Quantcast
MediaOne Logo

ഷബ്‌ന സിയാദ്

Published: 1 May 2022 9:51 AM GMT

പി.സി ജോര്‍ജ്, ടി.പി സെന്‍കുമാര്‍, പാല ബിഷപ്പ്: 153 (എ) വകുപ്പും കേസുകളുടെ ഗതിയും

നാര്‍കോട്ടിക് ജിഹാദ് വിഷയത്തില്‍ പാലാ ബിഷപ്പ് നടത്തിയ പരാമര്‍ശത്തിന്റെ തുടര്‍ച്ചയായി വേണം പി.സി ജോര്‍ജിന്റെ പരാമര്‍ശത്തെയും കാണാന്‍.

പി.സി ജോര്‍ജ്, ടി.പി സെന്‍കുമാര്‍, പാല ബിഷപ്പ്: 153 (എ) വകുപ്പും കേസുകളുടെ ഗതിയും
X
Listen to this Article

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 (എ), വകുപ്പ് കേരളത്തില്‍ ഇടക്കിടെ ചര്‍ച്ചയാകുന്നതാണ്. മുന്‍പ് മുന്‍ പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍ ഇതേ വകുപ്പ് പ്രകാരം അറസ്റ്റിലായപ്പോഴാണ് ഇതേകുറിച്ച് കൂടുതല്‍ ശ്രദ്ധിക്കപ്പടുന്നത്. പി.സി ജോര്‍ജിന്റെ അറസ്റ്റോടെ കേരളം പോലൊരു സംസ്ഥാനത്ത് ഈ വകുപ്പിന്റെ പ്രസക്തിയെന്തെന്നത് വ്യക്തമാകുന്നു.

ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ (Indian Penal Code) ആകെ 511 വകുപ്പുകളാണുള്ളത്. ഈ വകുപ്പുകളിലായി ക്രിമിനല്‍ കുറ്റങ്ങളെ തരംതിരിച്ച് അവയ്ക്കുള്ള ശിക്ഷകളും ക്രമപ്പെടുത്തിയിരിക്കുന്നു. പി.സി ജോര്‍ജിന്റെ അറസ്റ്റോടെ കേരളം 153 (എ), വകുപ്പിന്റെ ചര്‍ച്ചയിലേക്ക് കൂടുതല്‍ കടക്കുകയാണ്. കേരളത്തെ പോലുള്ള ബഹുസ്വര സമൂഹത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 (എ), 295 (എ) എന്നീ രണ്ട് വകുപ്പുകളും ഒരുപോലെ പ്രസക്തമാണ്. വാക്കുകള്‍കൊണ്ടോ ചിത്രങ്ങളോടെയോ ചിഹ്നങ്ങളോടെയോ അല്ലങ്കില്‍ അത്തരം സൂചനകളിലൂടെയോ വിവിധ ജാതി-മത-ഭാഷ വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ ഇടപെടുക, സാമൂഹിക ഐക്യവും സമാധാനവും ഇല്ലാതാക്കുക, ഒരു പ്രത്യേക മതവിഭാഗത്തിലെ സായുധ സംഘത്തെ സംഘര്‍ഷം സൃഷ്ടിക്കാനായി ബോധപൂര്‍വ്വം ഒരുക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്്താല്‍ ഐ.പി.സി 153 (എ) പ്രകാരം കുറ്റകരമാണ്. മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പായതിനാല്‍ ഇതിന് ജാമ്യം ലഭിക്കുന്ന കുറ്റവുമല്ല. ഒരു മതകേന്ദ്രത്തില്‍ വച്ചാണ് മേല്‍പറഞ്ഞ കാര്യങ്ങളില്‍ ഏര്‍പ്പെടുന്നതെങ്കില്‍ ശിക്ഷ അഞ്ച് വര്‍ഷം വരെയാണ്. അതുപോലെ തന്നെയാണ് 295 (എ) വകുപ്പും. ഏതെങ്കിലും മതചിഹ്നത്തെയോ, മതകാര്യങ്ങളെയോ മനഃപൂര്‍വം അവഹേളിക്കുകയോ, നശിപ്പിക്കുകയോ, കളങ്കം വരുത്തുകയോ ചെയ്യുന്നത് സെക്ഷന്‍ 295 (എ) പ്രകാരം കുറ്റകരമാണ്. രണ്ട് വര്‍ഷം വരെ തടവ് ശിക്ഷയോ, പിഴയോ, തടവും പിഴയോ ലഭിക്കാവുന്ന കുറ്റമാണ്. അതുപോലെ വാക്കുകള്‍, പ്രവൃത്തികള്‍ എന്നിവകൊണ്ട് ഒരു മതത്തെയോ, മതവികാരത്തെയോ വൃണപ്പെടുത്തുന്നതും കുറ്റകരമാണ്. അതിന് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷയോ, പിഴയോ, തടവും പിഴയും ഒന്നിച്ചോ ലഭിക്കും. ഇതും ജാമ്യം ലഭിക്കാത്ത കുറ്റമാണ്.

മുന്‍ എം.എല്‍.എയായ പി.സി ജോര്‍ജ് നടത്തിയ പരാമര്‍ശത്തിന് ഒപ്പം നില്‍ക്കുന്ന വര്‍ഗീതയ മുന്‍ പൊലിസ് മേധാവിയില്‍ നിന്നുണ്ടാത് കേരളം മറന്നിട്ടില്ല. '' കേരളത്തില്‍ നൂറ് കുട്ടികള്‍ ജനിക്കുമ്പോള്‍ അതില്‍ 42 പേര്‍ മുസ്‌ലിം കുട്ടികളാണ് '' എന്നാണ് ടി.പി സെന്‍കുമാര്‍ പറഞ്ഞത്. ജനസംഖ്യ ഘടന ഈ രീതിയില്‍ പോയാല്‍ ഭാവിയില്‍ ഏതു രീതിയിലുള്ള മാറ്റമാണ് ഉണ്ടാകാന്‍ പോകുന്നതെന്ന ചോദ്യവും സെന്‍കുമാര്‍ സമകാലിക മലായളം വാരികയുടെ റിപോര്‍ട്ടര്‍ പി.എസ് റംഷാദുമായി നടത്തിയ അഭിമുഖത്തില്‍ ഉന്നയിച്ചിരുന്നു. ഇസ്‌ലാമിക് സ്റ്റേറ്റും ആര്‍.എസ്.എസും തമ്മില്‍ യാതൊരു താരതമ്യവും ഇല്ലെന്നും ടി.പി സെന്‍കുമാര്‍ അഭിമുഖത്തില്‍ പറയുന്നു. മതതീവ്രവാദമെന്നു പറയുമ്പോള്‍ ആര്‍.എസ്.എസ് ഇല്ലേ എന്നു ചോദിക്കുന്നതില്‍ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ലൗജിഹാദ് ഇല്ലാത്ത കാര്യമല്ല!

ക്രിസ്ത്യാനികളുടെ ജനന നിരക്ക് കുറയുമ്പോഴും ജനസംഖ്യ കുറയാത്തത് അവര്‍ കുറെയൊക്കെ മതപരിവര്‍ത്തനം നടത്തുന്നതുകൊണ്ടാണ്. എന്നിട്ടുപോലും ഹിന്ദു ക്രിസ്ത്യന്‍ സംഘര്‍ഷമുണ്ടാകാത്തത് എന്തുകൊണ്ടാണ്. ക്രിസ്ത്യന്‍ ലൗ ജിഹാദ് ഇല്ലാത്തതിനിലാണ് അതെന്നാണ് സെന്‍കുമാര്‍ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടുന്നത്.

ഈ പ്രസ്താവനകള്‍ കടുത്ത വിമര്‍ശനം പൊതുസമൂഹത്തിലുണ്ടാക്കുകയും അതിനെതിരെ പൊലിസ് കേസെടുക്കയും ചെയ്തു. ഈ കേസ് രജിസ്്റ്റര്‍ ചെയ്തത് ഐ.പി.സി 153 (എ) എന്ന ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ്. ഇത് പ്രകാരം ആദ്യമായി അറസ്റ്റിലാകുന്ന പൊലിസ് മേധാവിയെന്ന പേരും സെന്‍കുമാറിന് ലഭിച്ചിരുന്നു. അറസ്റ്റിലായെങ്കിലും ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യത്തിന്റെ ബലത്തില്‍ അപ്പോള്‍ തന്നെ ജാമ്യത്തില്‍ വിടുകയായിരുന്നു. പിന്നീട് നിയമത്തിന്റെ പഴുതിലൂടെ സെന്‍കുമാറും രക്ഷപെട്ടു. ഹൈക്കോടതി നിലവില്‍ ഈ കേസിന്റെ തുടര്‍ നടപടികള്‍ നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ്. വീണ്ടുമിപ്പോള്‍ ഒരു പ്രമുഖന്‍ കൂടി ഇതേ വകുപ്പ് പ്രകാരം അറസ്റ്റിലായ ഉടന്‍ ജാമ്യത്തിലറങ്ങുകയും ചെയ്യുന്നത് കേസിന്റെ തുടര്‍ നടപടികളെ കുറിച്ച് സംശയമുണ്ടാകുന്നു.

153 (എ) ഒരു പ്രത്യേക മതവിഭാഗത്തിന് മാത്രം സംവരണം ചെയ്തിരിക്കുന്നുവെന്ന തരത്തില്‍ മുന്‍കാലങ്ങളില്‍ വലിയ പ്രചരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍, കേരളത്തില്‍ അടുത്തകാലത്തായി പൗരബോധം കൂടിയതിന്റേയോ സോഷ്യല്‍ മീഡിയാ സജീവമായതിന്റേയോ ഫലമാകാം 153 (എ) വകുപ്പുകള്‍ ചുമത്താന്‍ പൊലിസുകാര്‍ക്ക് ജാതിമത ഭേദമന്യേ അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. നാര്‍കോട്ടിക് ജിഹാദ് വിഷയത്തില്‍ പാലാ ബിഷപ്പ് നടത്തിയ പരാമര്‍ശത്തിന്റെ തുടര്ച്ചയായി വേണം പി.സി ജോര്‍ജിന്റെ പരാമര്‍ശവും. കാത്തോലിക്ക് യുവാക്കളെയും ഹൈന്ദവ യുവാക്കളെയും ലക്ഷ്യം വെച്ചുകൊണ്ട് മയക്കുമരുന്നിലും മദ്യത്തിനും അടിമയാക്കുന്നതിന് വേണ്ടി പ്രത്യേക സംഘം കേരളത്തിലുണ്ടെന്നും മറ്റു മതങ്ങളെ നശിപ്പിക്കുയാണ് ഈ കൂട്ടരുടെ ലക്ഷ്യമെന്നുമുള്ള പ്രസ്താവനയാണ് ബിഷപ്പ് നടത്തിയത്. ഇതിനെതിരെ കുറവിലങ്ങാട് മജിസ്‌ടേറ്റിന്റെ നിര്‍ദേശപ്രകാരം പൊലിസ് കേസെടുത്തു. എന്നാല്‍, അതിന്റെ മേല്‍ നടപടികളിലും കാര്യമായ പുരോഗതിയുണ്ടായതായി അറിവില്ല. കേരളം പോലൊരു മണ്ണില്‍ വര്‍ഗീയതയും സ്പര്‍ധയുമുണ്ടാക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചാല്‍ ഇതവസാനിക്കുമെന്നതില്‍ സംശയമില്ല. എന്നാല്‍, പ്രമുഖര്‍ നടത്തുന്ന ഇത്തരം വര്‍ഗീയ പ്രചരണങ്ങളില്‍ അത്ര ശക്തമാണോ നടപടികള്‍ എന്ന് ആലോചിക്കേണ്ടതാണ്.

മതസ്പര്‍ധ വളര്‍ത്തുന്ന സന്ദേശങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്കും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്കും എതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പേജിലൂടെ ഇടക്കിടെ മുന്നറിയിപ്പ് നല്‍കിയാല്‍ മാത്രം പോരെ കേസിന്റെ തുടര്‍ നടപടികളും കര്‍ശനമാകണം.

പൗരബോധം കൂടിയതിന്റേയോ സോഷ്യല്‍ മീഡിയാ സജീവമായതിന്റേയോ ഫലമാകാം 153 (എ) വകുപ്പുകള്‍ ചുമത്താന്‍ പൊലിസുകാര്‍ക്ക് ജാതിമത ഭേദമന്യേ അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. നാര്‍കോട്ടിക് ജിഹാദ് വിഷയത്തില്‍ പാലാ ബിഷപ്പ് നടത്തിയ പരാമര്‍ശത്തിന്റെ തുടര്‍ച്ചയായി വേണം പി.സി ജോര്‍ജിന്റെ പരാമര്‍ശവും.

TAGS :