Quantcast
MediaOne Logo

നയതന്ത്ര

Published: 22 Jun 2022 10:07 AM GMT

അന്വേഷിപ്പിന്‍ കണ്ടെത്തുമത്രെ.

സ്വപ്നയേയും സരിതയേയും പോലെ വീരനായികയായ പുരാവസ്തു കേസിലെ ഇടനിലക്കാരി അനിത പുല്ലയിലാണ് ലോക കേരള സഭയില്‍ പല്ലിളിച്ചു നിന്നത്. സംഭവത്തെകുറിച്ച് ചീഫ് മാര്‍ഷല്‍ അന്വേഷിക്കുമെന്ന് ബഹു. സ്പീക്കര്‍ പറഞ്ഞതാണ് ആകെയൊരു സമാധാനം. അന്വേഷിപ്പിന്‍ കണ്ടെത്തുമെന്നല്ലോ പ്രമാണം. | പൊളിറ്റിക്കല്‍ പാര്‍ലര്‍

അന്വേഷിപ്പിന്‍ കണ്ടെത്തുമത്രെ.
X
Listen to this Article

കേരള മുഖ്യമന്ത്രി, കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് വേഗത്തിലെത്താന്‍ കെ-റെയില്‍ വരാത്തതുകൊണ്ട്, കെ-എയറില്‍ കയറി. പക്ഷെ, ആ വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാന്‍ രണ്ടു കോണ്‍ഗ്രസ്സുകാരും കൂടെ കയറി. അവരെങ്ങിനെ വിമാനത്തില്‍ കയറിയെന്ന് പൊലീസിനും പാര്‍ട്ടിക്കാര്‍ക്കും ഇതുവരെ ഒരു പിടിയും കിട്ടിയിട്ടില്ല. സംഭവം വിശദമായി അന്വേഷിക്കുമെന്ന് സഖാവ് ഇ.പി പറഞ്ഞത് കേട്ട് വിശ്വസിച്ച് സന്തോഷിച്ചിരിക്കുകയാണ് പര്‍ലറില്‍ നയതന്ത്ര.

അതീവസുരക്ഷയുള്ള നിയമസഭാ സമുഛയത്തില്‍ മറ്റൊരാള്‍ കയറിയത് എങ്ങിനെയെന്ന ചര്‍ച്ചയും വിസ്മയവും ഇവിടെ പുരോഗമിച്ചുവരികയാണ്. ലോക കേരള സഭയാണ് വേദി. പ്രത്യേക പാസ് അടക്കം കര്‍ശന വ്യവസ്ഥയാണ് അവിടെ പ്രവേശിക്കുന്നതിനുള്ളത്. അനുമതിയില്ലാതെ ഒരു പൂച്ച പോലും കയറരുതെന്നും കയറ്റരുതെന്നും പ്രത്യേക ഉത്തരവ് പുറത്തിറക്കിയിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ക്കടക്കം കടുത്ത നിയന്ത്രണങ്ങളുണ്ടായിരുന്നു. അവിടെയതാ നമ്മുടെ നായിക നില്‍ക്കുന്നു. ഒരു പട്ടമഹിഷിയെപോലെ. അപ്പോഴാണ് ബഹുമാനപ്പെട്ട നിയമസഭാ സ്പീക്കര്‍ പട്ടിക പരിശോധിക്കുന്നത്. ഇല്ല പട്ടികയില്‍ അവരുടെ പേരില്ല. ബഹുമാനപ്പെട്ട മുന്‍ നിയമസഭാ സ്പീക്കറും തലകുത്തിക്കിടന്നാലോചിച്ചിട്ടും തുമ്പും തുരുമ്പും കിട്ടിയില്ല. സ്വപ്നയേയും സരിതയേയും പോലെ വീരനായികയായ പുരാവസ്തു കേസിലെ ഇടനിലക്കാരി അനിത പുല്ലയിലാണ് ലോക കേരള സഭയില്‍ പല്ലിളിച്ചു നിന്നത്. സംഭവത്തെകുറിച്ച് ചീഫ് മാര്‍ഷല്‍ അന്വേഷിക്കുമെന്ന് ബഹു. സ്പീക്കര്‍ പറഞ്ഞതാണ് ആകെയൊരു സമാധാനം. അന്വേഷിപ്പിന്‍ കണ്ടെത്തുമെന്നല്ലോ പ്രമാണം. ചീഫ് മാര്‍ഷല്‍ എന്ന പേര് കേട്ട് പേടിക്കണ്ട. അത് വെറുംപേര് മാത്രമേയുള്ളൂ..

അങ്ങ് ദില്ലിയിലും ഒരന്വേഷണം നടന്നുവരികയാണ്. പാര്‍ട്ടി പത്രവുമായി ബന്ധപ്പെട്ട രണ്ടു സ്ഥാപനങ്ങളുടെ സ്വത്ത് കൈമാറ്റത്തില്‍, സംശയിക്കുന്ന കള്ളപ്പണത്തെകുറിച്ച് അഞ്ചുദിവസമായി നാല്‍പതുമണിക്കൂറാണ് ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ തലൈവര്‍ രാഹുല്‍ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്തത്. തിരിച്ചും മറിച്ചും പലതും ചോദിച്ചിട്ടും രാഹുല്‍ കൃത്യമായി മറുപടി നല്‍കുന്നില്ലെന്നാണ് ഇ.ഡി ആരോപിക്കുന്നത്. തങ്ങളുടെ നേതാവിനെ ഇനിയും ഇ.ഡി ചോദ്യം ചെയ്തു പീഡിപ്പിക്കല്ലേയെന്ന് കരഞ്ഞ് പറഞ്ഞ് കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച്ചയും നടത്തിയത്രെ. ഒരു പാര്‍ട്ടിയെ നേതാക്കള്‍ ഇപ്രകാരം നാണം കെടുത്താന്‍ തീരുമാനിച്ചാല്‍ നയതന്ത്രക്ക് എന്ത് ചെയ്യാന്‍ സാധിക്കും.

പയ്യന്നൂര്‍ ഫണ്ട് തട്ടിപ്പുകേസിലും അന്വേഷണത്തിന്റെ കഥകള്‍ ഏറെ രസകരമാണ്. പാര്‍ട്ടി നിശ്ചയിച്ച കമ്മീഷനാണ് അന്വേഷണം നടത്തിയത്. കോടതിയേക്കാള്‍ പാര്‍ട്ടിക്കാര്‍ക്ക് പണ്ടേ പ്രിയം ഈ കമീഷനുകളോടാണ്. ഫണ്ട് തട്ടിപ്പ് കേസാണ് അന്വേഷണത്തിനാധാരം. അന്വേഷിച്ച് നടന്ന പാര്‍ട്ടിയുടെ കണ്ടെത്തലാണ് രസം. തെരഞ്ഞെടുപ്പ് ഫണ്ടിലോ, ഏകെജി ഭവന്റെ നിര്‍മാണത്തിലോ ധനരാജ് കുടുംബ ധനസഹായ ഫണ്ടിലോ ഒരു വിധ പണാപഹരണവും നടന്നിട്ടില്ലയെന്നാണ് ബഹുമാനമാക്കപ്പെട്ട കമ്മീഷന്റെ നിഗമനം. ഒന്നും സംഭവിച്ചിട്ടില്ലെങ്കിലും പക്ഷെ, പയ്യന്നൂര്‍ എം.എല്‍.എയെ പയ്യെ പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ നിന്നും ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിട്ടുണ്ട്. ഒപ്പം പരാതി പറഞ്ഞ പയ്യന്നൂര്‍ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണനെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുന്ന അത്ഭുതനീതിയും കമീഷന്‍ നടപ്പാക്കുകയുണ്ടായി. പരാതി പാര്‍ട്ടിക്ക് പുറത്തെത്തിച്ചെന്നാണ് പാര്‍ട്ടിയുടെ പരാതി. പാവം കുഞ്ഞികൃഷ്ണന്‍ പൊതുപ്രവര്‍ത്തനം തന്നെ അവസാനിപ്പിക്കാന്‍ തീരുമാനിച്ചതറിഞ്ഞ് ഞെട്ടിത്തെറിച്ചിരിക്കുകയാണ് പയ്യന്നൂരിലെ പാര്‍ട്ടിക്കാര്‍.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും അന്വേഷണം ത്വരിതഗതിയിലാണ്. എറണാകുളം രാജഗിരി ആശുപത്രിയില്‍നിന്നും ഏറെ കടമ്പകള്‍ കടന്നാണ് വൃക്ക സൂക്ഷിച്ച ബാഗേജ് തിരുവനന്തപുരത്ത് എത്തിയത്. പിന്നീട് ഈ ബാഗ് മണിക്കൂറുകളോളം കാണാതായി. കണ്ടുകിട്ടിയപ്പോഴേക്കും രോഗി മരണമടയുകയും ചെയ്തു. പക്ഷെ, ആരോഗ്യമന്ത്രി ഇതു സംബന്ധമായി നടത്തിയ പ്രസ്താവനയാണ് ചിരിക്കും കരച്ചിലിനും കാരണമായത്.. പുറത്ത് നിന്നുള്ള ആരോ വ്യക്കയടങ്ങുന്ന ബാഗെടുത്ത് ഓടിയെന്നാണ് മന്ത്രി പരാതിപ്പെട്ടത്. രണ്ടു വകുപ്പ് മേധാവികളെ ഇപ്പോള്‍ തന്നെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിച്ചുവരികയാണ് എന്നത് ആരോഗ്യകരമായ കാര്യം തന്നെയാണ്. വെറുതെയല്ല മുഖ്യമന്ത്രിയും മന്ത്രിമാരും സെക്രട്ടറിയുമടക്കമുള്ള നേതാക്കള്‍ ചികിത്സക്കായി വിദേശത്തേക്ക് പറന്ന് തടിതപ്പുന്നത്.


പതിനേഴ് പ്രതിപക്ഷ പാര്‍ട്ടികള്‍ പരസ്പരം യോഗം ചേര്‍ന്ന് ഒരു രാഷ്ട്രപതി സ്ഥാനാര്‍ഥിയെ അന്വേഷിച്ച് പുറപ്പെട്ടിരിക്കുകയാണ് ഇപ്പോള്‍. ശരത് പവാര്‍ ആദ്യമേ ഒഴിവ് പറഞ്ഞു. അതിനു പുറമേ ഗോപാല്‍കൃഷ്ണ ഗാന്ധിയും ശേഷം ഫാറൂഖ് അബ്ദുല്ലയും പിന്‍വലിഞ്ഞിരിക്കുകയാണ്. സംഘ്പരിവാറിനെ തോല്‍പ്പിക്കാനുള്ള അന്വേഷണം ഒടുവില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത് യശ്വന്ത് സിന്‍ഹയിലാണ്. പ്രതിപക്ഷത്തിന് രാഷ്ട്രപതിയാകാന്‍ ഒരു സ്ഥാനാര്‍ഥിയെകിട്ടണമെങ്കില്‍ കാവിക്കറയുള്ളവര്‍ തന്നെ വേണമെന്ന് സാരം.

രാജ്യത്ത് ബുള്‍ഡോസര്‍ രാജുമായി ജനങ്ങളെ ഭയപ്പെടുത്തിയിരുന്ന ബി.ജെ.പിക്ക് കനത്ത പ്രഹരമായി, യുവാക്കള്‍ അഗ്‌നിപഥിന്റെ പേരില്‍ തെരുവിലിറങ്ങി. കണ്ണില്‍ കണ്ടതെല്ലാം അവര്‍ തകര്‍ക്കുകയും കത്തിക്കുകയും ചെയ്തു. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായുള്ള അഗ്‌നിപരീക്ഷയാണ് ഇപ്പോള്‍ നടക്കുന്നത് എന്നാണ് ഭരണകക്ഷി വിശദീകരണം. സെന്‍ട്രല്‍ വിസ്റ്റ പാര്‍ലമെന്റ് മന്ദിര നിര്‍മാണത്തിലും മോദിക്ക് പറക്കാന്‍ രണ്ടു വിമാനം വാങ്ങിയതിലും കാണാത്ത ചെലവ് ചുരുക്കലിന്റെ പേരിലാണ് ഈ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. നാലു വര്‍ഷം ജോലി പൂര്‍ത്തിയാക്കുന്ന അഗ്‌നിവീര്‍ സൈനികര്‍ക്ക് പണിയില്ലാതാകുമെന്ന് പേടിക്കേണ്ടയെന്നാണ് ബി.ജെ.പി പറയുന്നത്. ബി.ജെ.പിയുടെ ഓഫീസുകളുടെ കാവല്‍ക്കാരായി അവരെ നിയമിക്കുമെന്നാണ് ഓഫര്‍. സമരക്കാരെ സൈന്യത്തില്‍ ഒരു കാരണവശാലും എടുക്കില്ലെന്ന ഭീഷണിയും മുഴക്കിയിട്ടുണ്ട്.

പിണറായി വിമര്‍ശിച്ചതിന്റെ പേരില്‍ നാടകപ്രവര്‍ത്തകനായ ശാന്തകുമാറിന്റെ അനുസ്മരണ സദസ്സ് ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിച്ചതനുസരിച്ച് പുറപ്പെട്ട കലാകാരന്‍ ഹരീഷ് പേരടിക്ക് പു.ക.സ വിലക്ക് ഏര്‍പ്പെടുത്തി. അടുത്ത വിലക്ക് പാര്‍ലറില്‍ നയതന്ത്രക്ക് വരുന്നതിന് മുമ്പ് രംഗം വിടുന്നതാണ് നല്ലത്. എല്ലാവര്‍ക്കും വിട.

TAGS :