Quantcast
MediaOne Logo

നയതന്ത്ര

Published: 6 May 2022 9:09 PM GMT

പൂഞ്ഞാറാശാനും ഹൃദയപക്ഷവും

ഇടതുപക്ഷം ഹൃദയപക്ഷമായി മാറിയെന്നാണ് മുന്നണി കണ്‍വീനര്‍ അവകാശപ്പെടുന്നത്. അങ്ങിനെയെങ്കില്‍ മുന്നണിയുടെ പേര് ഹൃദയപക്ഷ ജനാധിപത്യ മുന്നണിയെന്ന് അടുത്ത് തന്നെ പുനഃക്രമീകരിക്കുമെന്ന് പ്രതീക്ഷിക്കാം. | പൊളിറ്റിക്കല്‍ പാര്‍ലര്‍

പൂഞ്ഞാറാശാനും ഹൃദയപക്ഷവും
X
Listen to this Article

അനവധി നിരവധി പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെ നമ്മുടെ കഥാനായകനെ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് ഇതാ ആനയിച്ചു കൊണ്ടുപോവുകയാണ്. വളരെ സാഹസപ്പെട്ടാണ് അനന്തപുരിയില്‍ നിന്നും പൊലീസുകാര്‍ അര്‍ധരാത്രിയില്‍ പുറപ്പെട്ട്, പുലര്‍ച്ചെ അഞ്ചുമണിയോടെ ടിയാന്റെ വീടു വളഞ്ഞത്. വെളുപ്പിനെ അത്രയും പോലീസുകാരെ കണികണ്ട മഹാനുഭവന്‍ വിനീതവിധേയനായി. ഒന്നു ഒച്ച വെച്ചിരുന്നുവെങ്കില്‍ താനവിടെ ഹാജരാകുമായിരുന്നുവല്ലൊയെന്ന് പറഞ്ഞു പൊലീസുകാരെ സെന്റിയടിപ്പിച്ചു. പിന്നീട് സ്വന്തം വാഹനത്തില്‍ ടിയാന്‍ മകനോടൊത്ത് പുറപ്പെട്ടു. എം.എല്‍.എ യായിരിക്കുമ്പോള്‍ തിരുവനന്തപുരത്തേക്ക് പോകുന്ന വഴി കൊട്ടാരക്കരയില്‍ നിന്നും രണ്ടു ഇഡലി കഴിക്കാറുണ്ട്. ആ പതിവും തെറ്റിച്ചില്ല. ഇതൊന്നും ഒരു വി.ഐ.പിയുടെ സര്‍ക്കീറ്റാണെന്ന് നാം ധരിച്ചുപോകരുത്. 153 എ, 295 എ, എന്നീ വകുപ്പുകള്‍ പ്രകാരം പ്രതിചേര്‍ത്ത ഒരു പ്രതിയേയാണ് ഈ ആനയിച്ച് കൊണ്ടുപോകുന്നതെന്ന് ഓര്‍ക്കണം. ആനയും വെഞ്ചാമരവും പഞ്ചവാദ്യവും താലവും ഏര്‍പ്പടുത്താതിരുന്നത് ഭാഗ്യം. അപ്രകാരമദ്ധേഹത്തിന് സൗജന്യമായ വൈദ്യപരിശോധനയും നല്‍കി അറസ്റ്റു ചെയ്തതായി ചെവിയില്‍ മൊഴിഞ്ഞു.

ഇനിയാണ് സംഭവം. ഇത്രയും കഷ്ടപ്പെട്ട് പിടിച്ച പ്രതിയെ മജിസ്ട്രേറ്റിന്റെ വീട്ടില്‍ കൊണ്ടുപോയി ബലൂണിലെ കാറ്റയിക്കുന്നത് പോലെ വിട്ടയക്കുകയും ചെയുന്നത് കണ്ട് കട്ട പാര്‍ട്ടിക്കാരല്ലാത്തവരെല്ലാം ഞെട്ടി. എന്നിട്ട് പി.സി പൂഞ്ഞാറില്‍ സന്തോഷമായി തിരിച്ചെത്തി സ്വീകരണങ്ങളേറ്റുവാങ്ങി. പൂഞ്ഞാറാശാനെ പൊലീസ് പിടിച്ച മാതിരിയെന്ന പുതിയൊരു പഴഞ്ചൊല്ല് പേട്ടക്കാര്‍ക്കിടയില്‍ ഇപ്പോള്‍ പാട്ടായിട്ടുണ്ട്. ഈ കഥയില്‍ പൊലീസ് നമ്മുടെ ശിക്കാരി ശംഭുവിനെ ഓര്‍മിപ്പിക്കുന്നുണ്ട്. ഉറക്കമൊഴിച്ച് പിടിച്ചുകൊണ്ടു പോയിട്ട് തിരക്കിനിടിയല്‍ മജിസ്ട്രേറ്റിന്റെ മുമ്പില്‍ ഹാജരാക്കിയപ്പോള്‍ പ്രോസിക്കൂട്ടറെ കൂടെകൂട്ടാന്‍ മറന്നുപോയതിനാണ് പൊലീസിന് ശിക്കാരി ശംഭു അവാര്‍ഡ് ലഭിച്ചിട്ടുള്ളത്.

ഇപ്പോള്‍ പി.സിയുടെ ഫോണില്‍ ആളുകള്‍ വിളിയോട് വിളിയാണത്രെ. കാരണം ലൈംഗികബന്ധത്തിലേര്‍പ്പട്ടാലും കുട്ടികള്‍ ഉണ്ടാകാതിരിക്കാനുള്ള ഒരു ദ്രാവകം മുസ്‌ലിം ചായക്കടകളില്‍ മറ്റുമതസ്ഥര്‍ക്ക് തേയിലയോടൊപ്പം ചേര്‍ത്തുകൊടുക്കുന്നുണ്ടല്ലേ കണ്ടുപിടുത്തം. അത് ഏത് ദ്രാവകമാണെന്നറിയാനുള്ള ജിജ്ഞാസയാണ് എല്ലാവര്‍ക്കും. വാഗമണിലേക്ക് ഹണിമൂണിന് പോകുന്നവര്‍ പി.സിയുടെ വെളിപ്പെടുത്തലിന് ശേഷം, പേട്ടയിലിറങ്ങി ചായ കുടിച്ചിട്ടാണത്രെ പോകുന്നത്. ചായക്കടക്കാര്‍ അവരുടെ ബ്രാന്റ് അംബാസിഡറായി പി.സിയെ വാഴിച്ചിട്ടുമുണ്ട്. പി.സിയുടെ അപദാനങ്ങള്‍ വാഴ്ത്തി അദ്ധേഹത്തിന്റെ മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി വലിയ വായില്‍ സംഘ്പരിവാര്‍ സംസാരിക്കുന്നുണ്ട്. അതൊന്നും മോദിക്കെതിരെ ട്വീറ്റ് ചെയ്തതിന്റെ പേരില്‍, അസം പൊലിസ് ഗുജറാത്തിലെത്തി അറസ്റ്റ് ചെയ്ത ഗുജറാത്ത് എം.എല്‍.എ ജിഗ്നേഷ് മേവാനിക്ക് ബാധകമല്ലേയെന്ന ചോദ്യമൊന്നും കഥയില്‍ പാടില്ലല്ലോ.

പത്തായത്തില്‍ നെല്ലുണ്ടെങ്കില്‍ എലി വയനാട്ടില്‍ നിന്നും വരുമെന്നല്ലേ പ്രമാണം. ലോകത്തുടനീളം കമ്യൂണിസം പൂത്തുലയാന്‍ കാരണഭൂതാനായ പിണറായിയുടെ കേരളമോഡല്‍ ഉയര്‍ത്തിക്കാട്ടുവാനാണ് പാര്‍ട്ടി കോണ്‍ഗ്രസ് കഷ്ടപ്പെട്ടു തീരുമാനമെടുത്തത്. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും മികച്ച മാതൃക കേരളത്തിന്റേതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പാണസഖാക്കാള്‍ പാടിനടക്കണമെന്ന് ചുട്ടെടുത്ത പ്രമേയത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നിട്ടും കഥയറിയാതെ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു സംഘം ഗുജറാത്ത് മോഡല്‍ പഠിക്കാന്‍ പോയത് എന്തിനായിരിക്കും. മോദിയുടെ മോഡല്‍ പഠിക്കാന്‍ എന്നായിരിക്കും ഇവര്‍ ദില്ലിക്ക് പറക്കുന്നത് എന്നാണ് വി.ഡി സതീശന്‍ ചോദിക്കുന്നത്. പകല്‍ ബി.ജെ.പി വിരോധം പ്രസംഗിക്കുകയും രാത്രിയായാല്‍ കാലില്‍കെട്ടിവീണ് സന്ധിയാകാലുമാണത്രെ പിണറായിയുടെ മാതൃക. കാരണം, എന്തുവന്നാലും സില്‍വര്‍ലൈന്‍ നടപ്പാക്കേണ്ടതാണല്ലോ.

ഏറെകാലത്തെ ഇന്ദ്രപ്രസ്ഥവാസത്തിന് ശേഷം എ.കെ ആന്റണി കേരളത്തില്‍ സ്ഥിരതാമസത്തിനെത്തി. വിമാനത്താവളത്തില്‍ ആരും തന്നെ സ്വീകരിച്ച് സുഖിപ്പിക്കാന്‍ വരേണ്ടതില്ലെന്ന് ആന്റണി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ സ്വഭാവം മനസിലാക്കി നിരോധനമേര്‍പ്പെടുത്തി. വിമര്‍ശനമാണ് നല്ലതെന്നും പൂചെണ്ട് അപകടകരമാണെന്നും ആന്റണി പറഞ്ഞപ്പോള്‍ ആര്‍ക്കും ചിരിയടക്കാനായില്ല.

ഈ തിരക്കിനിടയിലാണ് സി.പി.ഐയില്‍ അഴിമതിയുദ്ധം ആരംഭിക്കുന്നത്. മുട്ടില്‍ മരംമുറി നടന്നതിന് ശേഷം കാനത്തിന്റെ കുടുംബാംഗങ്ങളുടെ അക്കൗണ്ടില്‍ എന്തോ കനം തൂങ്ങിയിട്ടുണ്ടെന്ന് പറഞ്ഞ് ഏതോ അസൂയക്കാര് ഈഡിക്ക് പരാതി നല്‍കിയിട്ടുണ്ട്. കാനനഛായയില്‍ ആടു മേയ്ക്കാന്‍ കാനം പോയപ്പോഴാണത്രെ ഈ കനം വന്നത്.

മുഖ്യമന്ത്രിയുടെ സ്വന്തം സ്വകാര്യ സെക്രട്ടറിയായി സഖാവ് ശശി അധികാരമേറ്റെടുത്തപ്പോള്‍ തന്നെ കല്ലുകടി തുടങ്ങി. തോല്‍ക്കില്ല ഞാന്‍ എന്ന പുസ്തകവുമായി മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ രംഗത്തെത്തുകയും അതില്‍ പി. ശശിക്കെതിരെ ശരാശരി വിമര്‍ശനത്തിന്റെ വീണ മീട്ടുകയും ചെയ്തിട്ടുണ്ട്. ആളിപ്പോള്‍ വക്കീല്‍ നോട്ടീസുമായി കോടതികയറി ഉദ്യോഗം ആരംഭിച്ചിട്ടുണ്ട്. വിജയീ ഭവ.


ഒടുവില്‍ തൃക്കാക്കരയില്‍ മുത്തുപോലെ ഒരു ഡോക്ടറെ സ്ഥാനാര്‍ഥിയാക്കിയവതരിപ്പിച്ച് ഇടതുപക്ഷം കേരളത്തെ ഞെട്ടിച്ചിട്ടുണ്ട്. ഓപ്പറേഷന്‍ തീയറ്ററില്‍ നിന്നും ടിയാന്‍ നേരിട്ട് ഓടിക്കിതച്ച് പത്രസമ്മേളനത്തനില്‍ എത്തിയതിനാലാണത്രെ പച്ചത്തൊപ്പിയും സ്റ്റെതസ്‌കോപ്പും ഊരിമാറ്റാന്‍ പറ്റാതിരുന്നത്. ആ കാഴ്ച്ച കണ്ടും വീശദീകരണം കേട്ടും എല്ലാവരും ചിരിച്ചുപോയി. കെ. റെയിലിനായി രണ്ടു സെന്റുകാരന്റെ നെഞ്ചില്‍ കുറ്റിയടിക്കുന്നതിലൂടെ തൃക്കാക്കരയിലെ പാവപ്പെട്ട ജനങ്ങളില്‍ , ഹൃദയരോഗങ്ങള്‍ വര്‍ധിച്ചുതുടങ്ങിയിട്ടുണ്ട്. അവരില്‍ പലരും പാര്‍ട്ടിക്കാര്‍ കൂടിയാകുമ്പോള്‍ ഒരു ഹൃദയഡോക്ടര്‍ എന്തായാലും മഹത്തായകണ്ടുപിടുത്തം തന്നെയാണ്. സഖാവ് ഇ.പി എന്നും ഇപ്രകാരം തക്കസമയത്ത് യുക്തമായ തീരുമാനമെടുക്കാറുണ്ട്. ഇതോടെ ഇടതുപക്ഷം ഹൃദയപക്ഷമായി മാറിയെന്നാണ് മുന്നണി കണ്‍വീനര്‍ അവകാശപ്പെടുന്നത്. അങ്ങിനെയെങ്കില്‍ മുന്നണിയുടെ പേര് ഹൃദയപക്ഷ ജനാധിപത്യ മുന്നണിയെന്ന് അടുത്ത് തന്നെ പുനഃക്രമീകരിക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് പാര്‍ലറിന് വിരാമമിടട്ടെ. മംഗളം ഭവന്തു.

TAGS :