Quantcast
MediaOne Logo

പ്രമോദ് രാമന്‍

Published: 31 May 2022 1:29 PM GMT

മാരിക്കാര്‍ മേയുന്ന മൗനാംബരം

ഫോട്ടോകോപ്പികള്‍ എടുക്കേണ്ടത് സുബിക് ബേ സാറ്റലൈറ്റ് സിസ്റ്റംസിന്റെ ഒന്നാംനിലയിലുള്ള ഓഫീസില്‍ ചെന്നാണ്. രവിക്കും എനിക്കും കോപ്പിയെടുക്കാന്‍ പോകാന്‍ വലിയ താല്‍പര്യമായിരുന്നു. കാരണം, അവിടെയാണ് മാരിക്കാര്‍ എന്ന റിസപ്ഷനിസ്റ്റ് ഇരിക്കുന്നത്. അവളാണ് കോപ്പികള്‍ എടുത്തുതരിക. പയ്യെപ്പയ്യെ ഞങ്ങളുടെ 'മെസേജ്' അവളുടെയും സ്ഥിരം വാക്കായി.

മാരിക്കാര്‍ മേയുന്ന മൗനാംബരം
X
Listen to this Article

ഒരു വാര്‍ത്താബുള്ളറ്റിന്‍ ഉണ്ടാകുന്നതെങ്ങനെയാണ്?

പല കാര്യങ്ങളുമുണ്ട്. വാര്‍ത്താശേഖരണം തൊട്ട് അത് ബ്രോഡ്കാസ്റ്റ് ചെയ്യപ്പെടുന്നതുവരെ. വാര്‍ത്ത കയ്യില്‍ കിട്ടുന്ന റിപ്പോര്‍ട്ടര്‍ തന്റെ മിടുക്കിന് അനുസരിച്ച് അത് ഏറ്റവും വേഗം സംപ്രേഷണം ചെയ്യപ്പെടാന്‍ വേണ്ടത് ചെയ്യും. അതിലെ വിശേഷങ്ങള്‍ മറ്റൊരിക്കല്‍ പറയാം. വാര്‍ത്ത ന്യൂസ് റൂമിലെത്തിക്കഴിഞ്ഞാല്‍ അത് സംപ്രേഷണം ചെയ്യപ്പെടുന്നതിന് മുന്‍പ് വേണ്ട കാര്യങ്ങള്‍ വേറെ പലതുമുണ്ട്. റിപ്പോര്‍ട്ടര്‍ തരുന്ന വാര്‍ത്ത, ശേഖരിക്കുന്ന ദൃശ്യം - ഇതുരണ്ടും പ്രേക്ഷകരിലെത്തണമെങ്കില്‍ ഇന്‍പുട്ട് ഡെസ്‌കിലൂടെയും ഔട്പുട്ട് ഡെസ്‌കിലൂടെയും കടന്നുപോകാനുണ്ട്. ആ വാര്‍ത്ത സംപ്രേഷണത്തിന് പാകമാക്കി മാറ്റുന്ന പലതും ഈ പ്രക്രിയയില്‍ ഉണ്ട്.


ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം വാര്‍ത്തയ്ക്ക്, ഒരു വാര്‍ത്താ ബുളളറ്റിന് ഒരു റണ്‍ഡൗണ്‍ ഉണ്ടാവുക എന്നതാണ്. ഇന്നിപ്പോള്‍ വിവിധ ന്യൂസ് ഡെസ്‌കുകളില്‍ വിവിധ സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ചാണ് റണ്‍ഡൗണ്‍ നിര്‍മിക്കുന്നത്. മനോരമ ന്യൂസ് അടക്കം പല ചാനലുകളിലും ഇ.എന്‍.പി.എസ് എന്ന സംവിധാനമാണെങ്കില്‍ മീഡിയ വണില്‍ ഐ ന്യൂസ് ആണ് ഉപയോഗിക്കുന്നത്. വാര്‍ത്തകളുടെ ക്രമം നിശ്ചയിക്കുന്നതിനുള്ള സംവിധാനമാണിത്. ഏതുവാര്‍ത്ത ആദ്യം നല്‍കണം, ഏത് രണ്ടാമത്, ഏത് മൂന്ന് എന്നിങ്ങനെ അതിന്റെ റണ്‍ഓര്‍ഡര്‍ തീരുമാനിക്കല്‍ ന്യൂസ് റൂമുകളിലെ ഒരു പ്രധാന ചുമതലയാണ്. ഇന്നിപ്പോള്‍ വളരെ യൂസര്‍ ഫ്രണ്ട്‌ലി ആയ സോഫ്റ്റ് വെയറാണ് ഇതിന് ഉപയോഗിക്കുന്നത് എന്നതിനാല്‍ ഇത് സാങ്കേതികമായി എളുപ്പമാണ്. ഡ്രാഗ് ആന്‍ഡ് ഡ്രോപ് ആണ് ഇതിന്റെ മാര്‍ഗം. അതിനാല്‍ എപ്പോള്‍ വേണമെങ്കിലും റണ്‍ഡൗണിന്റെ ഓര്‍ഡര്‍ മാറ്റാന്‍ പ്രയാസമില്ല. പ്രധാനപ്പെട്ട പുതിയൊരു വാര്‍ത്ത വരുമ്പോള്‍ അതിന് പ്രാധാന്യം കിട്ടുംവിധം റണ്‍ഓര്‍ഡര്‍ സിസ്റ്റത്തില്‍ തന്നെ മാറ്റാം. വിഷ്വലും ഗ്രാഫിക്‌സും മറ്റും ഫയര്‍ ചെയ്യുന്ന സിസ്റ്റത്തിലും ഈ മാറ്റം പ്രതിഫലിച്ചുകൊള്ളും. ഓട്ടോമേറ്റഡ് അഥവാ ഇന്റഗ്രേറ്റഡ് ന്യൂസ് പ്രൊഡക്ഷന്റെ പ്രധാനസൗകര്യം അതാണ്.

എന്നാല്‍, ഇപ്പറഞ്ഞ സാങ്കേതിക വാക്കുകള്‍ സ്വപ്നത്തില്‍ പോലും കേട്ടിട്ടില്ലാത്ത കാലത്താണ് ഞാന്‍ വാര്‍ത്താസംപ്രേഷണ ചുമതലകളിലേക്ക് വരുന്നത്. ഏഷ്യാനെറ്റില്‍ അന്ന് ആദ്യബാച്ചില്‍ ജോയിന്‍ ചെയ്തവരില്‍ ആര്‍ക്കും ഇത്തരം സാങ്കേതിക പദങ്ങള്‍ അറിയില്ലായിരുന്നു. പൂര്‍ണമായും ഓട്ടോമേറ്റഡ് ആയ ന്യൂസ് പ്രൊഡക്ഷന്‍ സംവിധാനം അന്ന് ലോകത്തൊരിടത്തും ഉണ്ടായിരുന്നില്ല. അതിനാല്‍ അങ്ങനെയൊരു കാര്യത്തെക്കുറിച്ച് ചിന്തിക്കാനേയില്ല. അതേസമയം വാര്‍ത്താസംപ്രേഷണത്തിന്റെ മറ്റുവശങ്ങള്‍ മനസ്സിലാക്കാനും പഠിച്ചെടുക്കാനും വഴികളുണ്ടായിരുന്നു. ഏഷ്യാനെറ്റിന്റെ അന്നത്തെ സാഹചര്യത്തില്‍ വലിയതോതിലൊരു പരിശീലനത്തിന് സാധ്യതകള്‍ ഉണ്ടായിരുന്നില്ല. ചുരുക്കം പറഞ്ഞാല്‍ വാര്‍ത്താസംപ്രേഷണത്തെക്കുറിച്ച് അഥവാ, ഒരു വാര്‍ത്താബുള്ളറ്റിന്റെ ഘടനയെക്കുറിച്ച് ഞങ്ങള്‍ക്ക് ആകെയുണ്ടായിരുന്ന ധാരണ അന്ന് ദൂരദര്‍ശനില്‍ കണ്ടിട്ടുള്ളത് മാത്രമാണ്. വാര്‍ത്തകളുടെ ക്രമം നിശ്ചയിക്കുമ്പോള്‍ അതിന്റെ പ്രാധാന്യമായിരിക്കണം മാനദണ്ഡം എന്നൊരു തത്വം മാത്രമായിരുന്നു മുന്നില്‍. വാര്‍ത്തകള്‍ ന്യൂസ് പ്രിന്റ് പേപ്പറില്‍ എഴുതിശീലിച്ച പ്രിന്റ് മീഡിയയിലെ ശീലം അതേപടി പിന്തുടരുന്നവരായിരുന്നു അക്കൂട്ടത്തിലെ എല്ലാവരും. കംപ്യൂട്ടര്‍ ഉപയോഗിച്ചു തുടങ്ങിയിട്ടില്ല. ആര്‍ക്കും അങ്ങനെ ചെയ്യണമെന്നൊരു താല്‍പര്യവും ഉണ്ടായിരുന്നില്ല. വാര്‍ത്തകള്‍ പേപ്പറിലെഴുതി അത് അടുക്കിവയ്ക്കുക എന്നതായിരുന്നു റണ്‍ഡൗണ്‍.


അന്നതിനെ റണ്‍ഡൗണ്‍ എന്നുവിളിക്കാനും അറിഞ്ഞുകൂടായിരുന്നു. മോക്ക് ന്യൂസ് ബുള്ളറ്റിനുകള്‍ തുടങ്ങിയപ്പോള്‍ മുതല്‍ ചെയ്തുതുടങ്ങിയതാണ് അങ്ങനെ. അതിന് അതല്ലാതെ വേറെന്തെങ്കിലും മാര്‍ഗമുണ്ടോയെന്ന് ആര്‍ക്കും നിശ്ചയമുണ്ടായിരുന്നില്ല. ദൃശ്യങ്ങളും ഇതേ ക്രമത്തില്‍ ഒരു ടേപ്പില്‍ എഡിറ്റ് ചെയ്തുവയ്ക്കും. എന്നിട്ട് വാര്‍ത്ത വായിക്കുന്നതിന് മുകളില്‍ പിന്നെ അത് എഡിറ്റ് ചെയ്തിടും. ഹെഡ്‌ലൈന്‍സും കമേഴ്‌സ്യല്‍ ബ്രേക്കുകളും ഒക്കെ മോക്ക് ചെയ്യും. പക്ഷേ, വാര്‍ത്തകള്‍ വായിക്കുന്നതിന് ഇടയില്‍ ഓര്‍ഡര്‍ മാറ്റണം എന്നുണ്ടെങ്കില്‍ വഴിയില്ല.

മോക്ക് ബുള്ളറ്റിനുകള്‍ കഴിഞ്ഞ് ഫിലിപ്പീന്‍സിലെ സുബിക് ബേയിലെത്തി ശരിക്കും വാര്‍ത്താസംപ്രേഷണം ആരംഭിച്ചപ്പോഴാണ് ഈ വാര്‍ത്താക്രമത്തിന്റെ പുതിയ വെല്ലുവിളികള്‍ ഞങ്ങള്‍ നേരിടാന്‍ തുടങ്ങിയത്. തിരുവനന്തപുരത്തെ ന്യൂസ് ഡെസ്‌കില്‍ നിന്ന് തരുന്ന ഫാക്‌സ് സന്ദേശങ്ങളാണ് ഞങ്ങള്‍ക്ക് വാര്‍ത്തകള്‍. ബുള്ളറ്റിനിലേക്ക് പോകുന്നതിന് കുറച്ച് മുന്‍പ് അതിന്റെ ഓര്‍ഡര്‍ ഡെസ്‌കില്‍ നിന്ന് തരും. ആ ഓര്‍ഡര്‍ അനുസരിച്ചുവേണം വാര്‍ത്തകള്‍ ക്രമീകരിക്കാന്‍. പുതുതായി എന്തെങ്കിലും സംഭവം ഉണ്ടായാല്‍ അത് ഈ ഓര്‍ഡറിന് ഇടയില്‍ തിരുകാനൊന്നും മാര്‍ഗമില്ല. കാരണം എല്ലാം മാന്വലാണ്. ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തുവച്ച ടേപ്പില്‍ പിന്നെ ഒന്നും മാറ്റാന്‍ സാധിക്കില്ല. എന്നാല്‍, ടെക്സ്റ്റ് മാത്രമായി വായിക്കണമെങ്കില്‍ അത് പ്രൊഡ്യൂസര്‍ കൊണ്ടുവന്ന് അടുക്കിവച്ച പേപ്പറുകള്‍ക്ക് ഇടയിലെവിടെയെങ്കിലും തിരുകും. ഓണ്‍ എയര്‍ പോയിത്തുടങ്ങിയാല്‍ പിന്നെ അതും റിസ്‌കാണ്. ഒരു സ്റ്റോറി പോയിക്കൊണ്ടിരിക്കുന്നതിന് ഇടയില്‍ വേണം ഓടിച്ചെന്ന് അതുചെയ്യാന്‍. പക്ഷേ, അങ്ങനെയെന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞാല്‍ വലിയ അഭിമാനം തോന്നാറുണ്ടായിരുന്നു. ഇന്ന് നൂറു വലിയ ബ്രേക്കിങ് ലൈവുകള്‍ ചെയ്യുന്നതിനേക്കാള്‍ അഭിമാനം.

ആ സമയത്ത് ഡെസ്‌കില്‍ നിന്ന് സുബിക്കിലേക്ക് അയക്കുന്ന വാര്‍ത്താക്രമ സന്ദേശത്തിന് ഒരു പേരില്ലായിരുന്നു. ഡെസ്‌കില്‍ അന്നുണ്ടായിരുന്ന കെ.അജിത്താണ് അതിന് മെസേജ് എന്നൊരു പേരിട്ടത്. അജിത്തിന്റെയോ എന്‍.പി ചന്ദ്രശേഖരന്റെയോ മനോഹരമായ കയ്യക്ഷരത്തിലാണ് അത് വരിക. മെസേജ്, 7.30 പി.എം ന്യൂസ് എന്നൊക്കെ മുകളില്‍ എഴുതി അത് വരാന്‍ തുടങ്ങി. അങ്ങനെ മെസേജ് എന്ന പേര് ഉറച്ചു. മെസേജ് വന്നോ എന്ന ചോദ്യം എനിക്കും രവിക്കും ഇടയില്‍ സ്ഥിരമായി. അത് വന്നുകഴിഞ്ഞാല്‍ മൂന്ന് ഫോട്ടോ കോപ്പികള്‍ എടുക്കണം. ഒന്ന് പ്രൊഡ്യൂസര്‍ക്ക്. പിന്നെ രണ്ടെണ്ണം (ഭാഷയറിയാത്ത) ഫ്‌ലോര്‍ മാനേജര്‍ക്കും സ്വിച്ചര്‍ക്കും.

ഈ ഫോട്ടോകോപ്പികള്‍ എടുക്കേണ്ടത് സുബിക് ബേ സാറ്റലൈറ്റ് സിസ്റ്റംസിന്റെ ഒന്നാംനിലയിലുള്ള ഓഫീസില്‍ ചെന്നാണ്. രവിക്കും എനിക്കും കോപ്പിയെടുക്കാന്‍ പോകാന്‍ വലിയ താല്‍പര്യമായിരുന്നു. കാരണം, അവിടെയാണ് മാരിക്കാര്‍ എന്ന റിസപ്ഷനിസ്റ്റ് ഇരിക്കുന്നത്. അവളാണ് കോപ്പികള്‍ എടുത്തുതരിക. പയ്യെപ്പയ്യെ ഞങ്ങളുടെ 'മെസേജ്' അവളുടെയും സ്ഥിരം വാക്കായി. ഒരിക്കല്‍ ഞാനവള്‍ക്ക് പറഞ്ഞുകൊടുത്തു, മാരിക്കാര്‍ എന്നവാക്കിന്റെ മലയാളം അര്‍ഥം. അവള്‍ അധികം ചിരിച്ചില്ല. ഒരു മന്ദഹാസം പൊഴിച്ചു. എന്റെ മനസ്സില്‍ 'മീനമാസത്തിലെ സൂര്യനി'ലെ പാട്ടാണ് ആ സമയത്ത് വന്നത്. 'മാരിക്കാര്‍ മേയുന്ന മൗനാംബരത്തിന്റെ താഴത്തൊരു തുണ്ട് ഭൂമി'...

TAGS :