Quantcast
MediaOne Logo

എന്‍.പി ജിഷാര്‍

Published: 1 March 2022 8:36 AM GMT

സർക്കാറിന്റെ ഫോക്കസ്, ഉദ്യോഗസ്ഥരുടെ കോക്കസ്

സാമ്പത്തിക ബാധ്യതയേക്കാൾ ഗുരുതരമായിരുന്നു സീറ്റില്ലായ്മാ വിവാദം സംസ്ഥാന സർക്കാറിന് സൃഷ്ടിച്ച രാഷ്ട്രീയ പ്രതിസന്ധി.

സർക്കാറിന്റെ ഫോക്കസ്, ഉദ്യോഗസ്ഥരുടെ കോക്കസ്
X

കോവിഡ് കാരണം ക്ലാസുകൾ നഷ്ടപ്പെട്ട പത്ത്, പ്ലസ് ടു വിദ്യാർഥികൾ നേരിടുന്ന അധ്യയന പ്രതിസന്ധി മറികടക്കാൻ സംസ്ഥാന സർക്കാർ കഴിഞ്ഞ വർഷം നടപ്പാക്കിയതാണ് ഫോക്കസ് ഏരിയ പദ്ധതി. കോവിഡ് കാലമായിരുന്നിട്ടും പൊതുപരീക്ഷയിൽ കൂടുതൽ കുട്ടികൾക്ക് വിജയവഴിയുറപ്പാക്കിയതിൽ ഇത് വലിയ പങ്കുവഹിച്ചു. ഈ വർഷവും ഇതേ രീതി പിന്തുടർന്നാണ് അധ്യയനവും പരിശീലനവും നടന്നത്. എന്നാൽ, അധ്യയന വർഷത്തിന്റെ അവസാന സമയത്ത് ഇൗ രീതിയിൽ സർക്കാർ പെട്ടെന്ന് മാറ്റം വരുത്തി. പുതിയ തീരുമാനം, പരീക്ഷക്ക് ഏറെക്കുറെ തയാറെടുത്തുകഴിഞ്ഞ കുട്ടികളെ കടുത്ത മാനസിക സംഘർഷത്തിലേക്കും അധ്യാപകരെ പ്രായോഗിക പ്രതിസന്ധിയിലേക്കും തള്ളിവിട്ടു. കഴിഞ്ഞ വർഷത്തെ ഫോക്കസ് ഏരിയ പദ്ധതി കളരിക്ക് പുറത്തായിരുന്നുവെങ്കിൽ ഇക്കൊല്ലം അത് ആശാന്റെ നെഞ്ചത്ത് എന്ന നിലയിലേക്ക് മാറിക്കഴിഞ്ഞു.

10,12 ക്ലാസുകളിലെ വിഷയങ്ങളിൽ ഫോക്കസ് ഏരിയയായി നിശ്ചയിച്ച 40 ശതമാനം പാഠഭാഗങ്ങൾ കേന്ദ്രീകരിച്ച് പഠിച്ചാൽ മികച്ച വിജയം കിട്ടാവുന്ന തരത്തിലാണ് കഴിഞ്ഞ വർഷത്തെ ചോദ്യപേപ്പറുകൾ തയാറാക്കിയത്. ഇതിന്റെ ഫലമായി മുൻവർഷങ്ങളിൽനിന്ന് വ്യത്യസ്തമായി എ, എ പ്ലസ് ഗ്രേഡുകാരുടെ എണ്ണം കഴിഞ്ഞ വർഷം വൻതോതിൽ വർധിച്ചു. ഇതിൽ ഇക്കൊല്ലം വരുത്തിയ മൂന്ന്് പ്രധാന മാറ്റങ്ങൾ ഇവയാണ്: 1. ഫോക്കസ് ഏരിയ 60 ശതമാനമാക്കി വർധിപ്പിച്ചു. 2. ഫോക്കസ് ഏരിയയിൽ നിന്ന് വരുന്ന ചോദ്യങ്ങൾ 70 ശതമാനം മാത്രമാക്കി. 3. നോൺഫോക്കസ് ഏരിയയിൽ നിന്ന് വരുന്ന ചോദ്യങ്ങൾ ഉത്തരമെഴുതൽ നിർബന്ധമാക്കി. ഫോക്കസ് ഏരിയ മാത്രം പഠിക്കുന്ന കുട്ടിക്ക് ബി ഗ്രേഡിൽ കൂടുതൽ ലഭിക്കാത്ത തരത്തിലാക്കി പരീക്ഷയെ പുനഃക്രമീകരിച്ചു. ഉന്നത വിജയം നേടുന്ന കുട്ടികളുടെ എണ്ണം കുത്തനെ കുറയുക എന്നതായിരിക്കും ഇതിന്റെ ആദ്യ പ്രത്യാഘാതം.




ഒാൺലൈൻ പഠനത്തിന്റെ എല്ലാ കെടുതികളും അനുഭവിച്ച, 200 അധ്യയന മണിക്കൂർ വേണ്ടിടത്ത് അതിന്റെ മൂന്നിലൊന്ന് സമയം പോലും ക്ലാസുകൾ ലഭിക്കാതിരുന്ന ഒരു തലമുറയെയാണ്, എത്ര പഠിച്ചാലും മികച്ച വിജയം നേടാനാകാത്ത കുരുക്കിൽ കൊണ്ടുപോയി സർക്കാർ തളച്ചിരിക്കുന്നത്. പൊതുവിദ്യാഭ്യാസത്തെ ശാക്തീകരിക്കുമെന്ന പ്രഖ്യാപിത നയമുള്ള ഇടതുസർക്കാറാണ് വിദ്യാർഥികൾക്കുമേൽ ഇത്രമേൽ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. കുട്ടികളുടെ പഠനമുറപ്പാക്കുന്നതിലല്ല സർക്കാറിന്റെ ഫോക്കസ് എന്നതാണ് ഇതിലെ അടിസ്ഥാന പ്രശ്നം. കഴിഞ്ഞ വർഷം പത്താം ക്ലാസിൽ റെക്കോർഡ് വിജയമുണ്ടായപ്പോൾ മതിയായ പ്ലസ് വൺ സീറ്റ് ഇല്ലാതെ കുട്ടികൾ വലഞ്ഞു. ഇത് പരിഹരിക്കാൻ 70 അധിക ബാച്ചുകളാണ് സർക്കാറിന് പുതുതായി അനുവദിക്കേണ്ടി വന്നത്. ബാച്ചുകൾ കൂട്ടിയതിലൂടെ സംഭവിച്ച അധിക സാമ്പത്തിക ബാധ്യത തന്നെ വലിയ തലവേദനയായാണ് സർക്കാർ കാണുന്നത്. വമ്പൻ പദ്ധതികൾക്ക് പിറകേ അതിവേഗം പായുമ്പോഴും സംസ്ഥാനത്തെ നിത്യനിദാന ചെലവുകൾ കണിശമായി വെട്ടിച്ചുരുക്കുക എന്നതാണ് സർക്കാറിന്റെ ധനകാര്യ മാനേജ്മെന്റ് സമീപനം. രണ്ടുകൊല്ലം തുടർച്ചയായി 70 അധിക ബാച്ചുകൾ പ്രവർത്തിച്ചാൽ അത് സ്ഥിരം ബാച്ചുകളും പോസ്റ്റുകളുമായി മാറ്റേണ്ടി വരും. അതിനാൽ കൂടുതൽ ബാച്ചും പോസ്റ്റും അനുവദിക്കേണ്ടിവരുന്ന സ്ഥിതിവിശേഷം ഒഴിവാക്കുക എന്നത് സർക്കാറിനെ സംബന്ധിച്ച് സുപ്രധാനമാണ്.

സാമ്പത്തിക ബാധ്യതയേക്കാൾ ഗുരുതരമായിരുന്നു സീറ്റില്ലായ്മാ വിവാദം സംസ്ഥാന സർക്കാറിന് സൃഷ്ടിച്ച രാഷ്ട്രീയ പ്രതിസന്ധി. സാധാരണ നിലയിൽ തന്നെ സംസ്ഥാനത്ത് സീറ്റ് ക്ഷാമം പതിവാണ്. പ്രത്യേകിച്ച് മലബാർ ജില്ലകളിൽ. മുന്നണികൾ മാറിമാറിഭരിക്കുന്ന സംസ്ഥാനത്ത്, ഒാരോ വർഷവും സീറ്റില്ലായ്മ ചർച്ചയാകുമ്പോൾ മുൻ സർക്കാറിനെ പഴിചാരി രക്ഷപ്പെടുകയാണ് പതിവ്. ഇക്കുറി തുടർ ഭരണമുണ്ടായതോടെ ഇൗ കേരള മോഡൽ ഭരണകൂട തട്ടിപ്പിന് അവസരമില്ലാതായി. സംസ്ഥാനത്താകട്ടെ, എ പ്ലസ് കിട്ടിയവരടക്കം പതിനായിരങ്ങൾ സ്കൂളിന് പുറത്തുതന്നെ നിൽക്കേണ്ടിയും വന്നു. മലബാറിൽ നേരത്തെ തന്നെയുള്ള സീറ്റ് ക്ഷാമം ഇതോടെ എല്ലാ പരിധിയും വിട്ടു. ഇതേതോതിൽ എ പ്ലസ്സുകാരുണ്ടായാൽ അടുത്ത അധ്യയന വർഷവും സർക്കാർ സമാനമായ രാഷ്ട്രീയ പ്രതിസന്ധി നേരിടുമെന്ന് ഉറപ്പാണ്. മതിയായ സീറ്റും ബാച്ചും അനുവദിച്ച് നീതിപൂർവമായ പരിഹാരം കാണാൻ രാഷ്ട്രീയ ഇച്ഛാശക്തി അനിവാര്യമാണ്. അതില്ലെങ്കിൽ ഇൗ പ്രതിസന്ധി മറികടക്കാനുള്ള എളുപ്പവഴി, എ പ്ലസ്സുകാരുടെ എണ്ണം കുറക്കുക എന്നതാണ്. ഇപ്പോൾ നടപ്പാക്കിയ ഫോക്കസ് ഏരിയ പരിഷ്കാരം അതിന് സഹായകരമാണ്. മികച്ച വിജയം നേടുന്നവർ അധികമുണ്ടാകില്ലെന്ന് ഇൗ പരീക്ഷാ രീതി ഉറപ്പാക്കും. കാസർകോട്ടെ കാൻസർ രോഗികൾക്ക് ആർ.സി.സിയിലെ ചികിത്സ വേഗത്തിലാക്കാൻ അതിവേഗ തീവണ്ടി അനിവാര്യമാണെന്ന് വാദിക്കുന്ന അതേ ഭരണകൂട യുക്തിയാണ് ഫോക്കസ് ഏരിയയുടെ കാര്യത്തിലും പ്രവർത്തിക്കുന്നത്. വിജയികളെ ഇല്ലാതാക്കി, സീറ്റ് ക്ഷാമം പരിഹരിക്കുക. സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധി, ഭരണ കക്ഷിയുടെ രാഷ്ട്രീയ പ്രതിസന്ധി - ഇതുരണ്ടും അനായാസം മറികടക്കുക എന്നതിലാണ് സർക്കാറിന്റെയും ഭരണമുന്നണിയുടെയും ഫോക്കസ്. അതിന് വേണ്ട വിദ്യാഭ്യാസ നയവും പരീക്ഷാ രീതിയുമാണ് ഇപ്പോൾ ആവിഷ്കരിച്ചിരിക്കുന്നത്. അവിടെ വിദ്യാർഥികൾ സ്വാഭാവികമായും ഫോക്കസ് ഒൗട്ട് ആയിരിക്കും.

കേരളത്തിലെ ലക്ഷക്കണക്കിന് വിദ്യാർഥികളെ അതിഗുരുതരമായി ബാധിക്കുന്ന ഇൗ സുപ്രധാന തീരുമാനം രൂപപ്പെട്ടത് അക്കാദമിക ചർച്ചകളിലോ അക്കാമദിക വിദഗ്ധരുടെ ആലോചനകളിലോ അല്ലയെന്നതാണ് അതിലേറെ രസാവഹം. ഏതാനും ഉന്നത ഉദ്യോഗസ്ഥരുടെ താൽപര്യാർഥമാണ് ഇൗ ഉത്തരവ് ഇറങ്ങിയത് എന്ന് അധ്യാപക സംഘടനകൾ തന്നെ പരസ്യമായി പറഞ്ഞിട്ടണ്ട്. വിദ്യാഭ്യാസ മേഖലയെ മുച്ചൂടും ബാധിക്കുന്ന സുപ്രധാന തീരുമാനങ്ങളിൽ കേരളത്തിലെ അക്കാദമിക് സമൂഹത്തിന് ഒരു പങ്കുമുണ്ടാകുന്നില്ല എന്നത് അത്ര നിസ്സാരമല്ല. വിദ്യാഭ്യാസ മേഖലയിലെ ഒാരോ തീരുമാനവും വിദ്യാർഥികളുടെ മാനസികം മുതൽ വൈജ്ഞാനികം വരെയുള്ള നിരവധി ഘടകങ്ങൾ പരിഗണിച്ച് മാത്രം രൂപകൽപന ചെയ്യേണ്ടതാണ്. എന്നാൽ, കേരളത്തിലിപ്പോൾ ഉദ്യോഗസ്ഥ സംഘങ്ങളാണ് ഇത്തരം കാര്യങ്ങളിലെ തീരുമാനങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത് എന്നാണ് ഫോക്കസ് ഏരിയ വിവാദം തെളിയിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിനെ ഇനിയും ഭരണപരമായി തന്റെ വരുതിയിലാക്കാൻ കഴിഞ്ഞിട്ടില്ലാത്ത വകുപ്പ് മന്ത്രിയുടെ ദൗർബല്യങ്ങളും ഇൗ ഉദ്യോഗസ്ഥ സംഘം മുതലെടുക്കുന്നു.




അതുകൊണ്ടാണ് അശാസ്ത്രീയമായ ഫോക്കസ് ഏരിയ പരിഷ്കരണം ചോദ്യം ചെയ്ത സംസ്ഥാനത്തെ അറിയപ്പെടുന്ന ഒരു അധ്യാപകനെതിരെ ഞൊടിയിടയിൽ നടപടിയുടെ വാളുയർന്നത്. ആ അധ്യാപകനാകട്ടെ, മുഖ്യ ഭരണ കക്ഷിയായ സി.പി.എമ്മിന്റെ അധ്യാപക സംഘടനാ നേതാവുകൂടിയാണ്. എന്നിട്ടും സർക്കാറിനെ വിമർശിച്ചുവെന്ന പേരിൽ തുറന്ന വാ അടക്കും മുൻപേ വാറോല വീട്ടിലെത്തി. ഇതിനെതിരെ ശബ്ദിക്കാൻ ആ അധ്യാപകൻ പ്രവർത്തിക്കുന്ന സംഘടനക്ക് പോലും ഇതുവരെ ധൈര്യം വന്നിട്ടില്ല എന്നത് വിദ്യാഭ്യാസ ഭരണത്തിൽ രാഷ്ട്രീയ നിലപാടുകൾ ഇല്ലാതായിക്കഴിഞ്ഞിരിക്കുന്നു എന്നതിന്റെ ലക്ഷണം കൂടിയാണ്. കേരളത്തിൽ നിലവിലുള്ള പാഠ്യപദ്ധതി വിമർശനാത്മക ബോധന ശാസ്ത്രമാണ്. കുട്ടികളെ ചോദ്യം ചോദിക്കാനും വിമർശനബുദ്ധ്യാ കാര്യങ്ങളെ സമീപിക്കാനും പ്രാപ്തമാക്കുന്ന പാഠ്യപദ്ധതി. പക്ഷെ, അത് പഠിപ്പിക്കുന്ന ഒരധ്യാപകൻ ഒരു ചോദ്യം ഉന്നയിച്ചപ്പോഴേക്കും വിമർശനാത്മക ബോധന ശാസ്ത്ര സിദ്ധാന്തമെല്ലാം ഭരണകൂടം മറന്നു. അയാളുടെ ചോദ്യങ്ങളെത്തന്നെ ഇല്ലാതാക്കുന്ന ഭരണ സംവിധാനം, അക്കാദമിക കാര്യങ്ങളിൽപോലും അധ്യാപകർ അഭിപ്രായം പറയേണ്ടതില്ലെന്ന മുന്നറിയിപ്പാണ് നൽകുന്നത്.

ഉദ്യോഗസ്ഥ സംഘങ്ങളുടെ ഇൗ ഇടപെടൽ കേവലമായ ഭരണപ്രശ്നം മാത്രമാണന്ന് കരുതാൻ വയ്യ. കേരളത്തിൽ ശക്തിപ്പെട്ടുവരുന്ന പൊതുവിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഏറ്റവും വലിയ വിമർശകർ സി.ബി.എസ്.ഇ ആരാധകരായ വലിയൊരു വിഭാഗം സർക്കാർ ഉദ്യോഗസ്ഥർ തന്നെയാണ്. പൊതുവിദ്യാഭ്യാസത്തെ ദുർബലമാക്കുന്നതിന് സഹായകരമാകുന്ന ഏതുപദ്ധതിയെയും ഗൂഢമായ ആഹ്ലാദത്തോടെ അവർ പിന്തുണക്കും. ലഭ്യമായ അവസരങ്ങളിലെല്ലാം അതിനെ അട്ടിമറിക്കാനുതകുന്ന പദ്ധതികൾ ആവിഷ്കരിക്കും. അതിലൊന്നാണ് ഇക്കൊല്ലത്തെ ഫോക്കസ് ഏരിയ പരിഷ്കരണം. കേരളത്തിൽ എഞ്ചിനീയറിങ് പ്രവേശനത്തിന് പ്ലസ് ടു മാർക്ക് പരിഗണിക്കുന്നതിനെതിരെ സി.ബി.എസ്.ഇ അനുകൂലികൾ കോടതി കയറിയിരുന്നു. അത് സുപ്രീംകോടതിയിലും പരാജയപ്പെട്ടിരിക്കെയാണ് ഫോക്കസ് ഏരിയ പരിഷ്കരണം. പ്ലസ് ടു മാർക്ക് പരിഗണിച്ചാലും ഒരുതരത്തിലും സി.ബി.എസ്.ഇ വിദ്യാർഥികളെ മറികടക്കാത്തവിധം കുറഞ്ഞ മാർക്കിൽ പൊതുവിദ്യാലയ വിദ്യാർഥികളെ തളച്ചിടാൻ ഇൗ പരിഷ്കാരത്തിലൂടെ കഴിയും. അഥവ പ്ലസ് ടു മാർക്ക് പരിഗണിക്കുന്നത് കേരള ബോർഡ് വിദ്യാർഥികൾക്ക് തന്നെ തിരിച്ചടിയാകുമെന്ന സ്ഥിതി വിശേഷമാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നത്. പ്ലസ് വൺ പ്രവേശനത്തിലും കേരള ബോർഡ് വിദ്യാർഥികളെ പുതിയ പരിഷ്കാരം വലിയതോതിൽ പുറന്തള്ളും. കേരളത്തിലെ സാധാരണക്കാരോ അതിലും താഴ്ന്നവരോ ആയ കുട്ടികൾ പഠിക്കുന്ന ഒരു സ്ട്രീമീനെ ഇവ്വിധം മത്സരക്ഷമമല്ലാതാക്കി മാറ്റുന്നതിന്റെ പ്രയോജനം ആർക്കാണ് ലഭിക്കുകയെന്നത് പകൽപോലെ വ്യക്തമാണ്. അതിനാൽ ഫോക്കസ് ഏരിയ പരിഷ്കരണം കേരളത്തിലെ പൊതുവിദ്യാഭ്യാസത്തെയാണ് തകർക്കുകയെന്ന് നിസ്സംശയം പറയാനാകും. പൊതുവിദ്യാഭ്യാസത്തിന്റെ ചാമ്പ്യൻമാരായി സ്വയം പ്രഖ്യാപിച്ച്, സമരങ്ങളുടെ പേരിൽ സ്വകാര്യ സ്ഥാപനങ്ങളെ അടിച്ചുതകർക്കുകപോലും ചെയ്തിട്ടുള്ള ഇടതുപക്ഷം തന്നെ കേരളത്തിലെ സവിശേഷമായ വിദ്യാഭ്യാസ സംവിധാനത്തെ അട്ടിമറിക്കാൻ നേതൃത്വം നൽകുകയാണ്. സർക്കാറും ഭരണമുന്നണിയും രാഷ്ട്രീയ നേട്ടത്തിൽ ഫോക്കസ് ചെയ്യുകയും സ്ഥാപിത താത്പര്യങ്ങളുടെ നടത്തിപ്പുകാരായി ഉദ്യോഗസ്ഥ കോക്കസ് ശക്തിപ്രാപിക്കുകയും ചെയ്തതിന്റെ അനിവാര്യ ദുരന്തമാണ് കേരളം അഭിമുഖീകരിക്കുന്നത്.

TAGS :