Quantcast
MediaOne Logo

ഷബ്‌ന സിയാദ്

Published: 13 July 2022 12:54 PM GMT

ദലിത് യുവതിയുടെ ആത്മഹത്യ; പൊലീസ് അനാസ്ഥയുടെ നാല്‍പത് ദിനങ്ങള്‍

പൊലിസ് ചോദ്യം ചെയ്യലില്‍ സംഗീത ഭര്‍തൃവീട്ടില്‍ ജാതിവിവേചനവും സ്ത്രീധന പീഡനത്തിനും ഇരയായെന്ന് വ്യക്തമായി. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. സംഗീത മരിച്ചിട്ട് 43 ദിവസം കഴിഞ്ഞ ശേഷമാണ് പ്രതികള്‍ അറസ്റ്റിലാകുന്നത്. | കോര്‍ട്ട് റൂം

ദലിത് യുവതിയുടെ ആത്മഹത്യ; പൊലീസ് അനാസ്ഥയുടെ നാല്‍പത് ദിനങ്ങള്‍
X
Listen to this Article

രണ്ട് മാസമായി ഞാന്‍ പിന്നാലെ നടക്കുന്നു... ഇന്നുവരെ എന്നോട് സ്‌നേഹത്തോടെ സംസാരിച്ചിട്ടില്ല ... എപ്പോള്‍ ചെന്നാലും വെറുപ്പും ദേഷ്യവും. ഇതിനുമാത്രം എന്ത് തെറ്റാണ് ഞാന്‍ ചെയ്തത് എന്ന് മനസിലാകുന്നില്ല. ഞാന്‍ കേറാണ്ടിരിക്കാന്‍ ഗ്രില്ലില്‍ താക്കോലൊക്കെയിട്ട് പൂട്ടിയിരിക്കുന്നു. ചേച്ചിയെ വിളിച്ച് സംഗീത കരഞ്ഞ് പറയുന്നതിങ്ങനെയാണ്...

എന്തിനാണ് പൊടിമോളെ അങ്ങോട്ട് പോയത്?

നീയിങ്ങോട്ട് തിരിച്ച് വാ.

അവര്‍ക്കാര്‍ക്കും നിന്നെ വേണ്ട പൊടിമോളെ.

നീയൊന്ന് ആലോചിച്ച് നോക്കു, അവന്‍ തന്നെ എത്ര തവണ ഇത് പറഞ്ഞിട്ടുണ്ട്.

നമ്മളെ കയറ്റാന്‍ കൊള്ളാത്തവരാണ്, സ്ത്രീധനമില്ല ഒന്നുമില്ലെന്ന് അവര്‍ പറഞ്ഞു. ഇനിയെങ്കിലും അച്ഛനെയും അമ്മയെയും കുറിച്ച് ഓര്‍ക്കൂ.

എവിടെയോ കിടന്നവര്‍ക്ക് വേണ്ടി നീ ഇങ്ങനെ കാണിക്കുമ്പോള്‍.

ഇവിടെ നിനക്ക് ഒരു അച്ഛനും അമ്മയും ഉണ്ടല്ലോ, അതെന്താ ചിന്തിക്കാത്തത്.. ചേച്ചി സലീനയും കരഞ്ഞ് സംഗീതയോട് പറയുന്നു. പിന്നെയും സംഗീതയുടെ കരച്ചില്‍.

എന്റെ കൈയും കാലും വിറച്ചിട്ട് പാടില്ല...

പടിയടച്ച് പിണ്ഡംവെച്ചത് പോലെയാണ്.....


എറണാകുളം നഗരമധ്യത്തില്‍ കേരള ഹൈക്കോടതിക്ക് തൊട്ടടുത്ത പുറമ്പോക്കിലെ വീട്ടിലെ രണ്ട് സഹോദരങ്ങളുടെ സംസാരമാണിത്...

സംഗീതയെന്ന 22 കാരി ആ കൊച്ചുവീട്ടില്‍ തുങ്ങി മരിച്ചതില്‍ അസ്വഭാവികതയുണ്ടെന്നറിഞ്ഞ് എത്തിയപ്പോള്‍ അവര്‍ തന്നെ കൈമാറിയ ഫോണ്‍ റെക്കോഡാണിത്. ഇത് കേട്ടപ്പോള്‍ തന്നെ വ്യക്തമായി, ഇതൊരു പെട്ടന്നുള്ള പ്രകോപനം കൊണ്ടുണ്ടായ ഒരു പെണ്‍കുട്ടിയുടെ മരണമെല്ലെന്ന്. പിന്നീടാ കുടുംബാഗംങ്ങളോട് സംസാരിച്ചു. അമ്മക്ക് സങ്കടം കൊണ്ട് ഒന്നും പറയാനായില്ല. മകളെ വേശ്യയെന്നും മറ്റ് ചീത്തവാക്കുകളൊക്കെ വിളിച്ചല്ലോ.. അത് സഹിക്കാതാവും അവളിത് ചെയ്തതെന്ന് പറഞ്് അവര്‍ അകത്തേക്ക് കയറിപോയി. പിന്നെ സഹോദരി സലീനയാണ് കാര്യങ്ങള്‍ വിശദീകരിച്ചത്. പ്രണയവിവാഹമായിരുന്നു ത്യശൂര്‍ കുന്ദംകുളം സ്വദേശി സുമേഷും സംഗീതയും തമ്മില്‍. വിവാഹത്തിന് മുന്‍പ് പുലയ സമുദായക്കാരാണ് തങ്ങളെന്നും പുറമ്പോക്കിലാണ് താമസമെന്നും എല്ലാം വ്യക്തമായി പറഞ്ഞിരുന്നു. എന്നാല്‍, വിവാഹത്തിന്റെ അന്ന് തന്നെ വീട്ടുകാര്‍ ഈ വിവാഹത്തോടുള്ള എതിര്‍പ്പ് പ്രകടമാക്കി. സംഗീതയുടെ വീട്ടുകാരുടെ അടുത്തേക്ക് വരാന്‍ പോലും അവരാരും തയറായില്ല. കല്യാണ ഫോട്ടെയെടുക്കാന്‍ പോലും ഒന്നിച്ച് നില്‍ക്കുന്നില്ല. പിന്നെയങ്ങോട്ട് പീഡനങ്ങള്‍ തന്നെയെന്നാണ് സലീന പറയുന്നത്.


സുമേഷിന്റെ വീട്ടില്‍ കസേരയില്‍ ഇരിക്കാന്‍ സംഗീതയെ അനുവദിച്ചില്ല. ടി.വി കാണിക്കില്ല. കഴിക്കാന്‍ പ്രത്യേക പാത്രങ്ങള്‍. അവളെടുത്ത സാധനങ്ങളിലൊന്നും മറ്റുള്ളവര്‍ തൊടില്ല. ഇങ്ങനെ മാനസിക പീഡനം തുടരുന്നതിനിടെ അവിടുത്ത നാട്ടാചാരമായ പാത്രപണം ആവശ്യപ്പെടാന്‍ തുടങ്ങി. വീട്ട് സാധനങ്ങള്‍ വാങ്ങി നല്‍കാനാണാവശ്യം. പിന്നെ പതിയെ സ്ത്രീധന തുക നല്‍കണമെന്നായി. സുമേഷിന് കട തുടങ്ങാന്‍ പണം വേണമെന്നായി. നിരന്തര പീഡനം. വീട്ടുകാര്‍ക്ക് മുന്നിലിട്ടും മര്‍ദനം. എല്ലാം അവള്‍ സഹിച്ചു. എന്നാലും അവളെ വേണ്ടെന്ന നിലപാടായി സുമേഷിന്. കുന്ദംകുളം പൊലിസില്‍ നേരത്തെ ഒരു പരാതി നല്‍കിയിരുന്നു. അതില്‍ പൊലിസ് ഒത്ത് തീര്‍പ്പ് ചര്‍ച്ച ചെയ്ത് ഇരുകൂട്ടരേയും തിരിച്ചയച്ചു. സുമേഷ്, സംഗീത മരിക്കുന്നതിന് മുന്‍പ് കൗണ്‍സിലിംഗിനെന്ന് പറഞ്ഞ് അവളെ ഒരു വക്കീലിന്റെ അടുത്തെത്തിച്ചു. കുറെ പേപ്പറില്‍ ഒപ്പിട്ടു മേടിച്ചു. ഇത് ഡിവേഴ്‌സ് പെറ്റീഷനാണെന്നറിഞ്ഞതോടെ സംഗീതയുടെ നിയന്ത്രണം വിട്ടു. അവള്‍ വീണ്ടും പൊലിസെില്‍ പരാതി നല്‍കിയെങ്കിലും രക്ഷയുണ്ടായില്ല. പിന്നീടവള്‍ വീട്ടിലെ ചെറിയ മുറിയിലെ കമ്പിയില്‍ തൂങ്ങി മരിക്കാന്‍ തീരുമാനിച്ചു. ആ സമയം സുമേഷ് മാത്രമാണ് സംഗീതയുടെ വീട്ടിലുണ്ടായിരുന്നത്. അവന്‍ ആ മരണം ഉറപ്പാക്കും വരെ അത് കണ്ട് നിന്നുവെന്നാണ് വീട്ടുകാര്‍ പറയുന്നത്.


ആ മരണം സംഗീതയുടെ കുടുംബത്തെ മാനസികമായി തകര്‍ത്തു. അവര്‍ക്കെന്ത് ചെയ്യണമെന്നറിയാതിരുന്നപ്പോള്‍ ചില പൊതുപ്രവര്‍ത്തകര്‍ ഇടപെട്ടു. പിന്നീടാണീ വിഷയം മീഡിയാവണ്‍ വാര്‍ത്തയാക്കുന്നത്. ഏറ്റവും വലിയ നിയമസംവിധാനത്തിന് തൊട്ടടുത്ത് നടന്ന നീതി നിഷേധത്തില്‍ നിരവധി പേര്‍ പ്രതികരണവുമായി രംഗത്തെത്തി. വാര്‍ത്തക്ക് പിന്നാലെ പ്രതികളെ പിടികൂടാത്തതില്‍ വലിയ സമ്മര്‍ദം പൊലിസിനുണ്ടായി. സുമേഷിന്റെ മാതാവിനെയും സഹോദരന്റെ ഭാര്യയെയും സെന്‍ട്രല്‍ പൊലിസ് കുന്ദംകുളത്തെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തു. ഇതറിഞ്ഞ് ഒളിവിലായിരുന്ന സുമേഷ് സ്റ്റേഷനില്‍ നേരിട്ടെത്തി കീഴടങ്ങി.

എറണാകുളം സെന്‍ട്രല്‍ എ.സി.പിയുടെ നേതൃത്യത്തില്‍ മൂന്ന് പേരെയും പൊലിസ് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ സംഗീത ഭര്‍തൃവീട്ടില്‍ ജാതിവിവേചനവും സ്ത്രീധന പീഡനത്തിനും ഇരയായെന്ന് വ്യക്തമായി. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. സംഗീത മരിച്ചിട്ട് 43 ദിവസം കഴിഞ്ഞ ശേഷമാണ് പ്രതികള്‍ അറസ്റ്റിലാകുന്നത്.

മീഡിയവണിന്റെയും ചില പൊതുപ്രവര്‍ത്തകരുടെയും ഇടപെടല്‍ ഉണ്ടായുരിന്നില്ല എങ്കില്‍ വെറുമൊരു ആത്മഹത്യ കേസായി ഒടുങ്ങേണ്ടതായിരുന്നു ഈ സംഭവവും. ഇപ്പോള്‍ ഗാര്‍ഹിക പീഡനവും സ്ത്രീധന മരണവും പട്ടികജാതി പട്ടികവര്‍ഗ നിയമപ്രകാരമുള്ള വകുപ്പുകളുമെല്ലാം ചേര്‍ത്താണ് പൊലിസ് കേസെടുത്തിരിക്കുന്നത്. മാധ്യമങ്ങളുടെയും പൊതുസമൂഹത്തിന്റെയും ജാഗ്രത ഏറെ വിലപ്പെട്ടതാണെന്ന് ഈ കേസ് നമ്മോട് പറയുന്നു. നിയമ സംവിധാങ്ങളുടെ അനാസ്ഥയില്‍നിന്നാണ് വിസ്മയ, ഉത്തര, മോഫിയ, ഇപ്പോള്‍ സംഗീത എന്നിങ്ങനെ പേരുകള്‍ നീണ്ടുപോകുന്നതിന് കാരണമെന്നും നമ്മെ ബോധ്യപ്പെടുത്തുന്നു.




TAGS :