മന്ദതയും മടിയും അലസതയും അനുഭവപ്പെടാനുള്ള സാധ്യത കുറക്കുകയും ചെയ്യുന്നു. പഞ്ചസാരയും കൊഴുപ്പും കൂടിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. വൈറ്റ് ബ്രെഡ്, പാസ്ത തുടങ്ങിയ ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റ്, മദ്യം, വറുത്ത ഭക്ഷണങ്ങള്‍, ഫാസ്റ്റ് ഫുഡ് പോലുള്ളവ.

മടിയില്‍ നിന്ന് ഉറപ്പായും മുക്തി നേടാനുതകുന്ന മാര്‍ഗമാണ് വ്യായാമം. ഏതാനും മിനിറ്റുകളിലെ വ്യായാമംപോലും ഊര്‍ജ നില വര്‍ധിപ്പിക്കും. മാനസികാവസ്ഥ മെച്ചപ്പെടുത്താനും ഉത്കണ്ഠ, സമ്മര്‍ദം, വിഷാദം എന്നിവ കുറയ്ക്കാനും ഇത് കഴിയും. ഒരു ചെറിയ നടത്തം മുതല്‍ ബൈക്ക് സവാരി വരെ പരീക്ഷിക്കാം. സ്വന്തമായി മോട്ടിവേഷന്‍ കൂട്ടുന്നതിന് 5-സെക്കന്‍ഡ് rule ഉപയോഗിക്കാം. സമ്മര്‍ദം അനുഭവപ്പെടുകയോ നീട്ടിവെക്കാനുള്ള ആഗ്രഹം ഉണ്ടാകുകയോ ചെയ്യുമ്പോള്‍, പ്രവര്‍ത്തനം ആരംഭിക്കാന്‍ 5 സെക്കന്‍ഡ് സമയം നല്‍കുക. ഇത് മടിയില്‍ നിന്ന് യുക്തിപൂര്‍വം പുറത്തുകടക്കാന്‍ സഹായിക്കും.

ജീവിതം അതിശയകരവും പ്രതീക്ഷാനിര്‍ഭരവുമാണ്. മടി ജീവിതത്തിന്റെ ആ സാധ്യതകളില്‍ നിന്ന് അയാളെ ബഹിഷ്‌കൃതനാക്കും. അതിനാല്‍, ആഗ്രഹങ്ങള്‍ നേടിയെടുക്കാന്‍ എത്ര കഠിനതരമായാലും പരിശ്രമിക്കണം. ഏത് നേട്ടത്തിന്റയും അടിസ്ഥാനം പരിശ്രമമാണ്. ടാലന്റ് അതുകഴിഞ്ഞേ വരൂ. അതിനാല്‍ അല്‍പമൊക്കെ മടിയാകാം. പക്ഷെ, മടികൂടി ജീവിതം മുടിയാതെ നോക്കണം.

01.06.2022, മീഡിയവണ്‍ ഷെല്‍ഫ്‌

TAGS :