Quantcast
MediaOne Logo

നയതന്ത്ര

Published: 24 March 2022 3:48 PM GMT

കിറ്റും കുറ്റിയും

പൊളിറ്റിക്കൽ പാർലർ

കിറ്റും കുറ്റിയും
X

കല്ലാണ് നെഞ്ചിലെന്ന്

സർവരാജ്യത്തൊഴിലാളികളെ സംഘടിക്കുവിൻ, സംഘടിച്ചു സംഘടിച്ചു ശക്തരാകുവിൻ. നഷ്ടപ്പെടുവാനില്ല നിങ്ങളിൽ കൈവിലങ്ങുകളല്ലാതെ. കിട്ടാനുള്ളത് പുതിയൊരു ലോകം..

ഈ പരസ്യവാചകം കേട്ടാണല്ലോ തൊഴിലാളി വർഗം കൂട്ടംകൂട്ടമായി ഞെട്ടിയെണീറ്റതും ചെങ്കൊടിയേന്തി മെയ്ദിനമാഘോഷിച്ചതും.

ഞങ്ങൾ കൊയ്യും വയലുകളെല്ലാം ഞങ്ങടതാകും പൈങ്കിളിയേ എന്നു പാടിയതും വയൽകിളികളെല്ലാം പറ്റങ്ങളായി പാറിവന്ന് പാടത്തും പറമ്പിലിമിരുന്ന് ചെങ്കതിർ കൊത്തിതിന്നതും ആരും അത്ര കണ്ട് മറന്നു കാണില്ല.

പിന്നെയാണ് ലോകമാകെ കമ്മ്യൂണിസം പൂത്തുനിൽക്കുവാൻ കാരണഭൂതമായ കേരളസഖാവിന്റെ എല്ലാം ശരിയാകും എന്ന മുദ്രാവാക്യം കേളികെട്ടുയർന്നത്.

കല്യാണ ബ്രോക്കറുടെ വാചകമടി കേട്ട്, മുൻപിൻ നോക്കാതെ പന്തലിട്ട് സദ്യയൊരുക്കിയവർ പുലിവാലുപിടിച്ച് മാനം നോക്കിയോടിയതുപോലെയായിരുന്നു പിന്നീടുണ്ടായ സംഭവവികാസങ്ങളെല്ലാം

തൊഴിലാളികളെ നയിച്ചവരെല്ലാം, ചാൾസ് ഡാർവ്വിൻ സിദ്ധാന്തം വിവരിക്കും പ്രകാരം ഞൊടിയിടയിൽ പരിണമിച്ച് മുതലാളിമാരായി. പാവം തൊഴിലാളികളന്നുമിന്നും നാഴികക്കു നാലുവട്ടം കട്ടൻചായയും പരിപ്പുവടയും കഴിച്ച് ചെങ്കൊടി കെട്ടി കാലം കഴിക്കലായി.

അധികാരത്തിന്റെ തണലിലരങ്ങേറുന്ന സമ്മേളനത്തിലും കോൺഗ്രസിലും അവതരിപ്പിക്കുന്ന വികസനരേഖയിൽ കരടായിട്ട് പോലും മുതലാളിത്തം എന്ന നാലക്ഷരം ക മ എന്ന് ആരുമിപ്പോൾ പറയുന്നില്ലപോലും.

വയലുകളെല്ലാം സ്വന്തമാകും എന്ന് ആറ്റുനോറ്റിരുന്ന വയൽക്കിളികളുടെ കാര്യം ഏറെ കഷ്ടമായി. വയലും വിത്തും നഷ്ടപ്പെട്ട് ഒരു മുഴം കയറിൽ തൂങ്ങിയിറങ്ങേണ്ട അവസ്ഥയിലായി പാടത്ത് വിയർപ്പൊഴുക്കുന്നവർ.

എല്ലാം ശരിയാകുമെന്ന പരസ്യവാചകം, എല്ലാ ശരിയാക്കുമെന്ന് മാറ്റിപ്പറഞ്ഞ് സഖാക്കൾ കണ്ണുതുറുപ്പിച്ച് തുടങ്ങിയിട്ടുണ്ട്.

തലചായ്ക്കാനിടമില്ലാത്ത പട്ടിണിപ്പാവങ്ങൾക്ക് വീട് പണിതുകൊടുക്കുമെന്ന പ്രതീക്ഷക്ക് ഉമ്മൻചാണ്ടിയിട്ട പേര് സീറോ ലാൻറ്ലെസ്. സഖാവ് വന്നപ്പോൾ അതിനെ ലൈഫ് എന്ന് തിരുത്തി ബ്രാൻറ് ഇമേജ് ഉയർത്തി. ഇപ്പോ ആ ലൈഫ് കൊണ്ട് കളിച്ചാ കെറെയിലിന്റെ പേരിൽ കേരളമാകെ തീക്കളമാക്കുന്നത്.

സ്വന്തമായി കാലരമുക്കാലെരു സെൻറ് ഭൂമി കഷ്ടിയും വെറുമൊരു മൺക്കലം അഷ്ടിയുമുള്ളവരുടെ നെഞ്ചത്താണ് കെറെയിലിന്റെ കുറ്റി ആഞ്ഞു തറച്ചിട്ട് വികസനം വരുന്നുവെന്ന് പറഞ്ഞ് സഖാക്കൾ കാവലിരിക്കുന്നത്.

അവരതിന് കൊടിപിടിക്കുമ്പോ കണ്ണീർവാതകവും ജലപീരങ്കിയും കൊണ്ട് പാവപ്പെട്ട വീട്ടമ്മമാരെ കരയിപ്പിക്കുകയാണ് പിണറായിയുടെ പൊലീസേമ്മാന്മാർ. ഭരണകൂടം ഏറ്റവും വലിയ മർദനോപാധിയാണെന്ന് പണ്ട് പാർട്ടി ക്ലാസുകളിൽ പ്രതിക്രിയാവാദത്തോടൊപ്പം പഠിപ്പിച്ചത് കുഞ്ഞു സഖാക്കൾ മറന്നുകാണു

ഈ കരച്ചിലും പിഴിച്ചലും കണ്ടിട്ടും എന്തുവന്നാലും കെ റെയിൽ നടപ്പാക്കുമെന്ന് പറയുന്ന മുഖ്യന്റ് നെഞ്ചില് കല്ലാണെന്ന് കേരളജനതയൊടൊപ്പം ഒരേ കസേരയിലൊന്നിച്ചിരിക്കുന്നവർ അടക്കം പറഞ്ഞു തുടങ്ങിയിട്ടുണ്ട്.


കിറ്റും കുറ്റിയും

ചരിത്രത്തിലാദ്യമായി ബാലറ്റിലൂടെ കമ്യൂണിസ്റ്റ് പാർട്ടി അധികാരിത്തിൽ വന്നത് കേരളത്തിലാണെന്നും അല്ലെന്നും രണ്ടഭിപ്രായമുണ്ടെങ്കിലും ഇവിടെയാണെന്നങ്ങ് വിശ്വസിച്ചുപോരലാണ് നല്ലനടപ്പ്.

1957 ഏപിൽ അഞ്ചിനാണ് ആ മഹത്തായ സംഭവമരങ്ങേറിയത്. സംഗതി വലിയ ചരിത്രമായെങ്കിലും ആകെ ഇരുപത്തിയെട്ട് മാസം മാത്രമാണ് ആ മന്ത്രിസഭക്ക് അധികാരക്കസേരയിലിരിക്കാൻ ഭാഗ്യം സിദ്ധിച്ചത്.

അക്കാലത്ത് തന്നെ ലോകത്തിന്റെ പ്രധാനഭാഗങ്ങളെല്ലാം ചെങ്കൊടിക്ക് കീഴിൽ ചൊമന്നു തുടുത്തിരിക്കുകയുമായിരുന്നു. നമ്മുടെ നാട്ടിൽ ബംഗാളിലും ത്രിപുരയിലും മണിപ്പൂരിലും പാറിയുയർന്നു നിന്നിരുന്നത് ചുവന്നകൊടി തന്നെയായിരുന്നു.

അധികാരക്കൊതിമൂത്തപ്പോൾ, നിർമാണകമ്പനികളുടെ ബാനറിൽ പാർട്ടി ദല്ലാളുകൾ, കമ്മീഷനുകൾ സ്വപനം കണ്ട് നടപ്പാക്കിയ വികസനരേഖകൾ, ഭരണം തൂത്തെറിയുന്നതിലേക്കാണ് വന്നുഭവിച്ചത്.

കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിൽ നേതാക്കളുടെ ശവക്കുഴി പോലും ജനങ്ങൾ തോണ്ടിയെടുത്ത് പുറത്തിടുന്നതിന് ഇത് കാരണമായി. കാക്കക്ക് കാഷ്ഠിക്കാൻ പോലും ഭരണാധികാരികളുടെ പ്രതിമകൾ അവിടെ അവശേഷിച്ചില്ല. നന്ദിയില്ലാത്ത ബംഗാളിലെ ഇടതുഭരണത്തിന് പാഠം പഠിപ്പിച്ച നാടിന്റെ പേരായി ഇന്നും അറിയപ്പെടുന്നു നന്ദിഗ്രാം

ഇതെല്ലാം ഒാർമിപ്പിക്കുന്നത് ഇപ്പോഴത്തെ ഇടതുഭരണക്കാരോടാണ്. അവരോട് സ്നേഹമുള്ളത് കൊണ്ടു തന്നെയുമാണ്. ആകെ ഭരണം ഇപ്പോൾ കേരളത്തിൽ മാത്രമായി ഒതുങ്ങിയിട്ടുണ്ടല്ലോ.

ചരിത്രത്തിലാദ്യമായി തുടർ ഭരണം ലഭിച്ച മുഖ്യമന്ത്രി ആര് എന്ന ചോദ്യം ഇപ്പോൾ പി.എസ്.സി പരീക്ഷകളിൽ ഹിറ്റാണ്. ആ അത്ഭുതം സംഭവിച്ചത്, രാജ്യം നിശ്ചലമായ കോവിഡിന്റെ പശ്ചാത്തലത്തിലാണെന്ന് ഒാർമ വേണം.

എല്ലാവർക്കും മാസ്ക് ചാർത്തി സംസാരിക്കാൻ കഴിയാതാക്കിയ കാലത്ത്, കാക്കക്കും പൂച്ചക്കും കുരങ്ങനും അന്നം കൊടുത്തത്തിന്റെ കണക്ക് മാധ്യമങ്ങളിലൂടെ എന്നും മോന്തിക്ക് വിളിച്ചുപറഞ്ഞ് മലയാളികളെ മസ്തിഷ്കപ്രക്ഷാളനം ചെയ്ത വകയിൽ കിട്ടിയതാണ്.

പിന്നെ ഖജനാവിൽ നിന്നും കാശ് ചെലവഴിച്ച് വാങ്ങിയ കിറ്റ് ചുവന്നതുണിയിൽ പൊതിഞ്ഞു കൊടുത്തത്തിന് പാവം ജനത പകരം നൽകിയ പുരസ്കാരം. കിറ്റു കൊണ്ടു നേടിയത് കെ റെയിലിന്റെ കുറ്റി കൊണ്ട് കളയരുതേ എന്നാണ് എളിയൊരഭ്യർഥന.

വാക്കും കാലിച്ചാക്കും.

സഖാവ് കാനത്തിന്റെ വാക്കുകൾ കുറിക്ക് കൊള്ളുന്നതാണ്. മാധ്യമപ്രവർത്തകരെ കാണുമ്പോൾ അതിന്റെ മൂർച്ച കൂടുകയും ചെയ്യും. നമ്മള് വിചാരിക്കും കുറ്റി ഇപ്പോൾ തെറിക്കുമ്മെന്ന്. അപ്രകാരമുള്ള വിമർശനസ്വരമാണ് പല വിഷയങ്ങളിലും അദ്ധേഹം ഉന്നയിക്കാറുള്ളത്.

പക്ഷെ, അടുത്ത നിമിഷം തന്നെ ഏ.കെ.ജി സെന്ററിൽ ചെന്ന് ചെയ്ത തെറ്റിന് മാപ്പ് പറഞ്ഞ് ഏത്തമിടുകയും ചെയ്യും. ഇൗ കുമ്പസാരം പതിവു പല്ലവിയായപ്പോൾ കാനത്തിന്റെ വാക്കും കാലിച്ചാക്കും ഒരുപോലെയെന്ന് പാർട്ടിയിലുള്ളവർ തന്നെ അടക്കം പറഞ്ഞ് തുടങ്ങിയിടുണ്ട്.

ചില നേതാക്കളുടെ മക്കൾ ഇക്കാരണത്താൽ കാനത്തിന് കത്തെഴുതുന്ന ആചാരവും അനുഷ്ഠിച്ചുതുടങ്ങിയിട്ടുണ്ട്. ഇക്കാര്യത്തിൽ നമ്മുടെ സുധാകരനാശാനും കണക്കാണ്. കാലവും സമയവും നോക്കി പറയാനും തിരിച്ചു പറയാനും, മറിച്ചുചൊല്ലാനുമുള്ള ആ മെയ് വഴക്കങ്ങൾക്ക് അഭിവാദ്യങ്ങൾ.

TAGS :