Quantcast
MediaOne Logo

റീന വി.ആർ

Published: 13 March 2022 6:39 AM GMT

ട്രോമ: കരകയറേണ്ട കയം, കൂട്ടായ പ്രതിരോധം

'വൈകാരികവും മാനസികവുമായ ആഘാതം വ്യക്തിയുടെ സുരക്ഷിത ബോധത്തെ തകർക്കുകയും അപകടകരമായ ഒരുലോകത്ത് നിസ്സഹായനാക്കി നിർത്തുകയും ചെയ്യും'

ട്രോമ: കരകയറേണ്ട കയം, കൂട്ടായ പ്രതിരോധം
X
Listen to this Article

ട്രോമ എന്ന വാക്ക് ഇന്ന് സാധാരണക്കാർക്കിടയിലും നിത്യോപയോഗം പോലെയായി മാറിക്കഴിഞ്ഞിട്ടുണ്ട്. പലരും വളരെ ലളിതമായും ഗൗരവം തിരിച്ചറിയാതെയുമാണ് ഇത് പ്രയോഗിക്കുന്നത്. ജീവതം താളം തെറ്റിക്കുംവിധത്തിൽ വരെ അനുഭവപ്പെടാവുന്നത്രയും ആപത്കരമായ വകഭേദങ്ങൾ ഇതിനുണ്ട്.


ഒരാൾ കാണുന്ന/അനുഭവിക്കുന്ന ഞെട്ടിപ്പിക്കുന്നതോ ഭയപ്പെടുത്തുന്നതോ അപകടകരമോ ആയ ഒരു സംഭവത്തോടുള്ള ശാരീരികവും മാനസികവും ആയ പ്രതികരണമാണ് ട്രോമ. ഒരു വ്യക്തിയുടെ പ്രതിസന്ധികളെ നേരിടാനുള്ള കഴിവിനെ അത് കീഴടക്കും. നിസ്സഹായത അയാളുടെ പൊതു വികാരമോ മാനസികാവസ്ഥയോ ആറി മാറും. അവരുടെ ആത്മ ബോധത്തെയും ആത്മ നിയന്ത്രണ ശേഷിയെയും അത് കുറയ്ക്കും. വികാരങ്ങളുടെ പല തലങ്ങളെ മുഴുവൻ അനുഭവിക്കാനുള്ള കഴിവ് കുറയ്ക്കും. ട്രോമ സംഭവിക്കുമ്പോൾ, ഈ തരത്തിൽ ആഴത്തിൽ വിഷമിപ്പിക്കുന്നതോ അസ്വസ്ഥമാക്കുന്നതോ ആയ അവസ്ഥ സൃഷ്ടിക്കപ്പെടും.


ഏത് സംഭവമാണ് ട്രോമയിലേക്ക് നയിക്കുന്നതെന്നു കൃത്യമായി പറയാൻ കഴിയണമെന്നില്ല. വ്യക്തിപരമായ ആക്രമണമോ പ്രത്യക്ഷത്തിൽ തിരിച്ചറിയാവുന്ന അപകടമോ ദുരന്തമോ പോലും ആകണമെന്നില്ല. വൈകാരികമോ മാനസികമോ ആയ അവഗണന, ശരീരികമോ ലൈംഗികമോ ആയ ദുരുപയോഗം, ഭീഷണി, വംശീയ വിവേചനം, വിശ്വാസവഞ്ചന, അധികാര ദുർവിനിയോഗം, വേദന, നിസ്സഹായത, രോഗം, പലവിധ നഷ്ടങ്ങൾ, പ്രകൃതി ദുരന്തങ്ങൾ എന്നിവയൊക്കെ ട്രോമക്ക് കാരണമാകും.




ട്രോമയിലേക്ക് എത്തിക്കുന്ന സാഹചര്യങ്ങൾ ഓരോ വ്യക്തിയിലും വ്യത്യസ്തം ആയിരിക്കും. സാഹചര്യം ചിലപ്പോൾ ഒരൊറ്റ സംഭവമായിരിക്കാം. പ്രണയ നഷ്ടം പോലെ. അല്ലെങ്കിൽ ക്യുമുലേറ്റീവ് ഇഫക്റ്റുള്ള ഒന്നിലധികം സംഭവങ്ങൾ ആകാം. ഉദാഹരണത്തിന്, ഏതെങ്കിലും രോഗം കാരണം നാൾക്കുനാൾ വൈകല്യം വർധിക്കുക. മാനസിക പിരിമുറുക്കം ഒരു വ്യക്തിയെയോ ഒരു കുടുംബത്തെയോ ഒരു വലിയ സംഘത്തെയോ സമൂഹത്തെയോ ബാധിച്ചേക്കാം. പ്രകൃതി ദുരന്തം സംഭവിക്കുന്ന സമയത്തുണ്ടാകുന്ന പ്രയാസങ്ങൾ ഇതിനുദാഹരണമാണ്.


ട്രോമ അനുഭവപ്പെടുന്ന വിധം


മനസ്സിനുണ്ടാകുന്ന ആഘാതം ചിലർ ഏതാനും ദിവസങ്ങൾക്കുള്ളിൽ മറികടക്കും. ചിലർക്ക് കൂടുതൽ സമയം ആവശ്യമായി വരും. എങ്കിലും ഇതേക്കുറിച്ച ഓർമകൾ ഇടക്കിടെ അവരെ വേദനിപ്പിക്കുകയോ വിഷമിപ്പിക്കുകയോ ചെയ്യാം. സംഭവത്തിന്റെ വാർഷികം പോലുള്ള സന്ദർഭങ്ങളിൽ ഇത് സാധാരണമാണ്. അല്ലെങ്കിൽ ആ ആഘാതത്തെക്കുറിച്ച് ഓർമപ്പെടുത്തുന്ന എന്തെങ്കിലും ഘടകങ്ങൾ (ട്രിഗറിങ് ഫാക്ടർ) ട്രോമക്ക് കാരണമാകാം. ഭൂതകലത്തിലെപ്പോഴോ നേരിട്ട ദുരനുഭവം ജീവിതകാലമാകെ ചിലരെ വേട്ടയാടും. കലുഷിതവും അരക്ഷിതവുമായ ബാല്യം, ബാല്യകാലത്ത് നേരിട്ട ലൈംഗിക ചൂഷണം, ബാല്യകാലത്ത് നേരിട്ട ശാരീരികമോ മാനസികമോ ആയ ആക്രമണങ്ങൾ, ചെറുപ്പത്തിലുണ്ടായ വാഹനാപകടം... തുടങ്ങിയവയെല്ലാം പിൽക്കാലത്തും മാനസിക ആരോഗ്യത്തെ ബാധിക്കാനിടയുള്ളവയാണ്. കുട്ടിക്കാലത്ത് ഉണ്ടാകുന്ന ഇത്തരം ആഘാതങ്ങൾ കഠിനവും ദീർഘകാലം നീണ്ടുനിൽക്കുന്നതുമായിരിക്കും. ഇത്തരം മാനസികാഘാതത്തിൽ നിന്ന് ചെറുപ്പത്തിൽ തന്നെ മോചനം നേടാനായില്ലെങ്കിൽ ഭയവും നിസ്സഹായതയും ജീവിതത്തിലുടനീളം പിന്തുടരും. പ്രായമാകുമ്പോൾ അത് കൂടുതൽ മോശമായ പ്രത്യാഘാതങ്ങൾ ഉണ്ടാകാനും കാരണമാകുന്നു.



വൈകാരികവും മാനസികവുമായ ആഘാതം വ്യക്തിയുടെ സുരക്ഷിത ബോധത്തെ തകർക്കുകയും അപകടകരമായ ഒരുലോകത്ത് നിസ്സഹായനാക്കി നിർത്തുകയും ചെയ്യും. അസ്വസ്ഥമാക്കുന്ന വികാരങ്ങൾ, ഓർമ്മകൾ, ഉത്കണ്ഠ എന്നിവയുമായി നിരന്തരം പൊരുതേണ്ടി വരുന്ന അവസ്ഥയിലേക്കാണ് ഇത് നയിക്കുക. ഇത് മരവിപ്പ്, ബന്ധങ്ങളിലുള്ള വിശ്വാസമില്ലായ്മ, അമിത കോപം, ഭയം, സ്വയം കുറ്റപ്പെടുത്തൽ, ഉൾവലിയൽ, നിരാശ, ആത്മഹത്യാപ്രവണത തുടങ്ങിയ മാനസിക ലക്ഷണങ്ങളിലേക്ക് നയിക്കും. ഉറക്കമില്ലായ്മ, അമിതക്ഷീണം, ദുസ്വപ്നങ്ങൾ, ഞെട്ടൽ, ഹൃദയമിടിപ്പിൽ വ്യത്യാസം, ശ്രദ്ധയില്ലായ്മ തുടങ്ങിയ ശാരീരിക പ്രശ്നങ്ങളിലേക്കും ഇത് എത്തിപ്പെടാം.


ട്രോമയെ എങ്ങിനെ പ്രതിരോധിക്കാം?


അസുഖകരമായ ഒാർമകളെയും വികാരങ്ങളെയും മറന്നോ മറികടന്നോ ഇത്തരം ട്രോമയിൽ നിന്ന് മുക്തരാകാൻ സമയമെടുക്കും എന്ന യാഥാർഥ്യം ആദ്യം തിരിച്ചറിയണം. ട്രോമയെ പ്രതിരോധിക്കാനുള്ള ഒന്നാമത്തെ വഴി ഇൗ തിരിച്ചറിവാണ്. സാഹചര്യങ്ങളെ ക്ഷമയോടും ഉൾക്കാഴ്ചയോടും കൂടി സമീപിക്കണം. വ്യത്യസ്ത രീതികളിലാണ് ട്രോമയോട് ഓരോരുത്തരും പ്രതികരിക്കുക. ഇതിൽ ശരിയായ രീതി എന്നോ തെറ്റായ രീതി എന്നോ തീർത്ത് പറയാവുന്ന വഴികളില്ല. അതിനാൽ സ്വന്തം പ്രതികരണങ്ങളെയും മറ്റുള്ളവരുടെ പ്രതികരണങ്ങളെയും താരതമ്യം ചെയ്യേണ്ടതില്ല. ഒരാളുടെ പ്രതികരണം, അസാധാരണ സംഭവങ്ങളോടുള്ള അയാളുടെ സാധാരണ പ്രതികരണമാണ്. അയാളെ സംബന്ധിച്ച് അതാകും ശരിയായ രീതി.


ട്രോമ ലക്ഷണങ്ങൾ അനുഭവപ്പെട്ടു തുടങ്ങുമ്പോൾ തന്നെ അതിനെ പ്രതിരോധിക്കാൻ സ്വന്തമായി ചെയ്യാവുന്ന ചില ചെറുവിദ്യകളുണ്ട്. മനസ്സ് പൂർണമായി അർപിച്ച് (മൈൻഡ്ഫുൾനെസ്സ്) നടത്തുന്ന വ്യായാമം വളരെ നല്ലതാണ്. ഓട്ടം, നടത്തം, നീന്തൽ, നൃത്തം തുടങ്ങിയ ഏതുമാകാം. വ്യക്തിബന്ധങ്ങൾ കൂടുതൽ ഊഷ്മളമാക്കി ഒറ്റപ്പെടൽ ഒഴിവാക്കാൻ ശ്രമിക്കുക. മൈൻഡ്ഫുൾ ശ്വാസനവ്യായാമങ്ങൾ, യോഗ, മെഡിറ്റേഷൻ എന്നിവ ദിനചര്യയാക്കി മാറ്റുക. ശരിയായ ഉറക്കം, ഭക്ഷണം എന്നിവ ശീലമാക്കുക. സ്വന്തം കഴിവുകളെ കണ്ടെത്തുകയും അവയെ പരിപോഷിപ്പിക്കുകയും ചെയ്യുന്നതും ഇൗ സമയം മറികടക്കാൻ സഹായിക്കും.




ഒപ്പം നിൽക്കുക


ഇത്തരം സാഹചര്യത്തിലോടെ കടന്നു പോകുന്നവരുടെ ജീവിതത്തിൽ കുടുംബാഗങ്ങൾക്കും സുഹൃത്തുക്കൾക്കും വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയും. നിങ്ങളുടെ പിന്തുണ അവരുടെ വീണ്ടെടുക്കലുകളിൽ നിർണായകമാണ്. വ്യത്യസ്തമോ അപ്രതീക്ഷിതമോ ആയ അവരുടെ പ്രതികരണങ്ങളെ ക്ഷമയോടും മുൻവിധി ഇല്ലാതെയും സ്വീകരിക്കണം. അവർക്കൊപ്പം വ്യായാമം ചെയ്യാനും ഒരുമിച്ച് ഭക്ഷണം കഴിക്കാനും യാത്രകൾ പോകാനും ഹോബികൾ തുടരാനും മുൻകൈ എടുക്കുക. ട്രോമയുടെ ലക്ഷണങ്ങൾ മറ്റുള്ളവർക്ക് വ്യക്തിപരമായി അനുഭവപ്പെടും. അതിനെ ഒരു രോഗാവസ്ഥയായി തന്നെ മാനസ്സിലാക്കണം. ട്രോമയുള്ളയാൾ സുഹൃത്തിനോടോ അടുത്ത ബന്ധുക്കളോടോ ഒക്കെ ദേഷ്യപ്പെടാം, പ്രകോപിതരാകാം, പിൻവാങ്ങാം, വൈകാരികമായി അകന്നിരിക്കാം, ഉൾവലിയാം. ഇതൊക്കെ മാനസികാഘാതത്തിന്റെ ഫലമാണെന്ന് ഒപ്പമുള്ളവരും അടുപ്പമുള്ളവരും തിരിച്ചറിയണം. ആ പ്രതികരണങ്ങൾക്ക് വ്യക്തിപരമായ ബന്ധമില്ലന്ന് തിരിച്ചറിയണം. ക്ഷമയും സഹനുഭൂതിയുമാണ് ഇവിടെ ആവശ്യം. ട്രോമയെന്നത് ഒരു കയമാണ്. അനിവാര്യമായി കരകയറേണ്ട അപകടം പതിയിരിക്കുന്ന കയം. അതിലകപ്പെട്ടവർക്ക ഒറ്റക്ക് മറുകരയെത്തുക അസാധ്യമാണ്. ട്രോമക്കിരയാകുന്നവർക്ക് താങ്ങാവുക എന്ന ഉത്തരവാദിത്തം ഒാരോരുത്തരും സ്വയം ഏറ്റെടുക്കണം.




TAGS :