Quantcast
MediaOne Logo

രൂപേഷ് കുമാര്‍

Published: 24 Nov 2025 5:09 PM IST

എക്കോ: മനുഷ്യരുടെയും മൃഗങ്ങളുടേയും വന്യതകളുടെ സിനിമ

മനുഷ്യർ, മൃഗങ്ങൾ, പ്രകൃതി, ദേശങ്ങൾ, കാലം എന്നിവയൊക്കെ കൂട്ടിച്ചേർത്ത് പരുവപ്പെടുത്തി കൊണ്ടാണ് ഈ ത്രില്ലർ സിനിമയുടെ ആർക് രൂപപ്പെടുന്നത്.

Eko Movie Review by Rupesh Kumar
X

എക്കോ എന്ന സിനിമയിൽ ഏറ്റവും കൂടുതൽ ഹോണ്ട് ചെയ്യുന്നത് മരണത്തിലൂടെയും അല്ലാതെയുമുള്ള മനുഷ്യരുടെ അദൃശ്യത കൂടിയാണ്. അവർ നല്ലവരായാലും ചീത്ത മനുഷ്യർ ആയാലും. ഭൂമിയിൽ നിലനിന്ന മനുഷ്യർ, അവർ നല്ലവരാകട്ടെ മോശം മനുഷ്യർ ആകട്ടെ, ആരുമാകട്ടെ, വിദേശികൾ ആകട്ടെ സ്വദേശികൾ ആകട്ടെ, വിവിധ കാലങ്ങളിൽ ജീവിച്ചവർ ആകട്ടെ മനുഷ്യർ അപ്രത്യക്ഷരാകുന്ന ഭീകരമാകുന്ന അവസ്ഥ ഈ സിനിമ വല്ലാതെ ഹോണ്ട് ചെയ്യിക്കുന്നു. അത് പ്ലേസ് ചെയ്യുന്ന കാലങ്ങൾ ഭൂമിശാസ്ത്രങ്ങൾ നമ്മളെ ഭയപ്പെടുത്തുന്നു. അതിനുവേണ്ടി ഈ സിനിമ ഉപയോഗിച്ചത് വിവിധ ദേശങ്ങൾ, കാടുകൾ, കാടിന്റെ നിഗൂഢത, പൊലീസ് ക്യാമ്പ്, എന്തിന് ഒരു ഇലക്ട്രിക് പോസ്റ്റിൽ തൂങ്ങിനിൽക്കുന്ന ലൈൻമാൻ എന്നിവരൊക്കെ ആണ്. അവർ അടക്കം കാലം, കുറ്റവാളികൾ, ഇരകളാക്കപ്പെട്ടവർ എല്ലാവരും അപ്രത്യക്ഷരാവുകയാണ്.

ഒരു ചെറിയ സീനിൽ അതിക്രൂരമായി നക്സലൈറ്റുകളെ കൊല ചെയ്യുന്ന ഒരു വിവരണത്തിൽ പോലും മനുഷ്യരെ അപ്രത്യക്ഷരാക്കുന്ന ഭീകരമായ അവസ്ഥയിലേക്ക് മനുഷ്യരെ കൊണ്ടെത്തിക്കുന്ന സൈക്കോ ട്രാൻസ്ഫോർമേഷനിലേക്ക്/ചുഴിയിലേക്ക് ഈ സിനിമ കൊണ്ടുപോകും. നാഗരികത, വന്യത, മനുഷ്യരുടെ ക്രൂരത, അതിരുകൾ കടന്ന ജിയോഗ്രഫികൾ, വിവിധ ദേശങ്ങളിലെ പ്രകൃതികൾ, വയലൻസ്, കൊലപാതകങ്ങൾ, തുടങ്ങിയവയിലൂടെ അപ്രത്യക്ഷരാകുന്ന മനുഷ്യരെ കുറിച്ചുള്ള ഓർമകൾ ഈ സിനിമ നമ്മളെ കുറേക്കാലം ഓർമപ്പെടുത്തിക്കൊണ്ടേ ഇരിക്കും. പലപ്പോഴും കൊല്ലപ്പെട്ടവർ, പ്രതികാരം ചെയ്യാൻ ആഗ്രഹിക്കുന്നവർ, സ്വന്തം ജീവിതം നഷ്ടപ്പെട്ട മനുഷ്യർ, തടവറകളിൽ ജീവിക്കുന്നവരുടെ രക്ഷപെടലുകൾ, മനുഷ്യരുടെ പ്രതികാരങ്ങൾ, പ്രതികാരങ്ങളിൽ അവസാനിക്കുന്നവർ, അങ്ങനെ ഈ സൃഷ്ടിച്ചതിനേക്കാൾ കൂടുതൽ കഥകൾ പ്ലോട്ടുകൾ രൂപീകരിക്കുക ഈ സിനിമയിൽ അദൃശ്യതയിൽപെട്ട മനുഷ്യരെക്കുറിച്ചുമായിരിക്കും. അങ്ങനെ നമ്മൾ കാണാത്ത മനുഷ്യരെ കുറിച്ച് പറയുന്ന പ്ലോട്ട് കൂടി ആകുമ്പോഴാണ്, കാണികൾ സിനിമയ്ക്ക് ശേഷം ഈ സിനിമയുമായി ബന്ധപ്പെട്ട് ഹോണ്ട് ചെയ്യപ്പെടുമ്പോഴാണ് ഈ സിനിമ അന്താരാഷ്ട്ര നിലവാരമുള്ള ഒരു ഗംഭീര ത്രില്ലർ ആകുന്നത്.

മനുഷ്യർ, മൃഗങ്ങൾ, പ്രകൃതി, ദേശങ്ങൾ, കാലം എന്നിവയൊക്കെ കൂട്ടിച്ചേർത്ത് പരുവപ്പെടുത്തി കൊണ്ടാണ് ഈ ത്രില്ലർ സിനിമയുടെ ആർക് രൂപപ്പെടുന്നത്. സിനിമ എന്നത് നിശ്ചയമായും കാഴ്ചയുടെയും കേൾവിയുടേയും അതിലൂടെ രൂപപ്പെടുന്ന അനുഭവപരിസരങ്ങളുടെ സ്പിരിച്വാലിറ്റിയുടെ ഒരു ടൂൾ ആയി രൂപപ്പെടുമ്പോഴും മനുഷ്യൻ ചരിത്രപരതയിലൂടെ കടന്നുപോയ വിവിധ തരത്തിലുള്ള ഫിലോസഫികളിലും കോൺഫ്ലിക്റ്റ് ഉണ്ടാക്കിക്കൊണ്ട് ഈ സിനിമ നമ്മളെ ചുഴറ്റി എറിയുന്നു എന്നത് കൂടിയാണ് ഈ സിനിമയെ ഒരു വിഷ്വൽ ടെക്സ്റ്റ് എന്ന രീതിയിൽ ചിന്താനിർമിതിയിൽ വേറിട്ട് നിർത്തുന്നത്. മനുഷ്യരുടെയും മൃഗങ്ങളുടേയും (പട്ടികളുടേയും) ഒരു ലോകത്തിലൂടെ സിനിമ കടന്നുപോകുമ്പോൾ മനുഷ്യർ തന്നെ ചില മൃഗങ്ങൾക്ക് ശാസ്ത്രീയതയുടെയും മിത്തുകളുടെയും സാമൂഹിക നിർമിതികളിലൂടേയും പതിപ്പിച്ച് കൊടുത്ത സ്വഭാവവിശേഷങ്ങളിലും കോൺഫ്ലിക്റ്റുകൾ ഉണ്ടാക്കി ഈ സിനിമയുടെ എഴുത്ത് നമ്മളെ ഞെട്ടിക്കുന്നു.


നന്ദിയുള്ള നായ (പട്ടികൾ) എന്ന സ്വരൂപത്തിൽ തന്നെ അട്ടിമറി സൃഷ്ടിച്ച് മൃഗങ്ങളിലും മനുഷ്യരിലും ഈ സിനിമ സംഘർഷം രൂപപ്പെടുത്തുന്നു. ഇതിൽ സന്ദീപ് സേനൻ എന്ന ചെറുപ്പക്കാരനായ നടൻ അവതരിപ്പിക്കുന്ന പിയൂസ് എന്ന കഥാപാത്രം തന്നെ അത്തരം ഒരു ഉദാഹരണം കൂടിയാണ്. മലാത്തി ചേട്ടത്തി എന്ന സ്ത്രീയോട് കൂറ് പുലർത്തുന്ന വേലക്കാരനായി ജീവിക്കുമ്പോഴും പിയൂസിന്റെ റോളുകൾ പലവിധങ്ങളായി മാറുകയാണ്. മനുഷ്യരുടെ അവസ്ഥാന്തരങ്ങളുടെ പരിണാമങ്ങളിൽ അങ്ങനെ സംഭവിക്കാം എന്നത് ബുദ്ധിപൂർവമായി കാണികൾക്ക് തോന്നാവുന്നതുമാണ്. അത് സ്വാഭാവികാവുമാണ്. പക്ഷെ ഇത്തരം മാനുഷികമായ അവസ്ഥകളുടെ ക്യാരക്ടറുകളുടെ ഷിഫ്റ്റുകളുടെ രൂപങ്ങൾ മനുഷ്യരിൽ നിന്ന് പട്ടികളിലേക്ക് രൂപപ്പെടുത്തിക്കൊണ്ട് ഞെട്ടിക്കുക എന്നൊരു പ്രോസസിങ് കൂടി ഈ സിനിമ ചെയ്യുന്നു. നന്ദിയുള്ള, യജമാനോടുള്ള കൂറുള്ള നായകൾ എന്ന മാനുഷികമായ ചിന്തകളെ തന്നെ പട്ടികളുടെ സ്വഭാവങ്ങളുടെ ഷിഫ്റ്റുകളിലൂടെ അട്ടിമറിക്കുക എന്ന ഫിലോസഫിക്കൽ ആയ രീതി സ്വീകരിക്കുന്നതിലൂടെ കൂടി ഇന്ത്യൻ സിനിമയിൽ എക്കോ എന്ന സിനിമ വേറിട്ടു നിൽക്കുന്നു.

നമ്മൾ കാലാകാലങ്ങളായി വായിക്കുന്ന ചിത്രകഥകൾ മുതൽ ആനിമേഷൻ, കാർട്ടൂൺ സിനിമകളിൽ വരെ മൃഗങ്ങളുടെ സ്റ്റീരിയോടൈപ്പുകൾ നിർമിക്കപ്പെടുന്നു. അതിൽ മനുഷ്യ സമൂഹങ്ങളുടെ/ഗ്രൂപ്പുകളുടെ/അധികാര ഭാവങ്ങളുടെ/ഭരണകൂടങ്ങളുടെ മനുഷ്യരുടെ സ്വഭാവങ്ങൾ തന്നെ പലവിധങ്ങളിലായി ചേർത്തുവെക്കുന്നു. അതിൽ നിന്ന് മോറൽ രൂപങ്ങളും സംഘർഷങ്ങളും രൂപപ്പെടുത്തുന്ന പ്രക്രിയകളിലൂടെ അത്തരം ആർട്ടുകൾ രൂപപ്പെടുത്തുന്നു. പക്ഷെ ഏക്കോ എന്ന സിനിമയിൽ മനുഷ്യന്റെ ഫിലോസഫി, മോറാലിറ്റി, സാമൂഹികത എന്നിവ പട്ടികളിലേക്ക് ചേർത്തുവച്ച് അവയെ ആനിമേറ്റ് ചെയ്യാതെ സിനിമാറ്റിക് റിയലിറ്റിയിലേക്ക് കൊണ്ടുവന്ന് മനുഷ്യജീവിതത്തിന്റെ ഭാഗമായും അതിന്റെ രൂപങ്ങളായ കൂറും ചതിയും എന്നിങ്ങനെയുള്ള മോറൽ കോൺഫ്ലിക്റ്റുകൾ കൂടി മൃഗങ്ങളിലേക്ക്, പട്ടികളിലേക്ക് ചേർത്തുവെക്കുന്നതിലൂടെ വിഷ്വൽ ആർട്ട് ഫോമിലൂടെ മലയാള സിനിമയുടെ ചരിത്രം തന്നെ മാറ്റി മറിക്കുകയാണ്. സിനിമയുടെ ടെക്നിക്കൽ ആയ ഒരു രൂപത്തിന്റെ പെർഫെക്ഷനോടൊപ്പം നമ്മളെ ഞെട്ടിക്കുന്ന പട്ടികളെ ചേർത്തുവച്ച ഫിലോസഫിക്കൽ രൂപങ്ങളിലേക്ക് സിനിമ കടക്കുന്നു. അതുകൊണ്ട് തന്നെ ഈ സിനിമയിലെ അവസാന ഷോട്ട് അടുത്ത കാലത്തൊന്നും നമ്മളെ വിട്ടുപോവുകയുമില്ല.

നമ്മൾ സിനിമയിൽ കാണുന്ന മുഖങ്ങളുടെ ‘ആർക്കിടെക്ച്ചറുകൾ’ ഈ സിനിമയുടെ പുതിയ രൂപത്തിലേക്ക് പിന്നെയും നമ്മളെ കൊണ്ടുപോകുന്നു. മലാത്തി ചേട്ടത്തി എന്ന സ്ത്രീയുടെ ക്ലോസ്അപ്പ് ഷോട്ടുകൾ ഒരു പക്ഷെ മലയാള സിനിമയിലെ സുന്ദരവും നമ്മളുടെ ഉള്ളിലേക്ക് ആഴത്തിൽ കടന്നുകയറുന്നതുമായി മാറുന്നു. അത് ഒരു മലയാളിത്ത/മലയാളി മുഖം എന്നത്തിനെ പൊളിച്ച് അപ്പുറത്ത് കടക്കുന്നു എന്നുള്ളതുമാണ് ഒരു സൗന്ദര്യം. മനുഷ്യർ പുതിയ കാലത്ത് ജ്യോഗ്രഫിക്കൽ ബോർഡറുകൾ കടന്ന് യാത്ര ചെയ്യാൻ തുടങ്ങിയതോടുകൂടി പല ദേശങ്ങളിലെയും രാജ്യങ്ങളിലെയും ജ്യോഗ്രഫികളുടെയും ജീവിതങ്ങൾ നമ്മുടെ മുന്നിലേക്ക് എക്സ്പോസ് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. ടെലിവിഷൻ ചാനലുകളിലെ ട്രാവൽ പ്രോഗ്രാമുകളിലൂടെ, ഡിജിറ്റൽ പ്ലാറ്റുഫോമുകളിലൂടെ, ഒടിടികളിലൂടെ പല ദേശങ്ങളിലെ പല തരം ജീവിതങ്ങൾ നമ്മൾ കണ്ടുതുടങ്ങിയിട്ടുണ്ട്. അത്തരം ഒരു കാലത്ത് സമീപകാലങ്ങളിൽ മലയാള സിനിമയും കേരളത്തിന് പുറത്ത് സഞ്ചരിക്കാൻ തുടങ്ങിയിട്ടുണ്ട്. അത്തരം സിനിമകളുടെ ചരിത്രം ഈ ഡിജിറ്റൽ കാലത്തിനു മുമ്പ് തന്നെ എൺപതുകളിൽ തന്നെ തുടങ്ങിയിട്ടുമുണ്ട്. പക്ഷെ അത്തരം ഭൂരിഭാഗവും മലയാളികൾ vs മറ്റു ദേശക്കാർ എന്ന ഫോർമാറ്റിൽ സൃഷ്ടിക്കപ്പെട്ട സിനിമകൾ കൂടിയായിരുന്നു. പക്ഷെ മറ്റൊരു ദേശത്തെ മലാത്തിക്കരി എന്ന രീതിയിൽ അട്ടിമറിക്കുന്ന ഷിഫ്റ്റിലൂടെ മനുഷ്യർ ജ്യോഗ്രഫികൾ പൊളിക്കുന്ന ഐഡന്റിറ്റി ആയി സിനിമയുടെ കഥ പറച്ചിലിന്റെ സ്‌പേസിനെയും മലയാളിക്ക് പുറമെ ഉള്ള മനുഷ്യരുടെ സംഘർഷങ്ങളെയും ദേശപരമായ ബൗണ്ടറികൾക്ക് പുറത്തുനിന്ന് കൊണ്ടും ഈ സിനിമ കൈകാര്യം ചെയ്യുന്നു. ഭാഷ, ദേശം, രാജ്യം എന്നീ അതിർവരമ്പുകൾ കടന്ന് ഈ സിനിമ ഒരു യൂണിവേഴ്‌സൽ ലോകത്തെ ആർട്ട് ഫോം ആയി മാറുന്നു.


മനുഷ്യർ തന്നെ ബന്ധങ്ങളിലൂടെ, കുടുംബങ്ങളിലൂടെ, സമൂഹ്യങ്ങളിലൂടെ രൂപപ്പെടുത്തുന്ന ഉടമസ്ഥതകൾ മലാത്തി ചേട്ടത്തി എന്ന സ്ത്രീക്ക് തടവറയായി മാറുന്നു. അവർ തന്നെ താൻ ജീവിതകാലം മുഴുവൻ അനുഭവിക്കുന്ന ജീവപര്യന്തത്തെ കുറിച്ചും തടവറകളെ കുറിച്ചും പറയുന്നു. പക്ഷെ ഈ സിനിമ തടവറ എന്ന സങ്കൽപ്പത്തെയും അത്യന്തം സംഘർഷപരമാക്കുന്നു. തടവറ എന്നത് രൂപപ്പെടുന്നത് മനുഷ്യനെ തടങ്കലിൽ അടയ്ക്കുന്നതിലൂടെയല്ല. അടിമത്തത്തിലൂടെ മാത്രമല്ല, മറിച്ച് തടവറകളിൽ നിന്ന് രക്ഷപെടുന്നതിന്റെ ചിന്തകളിലൂടെയും പ്രതികാരങ്ങളുടെ ചിന്തകളിലൂടേയും ആണ്. തടവറ എന്ന സങ്കൽപ്പങ്ങളോട് മനുഷ്യരുടെ ദൃശ്യതകളുടെ സംതൃപ്തിയായി ‘ഷോഷാങ്ക് റിഡംപ്‌ഷൻ’ മുതൽ ഇവിടെ മലയാളത്തിൽ ‘സ്വാതന്ത്ര്യം അർധരാത്രിയിൽ’ വരെയുള്ള സിനിമകളിൽ രൂപപ്പെട്ടിട്ടുണ്ട്. ഇതിൽ സ്വാതന്ത്ര്യം തടവറ പൊളിക്കൽ എന്ന ഒരു പ്രവൃത്തിയിലേക്ക് നയിക്കുന്നതിന്റെ ഇടയിൽ സങ്കീർണതകളും അതിൽ വിവിധ മനുഷ്യരുടെ ഇടപെടലുകളും പട്ടികളുടെ റോളുകളും കൂടി രൂപപ്പെടുന്നതിലൂടെ അത്തരം സംഘർഷങ്ങളുടെ പാരമ്യത്തിലേക്ക് കാണികളെ എത്തിക്കുന്നു. ഒരു ഉത്തരം പോലും കൊടുക്കാതെ മനുഷ്യരെ ചുഴിയിലേക്ക് വലിക്കുന്നു. പിയൂസ് എന്ന കഥാപാത്രത്തിന്റെ പട്ടികളോട് ചേർത്തുവെക്കാവുന്ന ലോയൽറ്റി, അയാളുടെ തന്നെ ചതി, മലാത്തി ചേട്ടത്തി എന്ന സ്ത്രീയുടെ ലോയൽറ്റി, അവരുടെ തടങ്കലുകൾ, പട്ടികളുടെ ലോയൽറ്റി, അവയുടെ ഷിഫ്റ്റിങ് എന്നിവയിലൂടെ തടവറകളെക്കുറിച്ചും മനുഷ്യർ പലതരം തടവറകളിൽ നിന്ന് ലോയൽറ്റിയിലൂടെ, ചതിയിലൂടെ, പ്രതികാരത്തിലൂടെ അട്ടിമറിക്കപ്പെടുന്ന എന്ന പല ലെയറുകളിലൂടെ പോകുന്ന കോൺഫ്ലിക്റ്റുകളിലൂടെ ഈ സിനിമ നമ്മളെ കൊണ്ടുപോകുന്നു.

"ബാസ്റ്റഡ് ഐ നോ യു ആർ ഹിയർ" എന്ന ഒരൊറ്റ ഡയലോഗിലൂടെ കാടിന്റെ വന്യതയുടെ ലോങ് ഷോട്ടിലേക്ക് പോകുമ്പോൾ ടെക്നിക്കൽ ആയ ഡയറക്ഷൻ പെർഫെക്ഷനിലൂടെയും കാടിന്റെ വന്യതയിലേക്കും സഞ്ചരിക്കുന്നു. കാടും ഒറ്റപ്പെടലും ഒളിവും ഒക്കെ ചേർത്തുവച്ച് ഒരു മനുഷ്യനെ കുത്തിപ്പറിക്കുന്ന വന്യമായ ഒരു ദുരൂഹതയിലേക്കും ഈ സിനിമ നമ്മളെ കൊണ്ടുപോകുന്നു. അത് കേരളത്തിലേത് മാത്രമല്ല, കാലങ്ങൾക്കപ്പുറം സഞ്ചരിച്ച് മറ്റൊരു ദേശത്തെ മലേഷ്യയിലെ ഒരു കാടിന്റെ ഓരത്ത് ചേർന്ന ഒറ്റപ്പെട്ട ജീവിതങ്ങളിലേക്കും ക്യാമറ കണ്ണെത്തുന്നു. കാട് എന്നത് ഒരു പ്രത്യേകമായ ഒരു റൊമാന്റിക് ജിയോഗ്രഫി എന്നതിനപ്പുറം കാടും മനുഷ്യനും മൃഗം (പട്ടികൾ) എന്നിവ ചേർന്ന വളരെ വന്യവും/മാനുഷികവുമായ ഒരു ലോകം കൂടി സൃഷ്ടിക്കുന്നു. യുദ്ധകാലത്ത് മലേഷ്യയിലേക്കുള്ള മനുഷ്യരുടെ കുടിയേറ്റങ്ങൾ, യുദ്ധത്തിന്റെ പരിണിതിയായി നടക്കുന്ന ചതികൾ, പട്ടികളുടെ പ്രതിരോധങ്ങൾ ഒക്കെ വിഷ്വലൈസ് ചെയ്യപ്പെടുമ്പോൾ, മറ്റൊരു ദേശത്ത് കേരളത്തിൽ, മലാത്തി ചേട്ടത്തിയുടെ കൂടോത്രം എന്ന മിത്ത്, നായകളുമായുള്ള അവരുടെ മിസ്റ്റിക് ആയ ബന്ധങ്ങൾ, അവിടെ മനുഷ്യർ ഇടപെടുന്നത് ഒക്കെ മറ്റൊരു തലത്തിലുള്ള ദുരൂഹമായ വന്യതയിലൂടെ പലതരം ചുഴികളിലേക്കും ഈ സിനിമ കൊണ്ടുപോകുന്നു.

കുറെ മുമ്പുള്ള കാലം, നമ്മുടെയൊക്കെ ഉള്ളിൽ കാലങ്ങളായി രൂപപ്പെട്ട ഭൂമിയുമായി ചേർത്തുവച്ച മിത്തുകൾ, കാട് ഒറ്റപ്പെട്ട ഭൂമികൾ, മരങ്ങൾ, പാമ്പുകൾ, ഇവയിലേക്ക് ഭരണകൂടങ്ങളുടെ, ഭൂമി വെട്ടിപ്പിടിച്ചവരുടെ ഇടപെടലുകൾ, അവർ രൂപപ്പെടുത്തുന്ന അടിമത്തങ്ങൾ, അടിമകളായ പട്ടികളെ ഉപയോഗിച്ച് നടത്തുന്ന ഭരണകൂടങ്ങളോട് ചേർത്തുവച്ചുള്ള ക്രൂരതകൾ, ഭരണകൂടങ്ങളുടെ ടൂളുകളായ പൊലീസുകാർക്കുപോലും അതിൽ രൂപപ്പെടുന്ന സംഘർഷങ്ങൾ, പട്ടാളം എന്ന മറ്റൊരു ടൂളിന്റെ ഇടപെടലുകൾ കാലങ്ങളായി നടക്കുന്ന ആക്രമണങ്ങൾക്കെതിരെ പ്രതികാരം ആഗ്രഹിക്കുന്ന അനേകം മനുഷ്യർ, അതിനെ പ്രതിരോധിക്കുന്നവർ, എന്നിവയൊക്കെ ചേർത്തുവച്ച് മൊറാലിറ്റിയുടെ ഒരു നേർരേഖയുടെ തത്വചിന്തയിലേക്കും വായിക്കാൻ പറ്റാത്ത ഒരു ജിയോഗ്രഫിക്കുള്ളിൽ നിൽക്കാതെ അനേകതരം സംഘർഷങ്ങളിലൂടെയും നമ്മെ കൊണ്ടുപോകുന്ന മലയാളം കണ്ട അന്താരാഷ്ട്ര നിലവാരമുള്ള ഏറ്റവും നല്ല സിനിമകളിൽ ഒന്നാണ് എക്കോ.

TAGS :