Quantcast
MediaOne Logo

റീന വി.ആർ

Published: 14 May 2022 11:50 AM GMT

ആനന്ദത്തിൽ നിന്ന് ആസക്തിയിലേക്ക് വഴിതെറ്റുന്നവർ

കുട്ടികളിലെ /കൗമാരക്കാരിലെ അഡിക്ഷൻസ് നിയന്ത്രിക്കാൻ രക്ഷിതാക്കളുടെ ശ്രദ്ധയും പരിഗണയും അത്യാവശ്യമാണ്

ആനന്ദത്തിൽ നിന്ന് ആസക്തിയിലേക്ക് വഴിതെറ്റുന്നവർ
X
Listen to this Article

ആനന്ദത്തിനായുള്ള ആഗ്രഹം സാധാരണവും മനുഷ്യന്റെ അടിസ്ഥാന സ്വഭാവവുമാണ്. ആനന്ദം ജീവിതത്തിന് അനിവാര്യവുമാണ്. എന്നാൽ അനിയന്ത്രിതമായ ആഗ്രഹം ശീലമായി മാറുമ്പോൾ ആ ആഗ്രഹത്തോടുള്ള സമീപനം ആസക്തിയിലേക്ക് (അഡിക്ഷൻ) വഴിമാറും. അഡിക്ഷൻ സംഭവിച്ചുകഴിഞ്ഞാൽ, ആ ശീലം വ്യക്തിയിൽ പലതരം ആഘാതങ്ങൾ സൃഷ്ടിക്കും. അതിരുഗുരതരമായ അനന്തരഫലങ്ങളിലേക്ക് അത് നയിക്കുകയും ചെയ്യാം. ഇത്തരം ആസക്തികൾക്ക് പ്രായപരിധിയുമില്ല

അഡിക്ഷൻ എന്ന് കേൾക്കുമ്പോൾ മനസ്സിലേക്ക് ആദ്യം ഓടിയെത്തുക ഭക്ഷണത്തോടെ മദ്യത്തോടോ പുകവലിയോടോ മയക്കുമരുന്നുകളോടോ ഒക്കെയുള്ള ആസക്തിയെക്കുറിച്ചായിരിക്കും. എന്നാൽ അതിലൊതുങ്ങുന്നതല്ല ആസക്തികൾ. ഇന്ന് കുട്ടികളുടെയും കൗമാരക്കാരുടെയും ആസക്തികൾക്ക് വിശാലമായ അതിരും അർത്ഥവുമുണ്ട്. ഇൻറർനെറ്റും വീഡിയോ ഗെയിമുകളും നിയന്ത്രണാതീതമായ ആസക്തികളുടെ ഭ്രമാത്മക ലോകമാണ് കുട്ടികൾക്ക് മുന്നിൽ തുറന്നുവക്കുന്നത്. സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം മുതൽ അശ്ലീല ദൃശ്യങ്ങളിലേക്കും സന്ദേശങ്ങളിലേക്കും എത്തുന്നവരും അവിടെ നിന്ന് വഴിവിട്ട ലൈംഗികതയിലേക്കും കുറ്റകൃത്യങ്ങളിലേക്കും വരെ വഴുതിവീഴുന്നവരും ഇന്ന് കുറവല്ല. അവർക്ക് മുന്നിൽ പ്രലോഭനീയമായ അവസരങ്ങൾ തുറക്കാൻ ഒരു മൊബൈൽ ഫോണോ കമ്പ്യൂട്ടറോ മാത്രം മതി.

അഡിക്ഷൻ പ്രധാനമായും രണ്ട് വിഭാഗങ്ങളുണ്ട്. ലഹരി വസ്തുക്കളോടും ഭക്ഷണത്തോടും ഉള്ള അഡിക്ഷനും ചില പ്രത്യേക പെരുമാറ്റത്തോടുള്ള അഡിക്ഷനും. ഇതിൽ ലഹരി ആസക്തികൾ സാധാരണയായി നമുക്ക് കാണാനാകും. എന്നാൽ പെരുമാറ്റ ആസക്തികൾ ചിലപ്പോൾ പ്രതീക്ഷിക്കാത്തവരിൽനിന്ന് പ്രതീക്ഷിക്കാത്ത സമയത്താകും പുറത്തുവരിക.അഡിക്റ്റീവ് ബിഹാവിയേഴ്സിന്റെ തുടക്കം തികച്ചും സാധാരണമായ ഒരു പ്രവർത്തിയിൽ നിന്നായിരിക്കും. ഉദാഹരണമായി സമയം കളയാൻ വേണ്ടി ഒരു സുഹൃത്തിനോടൊപ്പം കളിക്കുന്ന ഒരു ഓൺലൈൻ ഗെയിം. ആദ്യ ഗെയിമിൽ കുട്ടി വിജയിച്ചേക്കാം. പെട്ടെന്നുള്ള ആ വിജയാനുഭവം കുട്ടിയുടെ ശരീരത്തിൽ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു കെമിക്കൽ റിലീസിന് (ആവേശം /സംതൃപ്തി )കാരണമാകും. ആ അനുഭവം ആവർത്തിക്കാൻ, കുട്ടി വീണ്ടും കളിക്കും. പിന്നീടും വിജയങ്ങൾ ആവർത്തിക്കാം. വിജയത്തിന്റെ ആക്കം കൂട്ടാനായി ഗെയിമിൽ പല അപ്ഗ്രേടേഷൻസും ആവശ്യമായിവരും. ഇവക്ക് പണം വേണ്ടിവരും. ഈ പണം കണ്ടെത്താൻ കുട്ടി പലവഴികൾ തേടും. രക്ഷിതാക്കളുടെ ഡെബിറ്റ് /ക്രെഡിറ്റ്‌ /upi സംവിധാനം ഉപയോഗിക്കുക എന്നതായിരിക്കും കുട്ടിക്ക് ആദ്യം ലഭിക്കുന്ന പരിഹാര മാർഗം. ഇത് ക്രമേണ ഗുരുതരമായ പണ പ്രശ്‌നങ്ങളിലേക്ക് തന്നെ അവരെ നയിച്ചേക്കും. കുറ്റകൃത്യങ്ങളിൽ അഭയം തേടുന്നവരുടെ പോലും തുടക്കം സമയം കളയാനുള്ള ഒരു തമാശക്കളിയായിരിക്കും.

എന്തുകൊണ്ട് കുട്ടികൾ അല്ലെങ്കിൽ കൗമാരക്കാർ അഡിക്ഷനിലേക്ക് തിരിയുന്നു എന്നതിന് വ്യക്തമായ കാരണങ്ങൾ ഇല്ല. ഏതെങ്കിലും തരത്തിലുള്ള ആസക്തി /അഡിക്ഷൻ (മദ്യപാനം, പുകവലി, ഡ്രഗ്സ്, സ്ക്രീൻ അഡിക്ഷൻ )ഉള്ള മാതാപിതാക്കളുടെ കുട്ടികൾ ഇത്തരം ശീലങ്ങളിലേക്ക് വഴുതിവീഴാനുള്ള സാധ്യത കൂടുതലാണ്.കുട്ടിക്കാലത്ത് ശാരീരികമോ മാനസികമോ ലൈംഗികമോ ആയ ആഘാതങ്ങൾ അനുഭവിക്കേണ്ടിവരുമ്പോൾ വേദനയും സമ്മർദ്ദവും നേരിടാൻ കുട്ടികൾ ആസക്തി നിറഞ്ഞ സ്വഭാവങ്ങളിലേക്കോ വസ്തുക്കളിലേക്കോ തിരിഞ്ഞേക്കാം.

മയക്കുമരുന്നോ മദ്യമോ പരീക്ഷിക്കുന്ന കൊച്ചുകുട്ടികൾ (ഒമ്പതിനും 12-നും ഇടയിൽ) പിന്നീട് അതിൽ ആസക്തരാകാനുള്ള സാധ്യത വളരെ കൂടുതലാണ്. സുഹൃത്തുകളിൽനിന്നോ അവരുടെ ഗ്രൂപ്പുകളിൽനിന്നോ ഒറ്റപ്പെട്ടുപോകാതിരിക്കുവാൻ വേണ്ടിയും പലപ്പോഴും കുട്ടികൾ ഇത്തരം കാര്യങ്ങളിലേക്ക് എടുത്തുചാടും. പുതിയ കാര്യങ്ങൾ പരീക്ഷിക്കാനും റിസ്ക് എടുക്കാനും കുട്ടികൾ ഇഷ്ട്ടപ്പെടുന്നു.ചില കുട്ടികൾ വളരെ ചെറിയ പ്രായത്തിൽ തന്നെ ചില അഡിക്റ്റീവ് ബിഹാവിയേഴ്സ് കാണിക്കാറുണ്ട്. സൈക്കിളിലോ സ്കേറ്റ്‌ബോർഡുകളിലോ മറ്റുള്ളവരെ അപേക്ഷിച്ച് വേഗത്തിൽ റേസിംഗ് ചെയ്യുക, ഉയരമുള്ള മരങ്ങൾ കയറുക തുടങ്ങിയ പ്രവർത്തനങ്ങളിൽനിന്ന് എത്ര പിന്തിരിപ്പിച്ചാലും പിന്മാറാത്ത കുട്ടികളുണ്ട്. ജനിതകഘടകങ്ങളും പലപ്പോഴും ആസക്തിക്ക് കാരണമാകാറുണ്ട്.

പ്രീ സ്‌കൂൾ വർഷങ്ങളിലെ പെരുമാറ്റ വൈകല്യം (conduct disorder ), ODD, ശ്രദ്ധക്കുറവ്/ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ (എഡിഎച്ച്ഡി) എന്നിവ ശരിയായ രീതിയിൽ പരിഹരിച്ചില്ലെങ്കിൽ കുട്ടിയുടെ വളർച്ചാ ഘട്ടങ്ങളിലുടനീളം തുടർച്ചയായി ഉണ്ടാകാൻ സാധ്യത ഏറെയാണ്. ഈ വൈകല്യങ്ങൾ തുടക്കത്തിൽ താരതമ്യേന നേരിയ പെരുമാറ്റ പ്രശ്നങ്ങളായും പിന്നീട് സ്ക്രീൻ അഡിക്ഷൻ, അക്രമം, മോഷണം, ലഹരി ഉപയോഗം തുടങ്ങിയ ഗുരുതരമായ ലക്ഷണങ്ങളിലേക്ക് കടക്കുകയും ചെയ്യാം. ഒറ്റപ്പെടുകയോ സാമൂഹികമായി അകറ്റപ്പെടുകയോ ചെയ്യുന്ന കുട്ടികൾ അഡിക്ഷന് സാധ്യതയുള്ളവരാണ്. അവരുടെ വൈകാരിക ആവശ്യങ്ങൾക്കായി മറ്റുള്ളവരെ എങ്ങനെ സമീപിക്കണമെന്ന് അവർക്ക് അറിവുണ്ടാകില്ല. ആത്മവിശ്വാസവും തീരെ ഇല്ലായിരിക്കാം. ഇത്തരം കുട്ടികൾ ആസക്തിയുള്ള സ്വഭാവത്തിലേക്കോ ആസക്തി ഉണ്ടാക്കുന്ന പദാർത്ഥങ്ങളിലേക്കോ തിരിയാനുള്ള സാധ്യത കൂടുതലാണ്.

ബാല്യവും യൗവനവും തമ്മിലുള്ള മാറ്റത്തിന്റെ കാലഘട്ടമാണ് കൗമാരം. പരിവർത്തനത്തിന്റെ ഈ അതിലോലമായ ഘട്ടത്തിൽ, കൗമാരക്കാർ അവർ അനുഭവിക്കുന്ന ശാരീരികവും മാനസികവും വൈകാരികവുമായ മാറ്റങ്ങൾ കാരണം പലതരം പ്രലോഭനങ്ങൾക്ക് ഇരയാകും. പൊതുവേ, ഈ പരിവർത്തന കാലഘട്ടത്തിന്റെ സവിശേഷത റിസ്ക് എടുക്കൽ, അമിതമായ പെരുമാറ്റം, നിരോധിത കാര്യങ്ങളോടുള്ള ആകർഷണം, പരീക്ഷണത്തിനുള്ള ആഗ്രഹം എന്നിവയാണ്. അശ്ലീല ലൈംഗിക പ്രവർത്തനങ്ങൾക്ക് മുതൽ ലഹരി മരുന്നുകളുടെ ഉപഭോഗം വരെ ഇക്കാലയളവിൽ സംഭവിക്കാം.


കുട്ടികളിൽ അഡിക്ഷന്റെ (ആസക്തിയുടെ) ലക്ഷണങ്ങൾ വ്യത്യസ്തമായിരിക്കും. ഇത് ഉൾപ്പെട്ടിരിക്കുന്ന പദാർത്ഥത്തെയോ പെരുമാറ്റത്തെയോ ആശ്രയിച്ചിരിക്കുന്നു. എല്ലാ ആസക്തികളും പ്രത്യാഘാതമുണ്ടാക്കുന്നവയാണ്. അഡിക്ഷനുണ്ടായാൽ കുട്ടിയിൽ മാറ്റങ്ങളുണ്ടാകും. അത് ശാരീരികമാകാം. അല്ലെങ്കിൽ കുട്ടിയുടെ സ്വഭാവത്തിലും പെരുമാറ്റത്തിലുമുള്ള മാറ്റമാകാം. ചിലപ്പോൾ സൂക്ഷ്മമോ നാടകീയമോ ആയ മാറ്റങ്ങൾ ഉണ്ടായേക്കാം. എന്നാൽ പലപ്പോഴും ഈ മാറ്റങ്ങൾ മാതാപിതാക്കൾ തിരിച്ചറിയപ്പെടാതെ പോകുന്നു. അതിനു ഒരു കാരണം കുട്ടികളുടെയും കൗമാരക്കാരുടെയും വളർച്ചയിൽ സ്വാഭാവികമായിത്തന്നെയാണ് മാറ്റങ്ങൾ സംഭവിക്കുന്നത് എന്നതാണ്. കുട്ടി പക്വതയിലേക്ക് നീങ്ങുമ്പോൾ ആ മാറ്റങ്ങൾ സ്വഭാവികമാണോ എന്ന തിരിച്ചറിവ് ആർജിക്കുകയെന്നത് വലിയ വെല്ലുവിളിയാണ്.

ഒരു കുട്ടിയിലോ കൗമാരക്കാരനിലോ ഉള്ള അഡിക്ഷന്റെ ചില സൂചനകൾ ഇത് തിരിച്ചറിയാൻ രക്ഷിതാക്കളെ സഹായിക്കും. പെരുമാറ്റത്തിലെ മാറ്റം, കൂടുതൽ വാദപ്രതിവാദം, സ്വയം ഒറ്റപ്പെടൽ, ആഴ്ചയിൽ 20 മണിക്കൂറിലധികം ഇന്റർനെറ്റിൽ ചെലവഴിക്കുകയോ വീഡിയോ ഗെയിമുകൾ കളിക്കുകയോ ചെയ്യുക,

ചുവന്ന കണ്ണുകളും വിട്ടുമാറാത്ത ആരോഗ്യ പരാതികളും (പനി, തലവേദന ,അമിത ക്ഷീണം,വയറുവേദന etc), ഭക്ഷണക്രമത്തിലോ ഉറങ്ങുന്ന രീതിയിലോ ഉള്ള മാറ്റങ്ങൾ, സ്കൂളിൽ/പഠനത്തിൽ താൽപര്യം നഷ്ടപ്പെടുക,ഗ്രേഡുകളിൽ ഇടിവ്, ക്ലാസുകൾ ഒഴിവാക്കുക, സമാന സ്വഭാവമുള്ള പുതിയ സുഹൃത്തുക്കൾ, സ്കൂൾ ബാഗിലോ റൂമിലോ കെമിക്കൽ സാന്നിധ്യമുള്ള നനഞ്ഞ തുണിക്കഷണങ്ങൾ അല്ലെങ്കിൽ പേപ്പറുകൾ കണ്ടെത്തുക, വസ്ത്രങ്ങളിലോ കൈകളിലോ മുഖത്തോ പെയിന്റ് അല്ലെങ്കിൽ മറ്റ് പാടുകൾ, എപ്പോഴും ഒറ്റക്ക് ഇരിക്കാൻ ഇഷ്ട്ടപ്പെടുക, സന്തോഷമില്ലായ്മ, വിഷാദം,ഹാനികരമായ അല്ലെങ്കിൽ അപകടകരമായ പെരുമാറ്റങ്ങൾ (വസ്‌തുക്കൾ തകർക്കൽ, നശിപ്പിക്കൽ, മോഷണം പോലുള്ളവ), സ്വയം ഉപദ്രവിക്കുക (സ്വന്തം ശരീരം മുറിക്കുക), ശ്വാസത്തിലോ ചർമ്മത്തിലോ മദ്യത്തിന്റെയോ പുകയിലയുടെയോ മറ്റോ ഗന്ധം, അമിതമായ പിടിവാശി, ഭക്ഷണത്തിലെ ക്രമമില്ലായ്മ തുടങ്ങിയവ ലക്ഷണങ്ങളിൽ ചിലതാണ്.

കുട്ടികളിലെ /കൗമാരക്കാരിലെ ഇത്തരം അഡിക്ഷൻസ് നിയന്ത്രിക്കാൻ രക്ഷിതാക്കളുടെ ശ്രദ്ധയും പരിഗണയും അത്യാവശ്യമാണ്. അഡിക്ഷന്റെ അപകടസാധ്യതകളെക്കുറിച്ചും അവയുടെ അടയാളങ്ങളെകുറിച്ചുമുള്ള ശരിയായ അറിവ് രക്ഷിതകൾക്ക് ഉണ്ടാകണം. ആസക്തിയിലേക്ക് നയിക്കുന്ന സാഹചര്യങ്ങളും വസ്തുക്കളും ഫലപ്രദമായി തടയാൻ രക്ഷിതാക്കൾക്ക് കഴിയും. അതിന് അഡിക്ഷന്റെ അപകടസാധ്യതകളെക്കുറിച്ചും അവയുടെ അടയാളങ്ങളെക്കുറിച്ചുമുള്ള ശരിയായ അറിവ് രക്ഷിതകൾക്ക് ഉണ്ടാകണം. ശരിയായ തെരഞ്ഞെടുപ്പുകൾ നടത്താൻ കുട്ടികളെ സഹായിച്ചും അവർക്ക് ആവശ്യമായ പിന്തുണ നൽകിയും പ്രായത്തിനനുയോജ്യമായവ മാത്രം നേടിക്കൊടുത്തും അപകടകരമായ വസ്തുക്കളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുക എന്നതാണ് രക്ഷിതാക്കളുടെ കർത്തവ്യം. കുട്ടികളിൽ കാണുന്ന ഏത് തരത്തിലുള്ള ആസക്തി നിറഞ്ഞ പെരുമാറ്റവും ഗൗരവമായി എടുക്കണം. നിങ്ങളുടെ കുട്ടിയോട് പ്രശ്നത്തെക്കുറിച്ച് തുറന്ന് സംസാരിക്കുക. അവരുടെ വികാരങ്ങളെയും ഭയങ്ങളെയും കുറിച്ച് തുറന്ന് പറയാൻ അവരെ പ്രേരിപ്പിക്കുക. തെറ്റുകൾ തിരുത്തി മുന്നോട്ട് പോകാൻ പിന്തുണയ്‌ക്കുക. കുട്ടിയുമായി ആസക്തിയെക്കുറിച്ച് സംസാരിക്കുന്നതിൽ വിമുഖതയോ അസ്വസ്ഥതയോ അനുഭവപ്പെടുന്ന രക്ഷിതാക്കൾ മേഖലയിൽ പ്രവർത്തിക്കുന്ന പ്രൊഫഷനലിന്റെ സഹായം തേടണം.


TAGS :