MediaOne Logo

ദലിത് സ്ത്രീകള്‍ക്ക് തോറ്റ് പോവുക എന്ന ഓപ്ഷന്‍ ഇല്ല - ധന്യ എം.ഡി

എന്റെ വാക്ക് തീവ്രമായ വൈകാരിക മണ്ഡലത്തില്‍ നിന്നാണ് ഉണ്ടാകുന്നത്. ആഴം തേടല്‍ ആണ് ആ ഭാഷ നിര്‍ണ്ണയിക്കുന്നത്. തൊലിക്ക് അടിയില്‍ വേരുള്ള മണങ്ങള്‍ എന്നത് പോലെ പുറം കാഴ്ചക്ക് ഉള്ളില്‍ എന്താണ് എന്ന ആകാംക്ഷ ഉണ്ടെനിക്ക് എക്കാലവും. ആന്തരിക ലോകങ്ങളെ കുറിച്ചുള്ള പല തരം ആലോചനകള്‍. ആ ഉള്‍കലക്കം തേടലാണ് എനിക്ക് വാക്ക്. | അഭിമുഖം: ധന്യ എം.ഡി / ഇന്ദു രമ വാസുദേവന്‍

ദലിത് സ്ത്രീകള്‍ക്ക് തോറ്റ് പോവുക എന്ന ഓപ്ഷന്‍ ഇല്ല - ധന്യ എം.ഡി
X

വാമൊഴിയുടെ വേര് ബന്ധവും വായനയുടെ അനുഭൂതികളും ഒരേ പോലെ തീവ്രമായി എഴുത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പാരമ്പര്യത്തില്‍ നിന്ന് ആധുനികതയിലേക്ക് പടര്‍ന്ന് ഒഴുകുന്ന ഒന്നാണ് എഴുത്തുകാരിക്ക് വാക്ക്. ഈ പടര്‍ച്ചകളെ കുറിച്ചു പറയാമോ?

എന്റെ അച്ഛനും അമ്മയും ജോലിക്ക് പോകാറുണ്ടായിരുന്നത് കൊണ്ട് ഒരു കസിനാണ് കൂടെ നിന്നിരുന്നത്. ഞങ്ങളെ അടക്കി ഇരുത്താന്‍ ബാലമംഗളം, മലര്‍വാടി പോലെയുള്ള മാസികകളിലെ അനവധി കഥകള്‍ വായിച്ചു തരുമായിരുന്നു ആ ചേച്ചി. സ്വാഭാവികമായും കഥകള്‍ ഇങ്ങനെ വായിച്ചു കേള്‍ക്കുമ്പോള്‍ വായിക്കാന്‍ നമുക്കും താല്‍പര്യം ഉണ്ടാകുമല്ലോ. അതുപോലെ അമ്മയുടെ വീട്ടില്‍ സോവിയറ്റ് നാട് അടക്കമുള്ള മാസികകളുടെ പഴയ ലക്കങ്ങള്‍ അന്നത്തെ കാലത്ത് ഉണ്ടായിരുന്നു. അവിടെ ജനയുഗം വാരിക വരുത്തിയിരുന്നു. അമ്മയുടെ വീട്ടുകാര്‍ വിദ്യാഭ്യാസമുള്ള കുടുംബമായിരുന്നു. അപ്പൂപ്പന്റെ അനിയന്‍ ഡയറ്റില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹം അനവധി പുസ്തകങ്ങള്‍ വാങ്ങി സൂക്ഷിച്ചിരുന്നു. വലിയ ലൈബ്രറി ഉണ്ടായിരുന്നു. ക്വാണ്ടം ഭൗതികം എന്ന് പേരുള്ള രണ്ട് വാല്യങ്ങളുള്ള വലിയ പുസ്തകം ഒക്കെ ഉണ്ടായിരുന്നത് ഓര്‍ക്കുന്നു. ഒരു എഴുത്തുകാരന്‍ ഒക്കെയായിരുന്നു അദ്ദേഹം. അച്ഛന്റെ വീട്ടിലും വായനയുടെ സാഹചര്യം ഉണ്ടായിരുന്നു. വള്ളികുന്നം എന്ന നാടിന്റെ കമ്മ്യൂണിസ്റ്റ് വിപ്ലവപാരമ്പര്യവും ഉണര്‍വുകളും അവിടെ കാണാമായിരുന്നു. ഞാന്‍ നാലാം ക്ലാസില്‍ ഒക്കെ പഠിക്കുമ്പോള്‍ മാമന് ആക്‌സിഡന്റ് ആയിട്ട് പ്ലാസ്റ്റര്‍ ഇട്ട് കിടക്കേണ്ടി വന്നു. ആ സമയം വീട്ടില്‍ കലാകൗമുദിയുടെയും ഭാഷാപോഷിണിയുടെയും ഒക്കെ ലക്കങ്ങള്‍ ബൈന്‍ഡ് ചെയ്ത് കൊണ്ട് വന്ന് വച്ചിരുന്നു. അതില്‍നിന്നാണ് സേതുവിന്റെ പാണ്ഡവപുരം, നീര്‍മാതളം പൂത്ത കാലം അതൊക്കെ വായിക്കുന്നത്. ബഷീറിന്റെ സമ്പൂര്‍ണ്ണ കൃതികള്‍ ഒക്കെയുണ്ടായിരുന്നു. ബഷീറിന്റെ അനുഭവ കഥകള്‍, എഴുത്തുകാരുടെ സഹജീവിതത്തെ പറ്റിയുള്ള ഓര്‍മകള്‍, അഴീക്കോടിന്റെ കത്ത്. എഴുത്തുകാര്‍ക്ക് ഇങ്ങനെ ഒരു ജീവിതമുണ്ടെന്ന് എനിക്ക് മനസ്സിലായിട്ടുണ്ടായിരുന്നു.

അത് പോലെ എന്റെ തൊട്ടടുത്ത വീട്ടില്‍ ആര്‍.എസ്.പിയുടെ ഒരു വലിയ നേതാവ് ആയിരുന്നു താമസം. എന്റെ അച്ഛന്റെ അടുത്ത സുഹൃത്തും സമപ്രായക്കാരനും ആയിരുന്നു അദ്ദേഹം. അവരുടെ വീട്ടില്‍ റഷ്യന്‍ ബാലസാഹിത്യ വിവര്‍ത്തന പുസ്തകങ്ങള്‍ ഒക്കെ ഉണ്ടായിരുന്നു. അത് പോലെ ആയിരത്തൊന്ന് രാവുകള്‍, ഗ്രീക്ക് പുരാണ കഥാസാഗരം. മുട്ടത്ത് വര്‍ക്കിയുടെ നോവലുകള്‍ ഒക്കെ അക്കൂട്ടത്തില്‍ ഉണ്ട്. വായന സെന്‍സര്‍ ചെയ്യാന്‍ ഒന്നും ആരും ഉണ്ടായിരുന്നില്ല. വായിക്കാന്‍ ഇഷ്ടമുള്ള കുട്ടി ആയത് കൊണ്ട് എനിക്ക് അവിടെ പ്രത്യേക പരിഗണന ഉണ്ടായിരുന്നു. അത് കൊണ്ട് ആ വീട്ടിലെ ലൈബ്രറി ഉപയോഗിക്കുന്നതിന് എനിക്ക് പരിപൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടായിരുന്നു. വേറെ ആര്‍ക്കും ഇല്ലാത്ത സ്വാതന്ത്ര്യം. എനിക്ക് പുസ്തകം എടുത്തു കൊണ്ട് വരാം. തിരിച്ചു കൊണ്ട് വയ്ക്കാം. അങ്ങനെ വായിക്കാന്‍ ഒരുപാടു അവസരങ്ങള്‍ കിട്ടിയിട്ടുണ്ട്. സ്വാഭാവികമായും ഒരുപാട് വായിച്ചു വരുന്ന ഒരാള്‍ ഇത് മറ്റൊരു തലത്തില്‍ റിപ്രൊഡ്യുസ് ചെയ്യാന്‍ ശ്രമിക്കുമല്ലോ.

'നെയ്തു നെയ്‌തെടുക്കുമ്പോള്‍' എന്ന കവിത വായിച്ചുണ്ടായ ഒരു തര്‍ക്കത്തെ പറ്റി ഓര്‍മ വരുന്നു. ഒരാള്‍ പറഞ്ഞു നാളെ വണ്ടികൂലിയായി മാറാം എന്ന അവസാന വരി ഒഴിവാക്കാമായിരുന്നു എന്ന്. അതിന്റെ ആര്‍ടിസ്റ്റിക് എലമെന്റില്‍ അവസാനിപ്പിച്ചാല്‍ പോരെ എന്നൊരു ചോദ്യമുണ്ടായി. പായ നെയ്ത്ത് ഒരു ആര്‍ട്ടാണ്. അത് പോലെ നെയ്‌തെടുക്കുമ്പോള്‍ കിട്ടുന്ന വരുമാനവും ആവശ്യമുണ്ടല്ലോ. രണ്ടും ജീവിത യാഥാര്‍ഥ്യങ്ങളാണ് എന്ന് മനസ്സിലാക്കി കൊണ്ടാണ് അങ്ങനെ എഴുതുന്നത്.

അത് പോലെ അച്ഛന്റെ വീട്ടിലും അമ്മയുടെ വീട്ടിലും ആന്‍സിസ്റ്ററല്‍ വര്‍ഷിപ്പിന്റെ അനവധി കഥകള്‍ ഉണ്ടായിരുന്നു. അപ്പനപ്പൂപ്പന്മാരെ അമ്മയമ്മൂമ്മമാരെ വര്‍ഷിപ് ചെയ്യുന്ന കഥകള്‍. ലക്ഷക്കണക്കിന് കഥകള്‍ എന്ന് പറയാം. ഇത് കസിന്‍സും മുതിര്‍ന്നവരും പറഞ്ഞു കേള്‍ക്കുന്നുണ്ട്. കേട്ടതൊക്കെ മനസ്സില്‍ ഉണ്ടാകുമല്ലോ. അമ്മൂമ്മ ഇത് പോലെ കുറെ കഥകള്‍ പറഞ്ഞു തന്നിരുന്നു. അവ വിശ്വാസകഥയ്ക്കുപരി അനുഭവകഥകളായിരുന്നു. ഓരോ സ്ഥലങ്ങളില്‍ ജോലി ചെയ്യാന്‍ പോകുമ്പോ പ്രതിസന്ധികള്‍ നേരിട്ടതിനെ പറ്റി ഒക്കെ. ബുദ്ധി ഉപയോഗിച്ചു നേരിടുന്ന കഥകള്‍. അപ്പൂപ്പന്‍ എപ്പോഴും പറയും 'നമുക്ക് യുക്തി വേണം, യുക്തി കൊണ്ട് നില്‍ക്കണം' എന്നൊക്കെ. അതാണ് അപ്പൂപ്പന്റെ തിയറി. ഇങ്ങനെ ജീവിതത്തില്‍ എടുക്കുന്ന പ്രായോഗികബുദ്ധിയുടെ കഥകള്‍. തക്ക സമയത്ത് ബുദ്ധി തോന്നിക്കുന്ന കഥകള്‍. പിന്നീട് രേണുവേട്ടന്റെ, രേഖ ചേച്ചിയുടെ അടുത്തു വരുമ്പോഴാണ് ഒത്തിരി കഥകള്‍ കേള്‍ക്കുന്നത്. അവരുടെ കയ്യില്‍ ഇല്ലാത്ത കഥകളില്ല. എനിക്ക് തോന്നുന്നു ദലിത് സമൂഹത്തിന് ഓര്‍മകള്‍ ഒരു സമരം കൂടി ആണല്ലോ. ഇവരുടെ കഥകളില്‍ നിത്യജീവിതത്തില്‍ വരുന്ന പല തമാശകളും ഉള്‍പ്പെട്ടിരുന്നു. ഇവയൊക്കെ ജീവിതത്തിന്റെ ഏടായി പ്രവര്‍ത്തിക്കുമല്ലോ.

അമ്മൂമ്മയെ കുറിച്ചുള്ള ആത്മകഥാപരമായ കുറിപ്പില്‍ തഴപ്പായ നെയ്‌തെടുത്ത മങ്ങിയ നഖത്തുമ്പുകളില്‍, കശുവണ്ടിക്കറ പുരണ്ട വിരല്‍ തഴമ്പുകളില്‍ വിടര്‍ന്നു വന്ന ജീവിതോല്‍ക്കര്‍ഷ ചരിത്രത്തെ അഭിമാനത്തോടെ ഓര്‍മിക്കുന്നുണ്ട്. പാരമ്പര്യത്തിനെ ഒരു തായ്‌വേരായി മുറുകെ പിടിക്കുന്നുണ്ട് എഴുത്തുകാരി. തൊലിക്കടിയില്‍ വേരുകളുള്ള ആധുനികജീവിതം. ഇത്തരം തെരഞ്ഞെടുപ്പിന്റെ പ്രേരണകള്‍ എന്താണ്?

പാരമ്പര്യം വൈകാരികമായ അഭയമാണ് എനിക്ക്. ആ മടിത്തട്ടില്‍ പോയി കിടന്നുറങ്ങാം സ്വസ്ഥമായിട്ട്. ഓര്‍മകള്‍ എനിക്ക് സുരക്ഷിതത്വമാണ്. നമ്മളെ ചേര്‍ത്തു പിടിക്കുന്ന സ്ഥലം. എന്റെ വ്യക്തിപരമായ കാര്യമാണ് പറയുന്നത്. നമ്മുടെ വേരുകളല്ലേ അത്. വേരുകള്‍ ഇല്ലെങ്കില്‍ നമ്മള്‍ നിലം പൊത്തുമല്ലോ.

'നെയ്തു നെയ്‌തെടുക്കുമ്പോള്‍' എന്ന കവിത വായിച്ചുണ്ടായ ഒരു തര്‍ക്കത്തെ പറ്റി ഓര്‍മ വരുന്നു. ഒരാള്‍ പറഞ്ഞു നാളെ വണ്ടികൂലിയായി മാറാം എന്ന അവസാന വരി ഒഴിവാക്കാമായിരുന്നു എന്ന്. അതിന്റെ ആര്‍ടിസ്റ്റിക് എലമെന്റില്‍ അവസാനിപ്പിച്ചാല്‍ പോരെ എന്നൊരു ചോദ്യമുണ്ടായി. പായ നെയ്ത്ത് ഒരു ആര്‍ട്ടാണ്. അത് പോലെ നെയ്‌തെടുക്കുമ്പോള്‍ കിട്ടുന്ന വരുമാനവും ആവശ്യമുണ്ടല്ലോ. രണ്ടും ജീവിത യാഥാര്‍ഥ്യങ്ങളാണ് എന്ന് മനസ്സിലാക്കി കൊണ്ടാണ് അങ്ങനെ എഴുതുന്നത്. കളിച്ചു നടക്കുമ്പോ ചുറ്റുമുള്ള വീടുകളില്‍ അമ്മൂമ്മമ്മാര്‍ പായ നെയ്യുന്നത് കാണാം. എന്റെ അപ്പച്ചി പായ നെയ്യുന്നത് ഒക്കെ കാണുന്നുണ്ട്. ഇത് ആര്‍ട്ടിസ്റ്റിക് എന്നതിനൊപ്പം ഉപജീവനം കൂടിയാണ്. ജീവിതത്തിനെ കുറിച്ച് പുതിയ പ്രതീക്ഷകളാണ് അവര്‍ വയ്ക്കുന്നത്. രാധാമണി ചേച്ചിയുടെ കവിതകളില്‍ ഇത് ഒരുപാടുണ്ട്. ഇങ്ങനെ പായ നെയ്ത്തും, ആടിനു പ്ലാവില വില്‍ക്കുന്നത്, അതു കൂട്ടി വെച്ച് ചിട്ടി പിടിക്കുന്നത്. ചെറിയ ചെറിയ സമരങ്ങള്‍ കൂടിയാണത്. ജീവിതത്തെ കുറെ കൂടി നിലവാരത്തിലേക്ക് ഒരു പടി കൂടി മുകളിലേക്ക് എത്തിക്കാനുള്ള നിത്യസമരങ്ങള്‍. ഭൂമി പോലുള്ള മൂലധനമൊന്നും ഇല്ലല്ലോ. സ്വന്തം അധ്വാനമാണ് അവരുടെ ആകെ മൂലധനം. ഇങ്ങനെ ചെറിയ ചെറിയ ചുവടുകള്‍ വച്ചാണ് ദലിത് സമൂഹം മുന്നോട്ട് എത്തിയത്. അമ്മൂമ്മയെ കുറിച്ചുള്ള ആ കുറിപ്പിന്റെ തുടക്കത്തില്‍ എഴുതിയ പോലെ സെക്കന്റ് സൂചി പോലെ ഒരു പാട് ദലിത് സ്ത്രീകളുടെ വിയര്‍പ്പില്‍ നെയ്ത് കൂട്ടിയ ചരിത്രം.

മണ്ണില്‍ വേവുന്ന വിഭവങ്ങള്‍ എന്ന കഥയില്‍ അച്ചാച്ചന്‍ ഒരു 'പൊതു' രാഷ്ട്രീയവും പറഞ്ഞിരുന്നില്ല എന്ന് സൂചിപ്പിക്കുന്നുണ്ടല്ലോ. ആന്തരികമായ ഒരു സൂക്ഷ്മ രാഷ്ട്രീയമാണ് കഥകളും കവിതകളും മുന്നോട്ട് വെക്കുന്നത്. എഴുത്തിന്റെ രാഷ്ട്രീയത്തെ എങ്ങനെ കാണുന്നു?

കമ്യൂണിസ്റ്റ് പാരമ്പര്യം ഉള്ളപ്പോ പോലും സ്വത്വ രാഷ്ട്രീയത്തെപറ്റി വലിയ ചര്‍ച്ചകള്‍ നടക്കുന്ന ഒരു പ്രദേശത്താണ് ഞാന്‍ ജനിച്ചു വളര്‍ന്നത്. കേരള ദലിത് പാന്തേഴ്‌സ് നേതാവ് കെ. അംബുജാക്ഷന്‍ ചേട്ടന്‍.., അവരുടെ ഒക്കെ മീറ്റിംഗുകള്‍ കുന്നത്തൂര്‍ പോലെ നമ്മുടെ പ്രദേശങ്ങളിലായിരുന്നു കൂടുതല്‍ ഉണ്ടായിരുന്നത്. കുന്നത്തൂര്‍ താലൂക്കിലാണ് എന്റെ നാട്. ശൂരനാട്. അത് പോലെ മഅ്ദനി തൊട്ടടുത്ത പ്രദേശത്തായിരുന്നു. അച്ഛന്‍ സി.പി.ഐയുടെ ഭാഗ്യമായിരുന്നു. അമ്മാവന്‍ സി.പി.എമ്മിന്റെ ഭാഗമായിരുന്നു. പക്ഷെ, ഞാന്‍ ഒരു ആറാം ക്‌ളാസ്, ഏഴാം ക്‌ളാസില്‍ ഒക്കെ പഠിക്കുമ്പോ അച്ഛന്‍ സമുദായത്തിന്റെ നേതാവ് ആയി പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നുണ്ട്. കെ.പി.എം.എസ് പോലുള്ള സംഘടനയുടെ നേതാവായിരുന്നു. സ്വാഭാവികമായും സമാന ചിന്തകളുള്ള ഒരുപാട് ആളുകള്‍ വീട്ടില്‍ വരികയും ഇങ്ങനെ ചര്‍ച്ചകള്‍ നടക്കുന്നത് എനിക്കറിയാം. ഞാന്‍ ഇങ്ങനെ കവിത എഴുതും എന്നൊക്കെ പറയുമ്പോ നിനക്ക് എന്ത് കൊണ്ട് നമ്മളെ കുറിച്ചെഴുതികൂടാ എന്നൊക്കെ ചോദിക്കുന്നുണ്ട്. ഞാന്‍ പ്രിഡിഗ്രിക്ക് ഒക്കെ പഠിക്കുന്ന സമയമാണ്. ആ സമയത്താണ് ഞാന്‍ ഇതൊക്കെ കൂടുതല്‍ മനസ്സിലാക്കി തുടങ്ങുന്നത്. കവിത അന്ന് അങ്ങനെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയിട്ടില്ല. കവിത എഴുതും. മത്സരങ്ങള്‍ക്ക് ഒക്കെ. സമ്മാനം കിട്ടുന്ന കവിത എഴുതുന്ന ഒരാള്‍ എന്ന നിലക്ക് ആണ് അന്ന് നില്‍ക്കുന്നത്. ഈ രാഷ്ട്രീയ ചര്‍ച്ചകള്‍ നിരന്തരം കേള്‍ക്കുമല്ലോ. അത് പോലെ ദിവസവും പത്രം വായിക്കുക. വാര്‍ത്തകള്‍ ശ്രദ്ധിക്കുക. അതൊക്കെയുണ്ടല്ലോ. അച്ഛന്‍ നമ്മളോടും തിരിച്ചും ഉണ്ടാകുന്ന ചര്‍ച്ചകള്‍. വീട്ടില്‍ കേരള കൗമുദി പത്രമാണ് വരുത്തി കൊണ്ടിരുന്നത്. കേരള കൗമുദിയില്‍ പ്രധാനപ്പെട്ട വാര്‍ത്തകള്‍ പലതും വരില്ല. അപ്പോ ഞാന്‍ അച്ഛനോട് ചോദിച്ചു നമ്മള്‍ എന്തിനാണ് കേരള കൗമുദി മാത്രം വരുത്തുന്നത്. അപ്പോ അച്ഛന്‍ എന്നോട് പറഞ്ഞു.'കേരള കൗമുദി നമ്മള്‍ വരുത്തണം. നമ്മള്‍ അല്ലാതെ ആരാണ് കേരള കൗമുദി വരുത്തുന്നത്. കേരള കൗമുദി പിന്നാക്കക്കാരന്റെ പത്രമാണ്.' അപ്പോഴാണ് ഞാന്‍ ആരാണ് അത് എസ്റ്റാബ്ലിഷ് ചെയ്തത്, ആ പത്രം എങ്ങനെ വന്നു എന്നൊക്കെ ആലോചിക്കുന്നത്. ആ പത്രത്തിന്റെ മറ്റൊരു വശമാണ് അച്ഛന്‍ പറഞ്ഞു കൊണ്ടിരുന്നത്. ഒരുപാട് കാലം, 2012 വരെ എങ്കിലും വീട്ടില്‍ കേരള കൗമുദി തന്നെയായിരുന്നു. ഇങ്ങനെയുള്ള കാര്യങ്ങള്‍ എന്റെ തലയില്‍ സ്പാര്‍ക് ഉണ്ടാക്കിയിട്ടുണ്ട്. ഞാന്‍ മനസ്സിലാക്കിയിട്ടുമുണ്ട്. അച്ഛനും ആ രാഷ്ട്രീയ ദിശാമാറ്റത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്.

സി.പി.എം നോടൊക്കെ പല തരം ഉരസലുകള്‍ വരുന്നുണ്ട്. പ്രാദേശിക തലത്തില്‍ നടക്കുന്ന ഉരസലുകള്‍ ഉണ്ടല്ലോ. അച്ഛന്‍ കുറെ കാലം കഴിഞ്ഞപ്പോ സമുദായ സംഘടനക്ക് അപ്പുറം രാഷ്ട്രീയം വളരണം എന്ന തോന്നലില്‍ എത്തി. നേതൃനിരയില്‍ പ്രവര്‍ത്തിച്ചിട്ടില്ല എങ്കിലും ഇത്തരം കാര്യങ്ങള്‍ കേള്‍ക്കുകയും സ്വാംശീകരിക്കയും ചെയ്ത ഒരാളായിരുന്നു അച്ഛന്‍. സ്വാഭാവികമായും എന്നെയും ആ ചര്‍ച്ചകള്‍ ബാധിച്ചിട്ടുണ്ട്. അമ്മ പക്കാ സി.പി.എം ആയിരുന്നു. ഒളിവിലെ ഓര്‍മകള്‍ ഒക്കെ സംഭവിക്കുന്നത് ശൂരനാട്ടില്‍ ആണല്ലോ. ആ നാടിന്റെ രാഷ്ട്രീയ ഛായ എനിക്കും ഉണ്ടായിരുന്നു. പക്ഷെ, പിന്നീട് നമ്മുടെ രാഷ്ട്രീയം പാര്‍ട്ടി രാഷ്ട്രീയമല്ല കുറച്ചു കൂടി വ്യത്യസ്തമായി ചിന്തിക്കുന്ന ഒരു ബൗദ്ധിക രാഷ്ട്രീയമാണ് എന്ന് മനസ്സിലായി. ഡിഗ്രി ഒക്കെ കഴിയുമ്പോ അംബേദ്കറേറ്റ് രാഷ്ട്രീയത്തിലേക്ക് ഒരു താല്‍പര്യം എനിക്ക് ഉണ്ടായി. എന്ത് കൊണ്ട് താന്‍ മുഖ്യധാര രാഷ്ട്രീയം വിട്ടു, എന്ത് കൊണ്ട് അംബേദ്കറേറ്റ് രാഷ്ട്രീയത്തില്‍ വന്നു എന്ന് സംസാരിക്കുന്ന മനുഷ്യരെ ഞാന്‍ എന്റെ നാട്ടില്‍ കണ്ടിട്ടുണ്ട്, സംസാരിച്ചിട്ടുണ്ട്. നിസാര മാറ്റം അല്ലല്ലോ അത്.

അനുഭവമെഴുത്തില്‍ നിന്ന് അഭിലാഷങ്ങള്‍ പറയുന്ന മറ്റൊരു ഭാഷയുടെ വേറിടല്‍ എന്ന് അമിദ്ഗലയുടെ ആമുഖത്തില്‍ എം.ആര്‍ രേണുകുമാര്‍ എഴുതുന്നുണ്ടല്ലോ. ഈ വേറിടല്‍ ബോധപൂര്‍വം ആണോ?

സ്വാഭാവികമായും നമ്മള്‍ അനവധി അഭിലാഷങ്ങള്‍ ഉള്ള മനുഷ്യരാണല്ലോ. ചുറ്റും ഉള്ള ഓരോ അഴകളവുകളില്‍ നമ്മള്‍ ഉള്‍പ്പെടുന്നില്ല എന്ന് തിരിച്ചറിയുന്നു. ആ എക്‌സ്‌ക്ലൂഷന്‍ എപ്പോഴും ഫീല്‍ ചെയ്യും. നമ്മള്‍ അതില്‍ ഇല്ല. ഞാന്‍ പണ്ടൊക്കെ വിചാരിക്കും ഒരു സിബ് പോലെ എന്നെ തുറന്നാല്‍ ഉള്ളില്‍ നിന്ന് കുറച്ചു കൂടി മനോഹരി ആയ ഒരു ഞാന്‍ ഉണ്ടായി വരാം എന്നൊക്കെ. അങ്ങനെ ചിന്തിക്കാന്‍ കാരണം ഞാന്‍ പറയുന്ന വര്‍ത്തമാനം എന്നെ പോലെ ഒരാളുടെ ഉടലില്‍ നിന്നല്ല വരേണ്ടത് എന്നുള്ള കണ്‍ഫ്യൂഷന്‍ പല സ്ഥലത്തും കേള്‍ക്കേണ്ടി വന്നത് കൊണ്ടാണ്. കണ്ടാല്‍ വലിയ ലുക്ക് ഇല്ല എങ്കിലും വലിയ ബുദ്ധിയാ എന്നൊക്കെ കേള്‍ക്കുമ്പോ. ഉടലിന്റെ അല്ലാത്ത അഭിലാഷലോകങ്ങളും ഉണ്ടല്ലോ നമുക്ക്. അങ്ങനെ വരുമ്പോ ഇതൊക്കെ തുറന്ന് വയ്ക്കാന്‍ പറ്റുന്ന ഒരു സ്ഥലം ആയത് കൊണ്ട് എഴുത്തില്‍ അതൊക്കെ വന്നിട്ടുണ്ടാകാം.

അതുപോലെ അധ്വാനം നിര്‍ബന്ധിതമായി പ്രതീക്ഷിക്കുന്ന മനുഷ്യരുടെ അഭിലാഷങ്ങളുടെ നേര്‍ത്ത നിമിഷങ്ങളാണ് എഴുതുന്നത്. അവരുടെ വിശ്രമവേളകള്‍, അലസ നേരങ്ങള്‍. വെയില്‍ അവര്‍ക്ക് തുന്നുന്ന കരുതല്‍ തണല്‍.. അഭിലാഷത്തിന്റെ ഈ രാഷ്ട്രീയത്തെ ആലോചിച്ചിട്ടുണ്ടോ എഴുതുമ്പോള്‍?

ഞാന്‍ അത് മാത്രമേ ആലോചിച്ചിട്ടുള്ളൂ. എന്റെ ചുറ്റും നന്നായി അധ്വാനിക്കുന്ന സ്ത്രീകളായിരുന്നു. എല്ലാ പണിയും ചെയ്യണം എന്ന് വാശിയുള്ള. തെളിയിക്കാന്‍ ശ്രമിക്കല്‍ ആയിരിക്കാം ഒരു പക്ഷെ. അമ്മൂമ്മക്ക് ഒക്കെ ഒരു നിമിഷം വെറുതെ ഇരിക്കാന്‍ പറ്റില്ല. എനിയ്ക്ക് വെറുതെ ഇരിയ്ക്കണം എന്ന് ഞാന്‍ ആലോചിക്കുന്നുണ്ട്. മറ്റ് പലരുടെ അധ്വാനങ്ങള്‍ കൊണ്ടാണ് ചിലപ്പോ എന്റെ വെറുതെ ഇരിപ്പ് സാധ്യമാകുന്നത് എന്ന് തിരിച്ചറിവ് ഉള്ളപ്പോഴും. എന്തുകൊണ്ട് എനിക്ക് വെറുതെ ഇരുന്നു കൂടാ എന്ന് ചിന്തിക്കുന്നുണ്ട്. ആ വെയില്‍ കാഞ്ഞിരിപ്പിലും നമ്മള്‍ നമ്മളോട് സംസാരിക്കുന്നുണ്ടല്ലോ. വേറെ ഒരു കാര്യം ചിന്തിക്കുന്നുണ്ടല്ലോ. മറ്റെന്തെങ്കിലും സങ്കല്‍പിക്കുകയോ. അങ്ങനെ ചിന്തകളുടെയും സങ്കല്‍പത്തിന്റെയും ലോകം കൂടുതല്‍ ഇഷ്ടമായത് കൊണ്ട് എനിയ്ക്ക് വെറുതെ ഇരിക്കാന്‍ കൂടുതല്‍ ഇഷ്ടമാണ്. ആ ഏകാന്ത നേരങ്ങളില്‍ ജനലില്‍ ഒരു കടുവ ചാടി വന്നാലോ, മലമ്പാമ്പിനെ പോലെ വെയില്‍ വിഴുങ്ങിയാലോ, നമ്മുടെ പുറകില്‍ ഒരു പുലി ഉണ്ടായാലോ അങ്ങനെയൊക്കെ ഞാന്‍ ആലോചിക്കുന്നുണ്ട്. അങ്ങനെ വൈല്‍ഡ് ആയ ചില ചിന്തകള്‍. പക്ഷെ, ഞാന്‍ യാഥാര്‍ഥ്യത്തിനും ഭാവന്ക്കും ഇടയില്‍ എവിടെ നില്‍ക്കണം എന്ന് ബോധ പൂര്‍വം തിരഞ്ഞെടുപ്പ് നടത്താറുണ്ട്. ഈ സ്ഥലം വരെ ഞാന്‍ യാഥാര്‍ഥ്യത്തിലാണ്. ഈ സ്ഥലം കഴിഞ്ഞാല്‍ എനിക്ക് ഭാവനയിലേക്ക് മാറാം. ആ ബാലന്‍സ് പ്രധാനമാണ്. ഫാന്റസി പക്ഷെ വലിയ കൗതുകമാണ്. ജീവിതത്തോട് അത്രയും കൗതുകമാണ്. വൈവിധ്യങ്ങളോട് വളരെ കൗതുകമുണ്ട് എനിക്ക്. ഓരോ വളവിലും തിരിവിലും ബാലരമ കേവ് പോലെ കൗതുകങ്ങള്‍ ഞാന്‍ പ്രതീക്ഷിക്കുന്നു. എനിക്കത് വളരെ ആവശ്യമാണ്. പണ്ട് പോസ്റ്റ് കാര്‍ഡുകളും കത്തുകളും വരുന്ന സമയം ആയിരുന്നല്ലോ. ഞാന്‍ എന്നും വീട്ടില്‍ ചെല്ലുമ്പോ ഒരു എക്‌സൈറ്റിങ്ങായ സാധനം വന്നു കിടക്കുന്നുണ്ടാകും എന്ന് വിചാരിച്ചിരുന്നു. ഒരു മാസികയോ എന്തെങ്കിലും ഒരു സാധനം മതി.

കവിതയില്‍ പല തരം ശരീരങ്ങള്‍ ഉണ്ട്. പൗരാണികമായത്, വന്യമായത്, ഇരുണ്ട കൊതികളുടെ കല്‍ തണുപ്പ് പേറുന്നത്, ആധുനിക ശാസ്ത്ര യുക്തിയില്‍ അളന്നെടുക്കുന്നത്. മനുഷ്യനും പ്രകൃതിയും പകര്‍ന്നാടുന്ന തൃഷ്ണകളുടെ ശരീരം. എന്താണ് കലര്‍പ്പുകളുള്ള ശരീരബോധം നിര്‍ണയിക്കുന്നത്?

എന്റെ ചുറ്റുമുള്ള ചെടികളെയും മരങ്ങളെയും കുറിച്ച് ഞാന്‍ മുഖരേഖ എന്ന മാസികയില്‍ ഒരു ലേഖനം എഴുതുന്നുണ്ട്. നമ്മള്‍ ഉള്ളിന്റെ ഉള്ളില്‍ അവയോട് നടത്തുന്ന സംഭാഷണങ്ങള്‍. അത് ഉള്ളിന്റെ ഉള്ളില്‍ എവിടെയോ കിടക്കുന്ന ഒരു കാര്യമാണ്. ചെമ്പരത്തി പൂവിന്റെ പൂമ്പൊടി മുഖത്തു പറ്റിയിട്ട് കടുവയെ പോലെ ആകുന്നത് ഒരു കവിതയില്‍ ആലോചിക്കുന്നുണ്ട്. മഞ്ഞ പരാഗം പറ്റിയിട്ട്. പല അടരായി കിടക്കുന്ന വികാര വിചാരങ്ങള്‍ അതില്‍ ഉണ്ടാകാം. പല സ്ഥലങ്ങളില്‍ കലര്‍ന്നു വെളിപ്പെട്ടു വരുന്നുണ്ടായിരിക്കും.

നീര്‍മാതളം പൂത്ത കാലം വായിച്ച അനുഭവം പറഞ്ഞല്ലോ. അത്തരം എഴുത്തുകളിലെ എക്‌സ്‌ക്ലൂഷനെ കുറിച്ചു പിന്നീട് വിമര്‍ശനങ്ങള്‍ വരുന്നുണ്ടല്ലോ?

നീര്‍മാതളം പൂത്ത കാലം ഒരു നാലാം ക്ലാസില്‍ ഒക്കെ പഠിക്കുമ്പോ ഭാഷാപോഷിണിയിലാണ് വായിക്കുന്നത് എന്നാണ് ഓര്‍മ. പിന്നെ പത്തിരുപത് വയസ്സില്‍ പുസ്തകം ആയി വായിക്കുമ്പോ രണ്ടും രണ്ട് തരത്തില്‍ ആണല്ലോ. പുസ്തകം ആയി വായിച്ചപ്പോള്‍ പല ഭാഗങ്ങളും ഇഷ്ടമായില്ല. പക്ഷെ, ഇപ്പോ നാല്‍പതുകളില്‍ മാധവിക്കുട്ടിയെ വായിക്കുമ്പോ വല്ലാതെ ഉലയ്ക്കുന്നുണ്ട്. അവരുടെ ചെറുകഥകളിലെ, അനുഭവ കുറിപ്പുകളിലെ പല വരികളും. ഒരു സ്ത്രീ എന്ന നിലയില്‍ അവര്‍ പറയാന്‍ ശ്രമിച്ചത് എന്താണ് എന്ന് ഇപ്പോ എനിക്ക് മനസ്സിലാകുന്നുണ്ട്. ഉന്നതകുല ജാതയായ, എല്ലാ റിസോഴ്‌സും അവൈലബിളായ ഒരു സ്ത്രീ ഇരുന്നിട്ട് അവരുടെ മാത്രമായ ഓമനവേദനകള്‍ പറയുന്നു എന്നാണ് ഒരു കാലത്ത് എനിക്ക് തോന്നിയിട്ടുള്ളത്. നെയ് പായസം പോലുള്ള കഥകള്‍ എന്നെ വേദനിപ്പിച്ചിട്ടുണ്ട് എങ്കില്‍ പോലും. ജാനു എന്ന കഥാപാത്രത്തെ കുറിച്ചു നല്ല അഭിപ്രായ വ്യത്യാസം തോന്നിയിട്ടുണ്ട്. പക്ഷേ, മുതിര്‍ന്ന് നാല്‍പ്പതുകളോടടുക്കുന്ന ഒരു സ്ത്രീ എന്ന നിലയില്‍ അവരുടെ എഴുത്തിനോട് വൈകാരികമായ ഒരു ഐക്യപ്പെടല്‍ ഇപ്പോ തോന്നുന്നുണ്ട്. സാമുദായികവും സാമ്പത്തികവും ജാതിപരവും സാംസ്‌കാരികവും ആയ ഒരു തലങ്ങളിലും അല്ല. ഒരു സ്ത്രീയുടെ ആന്തരിക വൈകാരികലോകത്തെ തുറന്നിടുന്ന എഴുത്ത് എന്ന നിലയില്‍.

അയ്യപ്പന്‍ ഒരു സ്വാധീനമാണോ. അയ്യപ്പന്റെ കവിതകളില്‍ ഉള്ളത് പോലെ ഒരു പുറം മറിച്ചിടല്‍, ബുദ്ധനും ആട്ടിന്‍ കുട്ടിയും പോലെ ചിലത് കവിതകളില്‍ തുടരുന്നുണ്ട്. പാവം പിടിച്ച കടുവ, ഒടിഞ്ഞ ശലഭ ചിറകുകളുടെ ആകാശം തേടല്‍.. അയ്യപ്പനെ കുറിച്ചു ഒരു കവിത എഴുതുന്നുണ്ടല്ലോ?

അയ്യപ്പന്‍ എന്റെ ആദ്യകാല കവിതകളെ സ്വാധീനിച്ചിരുന്നു. ഒരുപാട് സ്വാധീനിച്ചിരുന്നു. ഓണപതിപ്പുകളിലും ആഴ്ച്ചപതിപ്പുകളിലുമാണ് അയ്യപ്പന്‍ കവിതകള്‍ ആദ്യം വായിക്കുന്നത്. മുറിവേറ്റ ശീര്‍ഷകങ്ങള്‍ അച്ഛന്‍ എനിക്ക് വാങ്ങി തരുന്നുണ്ട്. 2004 ല്‍ വെക്കേഷനില്‍ ആ പുസ്തകം വായിച്ചു കരയാത്ത ദിവസങ്ങള്‍ ഉണ്ടായിരുന്നില്ല. ആ ഒരു കവി എന്നെ വല്ലാതെ ബാധിച്ചു. കവി തുറന്നിട്ട വൈകാരികലോകം. കവിയുടെ ജീവിതം. അയ്യപ്പനു ഞാന്‍ കത്തുകള്‍ എഴുതി. അയ്യപ്പനെ പറ്റി എഴുതിയ ഒരു കവിത ഞാന്‍ കൊടുക്കുന്നുണ്ട്. അത് അയ്യപ്പന്‍ പല സ്ഥലങ്ങളിലും വായിക്കുമായിരുന്നു. വ്യക്തിപരമായ സൗഹൃദം ഉണ്ടായിരുന്നു. ആ കവിത എന്നെ സ്വാധീനിക്കുന്നു എന്ന് മനസ്സിലായപ്പോള്‍ ഞാന്‍ പതുക്കെ അതില്‍ നിന്ന് വിടുതല്‍ നേടാന്‍ ശ്രമം നടത്തിയിട്ടുണ്ട്.

നിറങ്ങളുടെ ഒരു വിന്യാസം തീവ്രമായി എഴുതുന്നുണ്ട്. ഏകാന്തതയ്ക്ക് നിറവും മണവും നില്‍ക്കാന്‍ ഒരു സ്ഥലവും കൊടുക്കുന്നു. ഏകാന്തതയ്ക്ക് ശരീരം കൊടുക്കുന്ന ഈ പ്രവര്‍ത്തനത്തെ കുറിച്ച്?

സ്റ്റാര്‍ പ്ലസ് സീരിയലുകള്‍ കാണുന്ന, ഹിന്ദി സിനിമ കാണുന്ന സാധാരണ ഇഷ്ടങ്ങള്‍ ഉള്ള ഒരു ലോകം എനിക്കും ഉണ്ടായിരുന്നു. കുറച്ചു കഴിയുമ്പോ ഇത് മാത്രമല്ല ലോകം എന്നു തോന്നുന്നുണ്ട്. എന്റെ ചുറ്റുമുള്ള ലോകത്തിന് പുറത്താണ് എഴുത്തിന്റെ ലോകം ഉണ്ടായിരുന്നത്. എന്റെ നാട്ടില്‍ നിന്ന് വിദൂരത്തുള്ള മനുഷ്യരുമായുള്ള കത്തിടപാടുകള്‍, ഫോണ്‍ വിളികള്‍. വീട്ടിലും പുറത്തും ആളുകള്‍ക്ക് നടുവില്‍ ആണെങ്കിലും അല്ലെങ്കിലും എന്റെ ചിന്തകള്‍ മാത്രമാണ് പലപ്പോഴും എനിക്ക് കൂട്ടിന് ഉണ്ടാവുക. എന്റെ ചുറ്റുമുള്ള മനുഷ്യര്‍ക്ക് എന്റെ ലോകത്തിന്റെ വിനിമയം കിട്ടിയിരുന്നില്ല. അങ്ങനെ ഏകാന്തതക്ക് സ്വാഭാവികമായും നിറം, മണം, ഭാവം, രൂപം ഒക്കെ വന്നതായിരിക്കും.

ഇരുട്ട് അത്ര മേല്‍ സജീവമാക്കുന്ന കവിയാണ്. ഇരുട്ട് വലിയ ഊര്‍ജ സ്രോതസ്സാണ്. മൂലധനമാണ്. ഇരുട്ടിനെ കഥയില്‍ ചരിത്രവല്‍ക്കരിക്കുന്നുണ്ട്.. ഇതിനെക്കുറിച്ച്?

ഉറക്കമില്ലാത്ത രാത്രികളില്‍ മുറിഞ്ഞു മുറിഞ്ഞു പോകുന്ന ഉറക്കത്തിന്റെ ഇടവേളകളില്‍ ഇരുട്ടിനോടല്ലാതെ മറ്റൊന്നിനോട് വിനിമയം ചെയ്യാന്‍ പറ്റില്ലല്ലോ. ഇരുട്ടില്‍ വിനിമയം സാധ്യമല്ല ചിലപ്പോ. അപ്പോ ഇരുട്ടിനെ പലതായി സങ്കല്‍പിക്കും. ദൂരെ കേള്‍ക്കുന്ന പാട്ടുകള്‍ വളരെ അടുത്തായി സങ്കല്‍പിക്കും. പല നിറങ്ങള്‍ തൊട്ട് നോക്കുന്ന പോലെ വിചാരിക്കും. അടുത്തേയ്ക്ക് വരുമോ ആ നിറം. കറന്റ് വരുന്നതിന് മുന്‍പ് കുറഞ്ഞ വോള്‍ട്ടേജില്‍ കേട്ടകഥകളാണ് എന്റെ ഉള്ളില്‍ അത്രയും. പിന്നീട് അത്രയും വെളിച്ചം രാത്രിയിലും കിട്ടുന്ന വൈദ്യുതിയുടെ കാലത്താണ് കഥയിലെ കുട്ടി നടന്നെത്തുന്നത്. വൈദ്യുതി വരുമ്പോള്‍ ഇരുട്ടില്‍ ഉണ്ടായിരുന്ന രൂപങ്ങളോട് സംവദിച്ചിരുന്ന തലമുറ കടന്നു പോയി. ഇരുട്ടിലെ രൂപങ്ങളും. വെളിച്ചത്തിന്റെ ക്യാന്‍വാസില്‍ ഇരുട്ടു കൊണ്ടെഴുതുന്നു തെളിഞ്ഞു നില്‍ക്കാന്‍ ഏറിയ തിളക്കത്തോടെ എന്ന ആലോചന അവിടെ നിന്നാണ് വരുന്നത്.

ആധുനികതയില്‍ ഒട്ടും ദൃശ്യപ്പെടാത്ത സെക്കന്റ് സൂചി പോലുള്ള നേരവും കാലവും ആണ് എഴുത്തുകാരി എഴുതുന്നത്. എന്താണ് കഥയുടെയും കവിതയുടെയും സ്ഥലകാലഭാവന നിര്‍ണയിച്ചത്?

കേരളത്തില്‍ രാഷ്ട്രീയ മാറ്റങ്ങള്‍ ഉണ്ടായ സമയം കൂടിയായിരിക്കും ആ കാലഭാവന നിര്‍ണ്ണയിച്ചത്. ദലിത് മൂവ്‌മെന്റുകള്‍ ശക്തി പ്രാപിക്കുന്ന ചരിത്രഘട്ടമാണ് അത്. ഞാന്‍ ചെറിയ കുട്ടിയായിരുന്നു. രേഖ ചേച്ചിയെ ഒക്കെ പോലെ നേരിട്ട് ഇടപെടുകയല്ല. മുതിര്‍ന്നവരുടെ വര്‍ത്തമാനങ്ങളിലൂടെ അതിന്റെ അലയൊലികളാണ് എന്നില്‍ എത്തിയത്. മഅ്ദനിയുടെ, കെ.അംബുജാക്ഷന്റെ പ്രസംഗങ്ങള്‍. ബാബ്‌റി മസ്ജിദിനെ സംബന്ധിച്ച സംഭാഷണങ്ങള്‍. മറ്റൊരു സ്ഥലത്ത് കേട്ട അറിവുകള്‍ എന്റെ പരിസരത്ത് അലയൊലിയായി എത്തുകയാണ്. ദലിത് രാഷ്ട്രീയം സംസാരിക്കുന്ന സ്ത്രീകവി എന്ന മാറ്റം ഈ അലയൊലികള്‍ കൂടി രൂപെടുത്തുന്നതാണ്. നമ്മളെ മുക്കി പോകുന്ന ആ കടലില്‍ സ്വാഭാവികമായി ഇറങ്ങി നില്‍ക്കുന്ന സമയമാണ്. ആ രാഷ്ട്രീയം എന്റെ ജീവിതം കൂടെ സംസാരിക്കുന്നുണ്ട്. ഞാന്‍ അതിന്റെ ഭാഗമായി ഇരിക്കണം എന്നൊക്കെ തോന്നല്‍ ഉണ്ടാകുന്നുണ്ട്. മുതിര്‍ന്ന കവികളുടെയും സഹ കവികളുടെയും ഒപ്പം ഇരിക്കുമ്പോള്‍ ഈ രാഷ്ട്രീയം ഉള്ളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെയാണ് എന്റെ കവിതയുടെ നേരവും കാലവും തുടങ്ങുന്നത് എന്ന് എനിക്ക് തോന്നുന്നു. പിന്നീട് സ്വത്വ രാഷ്ട്രീയം സംസാരിക്കുന്ന എഴുത്തുകള്‍ വായിക്കുമ്പോള്‍ എന്റെ എഴുത്തിനെയും അത് നില്‍ക്കുന്ന ഇടത്തിനെയും പ്രതി പലതും മനസിലാക്കാന്‍ തുടങ്ങി. ബിനു ചേട്ടന്റെ കവിതകള്‍ എന്നെ ഒരുപാട് സ്വാധീനിക്കുന്നുണ്ട്. ഞങ്ങള്‍ ഒരുപാട് സംസാരിക്കുന്നുണ്ട്. ബിനു ചേട്ടന്‍ ആയാലും, രേണുവേട്ടന്‍ ആയാലും, കലേഷ് ആയാലും. കലേഷിന്റെ കവിത വേറെ ഒരു ധാര ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.. അങ്ങനെയുള്ള സംഭാഷണങ്ങളിലൂടെയാണ് എന്റെ കവിത സംസാരിക്കുന്ന രാഷ്ട്രീയം എന്താണ് എന്നുള്ള ധാരണ തെളിഞ്ഞു കിട്ടുന്നത്. ഇവരെ വായിക്കുമ്പോഴും, ഇവരുടെ അഭിമുഖങ്ങള്‍ വായിക്കുമ്പോഴും മാത്രമല്ല ഇവരോടുള്ള സംഭാഷണങ്ങളുമുണ്ട്.. രേഖ ചേച്ചിയും രേണുവേട്ടനുമായുള്ള നീണ്ട സംഭാഷണങ്ങള്‍. അവിടെയൊക്കെയാണ് എന്റെ കവിതയുടെ നേരവും കാലവും തുടങ്ങുന്നത്. ഓരോ കവിതയും ഞാന്‍ അങ്ങനെയാകും ഫെയ്‌സ് ചെയ്തിട്ടുണ്ടായിരിക്കുക.

നമ്മള്‍ ഒരു നേരവും കാലവും എന്നു പറയുമ്പോള്‍ പോലും കവിതയ്ക്ക് അകത്ത് അത് വ്യക്തമായി പറയാന്‍ പറ്റില്ല. നമ്മുടെ ഓരോ കാഴ്ചകളെ, അനുഭവങ്ങളെ വാക്കിലേക്ക് എടുത്തു വയ്ക്കുക മാത്രമാണ് ഞാന്‍ ചെയ്തിട്ടുള്ളത്. വേറെ ഒരു തരത്തില്‍ പാകപ്പെടുത്തി കുറച്ചു കൂടി സ്വപ്നവും ഉന്മാദവും ഭാവനയും കലര്‍ത്തി പകര്‍ത്തി വയ്ക്കുകയാണ് ചെയ്തിട്ടുള്ളത് എന്ന് തോന്നുന്നു. ഇപ്പോ മത്സ്യഗന്ധിയില്‍ പന്ത്രണ്ട് അപ്പൂപ്പന്മാര്‍ ഇരുന്ന് തുഴയുന്ന ഒരു കവിതയാണ്. ആ കവിത വേറെ ഒരു സ്ഥലത്ത് നിന്നാണ് തുടങ്ങുന്നത്. അതിന്റെ നേരവും കാലവും വേറെ ഒരു സ്ഥലത്താണ്. സ്വപ്നത്തിലേക്കുള്ള താഴ്ചയും ഉണ്ട്. എന്റെ ജീവിതത്തില്‍ വേറെ ഒരു നേരത്തിലും കാലത്തിലും അതുണ്ട്.

കവിതയിലും കഥയിലും തുടരുന്ന ഒരു പറച്ചിലും കേള്‍വിയും ഉണ്ട്. ആരും കേള്‍ക്കാത്ത ഉള്ളുരുകലുണ്ട്. പുറത്തെയല്ല അകത്തെ കുറിച്ചാണ് എഴുതുന്നത്. ഉള്ള് കേള്‍പ്പിക്കാനുള്ള ശ്രമമാണ്. മൃഗീയത്തില്‍ കേട്ടോ എന്ന് വ്യക്തമായി ചോദിക്കുന്നുണ്ട്. മറ്റ് സ്ഥലത്ത് അത് അകമേയാണ്. ഈ ഒച്ചകള്‍ ഒപ്പ് കടലാസ് പോലെ പകര്‍ത്തുന്ന എഴുത്തിനെ കുറിച്ച്?

കണ്ട കാഴ്ചകളെ മറ്റൊരാളില്‍ എത്തിക്കുകയാണല്ലോ കഥ ചെയ്യുന്നത്. സാധാരണ മനുഷ്യരുടെ സംഭാഷണങ്ങള്‍ പോലും അങ്ങനെയാണല്ലോ. കഥ കേള്‍ക്കാന്‍ ഒത്തിരി ഇഷ്ടമുള്ള ആളായിരുന്നു. കേള്‍ക്കാന്‍ ഇപ്പോഴും ഇഷ്ടമാണ്. മറ്റുള്ളവരുടെ ജീവിതം, മറ്റ് ലോകങ്ങള്‍ അറിയാനുള്ള ആകാംക്ഷകള്‍. വായനയില്‍ അതാണല്ലോ പ്രവര്‍ത്തിക്കുന്നത്. അത് പോലെ ഒറ്റയ്ക്ക് അവനവനോട് നടത്തുന്ന സംഭാഷണങ്ങള്‍. ആത്മഭാഷണങ്ങള്‍ നിരന്തരം നടത്തുന്ന ഒരാളാണ് ഞാന്‍. അവയാണ് എഴുത്തായി വികസിക്കുന്നത്. ആത്മഭാഷണം തന്നെയാണ് കവിതയും കഥയും കഥാപാത്രങ്ങളുടെ ഉള്‍ പിരിവുകളുമായി പല നിലകളില്‍ പകര്‍ത്തി വെക്കുന്നത്. ഓരോ എഴുത്തുകാരും ചെയ്യുന്നത് അത് തന്നെയാണ് എന്ന് തോന്നുന്നു.

ചരിത്രത്തെ, സാഹിത്യത്തെ മറ്റൊരു നിലക്ക് കാണാനുള്ള ശ്രമം മെറ്റ നരേറ്റീവുകളില്‍ ഉണ്ട്. ഒറ്റാലിലും, മുറ്റമടിക്കാതെ ഇരിക്കുമ്പോള്‍ എന്ന കവിതയിലും ഒക്കെ ഉണ്ടല്ലോ. മെറ്റനരേറ്റിവുകളിലൂടെ ഒരു തരത്തില്‍ സാഹിത്യവിമര്‍ശനം തന്നെയല്ലേ നടത്തുന്നത്?

അതേ. മേതിലിന്റെ ഉടല്‍ ഒരു ചൂഴ്‌നിലത്തെ കുറിച്ചു സാറാ ജോസഫ് എഴുതുന്ന പ്രതി കഥ ഉണ്ടല്ലോ. ഈ ഉടല്‍ എന്നെ ചൂഴുമ്പോള്‍.. മെറ്റകഥയുടെ വിമര്‍ശന സാധ്യത അങ്ങനെ ഉള്ളില്‍ കിടക്കുന്നുണ്ട്. പിന്നീട് കവിതയിലും കഥയിലും ഈ ചിന്ത പകര്‍ത്തുന്നുണ്ട്. മുറ്റമടിക്കാതിരിക്കുമ്പോള്‍ എന്ന കവിതയില്‍ തന്നെ ഈ ആലോചനയുണ്ട്.

മണ്ണില്‍ വേവുന്ന വിഭവങ്ങളിലും, ഒറ്റാലിലും ജീവിച്ചു പ്രതിരോധിക്കുന്ന ദലിത് സ്ത്രീ ചേതന കാണാം. സരസ്വതി അമ്മയുടെ കഥകളിലും, മാധവികുട്ടിയിലും, വിയര്‍പ്പടയാളങ്ങളിലും ഒന്നും കാണുന്നത് പോലെയല്ല. വളരെ ഏജന്‍സി ഉള്ള പൊരുതി നില്‍ക്കുന്ന സ്ത്രീകള്‍.. കഥയിലെ ഈ ദലിത് സ്ത്രീവിഷയിയെ കുറിച്ച്?

ദലിത് സ്ത്രീകള്‍ക്ക് തോറ്റ് പോവുക എന്ന ഓപ്ഷന്‍ ഇല്ലല്ലോ. അവര്‍ കഴിയുന്ന അത്ര പൊരുതുന്നു. നിത്യജീവിതത്തിലെ പോരാട്ടങ്ങള്‍. അന്നന്നത്തെ സമരങ്ങള്‍. പോരാടി ജീവിതത്തെ നേരിടുന്നവര്‍. അവരുടെ അത്തരം പോരാട്ടങ്ങള്‍ ദൃശ്യപ്പെടുന്നില്ല എവിടെയും. അങ്ങനെയുള്ള അനുഭവങ്ങളാണ് ഞാന്‍ ചുറ്റിലും കണ്ടു മനസ്സിലാക്കിയിട്ടുള്ളത്.

സി. അയ്യപ്പന്റെ കഥകളില്‍ നിന്നും ഇതേ തരത്തില്‍ ഒരു വിച്ഛേദമുണ്ട്?

ദലിത് പുരുഷന്മാരുടെ കഥകള്‍ തന്നെ മുഖ്യധാര സാഹിത്യത്തില്‍ വളരെ കുറച്ചാണ് ദൃശ്യപ്പെട്ടത്. ഞാറുകളില്‍ തന്നെ എത്രയോ എഴുത്തുകള്‍ ഉണ്ട്. പക്ഷെ, മുഖ്യധാരാ സാഹിത്യം പി.എ. ഉത്തമന്‍, സി.അയ്യപ്പന്‍, രാജു. കെ. വാസു, പ്രിന്‍സ് അങ്ങനെ കുറച്ചു പേരുകള്‍ അല്ലെ പറയുന്നുള്ളൂ. സി. അയ്യപ്പന്റെ കഥകള്‍ മുഴുവന്‍ ആത്മഹത്യ കുറിപ്പുകള്‍ ആയിട്ടാണ് തോന്നിയിട്ടുള്ളത്. അത് ഉണ്ടാക്കിയ ആഘാതം വലുതായിരുന്നു.

ഗദ്യത്തില്‍ വളരെ കുറച്ചു ദലിത് പെണ്ണെഴുത്തുകള്‍ ആണ് കടന്നു വന്നിട്ടുള്ളത്. ഗദ്യം വരേണ്യമായ ഒരു ഘടനയായി തുടരുന്നത് കൊണ്ടാണോ?

മലയാളത്തിലെ മുഖ്യധാരാ ഗദ്യത്തിന്റെ നിര്‍മാണ യുക്തികള്‍ നിര്‍ണ്ണയിച്ചത് ഒക്കെയും സവര്‍ണ്ണരും സാമൂഹിക മൂലധനം ഉള്ളവരും ആണല്ലോ. ഒരു വരി എഴുതാന്‍ പുതിയ ഒരു ഗദ്യ ഘടന ഉണ്ടാക്കാന്‍ വലിയ അധ്വാനം ആവശ്യമാണ്. കവിത കുറെ കൂടി സ്വാതന്ത്ര്യമുള്ള രൂപശില്‍പമാണ്. ഗദ്യത്തില്‍ അതല്ല അവസ്ഥ. അങ്ങനെ ഇരിക്കാനുള്ള സാമൂഹിക പരിതോവസ്ഥയും മൂലധനവും ദലിത് സ്ത്രീക്ക് ലഭ്യമാകുന്നില്ലല്ലോ ഇപ്പോഴും. അയ്യപ്പന്റെ കഥകള്‍ വായിക്കുമ്പോള്‍ സുഖകരമായ നോവുകള്‍ അല്ലല്ലോ. ഒരാള്‍ ഭ്രാന്ത് പിടിച്ചു മരണത്തിലേക്ക് ഓടുന്ന ഒരു ജീവിതം ഇവിടെയുണ്ട് എന്നു പറയുന്നുണ്ട് ആ എഴുത്ത്. അത് നിങ്ങളെ പൊള്ളിക്കും. പൊറുതി തരില്ല. ആ ഓട്ടത്തിന് താനും കൂടി കാരണക്കാരന്‍ ആണ് എന്ന തോന്നല്‍ കൊണ്ടാകാം, വായനക്കാരനോട് ചോദ്യങ്ങള്‍ തിരികെ ചോദിക്കും ആ കഥകള്‍. 'പൊതു' വായനയില്‍ പങ്ക് പറ്റാന്‍ പറ്റുന്ന വികാരങ്ങള്‍ അല്ലല്ലോ അത്. അതിന്റെ ഭാരം താങ്ങാന്‍ പറ്റുന്നതിന് അപ്പുറം ആയിരുന്നു. വല്ലാതെ പൊള്ളിക്കും. എടുത്തു കുടയും ആ എഴുത്ത്. കേരളത്തിന് പുറത്തുള്ള ദലിത് ജീവിതങ്ങള്‍ എഴുതപ്പെടുമ്പോള്‍ ഇവിടെ അത് ധാരാളമായി വായിക്കപ്പെടുകയും ചെയ്യും.

അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് എന്നതാണ് ഇവിടെ സ്ത്രീ വിമോചനത്തിന്റെ മുദ്രാവാക്യം ആയി മുഴങ്ങിയത്. അടുക്കളയില്‍ അടക്കം ചെയ്യുന്ന യാഥാര്‍ഥ്യവും ഉണ്ടെന്ന് മണ്ണില്‍ വേവുന്ന വിഭവങ്ങള്‍ പറയുന്നുണ്ട്. കവിതയിലും ഒക്കെയുണ്ടല്ലോ അടുക്കളയുടെ ഈ രാഷ്ട്രീയം. ഭൂമിയെ കുറിച്ചുള്ള ചോദ്യം എഴുത്തില്‍ തീവ്രമായി ഉന്നയിക്കപ്പെടുകയാണ്?

ഒരോണക്കാലത്ത് രേണുവേട്ടനോടുള്ള ഒരു സംഭാഷണത്തില്‍ 'എത്രയോ അടുക്കളകള്‍ ഉണ്ട്. ഒന്നും വെന്തു മലരാത്ത, ഒന്നും വെട്ടി മുറിക്കാത്ത..' എന്ന ഒരു വരിയില്‍ നിന്നാണ് ആ കഥയുടെ ആലോചന വരുന്നത്. പിന്നീടും അടുക്കളയെ കുറിച്ചുള്ള പല സംഭാഷണങ്ങള്‍ ഉണ്ടായി. കുട്ടനാട്ടില്‍ വെള്ളം കേറുന്ന പ്രദേശത്ത് മരിച്ചടക്കിന് വെള്ളത്തില്‍ മുക്കി താഴ്ത്തുന്ന കഥകള്‍. ഭൂമി ഇല്ലാത്തവര്‍ക്ക് മരണം പോലും അന്യമാകുന്ന യാഥാര്‍ഥ്യം. അത് എല്ലാം കൂടി ചേര്‍ത്താണ് ആ കഥ ഉണ്ടാകുന്നത്. ആ കഥ ഒരു പ്രതി പ്രസ്താവം തന്നെയല്ലേ. ഭക്ഷണം ഒരാളുടെ പ്രാഥമിക അവശ്യമല്ലേ. ആ സ്ഥലം തന്നെ ഇല്ലാത്ത അവസ്ഥ. ഭൂമിയില്ലാത്തിടത്തോളം അടുക്കള സങ്കല്‍പമാകുന്ന അവസ്ഥ. നില്‍ക്കാന്‍ ഒരിടം ഇല്ലാത്തത് പോലെ.

സ്വത്വ രാഷ്ട്രീയം സംസാരിക്കുന്ന കവിതകള്‍ ഇന്ന ഭാഷ സംസാരിക്കണം എന്ന് ഒരു പൊതുബോധം നില്‍ക്കുമ്പോഴും ധ്വന്യാത്മകമാകണം കവിത എന്ന് ഞാന്‍ വിചാരിച്ചിട്ടുണ്ട്. വായനക്കാരാണ് അത് പറയേണ്ടത് എങ്കിലും. ഞാന്‍ അത് ആഗ്രഹിക്കുന്നുണ്ട്. ചെസ് കളിക്കുന്ന പോലെ ഓരോ വാക്ക് കരു നീക്കുന്ന ക്രിയ എനിക്കിഷ്ടമാണ്.

മുറ്റമടിക്കാതെ ഇരിക്കുമ്പോള്‍ എന്നതില്‍ പ്രതിഭാവന ഞാന്‍ ആലോചിക്കുന്നുണ്ട്. ഇങ്ങനെ അല്ലാത്ത ഇടങ്ങള്‍. പന്തിഭോജനം എന്ന കഥ വായിക്കുമ്പോ തന്നെ ബാധിച്ച കഥയാണ്. അങ്ങനെയാണോ. സമുദായത്തെ ഒറ്റു കൊടുക്കുന്ന വക്കീല്‍ ഉണ്ടാകുമോ. ആ ചോദ്യത്തില്‍ നിന്നാണ് ഒറ്റാല്‍ ഉണ്ടാകുന്നത്. അങ്ങനെ അല്ലാത്ത വക്കീല്‍ ഉണ്ടാകും എന്ന് പറയണം എന്ന് തോന്നി. ആ കഥയിലെ സ്‌കൂള്‍ അനുഭവങ്ങള്‍ എനിക്ക് നേരിട്ട് അറിയാവുന്നതാണ്. ആ കഥയില്‍ ഒരു ഭക്ഷണ സംസ്‌കാരം ഉണ്ടല്ലോ. ചില ഭക്ഷണങ്ങള്‍ക്ക് ഉള്ള സ്വീകാര്യത ഇല്ലല്ലോ ചേറ്റു മീനിന്. പക്ഷെ, ചേറ്റു മീന്‍ തുടിക്കുന്ന ജീവിതവും ഉണ്ടല്ലോ. ചില വസ്ത്രങ്ങള്‍ കുലീനമാകുന്നു. ചില നിറങ്ങള്‍ കുലീനമാകുന്നു. ഇതൊക്കെ കഥയില്‍ സൂക്ഷ്മമായി എഴുതാന്‍ ശ്രമിക്കുന്നുണ്ട്. ജാതി ഇങ്ങനെ വളരെ സൂക്ഷ്മമായാണല്ലോ പ്രവര്‍ത്തിക്കുന്നത്. ഡോ. രേഖാ രാജ് സൂചിപ്പിച്ചിട്ടുള്ള പോലെ മ്യൂട്ടേഷന്‍ സംഭവിച്ച ജാതി എന്നു പറയാം. ഇതിനോട് അപ്പൂപ്പനും അമ്മൂമ്മയും പറഞ്ഞ കഥകളിലെ പോലെ യുക്തി കൊണ്ട് നേരിടുന്ന പ്രായോഗിക തന്ത്രം. ബുദ്ധി കൊണ്ട് ജയിച്ചു കൂടെ എന്ന ചോദ്യവും കൂടിയാണ് ആ കഥ.

ദലിത് സ്ത്രീ ബൗദ്ധികതയുടെ ഭാഷയെ കുറിച്ചുള്ള സങ്കല്പം എന്താണ്?

എന്റെ ഭാഷയില്‍ വായനക്കാര്‍ എളുപ്പം പ്രവേശിക്കണ്ട എന്ന് ഞാന്‍ കരുതിയിരുന്നു. എപ്പൊഴും ആലോചിച്ചിട്ടുണ്ട് എം.ബി മനോജ് ചേട്ടന്‍, രേണുകുമാര്‍, എസ്. ജോസഫ് തുടങ്ങിയവര്‍ ഉപയോഗിച്ച വാക്കുകള്‍ ഒരിക്കലും ഉപയോഗിക്കരുത് എന്ന്. മലയാളത്തിലെ ദലിത് എഴുത്ത് ധാരയില്‍ മുന്‍പേ നടന്ന കവികള്‍ എന്ന നിലയില്‍ അവര്‍ കുറച്ച് പുതിയ വാക്കുകളും അനുഭവ പരിസരങ്ങളും ഭാഷയില്‍ കൊണ്ടുവന്നിട്ടുണ്ടല്ലോ! അനുഭവങ്ങള്‍ നേരെ പകര്‍ത്തുകയല്ല. സ്വത്വ രാഷ്ട്രീയം സംസാരിക്കുന്ന കവിതകള്‍ ഇന്ന ഭാഷ സംസാരിക്കണം എന്ന് ഒരു പൊതുബോധം നില്‍ക്കുമ്പോഴും ധ്വന്യാത്മകമാകണം കവിത എന്ന് ഞാന്‍ വിചാരിച്ചിട്ടുണ്ട്.

വായനക്കാരാണ് അത് പറയേണ്ടത് എങ്കിലും. ഞാന്‍ അത് ആഗ്രഹിക്കുന്നുണ്ട്. ചെസ് കളിക്കുന്ന പോലെ ഓരോ വാക്ക് കരു നീക്കുന്ന ക്രിയ എനിക്കിഷ്ടമാണ്. എന്റെ വാക്ക് തീവ്രമായ വൈകാരിക മണ്ഡലത്തില്‍ നിന്നാണ് ഉണ്ടാകുന്നത്. ആഴം തേടല്‍ ആണ് ആ ഭാഷ നിര്‍ണ്ണയിക്കുന്നത്. തൊലിക്ക് അടിയില്‍ വേരുള്ള മണങ്ങള്‍ എന്നത് പോലെ പുറം കാഴ്ചക്ക് ഉള്ളില്‍ എന്താണ് എന്ന ആകാംക്ഷ ഉണ്ടെനിക്ക് എക്കാലവും. ആന്തരിക ലോകങ്ങളെ കുറിച്ചുള്ള പല തരം ആലോചനകള്‍. ആ ഉള്‍കലക്കം തേടലാണ് എനിക്ക് വാക്ക്.

ഇന്ദു രമ വാസുദേവന്‍

TAGS :